Article POLITICS

ഒരു ടണ്‍ വാക്കുകളില്‍ ഒഴുകിപ്പോയോ ഒരൗണ്‍സ് രാഷ്ട്രീയം?

images[9]

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റിതര ഗവണ്‍മെന്റിനെ നയിച്ചത് കോണ്‍ഗ്രസ്സല്ല. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. നാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍ അങ്ങനെയൊരു പ്രസ്ഥാനത്തെക്കുറിച്ച് ചരിത്രകുതുകികളല്ലാതെ ആരാണ് ഓര്‍ക്കുന്നത്? ശിഥിലമായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ശകലങ്ങള്‍ പല പേരുകളില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. ഇതേ ഗതി ഇനിയുമൊരു പ്രസ്ഥാനത്തിന് ഉണ്ടാവില്ലെന്ന് എങ്ങനെ പറയാനാവും? വലിയത് ശ്രേഷ്ഠം എന്നൊക്കെ അഹങ്കരിക്കുന്ന പാര്‍ട്ടികളെ കാത്തിരിക്കുന്നതും ഇതേ (ജന)വിധി തന്നെയാവാം.

കോണ്‍ഗ്രസ്സും അതിനകത്തെ സോഷ്യലിസ്റ്റ് ധാരകളും അതിനകത്തെ കമ്യൂണിസ്റ്റ് ധാരകളും എന്നിങ്ങനെ സൂക്ഷ്മവും വിപുലവുമായിത്തീര്‍ന്ന രാഷ്ട്രീയ ചരിത്രത്തിന് ഒരു സവിശേഷതയുണ്ട്. ഓരോ ധാരയും അതതിന്റെ ദര്‍ശനവും പ്രയോഗപദ്ധതിയും വേറിട്ടറിയാന്‍ കഴിയുംവിധം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ജീവിതത്തിന്റെ ആപല്‍സന്ധികളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും തന്റെ വഴി ഏതെന്നു തിരിച്ചറിയുക പ്രയാസമായില്ല. അവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടികളാണ് കാലത്തെ അതിജീവിച്ചത്.

ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയധാരകള്‍ക്ക് ഇവ്വിധം അംഗീകാരം കൈവന്ന നാളുകളില്‍തന്നെ ദുര്‍ബ്ബലമായാണെങ്കിലും ഉണര്‍ന്നു നിന്ന മത-സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. പുരോഗമന ജനാധിപത്യ മുന്നേറ്റങ്ങളില്‍ സ്തംഭനമുണ്ടാകുമ്പോഴൊക്കെ അതു തലപൊക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. 1951ല്‍ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് നാലേമുക്കാല്‍ കോടി വോട്ടുകളും 364 സീറ്റുകളുമാണ് കിട്ടിയത്. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 16 സീറ്റുകളും സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 12 സീറ്റുകളും കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിക്ക് ഒമ്പത് സീറ്റുകളും ഭാരതീയ ജനസംഘത്തിന് മൂന്നു സീറ്റുകളുമാണ് ലഭിച്ചത്. പതിനാറ് സീറ്റുനേടിയ സി പി ഐക്ക് മുപ്പത്തിയഞ്ചു ലക്ഷം വോട്ടാണ് ഉണ്ടായിരുന്നത്. അതേ സമയം പന്ത്രണ്ട് സീറ്റുകളില്‍ ഒതുങ്ങിയ സോഷ്യലിസ്റ്റു പാര്‍ട്ടിക്ക് ഒരു കോടി പതിമൂന്നു ലക്ഷത്തോളമാണ് വോട്ടുകള്‍ ലഭിച്ചത്. കിസാന്‍ മസ്ദൂര്‍ പാര്‍ട്ടിക്കും അറുപത്തിയൊന്നര ലക്ഷം വോട്ടുകള്‍ കിട്ടി. ജനസംഘമാകട്ടെ മുപ്പത്തിരണ്ടര ലക്ഷം വോട്ടുവാങ്ങി സി പി ഐ ക്കു തൊട്ടു പിറകിലുണ്ടായിരുന്നു താനും.

നാലു സീറ്റു നേടിയ ഹിന്ദുമഹാസഭയും മൂന്നു സീറ്റു നേടിയ രാംരാജ്യ പരിഷത്തുമൊക്കെ ജനസംഘത്തോടൊപ്പം ഉറങ്ങി വളരുകയായിരുന്നു. പതിറ്റാണ്ടുകളിലൂടെ വളര്‍ന്ന് ഭീമാകാരം നേടി തീവ്ര വലതുപക്ഷ ഭരണകക്ഷിയായി ഇപ്പോള്‍ നമ്മെ ഭയപ്പെടുത്തുകയാണ്. അന്നത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനമോ? കോണ്‍ഗ്രസ്സു കഴിഞ്ഞാല്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ രണ്ടാം കക്ഷിയായിരുന്നു അവര്‍. അടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. 1957ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി 10.49 ശതമാനം വോട്ടോടെ രണ്ടാംസ്ഥാനത്തും 8.92 ശതമനാം വോട്ടോടെ സി പി ഐ മൂന്നാം സ്ഥാനത്തും തുടര്‍ന്നു. ലോകസഭയില്‍ അംഗബലത്തില്‍ സി പി ഐയായിരുന്നു രണ്ടാം സ്ഥാനത്ത്. 1962ല്‍ 6.81 ശതമാനത്തിലേക്കും 1967ല്‍ 3.06 ശതമാനത്തിലേക്കും 1971ല്‍ 1.04 ശതമാനത്തിലേക്കും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി തലകുത്തി വീണു. ഐക്യകേരളത്തിന്റെ രണ്ടാമത് മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയുടെ പാര്‍ട്ടി കേരളത്തിലും ഇല്ലാതായ സാഹചര്യമിതാണ്.

അടിയന്തിരാവസ്ഥക്കെതിരെ പൊരുതാന്‍ സോഷ്യലിസ്റ്റുകളെ ജയപ്രകാശ് നാരായണന്‍ വീണ്ടും ഒന്നിപ്പിച്ചുവെങ്കിലും കെട്ടുറപ്പോടെ അതിന് ദീര്‍ഘകാലം മുന്നോട്ടു പോകാനായില്ല. ജനതാ പാര്‍ട്ടിക്ക് കേരളത്തില്‍ പഴയ സോഷ്യലിസ്റ്റ് പ്രതാപം ഒരു കാലത്തും വീണ്ടു കിട്ടിയില്ല. സോഷ്യലിസ്റ്റുകളുടെ വലിയൊരു പരമ്പര കേരളത്തിലുണ്ടുതാനും. കിസാന്‍ മസ്ദൂര്‍ പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമൊക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോയ് പുലര്‍ത്തിയ ശത്രുത അവയ്ക്കു പിറകില്‍ അണി നിരന്നവരെ വലതുപക്ഷ ചേരികളിലേക്ക് വലിച്ചെറിയാനാണ് സഹായകമായത്.

സമാനമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലേക്കാണോ കേരളം പോകുന്നതെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് അരുവിക്കര തെരഞ്ഞെടുപ്പ്. ജനവിധിയെമുന്‍നിര്‍ത്തി സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ ചരിത്ര ബോധത്തോടെയോ പക്വതയോടെയോ ഉള്ളതായില്ല. കേരളത്തില്‍ കെ എം പിയും പി എസ് പിയുമൊക്കെ തകര്‍ന്നതെങ്ങനെയാണ്? വിപ്ലവ പ്രഭാഷണങ്ങളെക്കാള്‍ ജനങ്ങള്‍ക്കു വേണ്ടിയിരുന്നത് പ്രവൃത്തിയിലെ ഐക്യമായിരുന്നു. ജനകീയ സമരങ്ങളിലെ കൂട്ടിരിപ്പായിരുന്നു. ഒരു ടണ്‍ വാക്കുകളെക്കാള്‍ ഒരൗണ്‍സ് പ്രവൃത്തി എന്നാണ് കമ്യൂണിസ്റ്റ് നേതാക്കാള്‍ അന്നു നല്‍കിയ വാഗ്ദാനം.

കമ്യൂണിസ്റ്റുകളോടുള്ള ഏതെങ്കിലും വിധത്തിലുള്ള എതിര്‍പ്പും മാന്യമായ മതേതര മുഖം മൂടിയും മതി കേരളത്തില്‍ കോണ്‍ഗ്രസ്സാവാന്‍. ഗാന്ധിജിയുടെയെന്നല്ല നെഹ്‌റുവിന്റെപോലും നയ സമീപനങ്ങള്‍ അവര്‍ക്ക് ആദരണീയമോ സ്വീകാര്യമോ അല്ല. ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതിലാണ് അവര്‍ ബി ജെ പിയുമായി ഏറ്റുമുട്ടുന്നത്. അതിലാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കുള്ള അവകാശവാദം. ജനപക്ഷ സമീപനത്തില്‍ ഇടതുപക്ഷത്തോടും ഭരണനയങ്ങളില്‍ തീവ്ര വലതുപക്ഷത്തോടും കോണ്‍ഗ്രസ്സിന് ഏറ്റുമുട്ടേണ്ടി വരുന്നു.

ജനപക്ഷ നയങ്ങള്‍ എന്നേ കൈവിട്ടുകളഞ്ഞതിനാല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍തന്നെയാണ് വോട്ട്‌സംഭരണികളായി സമുദായ സംഘടനകളെ വളര്‍ത്തിയെടുത്തത്. യു ഡി എഫ് എന്നു പറയുമ്പോള്‍തന്നെ സമുദായ ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിനില്‍ക്കുന്ന രാഷ്ട്രീയം എന്ന അര്‍ത്ഥമുണ്ടാകുന്നു. അതിന്റെ വിപരീതമായതുകൊണ്ടാണോ എന്നറിയില്ല, എല്‍ ഡി എഫിന് ഭൂരിപക്ഷ സമുദായത്തിന്റെ ഇംഗിതങ്ങള്‍ക്കൊപ്പമാണ് നില എന്നു വന്നു. ഈ ധ്രുവീകരണത്തെ മറികടക്കാനാവും വിധമുള്ള ബഹുജന പ്രശ്‌നങ്ങളെ പിന്തുണയ്ക്കാനോ സമരോന്മുഖ ജനപക്ഷ രാഷ്ട്രീയം എന്ന വിലാസം നില നിര്‍ത്താനോ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ക്കായില്ല.

ഇത് മൃദു ഹിന്ദുത്വ നിലപാടുകള്‍ക്ക് സി പി എമ്മും തീവ്ര സാമുദായിക ന്യൂനപക്ഷ നിലപാടുകള്‍ക്ക് കോണ്‍ഗ്രസ്സും വലിയ പിഴ നല്‍കേണ്ടി വരുന്ന അവസ്ഥയിലെത്തിച്ചു. ബി ജെ പിയില്‍നിന്ന് സി പി എമ്മിലേക്കോ തിരിച്ചോ പ്രവേശിക്കുക എന്നത് ക്ഷിപ്രസാധ്യമായി. അവയ്ക്കിടയിലെ മതിലുകളുടെ കനം നേര്‍ത്തുവന്നു. ഇപ്പുറത്തേക്ക് വെള്ളമിറ്റിത്തുടങ്ങുമ്പോള്‍ അതിരില്‍ വിള്ളലുകള്‍ വീഴുകയാണെന്നോ അപ്പുറത്തേക്ക് വലിയ ഒഴുക്കുണ്ടാകാമെന്നോ കണക്കുകൂട്ടാന്‍ സി പി എമ്മിന് വിവേകമുണ്ടായില്ല. ഇതേ ദുരന്തം കോണ്‍ഗ്രസ്സിനെയും കാത്തിരിക്കുന്നുണ്ട്. ഇടതുപക്ഷ ഹിന്ദുത്വത്തിന് തീവ്രഹിന്ദുത്വത്തിലേക്ക് പ്രവേശിക്കാവുന്ന പൊതുചിന്ത രൂപപ്പെട്ടാല്‍ കോണ്‍ഗ്രസ്സിലെ വലതു ഹിന്ദുത്വത്തിനും അതു ഭീഷണിതന്നെ. അതിനെക്കാള്‍ വലിയ ആഘാതം അവരെ കാത്തിരിക്കുന്നത് ന്യൂനപക്ഷ മത രാഷ്ട്രീയത്തില്‍നിന്നു തന്നെയാണ്. മുസ്ലീം ലീഗിന് നില നില്‍ക്കാനും ഇതേപോലെ വളരാനും ബി ജെ പി വിതക്കുന്ന ഭീതി തന്നെ ധാരാളമാണ്. നിലവിലുള്ള അംഗബലം നിയമസഭയില്‍ നിലനിര്‍ത്താന്‍ ഈ സംഘര്‍ഷ രാഷ്ട്രീയം സഹായിക്കും. കോണ്‍ഗ്രസ്സിനോ ഇതു വലിയ തിരിച്ചടി നല്‍കും. യു ഡി എഫ് നേതൃത്വം മുസ്ലീം ലീഗിന്റെ കൈകളിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

യു ഡി എഫിനു ബദല്‍ എല്‍ ഡി എഫോ ബിജെപിയോ എന്നു ശങ്കിക്കുന്ന ഒരവസ്ഥ എങ്ങനെയാണ് നമ്മുടെ സംസ്ഥാനത്തുണ്ടായത്? അത് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ കൗശലമെന്ന് അനുമോദിച്ചു വിടേണ്ടതാണോ? ഇക്കാര്യം സിപിഎം ചിന്തിച്ചേ മതിയാവൂ. നിയമസഭയിലിരുന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന വലിയ പ്രതിപക്ഷത്തെ ജനങ്ങള്‍ നിസ്സാരമായി അവഗണിക്കുന്നു എന്നത് ചെറിയ കാര്യമല്ല. അതു നല്‍കുന്ന പാഠമെന്താണ്? ജനങ്ങള്‍ക്കുതകിയിട്ടില്ല ആ പ്രതിപക്ഷം എന്നല്ലേ? വലിയ വാഗ്ദാനങ്ങളും പ്രവൃത്തിയും ഒത്തുപോകുന്നില്ല എന്നല്ലേ? ജനകീയ സമരങ്ങളിലേക്ക് നിങ്ങള്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്നല്ലേ? ചുരുക്കത്തില്‍ യു ഡി എഫില്‍നിന്നു വിഭിന്നമായി എന്തെങ്കിലും എല്‍ ഡി എഫിലുള്ളതായി ജനങ്ങള്‍ക്കു ബോധ്യമാവുന്നില്ല. മൂന്നു വലതുപക്ഷ ധാരകള്‍ തമ്മിലുള്ള പോരാട്ടമായി അടയാളപ്പെട്ടതുമൂലമാണ് സാമുദായിക മത ബോധ രാഷ്ട്രീയം മേല്‍ക്കൈ നേടിയത്.

മേല്‍പറഞ്ഞ ധ്രുവീകരണം ഭാവി കേരളത്തെ എങ്ങനെയാണ് ബാധിക്കുക എന്നു കണ്ടറിയണം. വലിയതെന്നു കരുതിയ, മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴാം. കേരളത്തിലെ കോണ്‍ഗ്രസ്സും സിപിഎമ്മും ഈ വിധിയെ നേരിടാനാണ് ഒരുങ്ങേണ്ടത്. അതല്ലെങ്കില്‍ വലിയൊരു കുലുക്കിയുണര്‍ത്തലിന് സ്വയം വിധേയമാകേണ്ടി വരും. വിജയപ്പൊലിമയില്‍ കോണ്‍ഗ്രസ്സിന് ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകണമെന്നില്ല. മാത്രമല്ല, നവലിബറല്‍ കോര്‍പറേറ്റ് നയങ്ങള്‍ നടപ്പാക്കുന്ന ഒരു പ്രസ്ഥാനത്തിന് ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നതില്‍ താല്‍പ്പര്യവും കാണില്ല. കോര്‍പറേറ്റ് സങ്കീര്‍ണതകളുടെയും പ്രതിസന്ധികളുടെയും നേരങ്ങളില്‍ വലതുപക്ഷ വഴികള്‍ ഇനിയും തുറന്നു കിട്ടുമെന്ന് അവര്‍ക്കു പ്രതീക്ഷിക്കുകയും ചെയ്യാം. എന്നാല്‍, സി പി എമ്മിന് അങ്ങനെയൊരു പ്രത്യാശക്കും സാധ്യതയില്ല. തിരുത്തുന്നോ മരിക്കുന്നോ എന്നതാണ് സിപിഎം നേരിടുന്ന ചോദ്യം.

നവലിബറല്‍ നയങ്ങള്‍ നിരാശ്രയത്വത്തിലേക്ക് തള്ളി വിട്ട ജനങ്ങളെ കാണണം. അവര്‍ക്കു വേണ്ടി പ്രസംഗിക്കുകയല്ല വേണ്ടത്. അവരുടെ ചെറുത്തു നില്‍പ്പുകളില്‍ പങ്കുചേരുകയാണ്. നിങ്ങള്‍ മനസ്സിലാക്കണം ഭരണവര്‍ഗമാണ് , അവരുടെ തെറ്റായ നയങ്ങളാണ് നിങ്ങളുടെ ദുരിതങ്ങള്‍ക്കു കാരണം എന്നലറിപ്പറഞ്ഞതുകൊണ്ടായില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ, തൊഴില്‍ സുരക്ഷയോ മതിയായ വേതനമോ ഇല്ലാതാവുന്നവന്റെ, ദാരിദ്ര്യവും യാതനകളും അനുഭവിക്കുന്നവന്റെ പോരാട്ടങ്ങളില്‍ ഒപ്പം നില്‍ക്കണം. വേണമെങ്കില്‍ ഞങ്ങള്‍ക്ക് ഒഴിവുള്ളപ്പോള്‍ ഞങ്ങള്‍ നടത്തുന്ന സമരത്തിന്റെ കൂടെപ്പോരൂ എന്നു ക്ഷണിക്കുന്ന ദയാവായ്പല്ല വേണ്ടത്. പ്രതിസന്ധികളില്‍ പോരാട്ടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ക്ക് മുമ്പ് എ കെ ജിയൊക്കെ നല്‍കിയപോലെയുള്ള ഹൃദയപൂര്‍വ്വമായ പിന്തുണയാവണം.

അതിന്, തങ്ങള്‍ ചാഞ്ഞുനിന്നു തുണച്ച ജനവിരുദ്ധ നയങ്ങളപ്പാടെ തിരുത്തണം. ജനരക്ഷകനെന്ന ചേരാത്ത അഹങ്കാരമുഖം ഉപേക്ഷിക്കണം. നിങ്ങള്‍ക്കൊന്നുമറിയില്ല, നിങ്ങള്‍ മനസ്സിലാക്കണം എന്നൊക്കെയുള്ള തീരെ ജനാധിപത്യപരമല്ലാത്ത ഗിരിപ്രഭാഷണങ്ങളും സ്വയം തോല്‍പ്പിക്കുന്നതാണ്. ജനങ്ങള്‍ക്കു മുകളില്‍ സ്വയം പ്രതിഷ്ഠിക്കുകയും ജനങ്ങളെല്ലാം മനസ്സിലാക്കാന്‍ വൈകുകയാണ് എന്ന ജ്ഞാനി ചമയലും ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളോളം അനുഭവിക്കുന്നില്ല രാഷ്ട്രീയ നേതാക്കള്‍. അനുഭവപാഠങ്ങളെ തിരുത്തുന്ന താല്‍പ്പര്യങ്ങള്‍ ജനപുരോഗതിയുടേതാവുകയില്ല. ചിലപ്പോള്‍ അതു മുതലാളിത്ത വികസനത്തിന്റേതാവാം. ജനങ്ങളുടെ പ്രതിനിധി ആരെയാണ് പിന്‍പറ്റേണ്ടത് എന്ന് സംശയിച്ചുതുടങ്ങുന്നിടത്താണ് ദുരന്തങ്ങളാരംഭിക്കുന്നത്.

images5EP9A11U


4 ജൂലായ് 2015

1 അഭിപ്രായം

  1. Well, the first non-communist ministry was a coalition of communal forces and such forces were represented through Pattom ( supported by Nair communal forces), Shankar ( Ezhavas) and Chacko ( Syrian Christians). The same was the case of the Travancore State Congress also. Pattom was the representative leader of Nairs, T.M Varghese, Syrian Christians and C. Kesavan of Ezhavas.

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )