Article POLITICS

റവന്യൂ വകുപ്പു ഭരിക്കുന്നത് കയ്യേറ്റക്കാരുടെ മന്ത്രി

munnar


സമീപകാലത്തെ ഏറ്റവും വിനാശകരവും കുറ്റകരവുമായ വിജ്ഞാപനമായിരുന്നു റവന്യൂ വകുപ്പു മന്ത്രി കൊണ്ടുവന്ന ഭൂപതിവു ചട്ട ഭേദഗതി. അതീവ രഹസ്യമായി ഫയലുകള്‍ നീങ്ങുകയും വിജ്ഞാപനം പുറത്തു വരികയും ചെയ്തു. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയും പൊതു സമൂഹത്തിന്റെയോ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയോ അഭിപ്രായങ്ങള്‍ അന്വേഷിക്കാതെയും നിഗൂഢ സ്വഭാവമുള്ള നടപടി ക്രമങ്ങളിലൂടെയാണ് ഗവണ്‍മെന്റ് നീങ്ങിയതെന്നത് സംശയം ജനിപ്പിക്കുന്നു. 1977 ജനവരി ഒന്നിനു മുമ്പുള്ള കുടിയേറ്റക്കാര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കണമെന്ന പഴയ തീരുമാനം ഇതുവരെ നടപ്പാക്കാനായിട്ടില്ല. ഇപ്പോഴത് 2005 ജൂണ്‍ 5വരെയാക്കി മാറ്റാനാണ് പുതിയ ഭേദഗതിയില്‍ ശ്രമിച്ചത്. 1977നു ശേഷവും തുടര്‍ന്നുപോന്ന ഭൂമി കയ്യേറ്റങ്ങളെ നിയമപരിരക്ഷ നല്‍കി വിശുദ്ധപ്പെടുത്താനാണ് ഗവണ്‍മെന്റ് മുതിര്‍ന്നത്. ഭൂമാഫിയകളുടെയും മൂന്നാര്‍ പോലെയുള്ള പ്രദേശങ്ങളിലെ റിസോര്‍ട്ട് മാഫിയകളുടെയും താല്‍പ്പര്യമാണ് ജനാധിപത്യ ഗവണ്‍മെന്റിന് പ്രധാനമെന്ന് വരുന്നത് ലജ്ജാകരമാണ്.

ഭേദഗതി സംബന്ധിച്ച വാര്‍ത്ത പുറത്തു വന്ന ദിവസംതന്നെ വിജ്ഞാപനം പിന്‍വലിക്കേണ്ടി വന്നു എന്നത് ആശ്വാസകരമാണെങ്കിലും ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ഒരു തെറ്റു വന്നുപോയി. അതു മനസ്സിലായപ്പോള്‍ തിരുത്തുന്നു എന്നിങ്ങനെയുള്ള പൊള്ള വാക്കുകള്‍ ഉത്തരവാദിത്തമുള്ള ഒരു മന്ത്രിയില്‍നിന്നും ഉണ്ടായിക്കൂടാ. കേരളത്തിലെ ഭൂനിയമങ്ങളും അവ രൂപപ്പെട്ട സാഹചര്യങ്ങളും അതുള്‍ക്കൊള്ളുന്ന സാമൂഹിക കാഴ്ച്ചപ്പാടുകളും മറന്നുകൊണ്ട് ഒരു നിയമ ഭേദഗതിയും കൊണ്ടുവരാനാവില്ല. ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ സത്ത ചോര്‍ത്തിക്കളയാനും ഭൂമാഫിയകളുടെയും കോര്‍പറേറ്റു സംരംഭകരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുമുള്ള ക്രമംവിട്ട നീക്കങ്ങളാണ് കുറെകാലമായി നടക്കുന്നത്. കാര്‍ഷിക മേഖലയും തോട്ടം വനം മേഖലകളും ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് വിധേയമായി. നിയമം നടപ്പാക്കേണ്ടവരാണ് കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്നത്. ഈ സാഹചര്യത്തില്‍, അത്യന്തം രഹസ്യമായി തയ്യാറാക്കപ്പെട്ട ഭേദഗതി നിഷ്‌ക്കളങ്കമെന്ന് എങ്ങനെ അവകാശപ്പെടാനാവും?

ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് പരിമിതമായ അളവിലെങ്കിലും ഭൂമി പതിച്ചു നല്‍കാന്‍ കഴിയുന്നില്ല. അവര്‍ക്കു ഗൂണം ലഭിക്കുമായിരുന്ന നിയമങ്ങള്‍പോലും വെള്ളം ചേര്‍ത്ത് വലിയ കയ്യേറ്റക്കാര്‍ക്ക് ഗുണകരമാക്കി മാറ്റാനാണ് ശ്രമിച്ചത്. കുടിലുകെട്ടാന്‍ ഇത്തിരി ഭൂമിതേടി എത്തിയവര്‍ കുറ്റക്കാരും വലിയ കയ്യേറ്റക്കാര്‍ വിശുദ്ധരുമാകുന്ന മായാജാലമാണ് നടന്നത്. ദരിദ്രരും നിസ്വരുമായ മനുഷ്യര്‍ പട്ടയമില്ലാത്തതിനാല്‍ എല്ലാ ആനുകൂല്യങ്ങളില്‍നിന്നും അകറ്റി നിര്‍ത്തപ്പെടുമ്പോള്‍ ഏക്കര്‍കണക്കിനു ഭൂമി കയ്യേറി റിസോര്‍ട്ടുകളോ മറ്റു സംരംഭങ്ങളോ ആരംഭിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങളുടെ സമ്മാനമഴയാണ്! പാട്ടക്കാലാവധി കഴിഞ്ഞിട്ടും തോട്ടം വിട്ടു നല്‍കാതെ സ്വകാര്യ സ്വത്തായി അനുഭവിക്കുന്നവരുണ്ട്. പണ്ട് തിരുവിതാംകൂര്‍ രാജാവില്‍നിന്ന് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമി അതിലുമെത്രയോ ഇരട്ടിയായി പരന്നുപെരുകുകയുമുണ്ടായി. അവിടെ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി ഇടപെടാന്‍ ശ്രമിച്ച വി എസ് അച്യുതാനന്ദന്‍ ഗവണ്‍മെന്റിന് ആ ദൗത്യം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. എല്ലാറ്റിനെയും വിഴുങ്ങാന്‍ ശക്തിയുള്ള ഭൂമാഫിയയുടെ പിടിയിലാണ് കേരളം.

മൂന്നാര്‍ ഓപ്പറേഷന്റെ ഏറ്റവും വലിയ നേട്ടം ഭൂമിയിലെ അതിക്രമങ്ങളുടെ സ്വഭാവം മലയാളികള്‍ക്കുമുന്നില്‍ തുറന്നുകിട്ടി എന്നതാണ്. കയ്യേറ്റങ്ങളില്‍ ബഹുഭൂരിപക്ഷവും 1977നു ശേഷമുണ്ടായവയാണ്. പാരിസ്ഥിതിക പ്രത്യേകതകളുള്ള കിഴക്കന്‍ മലകളെ മുടിക്കാനിറങ്ങിയ ധനാധികാര ശക്തികളെയാണ് വി എസ് ഗവണ്‍മെന്റ് പിടിച്ചുകുലുക്കിയത്. അവര്‍കൊടുത്ത കേസുകള്‍ ഇപ്പോഴും സജീവ പരിഗണനയിലാണ്. 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റക്കാര്‍ക്കു സാധൂകരണം നല്‍കുന്നതോടെ കേസുകളൊന്നൊന്നായി ഗവണ്‍മെന്റിനെതിരായ വിധിയെഴുത്തോടെ അവസാനിപ്പിക്കാനാവും. പൊളിച്ചുമാറ്റപ്പെട്ട കയ്യേറ്റങ്ങള്‍ക്കുപോലും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു നഷ്ടപരിഹാരം നല്‍കേണ്ടിവരും. കുന്നിടിച്ചവരും വയലുകള്‍ നികത്തിയവരും ഭൂപരിധി നിയമം ലംഘിച്ചവരും കുറ്റ വിമുക്തരാക്കപ്പെടും. പല കോടതികളിലായി ഇത്തരത്തിലുള്ള മുന്നൂറിലേറെ കേസുകളാണത്രെ വിധി കാത്തിരിക്കുന്നത്.

മലയോര കര്‍ഷകരെ രക്ഷിക്കാനെന്ന ഭാവത്തിലാണ് ഭേദഗതി വിജ്ഞാപനത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. മലയോര കര്‍ഷകരിലെ ദരിദ്രരും സാധാരണക്കാരുമായവര്‍ക്ക് നീതി കിട്ടാന്‍ ഭൂമിയിലുള്ള അവകാശം നല്‍കുകയാണ് വേണ്ടത്. നിലവിലുള്ള വ്യവസ്ഥ മുന്‍നിര്‍ത്തി പട്ടയ വിതരണം നിര്‍വ്വഹിച്ച ശേഷമാണ് അതിന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ എടുക്കേണ്ടത്. 1977നു മുമ്പുള്ള കുടികിടപ്പുകള്‍ക്ക് പട്ടയം നല്‍കാന്‍ ഇപ്പോഴും വിസമ്മതിക്കുന്നതെന്തിനാണ്? വൈകിക്കുന്തോറും പുതിയ കയ്യേറ്റക്കാര്‍ക്ക് അവസരമൊരുക്കുകയാണ് ഗവണ്‍മെന്റ് എന്നു പറയേണ്ടി വരില്ലേ?

ചുരുക്കത്തില്‍, ചെറിയൊരു കൈപ്പിഴയല്ല വലിയൊരു കുറ്റകരമായ ഒത്തുകളിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നടപ്പായി കിട്ടിയാല്‍ പലര്‍ക്കും വലിയ നേട്ടമാകുമായിരുന്നു. പിടിക്കപ്പെട്ടാല്‍ ഒരു ഖേദപ്രകടനം. അല്ലെങ്കില്‍ കോടികള്‍ പൂക്കുന്ന മാഫിയാ വസന്തം. ഇതായിരുന്നില്ലേ റവന്യു മന്ത്രിയുടെ ഉള്ളിലിരിപ്പ്. ഇങ്ങനെ കയ്യോടെ പിടിക്കപ്പെട്ടിട്ടും മന്ത്രിയായി തുടരാമെന്ന നിലയാണ് നമ്മുടെ നാട്ടിലുള്ളത്. വേണമെങ്കില്‍ അവരിത്രകൂടി ചോദിക്കും; ഖജനാവിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലല്ലോ? പിടിക്കപ്പെടുമ്പോഴുള്ള ജാള്യതപോലും അവര്‍ക്ക് അലങ്കാരമായിരിക്കുന്നു.

vs

8 ആഗസ്ത് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )