Article POLITICS

പാലിയേക്കര ടോള്‍: ജനകീയ ഓഡിറ്റിംഗ് വേണം

 

 

BOT Road Tolls

കെ.എസ് ആര്‍.ടി.സി ബസ്സുകള്‍ പാലിയേക്കരയില്‍ ടോള്‍ ഇനത്തില്‍ കുടിശ്ശിക വരുത്തിയ 25 കോടി രൂപ ഉടന്‍ നല്‍കണമെന്ന് സുപ്രീംകോടതി വിധി വന്നിരിക്കുന്നതായി പത്രങ്ങളില്‍ കാണുന്നു. മൂന്നു കൊല്ലംകൊണ്ട് 25 കോടി. തോന്നുമ്പോഴൊക്കെ നിരക്കു വര്‍ദ്ധിപ്പിക്കുന്ന പതിവനുസരിച്ചാണെങ്കില്‍ മുപ്പതു കൊല്ലംകൊണ്ട് ആ വകയില്‍ മാത്രം മുന്നൂറു കോടി കവിയും. പാലിയേക്കര വഴി പോകുന്ന വാഹനങ്ങളുടെ അഞ്ചു ശതമാനം പോലും വരാനിടയില്ല കെ .എസ് ആര്‍. ടി .സി ബസ്സുകള്‍. മറ്റു വാഹനങ്ങളില്‍നിന്നു പിരിച്ചെടുക്കുന്നത് എത്ര കോടിയാവും?

എത്രകോടി രൂപ കടമെടുത്തതിന്റെ ശിക്ഷയാണ് നാം ഏറ്റു വാങ്ങുന്നത്? ദേശീയ പാതക്കുവേണ്ടി കോര്‍പറേറ്റുകള്‍ ചെലവഴിച്ചു എന്നു പറയുന്ന സംഖ്യയുടെ എത്ര ഇരട്ടിയാണ് നാം നല്‍കേണ്ടത്? അതു സംബന്ധിച്ച് ഒരു ധവളപത്രം പ്രസിദ്ധീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണ്ടേ? ഓരോ വര്‍ഷവും ആകെ പിരിച്ചെടുത്ത സംഖ്യ എത്രയെന്ന കണക്കും ജനങ്ങളറിയേണ്ടതില്ലേ? പൊതു പിരിവുകള്‍ക്ക് ജനകീയ ഓഡിറ്റിംഗ് നിര്‍ബന്ധമാകണം.

വര്‍ഷം കണക്കാക്കി ജനങ്ങളെ പണയം വെക്കുന്ന ഏര്‍പ്പാടിന് ടോള്‍ എന്നു പേരിടാനാവില്ല. പലമട്ട് കോര്‍പറേറ്റുകളെ തടിപ്പിക്കുന്ന സാമ്പത്തിക നയത്തിന്റെയും വികസന സങ്കല്‍പ്പത്തിന്റെയും കീഴില്‍ ഒരു ജനത ഞെരിഞ്ഞമരുന്നത് ജനാധിപത്യത്തിന്റെ പേരിലാണല്ലോ ന്യായീകരിക്കപ്പെടുന്നത്! കടമെടുത്തതിന്റെ എത്ര ഇരട്ടിയാണ് തിരിച്ചടക്കേണ്ടത്? കൊള്ളപ്പലിശക്കാരെ നേരിടാന്‍ ഓപ്പറേഷന്‍ കുബേരയുണ്ടെന്ന് സാന്ത്വനിപ്പിക്കുന്ന സര്‍ക്കാറാണ് പെരുംകൊള്ള പലിശക്കാരുടെ ക്വട്ടേഷന്‍ സംഘമാകുന്നത്. ജനങ്ങള്‍ മറുപടി പറയേണ്ട സംഖ്യ എത്രയാണെന്ന് ജനങ്ങളോടു പറയൂ. അതിന് തിരിച്ചടവ് എത്ര വേണമെന്നും പറയൂ. നിങ്ങളുടെ വര്‍ഷക്കണക്കല്ല ഞങ്ങള്‍ക്കു വേണ്ടത്. ആ പണം അതു ന്യായമായ സംഖ്യയാണെങ്കില്‍ അതു തികയുന്നത് എപ്പോഴായാലും പിരിവു നിര്‍ത്തുന്നതാണല്ലോ മാന്യത.

പിന്നെ മാന്യത എന്ന വാക്കിനൊന്നും നിങ്ങള്‍ അര്‍ത്ഥം കല്‍പ്പിക്കുന്നില്ല എന്നറിയാം. അല്ലെങ്കില്‍ റോഡ് നികുതിയായും വാഹന നികുതിയായും ഡീസല്‍ പെട്രോള്‍ ചുങ്കമായും ജനങ്ങളടയ്ക്കുന്ന വലിയ കോടികള്‍ എവിടേക്കാണ് പോകുന്നത് എന്നു നിങ്ങള്‍ പറയുമായിരുന്നല്ലോ. വക മാറ്റി ചെലവഴിക്കാതെ ഒന്നും നടക്കില്ല എന്നാണ് പലരും പറയുന്നത്. എന്തിന് വക മാറ്റണം. ഏതേതു വകയില്‍ ഏതേതു കാര്യത്തിനെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി പുതുക്കി നിശ്ചയിക്കാമല്ലോ. റോഡ് വകയില്‍ കേരളത്തില്‍നിന്നു പിരിച്ചെടുത്ത സംഖ്യ കേരളത്തില്‍ ചെലവഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതെവിടെപ്പോയി?

പാലിയേക്കരയില്‍ 360 കോടിയാണ് സ്വകാര്യ മൂലധനം വന്നതത്രെ. അതു പിരിച്ചു നല്‍കാന്‍ സര്‍ക്കാറിനു വലിയ ജാഗ്രതയാണ്. അതിലേറെ കോടികളാണ് ജനങ്ങള്‍ ഭൂമി വിട്ടു നല്‍കുന്നതിലൂടെയും കടുത്ത നിബന്ധനകള്‍ക്കു വിധേയമാകുന്നതിലൂടെയും നല്‍കിയിരിക്കുന്നത്. ഭൂമിയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് ഭൂമിയുടെ വില കിട്ടിയില്ല. പിരിച്ചെടുക്കുന്ന ടോളില്‍ അവരുടെ നഷ്ടപരിഹാരത്തുക കൂടി ഉള്‍പ്പെടുത്താന്‍ കോര്‍പറേറ്റ് ഭക്തസംഘത്തിനു തോന്നിയില്ല. ജനങ്ങളുടെ ടോള്‍ബൂത്തുകളാണ് യഥാര്‍ത്ഥത്തില്‍ ഉയരേണ്ടത്.

360 കോടി ചെലവഴിച്ചവര്‍ക്ക് മുപ്പതിനായിരം കോടി കിട്ടുന്ന പാക്കേജ് കൊള്ളാം. പ്രാഥമിക പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചേ ടോള്‍ പിരിവു നടത്താവൂ എന്ന തത്വത്തിന് പാലിയേക്കരയില്‍ ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭരണകക്ഷിയായ ബി ജെ പിയുടെ സംസ്ഥാന നേതാക്കള്‍തന്നെ വകുപ്പു മന്ത്രി ഗഡ്ക്കരിയെ കണ്ട് നിവേദനം നല്‍കുകയുണ്ടായി. 2014 ജൂലായ് 2 ന് ആയിരുന്നു അത്. തെരുവു വിളക്കുകള്‍, മീഡിയന്‍, സുരക്ഷാ റെയില്‍, ബസ്‌ബേ, സര്‍വീസ് റോഡുകള്‍ എന്നിവയുടെയൊന്നും ജോലികള്‍ പൂര്‍ത്തിയാകാതെയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ടോള്‍പിരിവ് ആരംഭിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഉടന്‍ പരിശോധിച്ചു പരിഹാരം കാണാമെന്നാണ് മന്ത്രി ഉറപ്പു നല്‍കിയത്. അതെന്തായെന്ന് ബി ജെ പി തന്നെ പറയട്ടെ.

ടോള്‍പിരിവുമായി ബന്ധപ്പെട്ട വലിയ അഴിമതി സി എ ജി പുറത്തുകൊണ്ടുവന്നതും നാം മറന്നു തുടങ്ങിയിട്ടുണ്ട്. 2014 ഡിസംബര്‍ 22ന് സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. ഉത്തരേന്ത്യയിലെ ഒമ്പതു റോഡു പദ്ധതികളിലായി 28096കോടി രൂപ അധികമായി ടോള്‍ പിരിച്ചെടുത്തായാണ് സി എ ജി കണ്ടെത്തിയത്. ദില്ലി – ആഗ്ര, വാരണാസി – ഔറംഗബാദ്, പൂന – സറ്റാറ തുടങ്ങിയ ദേശീയപാതകള്‍ അതിലുള്‍പ്പെടുന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മാണം നടന്ന 207 പ്രോജക്റ്റുകളില്‍ 94 എണ്ണമാണ് ഓഡിറ്റിംഗിനു വിധേയമാക്കിയത്. ടോള്‍ മുഖേന ലഭിച്ചതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കേണ്ടതുമായ വലിയ തുക മ്യൂച്ച്വല്‍ ഫണ്ടിലേക്കു നിയമവിരുദ്ധമായി മാറ്റിയതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ദില്ലി ആഗ്ര പാതയില്‍ 2012 ഒക്‌ടോബറിലാണ് പിരിവു തുടങ്ങിയത്. ഒരു വര്‍ഷംകൊണ്ട് 120 കോടി പിരിച്ചു.ആ സമയത്ത് അവിടെ ചെലവഴിച്ചിരുന്നത് വെറും 78 കോടി രൂപ മാത്രമായിരുന്നു. ഇത്തരത്തിലാണ് ടോള്‍ അഴിമതികള്‍ പുരോഗമിക്കുന്നത്. ജനസാന്ദ്രതയും വാഹനപ്പെരുപ്പവുമുള്ള കേരളം അഴിമതിക്കാരുടെ മോഹനിലമാണ്. എങ്ങനെയും വളയുന്ന രാഷ്ട്രീയ നേതൃത്വവും എന്തും ചെയ്തുകൊടുക്കുന്ന കോര്‍പറേറ്റ് നേതൃത്വവും തമ്മില്‍ എന്തുമാകാമെന്നു വന്നിരിക്കുന്നു. സര്‍വ്വീസ് റോഡുകളുടെ പണി പൂര്‍ത്തീകരിച്ചേ ടോള്‍ പിരിവ് തുടങ്ങൂ എന്ന വ്യവസ്ഥ പാലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കമ്പനി എത്ര എളുപ്പമാണ് തകര്‍ത്തത്. ഉള്ള സര്‍വ്വീസ് റോഡ്‌പോലും കൊട്ടിയടയ്ക്കാനാണ് മുഖ്യമന്ത്രിയും ഭരണ സംവിധാനവും പാലിയേക്കരയില്‍ ശ്രമിച്ചത്.

രാജ്യത്താകെ പതിനായിരക്കണക്കിന് കോടി രൂപയുടെ അധികപ്പിരിവിന് ജനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം വിധേയമാകുന്നു എന്നത് ഭരണകൂട അതിക്രമമായേ കാണാനാവൂ. ഒരേ ആവശ്യത്തിന് പല ചുങ്കങ്ങള്‍ നല്‍കേണ്ടി വരുന്നതും ആശാസ്യമല്ല. ഇപ്പോള്‍ കെ എസ് ആര്‍ ടി സിക്കു മേല്‍ പതിച്ച വിധിയും ആത്യന്തികമായി ജനങ്ങളിലാണ് വന്നു വീഴുന്നത്. ടോളായി നല്‍കുന്ന തുകയുടെ എണ്‍പതു ശതമാനവും ചെലവഴിച്ച തുകയില്‍ക്കവിഞ്ഞ പിടിച്ചുപറിത്തുകയായാണ് മാറുന്നത്. ഈ രീതി മാറ്റേണ്ടതുണ്ട്. യഥാര്‍ത്ഥ വസ്തുത അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഓരോ വര്‍ഷവും കടന്നുപോകുന്ന വാഹനങ്ങള്‍, പിരിച്ചെടുത്ത തുക, ബാക്കി നില്‍ക്കുന്ന സംഖ്യ എന്നിവ സംബന്ധിച്ച് ജനകീയ ഓഡിറ്റിംഗിനു ശേഷമുള്ള പ്രഖ്യാപനമുണ്ടാകണം. അതു നിബന്ധനയുടെ ഭാഗമാക്കണം.

ജനകീയ ഓഡിറ്റിംഗിനു വഴങ്ങാത്ത പിരിവുകളെ പിടിച്ചുപറിയായോ കയ്യേറ്റമായോ മാത്രമേ കാണാനാവൂ. അതിനു വഴങ്ങില്ലെന്നു ജനങ്ങള്‍ തീരുമാനിക്കണം. പാലിയേക്കരയെ സംബന്ധിച്ചാണെങ്കില്‍ നിയമ വിരുദ്ധമായ പിടിച്ചുപറിയാണ് അവിടെ നടക്കുന്നത്. പ്രാഥമിക പ്രവൃത്തിതന്നെ ചെയ്തു തീര്‍ക്കാതെയുള്ള പിരിവ് നിര്‍ത്തുയും ചട്ടലംഘനത്തിന് കമ്പനിയില്‍നിന്ന് പിഴ ഈടാക്കുകയുമാണ് വേണ്ടത്. കോര്‍പറേറ്റുകളെ കണ്ടാല്‍ മുട്ടു വിറയ്ക്കാത്ത രാഷ്ട്രീയവും ഭരണവുമില്ലെങ്കില്‍ ജനഹിതം ഇങ്ങനെ ചവിട്ടിയരയ്ക്കപ്പെടും. കുറ്റം അപ്പോഴും നമ്മുടേതുതന്നെ.

12 ജൂലായ് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )