ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ നമുക്കു വാര്‍ത്തയാണ്. അവരുടെ അതിജീവന ശ്രമം ആവേശവും. ഗ്രീസ് ഇനി എങ്ങോട്ട് എന്ന് ഉത്ക്കണ്ഠകളോടെ നാം നോക്കിയിരിക്കുന്നു. അതേ പാതയില്‍ ഒട്ടാവേശത്തോടെ കടക്കെണിയിലേക്കു കുതിക്കുന്ന ഒരു രാജ്യം തങ്ങളിലേക്കുതന്നെ നോക്കേണ്ട സമയമാണിത്. ഇവിടെ എല്ലാം ഭദ്രമെന്നു ഭാവിക്കുന്ന അധികാര ശക്തികള്‍ നമ്മെ തെറ്റായ വഴിക്കു നയിക്കുകയാണോ? ക്ഷേമ പദ്ധതികളില്‍നിന്നും ജീവിത സുരക്ഷയില്‍നിന്നും സാമൂഹിക നീതിയില്‍നിന്നും പുറത്തെറിയപ്പെടുന്ന ജനത ആരുടെ തെറ്റിന്റെ ശിക്ഷയാണ് ഏറ്റു വാങ്ങുന്നത്?
തൊഴില്‍ സുരക്ഷ ഇല്ലാതാവല്‍, വേതനം വെട്ടിക്കുറയ്ക്കല്‍, പെന്ഷന് പദ്ധതികള്‍ റദ്ദു ചെയ്യല്‍, സബ്സിഡികള്‍ നിര്‍ത്തലാക്കല്‍, നിയമ പരിരക്ഷ ഇല്ലാതാവല്‍, വിലക്കയറ്റത്തിനും നികുതിഭാരത്തിനും വിധേയമാകല്‍, പ്രകൃതി വിഭവങ്ങള്‍ കിട്ടാക്കനിയാവല്, ജീവിതാവസ്ഥകളില്‍ വന്‍തോതില്‍ കയ്യേറ്റങ്ങള്‍ക്കു വിധേയമാകല്‍ എന്നിങ്ങനെ ഏതെങ്കിലും വിധ സര്‍ക്കാര്‍ പരിഷ്ക്കാരങ്ങളുടെ ശിക്ഷ ഏല്‍ക്കാത്ത ആരാണ് നമുക്കിടയിലുള്ളത്? ഉള്ള ഒരു ശതമാനം പോലും ചുരുങ്ങിച്ചുരുങ്ങി തൊണ്ണൂറ്റൊമ്പതിനെ തടിപ്പിക്കുകയാണ്. ഈ ഘട്ടത്തിലും നവലിബറല്‍ നയങ്ങളുടെ മഹിമ പാടി നമ്മെ തെറ്റിദ്ധരിപ്പിക്കുകയാണോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍? ഗ്രീസില്‍നിന്നു വളരെ ദൂരെയാണോ നാമുള്ളത്?
2014 ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ വിദേശകടം 42600കോടി ഡോളറാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഡിസംബറായപ്പോഴേക്കും 3.5 ശതമാനം വര്‍ധിച്ച് 46190 കോടി ഡോളറായെന്ന് ഇന്നത്തെ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 1991ല്‍ വിദേശകടം 7000കോടിയായിരുന്നു. നവലിബറല്‍ നയങ്ങള്‍ നമ്മെ കൂടുതല്‍ കടക്കാരാക്കി. കേരളത്തിലേക്കു വന്നാല്‍ പൊതുകടം ഒന്നേകാല്‍ ലക്ഷം കോടിക്കു മുകളിലാണ്. 2005 – 2006 കാലത്ത് 47832 കോടിയായിരുന്നു കേരളത്തിന്റെ വിദേശകടം. 2008 -09ല്‍ അത് 64638കോടിയായും 2010 -11 ല്‍ 78329 കോടിയായും ഉയര്‍ന്നു. തുടര്‍ന്നുള്ള പണമൊഴുക്കു ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു. ഇപ്പോള്‍ വായ്പ അടച്ചു തീര്‍ക്കാന്‍ പ്രതിവര്‍ഷം 204 കോടി രൂപ വേണമെന്ന് കഴിഞ്ഞ ഡിസംബറില്‍ ധനമന്ത്രി കെ.എം മാണി നിയമസഭയെ അറിയിക്കുകയുണ്ടായി. ഇതില്‍ 130 കോടിരൂപയും പോകുന്നത് പലിശ ഇനത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സസ്റ്റെയിനബിള്‍ അര്‍ബന്‍ ഡവലപ്മെന്റ് പ്രോജക്റ്റിനുള്ള (995 കോടിയുടെ) എ ഡി ബി പദ്ധതിയും കേരള വാട്ടര്‍ സപ്ലൈ പ്രോജക്റ്റിന്റെ രണ്ടും(3277.70കോടി) മൂന്നും (1272.70 കോടി) ജപ്പാന് പദ്ധതികളും ജലനിധി എന്നപേരിലുള്ള 658കോടിയുടെ ലോകബാങ്ക് പദ്ധതിയും കേരള ലോക്കല്‍ ഗവണ്മെന്റ് ആന്റ് സര്‍വീസ് ഡലിവറി പ്രോജക്റ്റ് (919.87കോടി)പദ്ധതിയും ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പദ്ധതി(223.96കോടി)യും കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് പ്രോജക്റ്റും(1166കോടി) ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല.
നേരത്തേ ആരംഭിച്ച കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സിയുടെ പദ്ധതിയും ഡി പി ഇ പി , എസ് എസ് എ, റൂസ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും മോഡേണൈസിംഗ് ഗവണ്മെന്#് പദ്ധതികളും ഇതേപോലെ ആയിരക്കണക്കിന് കോടി രൂപക്കാണ് നമ്മെ കടക്കാരാക്കിയത്. അഡിഷണല്‍ സ്കില്‍ അക്വിസിഷ്യന് പദ്ധതി എന്ന പേരില്‍ ഏറ്റവുമൊടുവില്‍ ആയിരം ദശലക്ഷം ഡോളറിന്റെ യു എസ് പദ്ധതിയും ഉറപ്പിച്ചിരിക്കുന്നു. ഇതെല്ലാം വേണമായിരുന്നുവോ എന്നും ലഭിച്ച തുക ഫലപ്രദമായാണോ ഉപയോഗിച്ചത് എന്നും ചര്‍ച്ച നടത്താം. അതിനെക്കാള്‍ പ്രധാനം ഏതേത് ഉപാധികള്‍ക്കു വഴങ്ങിയാണ് ഭരണാധികാരികള്‍ ഈ തുകകള്‍ കൈപ്പറ്റിയത് എന്നറിയാനുള്ള അവകാശം രാജ്യത്തെ പൗരന്മാര്ക്കുണ്ട് എന്നതാണ്. അതു വെളിപ്പെടുത്താനുള്ള സന്നദ്ധത ഗവണ്‍മെന്റിനുണ്ടാകണം.
നമ്മുടെ സാമൂഹിക രാഷ്ട്രീയ ഘടനകളെയും അതിന്റെ ക്ഷേമ സുരക്ഷാ സംവിധാനങ്ങളെയും പൊളിച്ചടുക്കിക്കൊണ്ടാണ് വായ്പാ പണം പ്രവര്‍ത്തിച്ചു തുടങ്ങിയത് എന്നു നാം ഇന്നു മനസ്സിലാക്കുന്നു. അതെവിടെവരെ ചെന്നെത്താമെന്ന് ഗ്രീസും അര്‍ജന്റീനയുമൊക്കെ പൊള്ളുന്ന പാഠങ്ങളായി നമ്മെ ഓര്‍മ്മിപ്പിക്കുകയുമാണ്. ചരടുകളുള്ളതെന്നും ചരടുകളില്ലാത്തതെന്നും വായ്പാപണത്തെ വേര്‍തിരിക്കുന്ന രാഷ്ട്രീയ പ്രചാരണം അസംബന്ധ നാടകത്തില്‍ കവിഞ്ഞൊന്നുമല്ല. അന്താരാഷ്ട്ര ധന ഏജന്‍സികള്‍ക്കും അവയെ നിയന്ത്രിക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കും കാരുണ്യപ്രവര്‍ത്തനമല്ല അവരുടെ വായ്പാമേള.
വര്‍ദ്ധിച്ചു വരുന്ന വിദേശവായ്പ വലിയ കടക്കെണിയിലേക്കാണ് നയിക്കുക എന്നറിയാനുള്ള വിവേകം പഴയ നേതാക്കന്മാര്‍ക്കുണ്ടായിരുന്നു. ആ തലമുറ അന്യം നിന്നിരിക്കുന്നു. എത്ര വേണമെങ്കിലും കടം വാങ്ങാം അടയ്ക്കാനുള്ള ശേഷി നമുക്കുണ്ട് എന്നു പറഞ്ഞത് കേരളത്തില്‍ ആരായിരുന്നു? കോടിക്കണക്കിനു ഡോളറായി നമ്മുടെ വിദേശകടം കുതിച്ചുയര്ന്നതെപ്പോഴാണ്? അതിനു നാം നല്‍കേണ്ടി വന്ന അഡ്ജസ്റ്റുമെന്റുകള്‍ എന്തൊക്കെയായിരുന്നു? ഗവണ്മെന്റിന്റെ ആധുനികീകരണം എന്ന് ഓമനപ്പേരിട്ടത് കടുത്ത നിയന്ത്രണങ്ങള്ക്കായിരുന്നില്ലേ? ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനും ബാധ്യതകളും ഉത്തരവാദിത്തങ്ങളും പൗരന്മാരുടെ തലയില്‍ കെട്ടിവെയ്ക്കാനും ചൂഷണത്തിന്റെ നവീനമായ ഒരാഗോള രീതിശാസ്ത്രത്തിനു നമ്മെ വിട്ടു നല്‍കാനും ഏതൊക്കെയോ മണ്ഡലങ്ങളില്‍ ഗൂഢാലോചനകള്‍ നടന്നില്ലേ? അതില്‍ പങ്കില്ലാത്ത രാഷ്ട്രീയ നേതൃത്വം ഏതുണ്ട്?
സ്വകാര്യ മൂലധനമാണ് പുതിയ രക്ഷകനെന്ന് പെരുമ്പറ കൊട്ടിയത് പഴയ സോഷ്യലിസ്റ്റുകളായിരുന്നു. ബി ഒ ടിക്ക് സ്വാഗതം. പി പി പിക്കു സ്വാഗതം. പങ്കാളിത്ത ജനാധിപത്യത്തിനു സ്വാഗതം. ധനാഢ്യന്മാര്ക്കെല്ലാം എന്തുമാവാം. ബോള്‍ഗാട്ടി വാങ്ങാം വളന്തക്കാടു വാങ്ങാം. നീര്‍ത്തടം നികത്താം. മലകളിടിക്കാം. എല്ലാം മലിനമാക്കാം. ജനാധിപത്യ സംവിധാനത്തിന്റെ വിള്ളലുകള്ക്കിടയിലൂടെയാണ് എല്ലാം നുഴഞ്ഞു കടന്നത്. വിള്ളലുകള്‍ വീഴ്ത്തിയതാകട്ടെ, പുതിയ കൊളോണിയല്‍ കടന്നുകയറ്റങ്ങളുമാണ്. പണം തരൂ, ഞങ്ങള്‍ സാമൂഹിക സുരക്ഷാ വസ്ത്രങ്ങളഴിച്ച് നിങ്ങളെ പുണരാം എന്നായിരുന്നല്ലോ ഈ കീഴടങ്ങലിന്റെ എഴുതാത്ത മുഖവാക്യം. സോഷ്യലിസ്റ്റുസ്വപ്നങ്ങളെ ഇല്ലാതാക്കാന്‍ എല്ലാ ദുര്‍ഭൂതങ്ങളും ഒന്നാകുകയായിരുന്നു.
അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ വഴി പുതിയ മുതലാളിത്തം ഇരമ്പിയെത്തുമ്പോള്‍ അതിന്റെ ഇടനിലപ്പണം എത്രകിട്ടും എന്ന ആര്ത്തിയായിരിക്കുന്നു നേതാക്കന്മാര്ക്ക്. അമ്പതുകളാരംഭിക്കുമ്പോള് റൂറല്‍ ഡവലപ്മെന്റ് പദ്ധതിയിലൂടെ അമേരിക്കന്‍ പണം കടന്നു വരുമ്പോള്‍ ജാഗ്രതയോടെ ചെറുത്ത ഒരു പ്രതിപക്ഷം ഇവിടെയുണ്ടായിരുന്നു. അതിനു വഴങ്ങിയ നെഹ്റുവിയന്‍ സമീപനവുമുണ്ടായിരുന്നു. ശരിയാണ് കാലം മാറിയിട്ടുണ്ട്. സോഷ്യലിസ്റ്റു ലോകത്തിന്റെ ശിഥിലമാകല്‍ ആര്‍ത്തിപൂണ്ട ധനാധികാര ശക്തികള്‍ക്ക് കൊമ്പുകളും ദംഷ്ട്രകളും നല്കി. പക്ഷെ, ജനങ്ങളെയും വരാനിരിക്കുന്ന തലമുറകളെയും മറന്നു രാജ്യത്തെ പണയപ്പെടുത്താന്‍ ആ പഴയ ഭരണ-പ്രതിപക്ഷ പരമ്പരയില്‍ പെട്ടവര്‍ക്ക് എങ്ങനെ സാധിച്ചു?
കര്‍ഷകരെയും ഇതര ജനവിഭാഗങ്ങളെയും കൂട്ട ആത്മഹത്യയിലേക്കാണ് ഈ നയം എത്തിച്ചത്. ഒരു ഭാഗത്ത് ബാങ്കുകളും മറു ഭാഗത്ത് കൊള്ളപ്പലിശക്കാരും. പലിശക്കാരെ നേരിടാന്‍ ഓപ്പറേഷന് കുബേരയുണ്ടാക്കി നൂറിലേറെ കേസുകള്‍ ചാര്‍ജു ചെയ്തല്ലോ എന്നു സമാധാനിപ്പിക്കുകയാണ് സര്‍ക്കാര്‍. അതുകൊണ്ടായില്ലല്ലോ. ഈ അവസ്ഥയിലേക്കു നയിച്ച നയസമീപനങ്ങള്‍ എണ്ണിപ്പറഞ്ഞു തിരുത്തണമല്ലോ. സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക ഘടനകളുടെ പൊളിച്ചെഴുത്താണ് രാജ്യത്താകെ അരക്ഷിതാവസ്ഥ വളര്‍ത്തിയത്. കൊള്ളയും കൊലയും കോഴയും അഴിമതിയും കയ്യേറ്റവും വ്യാപകമാക്കിയത്. മൂല്യബോധമോ ധാര്‍മികതയോ വേണ്ടെന്നാക്കിയത്. ലളിതവും താല്ക്കാലികവുമായ യുക്തികളില്‍ അഭിരമിക്കാന്‍ ശീലിപ്പിച്ചത്.
ഇതു നമ്മെ എവിടെയാണെത്തിക്കുക എന്നാണ് ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടത്. ആരാണ് നമ്മുടെ യഥാര്‍ത്ഥ ശത്രുക്കള്‍? ആരാണ് മിത്രങ്ങള്‍? ഒരു ജനത ഇനി ആരില്‍ വിശ്വാസമര്‍പ്പിക്കണം? ഗ്രീസനുഭവം വായ്പവാങ്ങുന്ന മുഴുവന്‍ വികസ്വര ദരിദ്ര രാഷ്ട്രങ്ങളുടെയും അനുഭവമാണ്. ധനികോത്തര ശക്തികള്‍ക്കെതിരായ ലോകൈക്യം വളരെ പ്രധാനമാണ്. അതിനു പ്രേരണയാവാന് ഗ്രീസിനും വെനിസ്വലക്കുമൊക്കെ കഴിഞ്ഞേക്കാം. ഇവിടെ, നമ്മുടെ രാജ്യത്ത് ദരിദ്രരുടെയും ചൂഷിത ജനസാമാന്യത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പൊതു മുന്നേറ്റങ്ങള്‍ക്ക് എപ്പോഴാണിനി സമയമാവുക? അങ്ങനെ ആലോചിക്കുന്നവര്ക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രഖ്യാപനവും നില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമാണ് ഈ കുറിപ്പ്.
10 ജൂലായ് 2015