(വിഷം വിതയ്ക്കുന്ന മലബാര്‍ഗോള്‍ഡിനെ നിലയ്ക്കു നിര്‍ത്തണം, മോഹന്‍ലാല്‍ അനീതിയുടെ അംബാസിഡറാവരുത്, മലബാര്‍ ഗോള്‍ഡിനെതിരായ സമരം: ലീഗിന് ഉത്തരവാദിത്തമുണ്ട് തുടങ്ങിയ ലേഖനങ്ങള്‍ ബ്ലോഗില്‍ ജനവരി മെയ് മാസങ്ങളിലായി പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പ്.)
മലബാര്‍ ഗോള്‍ഡിനെതിരെയുള്ള കാക്കഞ്ചേരിയിലെ സമരം ചൊവ്വാഴ്ച്ച ഇരുനൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ദേശീയ പാതയോരത്ത് പന്തല്‍കെട്ടിയുള്ള സമരജാഗ്രത സമീപത്തെ മൂന്നു പഞ്ചായത്തുകളിലെയെങ്കിലും ജീവിതസാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ്. പ്രദേശത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരശക്തിയുടെ ഭാഗമായിരിക്കുന്നു. സമരത്തിനെതിരെ ഒരാളെയെങ്കിലും സൃഷ്ടിക്കാന്‍ മലബാര്‍ഗോള്‍ഡ് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു.
ഒരു പ്രദേശത്തിന്റെ സുരക്ഷക്കും ആരോഗ്യത്തിനുംവേണ്ടി ഒരു ജനത ആറുമാസത്തിലേറെയായി നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ഇച്ഛാശക്തിയുള്ള ഗവണ്മെന്റിന് ഒരു മണിക്കൂര്‍പോലും ആവശ്യമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അണിനിരന്ന സമരം ആ പാര്‍ട്ടികളുടെ പങ്കാളിത്തം ആത്മാര്‍ത്ഥമാണെങ്കില്‍ ഇങ്ങനെ നീണ്ടു പോകേണ്ടതില്ല. നിര്‍ണായകമായ ആപല്പ്രശ്നങ്ങളില് ഗവണ്മെന്റിന്റെ നിലപാട് ജനവിരുദ്ധമായിത്തീരുമ്പോള് അതിനെ താങ്ങി നിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആത്മവിചാരണക്കു തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ സമരത്തില്‍ പങ്കുചേരുമ്പോള്പോലും അവരുടെ മുഖഛായ ജനശത്രുക്കളുടേതായേ തോന്നുകയുള്ളു.
ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ജനങ്ങള്‍ സമരം മുന്നോട്ടുകൊണ്ടുപോകുന്നത്. ഏതെങ്കിലും ഒരു വിഭാഗം ജനതയുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാത്രമുള്ള പോരാട്ടങ്ങളില്‍നിന്നും ഇതിനൊരു വ്യത്യാസമുണ്ട്. ഇവിടെ രണ്ടഭിപ്രായങ്ങളോ രണ്ടു പക്ഷങ്ങളോ ഇല്ല എന്നതാണത്. ജനങ്ങളുടെ പൊതുസമ്മതത്തിന്റെയും പൊതു പങ്കാളിത്തത്തിന്റെയും പ്രക്ഷോഭമുഖമാണിത്. എങ്കില്‍, ഈ പ്രക്ഷോഭം ഏറ്റെടുത്തു നടത്തേണ്ടത് പഞ്ചായത്തു സമിതിയും ഗ്രാമസഭകളുമല്ലേ? തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ സമിതികളുടെ ഉത്തരവാദിത്തമാണ് ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍.
ദൗര്‍ഭാഗ്യവശാല്‍ നിയമസഭയിലേക്കു ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ അക്രമിഗോള്ഡിന്റെ പക്ഷത്താണ്. ജില്ലാ പഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങളെങ്കിലും കൊണ്ടുവന്നിട്ടില്ല. ഗ്രാമപഞ്ചായത്തിന് ഓടിപ്പോകാന്‍ ഇടമില്ലാത്തതിനാല്‍ സമരപക്ഷത്തു നില്ക്കാന് നിര്ബന്ധിതമായതാവണം. അതല്ലെങ്കില്‍ ഈ സമരം പഞ്ചായത്ത് ഭരണസമിതി ഏറ്റെടുക്കട്ടെ. പൊതു വികസനം ഏറ്റെടുക്കുന്നതുപോലെ പൊതു പ്രക്ഷോഭങ്ങളും പഞ്ചായത്തിന് ഏറ്റെടുക്കാവുന്നതേയുള്ളു.
ചേലേമ്പ്ര, പള്ളിക്കല്‍, തേഞ്ഞിപ്പലം പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. സമരം നടക്കുന്ന ചേലേമ്പ്ര പഞ്ചായത്തിന് മറ്റു രണ്ടു പഞ്ചായത്തുകളുടെയും സഹായവും പിന്തുണയും ഉണ്ടാവണം. സമരങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതാനുള്ള സന്ദര്‍ഭമാണിത്. അതിനുള്ള ശേഷിയാണ് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ജനതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ജനപ്രതിനിധികളായി തുടരുന്നതിന് എന്തു ന്യായീകരണമാണുള്ളത്? ജനാധിപത്യ ഭരണസമിതികളാണെന്ന് പഞ്ചായത്തുകളെ എങ്ങനെ വിശേഷിപ്പിക്കാനാവും?
പഞ്ചായത്തു തെരഞ്ഞെടുപ്പിന് ഇനി രണ്ടോ മൂന്നോ മാസമേയുള്ളു. ആ കടമ്പ കടക്കാന്‍ സമരപ്പന്തലില്‍ കെട്ടിയ ഒരു കൊടികൊണ്ടോ ഒരഭിവാദ്യ പ്രസംഗംകൊണ്ടോ സാധ്യമാകുമെന്ന് കണക്കുകൂട്ടരുത്. കയ്യിലുള്ള അധികാരം എങ്ങനെ ജനങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തിയെന്ന് പരിശോധിക്കപ്പെടും. മാരകമായ ഒരു വിഷപ്രസരണ ഫാക്ടറി പഞ്ചായത്തില്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറയേണ്ടത് പഞ്ചായത്ത് സമിതിയാണ്. ഉറക്കമൊഴിയേണ്ടതും ജാഗ്രതയോടെ ആ ആവശ്യത്തിനുവേണ്ടി പൊരുതേണ്ടതും പഞ്ചായത്തു ഭരണസമിതികളുടെ ചുമതലയാണ്. ചുരുക്കത്തില്‍, ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ഗ്രാമ പഞ്ചായത്തു നടത്തുന്ന പ്രക്ഷോഭമായി മാറണം. അതിന് വരുന്ന ചെലവും ത്യാഗവും പഞ്ചായത്തിന്റേതുകൂടിയാവണം.
ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചിരുന്നെങ്കില്‍ സമര നേതൃത്വം അവരുടേതാകുമായിരുന്നു. മലബാര്‍ ഗോള്‍ഡിനു മുന്നില്‍ ഒരു പ്രദേശത്തെ പണയം വെച്ചത് അവരുടെ മൗനസമ്മതത്തോടെയല്ലെന്ന് അവര്‍ തെളിയിക്കട്ടെ. വൈകിയ വേളയിലാണെങ്കിലും ഈ പ്രക്ഷോഭം ഏറ്റെടുത്ത് ജനങ്ങളുടെ സഹനങ്ങളില്‍ സഹായമാകാന്‍ പഞ്ചായത്തു മുന്നോട്ടു വരട്ടെ. ഇരുനൂറാം സമരദിനത്തിന്റെ ശുഭവാര്‍ത്ത അതാവട്ടെ.
5 ജൂലായ് 2015