Article POLITICS

വ്യാപം : ആയുധമേന്തുന്ന അഴിമതി


images3D1F7KQK


അഴിമതിയുടെ ഭീകരവലയം ഇന്ത്യയെ പൊതിയുകയാണ്. ഓരോ സംസ്ഥാനത്തും കണ്ണികണ്ണിയായി പടരുന്ന കറുത്ത വലകള്‍ നമ്മെ ഞെട്ടിക്കുന്നു. ദേശീയതലത്തില്‍ കോളിളക്കമുണ്ടാക്കിയ റ്റു ജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം, ലളിത് മോഡി – ഐ പി എല്‍ അഴിമതി, സത്യം ഗ്രൂപ്പ് അഴിമതി, ഹവാലാ അഴിമതി, പടിഞ്ഞാറന്‍ ബംഗാളിലെ ശാരദാ ചിട്ടി ഫണ്ട് അഴിമതി, ഉത്തര്‍പ്രദേശിലെ റൂറല്‍ ഹെല്‍ത്ത് മിഷ്യന്‍ അഴിമതി, അതേ സംസ്ഥാനത്തെ ഭക്ഷ്യ ധാന്യ വിതരണ അഴിമതി, ഹരിയാനയിലെ അദ്ധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതി, ബീഹാറിലെ കാലിത്തീറ്റ അഴിമതി, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, ദില്ലിയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഹരിയാനയിലെയും ആന്ധ്രയിലെയും ഭൂമി കുംഭകോണങ്ങള്‍, തമിഴ് നാട്ടിലെ അവിഹിത സ്വത്തു സമ്പാദനക്കേസുകള്‍, മഹാരാഷ്ട്ര ഇറിഗേഷന്‍ അഴിമതി, കേരളത്തിലെ ബാര്‍കേസ് അഴിമതി, സോളാര്‍ അഴിമതി, ഒഡീഷയിലെ ഇന്‍ഡസ്ട്രീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഭൂമി കുംഭകോണം എന്നിങ്ങനെ കോടിക്കണക്കിന് കോടി രൂപയുടെ സങ്കല്‍പ്പങ്ങള്‍ക്കതീതമായ അഴിമതികള്‍ നമുക്കുമേല്‍ കുമിഞ്ഞുകൂടുകയാണ്. ഈ ഭീമാകാരം പൂണ്ട അഴിമതികള്‍ക്കിടയില്‍ വ്യാപം എന്നുപേരുള്ള ഒന്നു വേറിട്ടുനില്‍ക്കുന്നു.

കോഴയും അഴിമതിയും ഭീഷണിയും കൊലപാതകവും നിറയുന്ന ഭയപ്പെടുത്തുന്ന ഒരന്തരീക്ഷം രാജ്യമാകെ പരക്കുന്നു. അതു നടപ്പാക്കുന്ന ക്വട്ടേഷന്‍ അധോലോക മാഫിയകളും അവയെ നയിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ അധികാര വൃന്ദവും നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ മുഴുവന്‍ നിഷ്‌ക്രിയമാക്കിയിരിക്കുന്നു. എന്തുമാവാം എന്ന അയോധ്യയിലെയും ഗുജറാത്തിലെയും ധിക്കാരം ഒരുപടി കൂടി കടന്ന് എല്ലാ വിഭാഗം ജനങ്ങളുടെയും മേല്‍ ധനാധിപത്യത്തിന്റെ ധാര്‍ഷ്ട്യം പതിച്ചിരിക്കുന്നു. അഴിമതിക്കു തടസ്സമാകുന്നവരെ, അതു പുറത്തുകൊണ്ടു വരുന്നവരെ, തെളിവു നല്‍കുന്നവരെ ഒന്നൊന്നായി കൊന്നൊടുക്കാമെന്ന് ഹോളിവുഡിലെയോ ബോളിവുഡിലെയോ മൂന്നാംകിട സിനിമയിലെന്നപോലെ അവര്‍ തീര്‍ച്ചപ്പെടുത്തുന്നു. അതു നടപ്പാക്കിത്തുടങ്ങി നാല്‍പ്പതിലേറെപ്പേര്‍ വധിക്കപ്പെട്ടിട്ടും പൊള്ളലേല്‍ക്കാതെ ഒരു ഭരണാധികാരി തുടരുന്നത് ജനാധിപത്യത്തെ അവഹേളിക്കലല്ലെങ്കില്‍ മറ്റെന്താണ്?

ചോരചിന്തി വീഴുന്നതാരാണ്? ശത്രു സമുദായമോ വധിക്കപ്പെടേണ്ട വംശമോ ആണോ? ഉത്തരേന്ത്യയിലെ എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍നിന്ന് വര്‍ണവീര്യം കൊളുത്തി രഥയാത്ര പുറപ്പെട്ടവര്‍ പറയണം. മധ്യപ്രദേശില്‍ ആര്‍ ആരെയാണ് ഇല്ലാതാക്കുന്നത്? പണക്കാഴ്ച്ചയുടെ മുമ്പില്‍ നിങ്ങളുടെ സങ്കുചിത സാമുദായിക ബോധംപോലും അസ്തമിച്ചല്ലോ. നിങ്ങള്‍ രക്ഷിച്ചുകൊള്ളാം എന്നു വാക്കു നല്‍കി കാവിക്കു പിന്തുണയും താമരക്കു വോട്ടും വാങ്ങിയിരുന്നല്ലോ. അക്കൂട്ടരെ കൊന്നൊടുക്കുന്നത് പുറത്തുനിന്ന് വന്ന ആരെങ്കിലുമാണോ? വര്‍ഗീയ കലാപങ്ങളില്‍ പൊലിഞ്ഞതിലേറെ ജീവിതങ്ങളെ ഒരു മാഫിയാ സംഘം അരിഞ്ഞു വീഴ്ത്തുമ്പോള്‍ ഏതു നീതിവാക്യമാണ് നിങ്ങള്‍ക്കു പറയാനുള്ളത്? ജനാധിപത്യത്തിന്റെ മൂല്യ സംഹിതകളെയും ഭരണ സംവിധാനങ്ങളെയും അധോലോക സംഘങ്ങള്‍ക്കു കാണിക്കവെച്ച് സ്വന്തം സഹോദരങ്ങളെ കൊലയ്ക്കു കൊടുക്കുന്നവരായി ഇങ്ങനെ അധപ്പതിക്കാമോ?

വ്യാപം അഴിമതി കേവലം അഴിമതിയായി ഒടുങ്ങുകയില്ല. നരഹത്യയുടെയും മനുഷ്യനു നേരെയുള്ള ദയാരഹിതമായ കടന്നുകയറ്റങ്ങളുടെയും മറ്റൊരനുഭവമാണത്. മനുഷ്യനെ കാണാനാവാത്ത ദുരപിടിച്ച കച്ചവടത്തിനും ചൂഷണത്തിനും അധികാരത്തെ ഉപയോഗിച്ച അശ്ലീല രാഷ്ട്രീയത്തിന്റെ നാമപദമാണത്.

2

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്(വ്യാപം) തൊണ്ണൂറുകളില്‍തന്നെ വാര്‍ത്തകളിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും അന്നൊന്നും ആരും അതത്ര കാര്യമായെടുത്തില്ല. സംസ്ഥാനത്ത്ഗവണ്‍മെന്റ് ജോലികള്‍ ലഭിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത കോഴ്‌സുകള്‍ക്കു പ്രവേശനം ലഭിക്കാനുമുള്ള പരീക്ഷകളും മെഡിക്കല്‍ ടെസ്റ്റുകളും നടത്തുന്നത് ഈ സ്ഥാപനമാണ്. പരീക്ഷകളിലും റിക്രൂട്ട്‌മെന്റിലും കൃത്രിമം നടക്കുന്നുവെന്ന ആരോപണമാണ് തൊണ്ണൂറുകളില്‍ ഉയര്‍ന്നത്. എന്നാല്‍, ആദ്യമായി ഒരു കേസ് രജിസ്റ്റര്‍ ,ചെയ്യുന്നത് രണ്ടായിരത്തിലാണ്. ആ ദശകത്തിലും അത്രയേറെ ശ്രദ്ധിക്കപ്പെടാതെയാണ് കേസുകള്‍ നടന്നത്. 2009 ആയപ്പോഴേക്കും മധ്യപ്രദേശ് ഗവണ്‍മെന്റിന് അന്വേഷണ കമീഷനെ നിയോഗിക്കേണ്ടി വന്നു. 2011ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി നൂറിലേറെപ്പേരെയാണ് അറസ്റ്റു ചെയ്യേണ്ടി വന്നത്. അതോടെ കേസിന് ദേശീയ പ്രാധാന്യം കൈവന്നു. 2012ല്‍ ഗവണ്‍മെന്റ് ഒരു സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു.

2013ല്‍ അഴിമതി മാഫിയയുടെ പ്രധാന കണ്ണികളില്‍ ഒരാളായ ജഗദീഷ് സാഗര്‍ അറസ്റ്റിലായതോടെ നൂറുകണക്കിനു പേരുള്ള ഒരു വലിയ ശൃംഖലയാണ് പുറത്തു വരാനുള്ളതെന്നു വ്യക്തമായി. അതില്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ദല്ലാളന്മാരും ഉദ്യോഗാര്‍ത്ഥികളുമൊക്കെ ഉള്‍പ്പെട്ടിരുന്നു. 2013 ജൂലായ് 7, 8 തീയതികളില്‍ ഇന്‍ഡോര്‍ പൊലീസ് രേഖപ്പെടുത്തിയ ഇരുപതുപേരുടെ അറസ്റ്റാണ് ജഗദീഷ് സാഗറിലേക്ക് എത്തിച്ചത്. ഇയാളില്‍നിന്നു കണ്ടെത്തിയ 317 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പരീക്ഷാ കണ്ട്രോളറായ പങ്കജ് ത്രിവേദി പ്രകടിപ്പിച്ച അമിത താല്‍പ്പര്യവും മാഫിയയുടെ ഉന്നത ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു. ത്രിവേദിയും അറസ്റ്റിലായി. 2013 ഡിസംബറില്‍ ഇന്‍ഡോര്‍ ജില്ലാ കോടതിയില്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റപത്രം സമര്‍പ്പിച്ചു. അവിടെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 34 കുറ്റാരോപിതരില്‍ മുപ്പതുപേരും വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആയിരുന്നു.

അതേ സമയം, 2013 നവംബറില്‍ ടാസ്‌ക്‌ഫോഴ്‌സ് മറ്റു ചില പ്രവേശന പരീക്ഷകളിലെ തിരിമറികള്‍കൂടി കണ്ടെത്തി. ഫുഡ് ഇന്‍സ്‌പെക്ടര്‍ സെലക്ഷന്‍ പരീക്ഷ, പൊലീസ് റിക്രൂട്‌മെന്റ് പരീക്ഷ, പി ജി പ്രവേശന പരീക്ഷ തുടങ്ങി ഒമ്പതു പരീക്ഷകളിലെ കൃത്രിമത്തിന് 127 പേരെ അറസ്റ്റു ചെയ്തു. അന്വേഷണം വിപുലമായതോടെ കൂടുതല്‍ പേര്‍ പ്രതികളായി. പക്ഷെ, അതേ വേഗത്തില്‍ അറസ്റ്റുകള്‍ നടക്കാതെയായി. 2014 ജൂണില്‍ മധ്യപ്രദേശ് ഹൈക്കോടതി അറസ്റ്റ് വൈകിക്കുന്നതിന്റെ കാരണം ആരാഞ്ഞു. തുടര്‍ന്ന് ജൂണ്‍ 15ന് വളരെ പ്രധാനപ്പെട്ട ഒരറസ്റ്റ് നടന്നു. സംസ്ഥാനത്തെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ബി ജെ പി നേതാവുമായ ലക്ഷ്മി കാന്ത് ശര്‍മ്മയാണ് പിടിയിലായത്.

കേസ് സി ബി ഐക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ സിങ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹരജി 2014 നവംബര്‍ 5ന് മധ്യപ്രദേശ് ഹൈക്കോടതി തള്ളി. പകരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവായി. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രേഷ് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് കോടതിക്കുവേണ്ടി മേല്‍നോട്ടത്തിന് നിയോഗിക്കപ്പെട്ടത്.

ഈ വര്‍ഷം ജൂണാകുമ്പോഴേക്കും പല കേസുകളിലായി പല പ്രമുഖരും പിടിയിലായി. മുന്‍ മന്ത്രി ലക്ഷ്മി കാന്ത ശര്‍മ്മക്കു പുറമേ മന്ത്രി ചുമതലപ്പെടുത്തിയ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍മാരായ ഒ പി ശുക്ല, സുധീര്‍ ശര്‍മ്മ, ഐ പി എസ് ഓഫീസര്‍ ആര്‍ കെ ഷിവാരെ, റവന്യൂ ജോയിന്റ് കമീഷണര്‍ രവികാന്ത് ദ്വിവേദി തുടങ്ങിയവരും ഉള്‍പ്പെടുന്നു.

ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ സംസ്ഥാന ഗവര്‍ണര്‍ രാം നരേഷ് യാദവ്കൂടി ഉള്‍പ്പെട്ടതായി ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി 24നാണ് അതു സംബന്ധിച്ച തെളിവുകള്‍ പുറത്തു വന്നത്. നേരത്തേതന്നെ അദ്ദേഹത്തിന്റെ മകന്‍ ശൈലേഷ് ടീച്ചേഴ്‌സ് റിക്രൂട്‌മെന്റ് കേസില്‍ ഉള്‍പ്പെട്ടിരുന്നു. ശൈലേഷിനെ മാര്‍ച്ചുമാസത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദവും തുടര്‍ച്ചയുമായ മരണങ്ങള്‍ രാജ്യത്തെയാകെ അമ്പരപ്പിക്കുന്നതായിരുന്നു. ടാസ്‌ക് ഫോഴ്‌സ് ഹൈക്കോടതിയെ അറിയിച്ചത് സംശയകരമായ 23 മരണങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. അതിനു ശേഷവും മരണം തുടരുകയാണ്. വ്യാപം കേസ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ അക്ഷയ് സിങ്, ജബല്‍പ്പൂര്‍ മെഡിക്കല്‍ കോളേജ് ഡീന്‍ അരുണ്‍ ശര്‍മ, വ്യാപത്തിലൂടെ നിയമനം ലഭിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നി അനാമിക ശികര്‍വാര്‍ എന്നിവര്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് മരണപ്പെട്ടത്. അഥവാ കൊല ചെയ്യപ്പെട്ടത്. ഇതോടെ വ്യാപം കേസുമായി ബന്ധപ്പെട്ട് 28 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളിലാകട്ടെ 46 പേര്‍ മരിച്ചതായാണ് കാണുന്നത്.

ഒരു കേസുമായി ബന്ധപ്പെട്ട് ഇത്രയേറെ മരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതും അതിന്റെ ദുരൂഹത സംബന്ധിച്ച ഉത്ക്കണ്ഠകളേതുമില്ലാതെ ഒരു മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നതും ജനാധിപത്യ വിശ്വാസികളെ മുഴുവന്‍ സ്തംഭിപ്പിക്കുന്നു. കേസ് സി ബി ഐ അന്വേഷണത്തിനു വിടുന്നതിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരിക്കലും സന്നദ്ധനായിരുന്നില്ല. പ്രതിപക്ഷത്തിന്റെ മുറവിളി കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയം മറച്ചുവെക്കാനുള്ള ചളിവാരിയെറിയല്‍ മാത്രമാണെന്നാണ് ചൗഹാന്‍ അഭിപ്രായപ്പെട്ടത്. വാര്‍ത്ത ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന് അഭിപ്രായം മാറ്റേണ്ടി വന്നിരിക്കുന്നു. സി ബി ഐ അന്വേഷണമാവാം എന്ന് ഇപ്പോഴിതാ പ്രസ്താവിച്ചിരിക്കുന്നു. സുപ്രീം കോടതി ഇതു സംബന്ധിച്ച കേസുകള്‍ അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ഈ തീരുമാനം.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം സി ബി ഐ അന്വേഷണം നടക്കേണ്ടത് എന്ന കോണ്‍ഗ്രസ്സിന്റെയും സി പി എമ്മിന്റെയും വാദം ന്യായമാണ്. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറി നില്‍ക്കുകയും വേണം. പരീക്ഷകളിലും നിയമനങ്ങളിലും വ്യാപകമായ കോഴയും അഴിമതിയുമാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് എന്നു മാത്രമല്ല ആ ശൃംഖലയെ സംരക്ഷിക്കുന്ന ഔദ്യോഗിക സംവിധാനങ്ങളും ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നത് അതീവ കുറ്റകരമാണ്. ജനങ്ങളുടെ പൊതു സ്വത്തും പൊതു താല്‍പ്പര്യവും ജീവിതവും സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് തീരെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട പരാതിക്കാരും തെളിവു നല്‍കിയവരും പലതരം ഭീഷണികളെപ്പറ്റി പരാതിപ്പെട്ടിരുന്നെങ്കിലും വേണ്ട സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വളരെ നിസ്സാരമായാണ് ഗവണ്‍മെന്റ് കേസിനെയും തുടര്‍മരണത്തെയും കണ്ടത്.

നമ്മുടെ രാജ്യത്തെ ഏറ്റവും അപായകരമായ കൂട്ടുകെട്ടാണ് ഇപ്പോള്‍ നിറഞ്ഞാടുന്നത്. എത്രവേഗം അതവസാനിപ്പിക്കാനാവുമോ അത്രയും നല്ലതാണ് നമ്മുടെ ജീവിതത്തിനും ജനാധിപത്യത്തിനും.

7 ജൂലായ് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )