Article POLITICS

അരുവിക്കര ഇടതുപക്ഷത്തെ പഠിപ്പിക്കുന്നു

images[4]  

നാം എന്താണ് ചെയ്യുന്നതെന്ന് നാം അറിയുന്നില്ലെന്നുണ്ടോ?. ധനാധികാര ശക്തികളുടെ ഉത്സവമായി ജനാധിപത്യത്തെ നാം വിട്ടുകൊടുത്തിരിക്കുന്നു. ഭരണാധികാരംകൊണ്ട് ജനങ്ങള്‍ക്കു നല്‍കാവുന്ന ആശ്വാസം നല്‍കാതെ പരമാവധി ചൂഷണത്തിന് വിധേയമാക്കുന്നവരെ വീണ്ടും തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്താവും? അഴിമതികളുടെയും അവിഹിത കൂട്ടായ്മകളുടെയും പാപം കഴുകിക്കളയാവുന്നതേയുള്ളൂ എന്ന് വിചാരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്താവും? നിയമസഭയിലെ പ്രതിപക്ഷത്തെ പ്രതീക്ഷയോടെ ഒന്നു നോക്കാന്‍പോലും നിഷ്പക്ഷ സമൂഹം തയ്യാറാവുന്നില്ലെന്നതും അമ്പരപ്പിക്കുന്നുണ്ട്.

കേരള രാഷ്ട്രീയത്തില്‍ സവിശേഷമായ ഒരു ധ്രുവീകരണമാണ് നടക്കുന്നത്. പഴയപോലെ വലതോ ഇടതോ എന്ന ബദലുകള്‍ ജനങ്ങള്‍ക്കു മുന്നിലില്ല. ഒന്നിനു പകരം മറ്റേത് എന്നു കരുതാവുന്ന വ്യത്യസ്തത ജനങ്ങള്‍ക്ക് ബോധ്യമാവുന്നില്ലായിരിക്കും. കോണ്‍ഗ്രസ്സും സി പി എമ്മും ബി ജെ പിയും ഒരേപോലെ എന്നു സ്വീകരിക്കുന്ന പൊതുബോധമാണ് ശക്തിപ്പെടുന്നത്. ആഴത്തില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്ന വ്യത്യസ്തതകളെ അവര്‍തന്നെ ഇല്ലാതാക്കിക്കാണണം. ബി ജെ പിയുടെ വളര്‍ച്ചയാണ് അരുവിക്കര തെരഞ്ഞെടുപ്പിന്റെ മുഖ്യ വിശേഷമാകുന്നത്.

ഇടതു രാഷ്ട്രീയം എന്ന ബദല്‍ ജനങ്ങള്‍ക്കു മുന്നില്‍ ഇല്ലാതാകുമ്പോള്‍ –- അഥവാ അതു വെറും വലതു രാഷ്ട്രീയത്തിന്റെ അനുബന്ധമാകുമ്പോള്‍ – സംഭവിക്കാവുന്നതേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളു. 2011ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയത് 7694 വോട്ടു മാത്രമായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ അതു പതിനാലായിരത്തിലേറെയായി. ഇപ്പോള്‍ അതും ഇരട്ടിച്ചിരിക്കുന്നു. 34145 വോട്ടാണ് ഒ. രാജഗോപാലന്‍ നേടിയിരിക്കുന്നത്. നേട്ടമാര്‍ക്കാണെന്നു വ്യക്തം. തീവ്ര വലതുപക്ഷത്തിന് പരവതാനി വിരിക്കുകയാണ് കേരളത്തിലെ ജീര്‍ണ രാഷ്ട്രീയ സാഹചര്യം.

ജനകീയപ്രശ്‌നങ്ങളുയര്‍ത്തുന്ന ജനപക്ഷ ബദലെന്ന വികാരമുണര്‍ത്തിയിരുന്ന ഇടതുപക്ഷം എങ്ങനെയാണ് ദയനീയമായി പിന്‍തള്ളപ്പെടുന്നത്? അവരുപേക്ഷിച്ച ജനപക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെ കൂടെ അവരോടുള്ള അനുഭാവവും പടിയിറങ്ങിയിരിക്കുന്നു. അതു തിരിച്ചറിയാനോ തിരുത്താനോ അവര്‍ സന്നദ്ധരല്ല എന്നത് കേരളത്തിന്റെതന്നെ ദൗര്‍ഭാഗ്യമായിത്തീരുകയാണ്.

കോര്‍പറേറ്റുകളും ധനാധികാര മൂര്‍ത്തികളും ആഘോഷിക്കുകയാണ്. അവരുടെ ലീലകളില്‍ ഒരു ജനത പങ്കു ചേര്‍ന്നിരിക്കുന്നു. തൊഴില്‍ നഷ്ടമാക്കുന്നവരെ, ഭൂമിയില്‍നിന്ന് ഇറക്കി വിടുന്നവരെ, വിലക്കയറ്റത്തിന്റെ ദുരിതം വിതക്കുന്നവരെ, ക്ഷേമ പദ്ധതികളില്‍നിന്ന് കുടിയിറക്കുന്നവരെ, പൊതു സ്വത്ത് കൊള്ളയടിക്കുന്നവരെ തിരിച്ചറിയുന്നില്ലെന്നു മാത്രമല്ല അവരോടൊപ്പം ഒരു നേരമ്പോക്കിന് ജനത സമയം കണ്ടെത്തിയിരിക്കുന്നു. ഇത്ര വഴുപ്പന്‍ ജനസമൂഹമായി കേരളീയരെ മാറ്റിയതെന്താണാവോ?

തീവ്രമായ വേദനകളിലൂടെ കടന്നുപോകുമ്പോഴും പീഡിപ്പിക്കുന്നവരോട് ദാസ്യം പുലര്‍ത്തുന്ന വിധം കേരളത്തെ മാറ്റിയത് പുരോഗമന ജീവിത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍മടക്കമാണ്. 10674 വോട്ടിനാണ് 2011ല്‍ കാര്‍ത്തികേയന്‍ അരുവിക്കരയില്‍ ജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം ഏറെക്കുറെ അത്രതന്നെയുണ്ട്. 10128 വോട്ട്. വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെങ്കിലും യു ഡി എഫിന് കഴിഞ്ഞ തവണത്തെ വോട്ട് മറികടക്കാനായിട്ടില്ല. കഴിഞ്ഞതവണ ആര്‍ എസ് പി നേടിയ വോട്ടിനെക്കാള്‍ വോട്ടുനേടാന്‍ വിജയകുമാറിനും കഴിഞ്ഞില്ല. രാജഗോപാലന്റെ തീവ്ര വലതുപക്ഷത്തിനാണ് മുന്നേറ്റമുണ്ടാക്കാനായത്.

പഞ്ചായത്തു തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ വന്നു നില്‍ക്കുകയാണ്. വരാനിരിക്കുന്ന അപകടം ജനങ്ങളെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ജനവിരുദ്ധ വികസനത്തിന്റെയും നീതിരഹിത നിലപാടുകളുടെയും വക്താക്കളും പ്രയോക്താക്കളുമാണോ തെരഞ്ഞെടുക്കപ്പെടേണ്ടത്? നിത്യനിദാനത്തിന് പ്രയാസപ്പെട്ട് സമരരംഗത്തിറങ്ങുന്ന ജനങ്ങളെ ആരാണ് പ്രതിനിധീകരിക്കുക? മൂല്യബോധവും നിശ്ചയ ദാര്‍ഢ്യവുമുള്ള പുതിയ പ്രതിപക്ഷം ജനങ്ങളില്‍നിന്നു് ഉയര്‍ന്നുവരുമോ? ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഗതി ബംഗാളിലേതിനെക്കാള്‍ മോശമാകും. അവരത് പരിഗണിച്ചാലും ഇല്ലെങ്കിലും പീഢാനുഭവങ്ങളുള്ള ജനതയെ എക്കാലത്തും മയക്കിക്കിടത്താനാവില്ല എന്ന വിചാരമേ നമുക്കു കരുത്താവുന്നുള്ളു.

ബി.ജെ.പി മത്സരിച്ചതുകൊണ്ട് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് എല്‍ ഡി എഫിന്റെ പരാജയത്തിന് കാരണം എന്നു സമാധാനിക്കുന്നവരുണ്ട്. അത് പരാതിയായി ഉന്നയിക്കുന്നവരുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും അങ്ങനെത്തന്നെയല്ലേ? രണ്ടിലേറെ സ്ഥാനാര്‍ത്ഥികളുണ്ടാവുമ്പോഴെല്ലാം ഇങ്ങനെ വോട്ടുകള്‍ ഭിന്നിച്ചുപോകാറുണ്ട്. ഇത്തവണ എന്തു സവിശേഷതയാണുള്ളത്?

സി പി എം അങ്ങനെയൊരു കാര്യം എടുത്തു പറയുമ്പോള്‍ തങ്ങളുടെതന്നെ പോരായ്മയാണ് പറയുന്നതെന്ന് അവരോര്‍ക്കുന്നേയില്ല. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിച്ചാലും ബദലിന്റെ ആകര്‍ഷകത്വവും ജനാഭിമുഖ്യവും ഇടതുപക്ഷത്തെ തുണയ്ക്കുമെന്ന വിശ്വാസമാണ് സി പി എമ്മിന് നഷ്ടപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പ്രസ്താവനകള്‍ ഈ ദൗര്‍ബല്ല്യത്തിന്റെ പ്രഖ്യാപനമായി. യു ഡി എഫ് വിരുദ്ധ വോട്ടുകള്‍ എല്‍.ഡി എഫിനും ബി ജെ പിക്കും ഒരുപോലെ വീതിക്കപ്പെടുന്നുവെങ്കില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ എന്തു വ്യത്യാസമാണുണ്ടാവുക? അവരെ വേര്‍തിരിക്കാന്‍ പാകത്തില്‍ പ്രതിപക്ഷ ബഞ്ചിലിരുന്ന് എല്‍.ഡി.എഫ് മുന്നോട്ടുവെച്ച ബദലെന്താണ്? എന്തു പ്രതീക്ഷയും വിശ്വാസവുമാണ് അവര്‍ ജനങ്ങളില്‍ സൃഷ്ടിച്ചത്?

ജനകീയ സമരങ്ങളില്‍നിന്നുള്ള വേറിട്ടു നില്‍പ്പും ഏറ്റെടുത്ത സമരങ്ങളുടെ തുടര്‍ച്ചയായ പരാജയവും കോര്‍പറേറ്റുകളോടും ധനവാന്മാരോടുമുള്ള അമിതമായ അടുപ്പവും ജനവിരുദ്ധ വികസനങ്ങളിലുള്ള താല്‍പ്പര്യവും സി പി എമ്മിനെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണാനുബന്ധമാക്കി തീര്‍ത്തിരിക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ എന്തു വേര്‍തിരിവ്? യു ഡി എഫിനെ നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ തുണച്ചുവെന്ന് പാര്‍ട്ടിയില്‍ വിചാരണ നേരിടുന്നയാളെ പ്രചാരണ നേതൃത്വം ഏല്‍പ്പിക്കേണ്ടിവരുന്ന ദുര്‍ഗതി മറ്റേതു പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്? അതൊരു മുഖംമൂടിയാണെന്ന്, വി എസ്സിനോട് സഹതപിച്ചുകൊണ്ടുതന്നെ ജനങ്ങള്‍ തിരിച്ചറിയില്ലേ? ഒരിടതുപക്ഷ പ്രസ്ഥാനത്തിനുണ്ടാകാവുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. കള്ളനാണയങ്ങളുടെ ഗണത്തില്‍ സ്വയം പ്രതിഷ്ഠിക്കുന്ന വേല.

വലതുപക്ഷ പ്രസ്ഥാനങ്ങള്‍ അന്യോന്യം തുണയ്ക്കുമ്പോഴും വേറിട്ടൊരു സ്വഭാവവിശേഷംകൊണ്ട് കരുത്തുകാട്ടണം ഇടതുപക്ഷം. അതിന് മുകള്‍പ്പരപ്പില്‍ ചെങ്കൊടി വീശിയതുകൊണ്ടു മാത്രമായില്ല. സത്തയില്‍ ഇടതുപക്ഷ രാഷ്ട്രീയം വേണം. വിട്ടുപോയ ആളുകളെയല്ല തിരിച്ചുകൊണ്ടു വരേണ്ടത്. വിട്ടുപോയ രാഷ്ട്രീയത്തെയാണ്. അതു വന്നാല്‍ എല്ലാവരും വരും . വരുംതലമുറയും വന്നുചേരും. നിലവിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അതാവില്ലെങ്കില്‍ ചവിട്ടിയരക്കപ്പെടുന്ന സമൂഹത്തില്‍നിന്ന് അങ്ങനെയൊന്നുണ്ടാവാതെ വയ്യല്ലോ. കാലമെത്ര എടുക്കുമെന്ന ചോദ്യം എന്നോടല്ല അവനവനോടാണ് ചോദിക്കേണ്ടത്.

30 ജൂണ്‍ 2015

4 അഭിപ്രായങ്ങള്‍

 1. വിഭാഗീയത എന്ന് പറഞ്ഞ് കരയുന്ന അഭിനവ മുഖംമൂടി അണിഞ്ഞ സ്വാർത്ത താല്പര്യക്കാർ നേതാക്കൾ ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത് അല്ലാതെ പാർട്ടിയെ വളർത്തുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും അതിനുവേണ്ടി ചിന്തിക്കുകയും ചെയ്യുക എന്നത് ഇവരുടെ അജണ്ടയല്ല, ഇരിക്കുന്ന സ്ഥാനം സംരക്ഷിക്കുകയും ഇവരുടെ മക്കൾ നടത്തുന്ന ബിസ്സിനസ്സ് വളർത്താൻ വേണ്ടി പാർട്ടി പദവി ദുരുപയോഗം ചെയ്യുകയും മാത്രമാണ് ഇവരുടെ അജണ്ട,വൻകിട ബിസ്സിനസ്സ് സ്ഥാപനങ്ങളിൽ നേതാക്കളുടെ മക്കളെ പ്രതിഷ്ട്രിക്കുക എന്ന ബിസ്സിനസ്സ് ലോബികളുടെ അജണ്ട വ്യക്തമായി അവർ നടപ്പിലാക്കുംബോൾ സ്വാർഥതാല്പര്യക്കാരായ നേതാക്കൾ വളരെ എളുപ്പം അവരുടെ കെണിയിൽ വീണു പോകുന്നു, അരുവിക്കരയിൽ യുഡിഫ് ജയിക്കാൻ കാരണം ഇടത്പക്ഷം യുഡിഫിനെതിരെ നടത്തിയ പ്രചരണം ജനങ്ങൾ ഏറ്റെടുത്തെങ്കിലും ജനങ്ങൾ ഇടതിന് വോട്ട് ചെയ്യാതെ ബിജെപി ക്ക് ചെയ്തു, കാരണം കേരളത്തിൽ ഇടതും വലതും ഒരുപോലെ കള്ളന്മാരാണെന്ന് കരുതുന്ന ജനം തമ്മിൽ ഭേദം ബിജെപിയാണെന്ന് വിശ്യാസിച്ചു, കേരളത്തിലെ ബിജെപി നേതൃത്യതിന് ഇത്വരെ ഭരണം കിട്ടാത്തകാരണം അവർ കള്ളത്തരവും അഴിമതിയും കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല, എന്നാൽ അവർക്ക് ഭരണം ലഭിച്ചിടത്തൊക്കെ അവർ കട്ട് മുടിച്ചു എന്ന യാഥാർത്യം ജനങ്ങൾ ശ്രദ്ധിച്ചില്ല, അത് തുറന്ന് കാണിക്കുന്നതിൽ ഇടത്പക്ഷവും പരാജയപ്പെട്ടു, മുൻകാലങ്ങളിൽ പാർട്ടിയെ സ്നേഹിക്കുന്ന പാർട്ടിയുടെ വളർച്ച ആഗ്രഹിക്കുന്ന അതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള നേതാക്കളുണ്ടായിരുന്നു, എകെജിയും ക്രിഷ്ണപ്പിള്ളയും ഇഎംഎസ്സും അതുപോലെ ആ കാലഘട്ടങ്ങളിലുണ്ടായിരുന്ന എല്ലാ നേതാക്കളും ആ ജനുസ്സിൽ പെട്ടവരായിരുന്നു, ഇന്ന് ആ കൂട്ടത്തിൽ അവശേഷിക്കുന്ന ഏക നേതാവ് വിസ്സ് മാത്രമാണ്, പക്ഷെ വിസ്സ് ന്റെ കൂടെ ഉള്ളവരെയെല്ലാം അടിച്ച് പുറത്താക്കി ചാണകവെള്ളം തളിക്കുന്ന തിരക്കിലാണ് ഇന്നത്തെ നേതൃത്യം മൊത്തം, വിസ്സ് ഉയർത്തുന്ന പ്രശ്നങ്ങൾ കാണാതെ അതെല്ലാം ചർച്ച ചെയ്ത് കഴിഞ്ഞ കാര്യങ്ങളാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു, പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന ജനപക്ഷമാറ്റം നവ ജനപക്ഷം എന്താണെന്ന് തിരിച്ചറിയാൻ ഇവർക്കാവുന്നില്ല, ഈ പോക്ക് പോയാൽ എവിടെചെന്നെത്തും കാര്യങ്ങൾ എന്ന് വ്യക്തമാണ്, കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാതെ എന്താണ് പരിഹാരമാർഗ്ഗങ്ങൾ എന്നതിനെ കുറിച്ചായിരിക്കണം ചർച്ച, കൂടുതൽ വൈകുന്തോറും പ്രശ്നങ്ങൾ വഷളായിക്കൊണ്ടിരിക്കും, ബംഗാളിൽ പരാജയത്തിന്റെ ലാഞ്ചനകൾ സൂചനകൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിരന്തരം വന്നിട്ടും അതിന്റെ മേൾ ചടഞ്ഞുകൂടിയിരിക്കയായിരുന്നും നേത്രുത്യം ചെയ്തത്, ഒന്നൊ രണ്ടൊ ആഴ്ചകൊണ്ട് തീരുമാനിക്കേണ്ട വിഷയം ഒന്നൊ രണ്ടൊ പതിറ്റാണ്ടെടുത്ത് ചർച്ച് ചെയ്ത് നീട്ടിക്കൊണ്ടുപോകുക ഇവരുടെ പതിവാണ്, ഈ രീതിയാണ് അടിയന്തിരമായി മാറ്റേണ്ടത്, ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാണുള്ള മാർഗ്ഗങ്ങൾ പ്രായോഗികമായി പരിഹാരം കാണാൻ കഴിയുന്ന പരിഹാര നിർദ്ദേശങ്ങൾ ജനങ്ങളിൽനീന്ന് നേരിട്ട് സ്വീകരിക്കാൻ തയ്യാറാകണം , ജനങ്ങളുമായി നിരന്തരം സംവേദിക്കാൻ ഉതകുന്ന രീതികളെല്ലാം ഉപയോഗപ്പെടുത്തണം, ജനങ്ങളെ വിശ്യാസത്തിലെടുക്കണം, ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് കൂടുതൽ ഊന്നൽ നല്കണം

  Like

 2. അരുവിക്കര യുഡിഫ് വിജയം നല്കുന്ന പാഠം
  ഇന്ത്യയിലെ ഏറ്റവും വലിയ ജനവിരുദ്ധരായ കോൺക്രസ്സും ബിജെപിയുമാണ് ഈ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ രണ്ട് കക്ഷികൾ, അതിൽനിന്നും വോട്ട് ചെയ്യുന്ന ജനങ്ങൾ കാര്യങ്ങൾ വസ്തുതാപരമായി മനസ്സിലാക്കിയിട്ടല്ല വോട്ട് ചെയ്യുന്നതെന്നും, താല്കാലികമായ എന്തെങ്കിലും നേട്ടം നല്കിയാൽ- അത് കള്ളായാലും പണമായാലും സാരിയായാലും ജനങ്ങൾ മയങ്ങിവീണ് വോട്ട് ചെയ്യും എന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു, ശെരിക്കും ജനങ്ങൾ കഴുതകളായി വീണ്ടും വീണ്ടും മാറിക്കൊണ്ടിരിക്കയാണെന്ന് അവർ തെളിയിച്ച് കൊണ്ടിരിക്കുന്നു, ജനങ്ങൾക്ക് കാര്യങ്ങൾ ബോദ്ദ്യമാവുന്ന തരത്തിൽ പ്രവർത്തിക്കാൻ ഇടത്പക്ഷത്തിനും കഴിയുന്നില്ല, യുഡിഫും ഇടത് പക്ഷവും ഒരെ പൊലെ അഴിമതിക്കാരാണെന്നും , പിശി ജോർജിന്റെ അഴിമതി വിരുദ്ധപാർട്ടി ഒരു തട്ടിപ്പാണെന്നും ജനങ്ങല്ക്കറിയാം അതുകൊണ്ട് തന്നെ ഇവർക്കാർക്കും വോട്ട് ചെയ്യാൻ ജനങ്ങൾ തയ്യാറായില്ല,കേന്ത്രത്തിലും മറ്റും ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതി ഭരണം വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇടത്പക്ഷത്തിനും കഴിഞ്ഞില്ല, ബിജെപിയെ തുറന്നുകാട്ടാൻ തയ്യാറാകാതിരുന്ന ഇടത് പക്ഷം അതിന്റെ ഫലം അനുഭവിച്ചു,

  കേരളത്തിൽ ഇന്നത്തെ അഴിമതിക്കെതിരെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടത് സ്വയം അഴിമതിക്കാരല്ല എന്ന് ജനങ്ങളെ ബോദ്ദ്യ്പ്പെടുത്തുന്നതിൽ തികച്ചും പരാജയമാണ്,
  ഇവർ ഒത്ത്തീർപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് ജനം ശക്തമായി വിശ്യാസിക്കുന്നു,
  അതുകൊണ്ടുകൂടിയാണ് കേന്ത്രത്തിൽ ബിജെപി അഴിമതിക്കാരും കോങ്ക്രസ്സിന്റെ അപ്പനുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ കേരളത്തിൽ ബിജെപി നേതാക്കളെ അവർ വിശ്യാസിച്ചത്, സിപിഎം ന്റെ പ്രചരണം ജനം വിശ്യാസിച്ചില്ല കാരണം വ്യക്തം

  കേരളത്തിൽ മാറിമാറി ഭരിച്ച്കൊണ്ടിരിക്കുന്ന ഇടത് ഒരിക്കലും വലത്പക്ഷത്തിന്റെ അഴിമതി പുറത്ത് കൊണ്ടുവന്നിട്ടില്ല, യുഡിഫിന്റെ അഴിമതിക്കാരായ മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും സംരക്ഷിക്കുക എന്ന ദൌത്യമാണ് ഇത് വരെ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് നിഷേധിക്കാൻ സാധിക്കില്ല, നായനാർ തന്നെ പരസ്സ്യമായി തുറന്ന് പറഞ്ഞകാര്യമാണത്, ഞാനാണ് കുഞ്ഞാലികുട്ടിയെ രക്ഷിച്ചത് എന്ന് ഒരിക്കൾ തുറന്ന് പറഞ്ഞത് നമ്മൾ എല്ലാം കേട്ടതാണ്,കേരള രാഷ്ട്രീയത്തിൽ ഉദ്ദ്യോഗസ്ഥ തലത്തിൽ നടക്കുന്ന വ്യാപക അഴിമതി തടയാൻ എന്ത് പ്രവർത്തന പരിപാടിയാണ് ഇടത്പ്ക്ഷത്തിനുള്ളത്,ഏറ്റവും വലിയ സർവ്വീസ് സംഘടന എൻ.ജിയൊ യൂണിയനെ പേറുന്ന സിപി.എം പക്ഷെ അവരുടെ അഴിമതി മൂടിവെക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്, വ്യാപകമായി സർവ്വീസ് മേഖലയിലും സർക്കാർ നിർമ്മാണ മേഖലയിലും നടക്കുന്ന അഴിമതി തടയാൻ ഒരു പരിപാടിയും അവർക്കില്ല, ജനങ്ങളുടെ ഇടയിൽ വ്യാപകമായി നടക്കുന്ന പ്രചരണം ഇടത് നേതാക്കളും വലത് നേതാക്കളും ഒന്നിച്ച് അഴിമതി പണം ഉപയോഗിച്ച് കൂട്ട് കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു ഗൾഫ് മേഖലകളിൽ എന്നാണ്, യു എ യിലും മറ്റ് മിഡിലീസ്റ്റ് രാജ്യങ്ങളിൽ കൂട്ടുകച്ചവടം നടത്തുന്നു എന്ന് വ്യപകമായി പ്രചരിക്കാപ്പെടുന്ന ഈ നേതാക്കൾ അത് ബലപ്പെടുത്തുന്ന രീതിയിലാണ് ഇവിടെ വന്ന് അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്, സംശയത്തിന്റെ നിഴലിലുള്ള നേതാക്കളാണ് വ്യാപകമായി വീണ്ടും വീണ്ടും ഗൾഫിലേക്ക് വന്നുകൊണ്ടിരിക്കുന്നത്,

  സിപി.എം ന്റെ നേതാക്കളുടെ മക്കൾ വൻ കിട കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമായാണ്, ആഗോളവല്ക്കരണത്തിന്റെ ഭാഗമായി ക്രോണി കാപിറ്റലിസ്റ്റുകൾ സ്വീകരിക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണ് അവർ ഇത്തരത്തിൽ സ്വാധീനമുള്ള നേതാക്കളുടെ മക്കളെ സ്വാധീനിക്കുന്നതും സംരക്ഷിക്കുന്നതും അവർക്ക് ഉയർന്ന പദവികളിൽ ജോലി നല്കുന്നതും,

  നേതാക്കൾ ഇവിടെ വന്നാൽ പാർട്ടി സംഘടനകളുടെ നിയന്ത്രണത്തിലല്ല താമസിക്കുന്നത് അവർക്ക് താമസസൗകര്യങ്ങളും വണ്ടി സൗകര്യങ്ങളും പർച്ചേസ് നടത്താൻ വലിയ ഒരു തുകയും ഇവിടെയുള്ള വൻകിടക്കാർ നല്കാറുണ്ട്, ഇതാണ് ഇവിടെത്തെ ഒരു രീതി, ഇതൊന്നും കൊടുത്തില്ലയെങ്കിൽ നാട്ടിൽ പലരീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുമെന്നാണ് ക്രോണികാപ്പിറ്റലിസ്റ്റുകൾ ന്യായികരിക്കുന്നത്, ഇത്തരത്തിൽ നാട്ടിൽ നിന്നും ഗല്ഫിൽ വരുന്നവരെ നിയന്ത്രിക്കാൻ ഇവരുടെ സംഘടനകളും തയ്യാറില്ല, സംശയത്തിന്റെ നിയലിലുള്ളവരെ ഇങ്ങോട്ട് വരുന്നതിൽ നിന്നും തടയാനും തയ്യാറില്ല, പല ബിസ്സിനസ്സ് സ്ഥാപനങ്ങളിലും ഇടത്-വലത് നേതാക്കൾ ഒന്നിച്ച് കൂട്ട്കച്ചവടം ചെയ്യുന്നുണ്ട് എന്ന് പരസ്സ്യമായ രഹസ്സ്യമാണ് ഗല്ഫിൽ, ജനങ്ങൾക്ക് നേതാക്കളെ വിശ്യാസമില്ല ഉയർന്ന സ്ഥാനത്തിരിക്കുന്ന നേതാക്കൾ സത്യസന്ധരല്ല എന്ന് ജനങ്ങൾ ഉറച്ച് വിശ്യാസിക്കുന്നു,

  പണ്ട് കാലങ്ങളിൽ സത്യസന്ധരായിരുന്ന രാഷ്ട്രീയപാർട്ടികളിൽ ഇന്ന് കള്ളന്മാർ കയറികൂടിയിരിക്കുന്നു, ഈ കള്ളന്മാർ ഉയർന്ന് വരാതിരിക്കാനുള്ള മുൻകരുതലുകളാണ് ഇന്ന് ജനപക്ഷ പാട്ടികളെന്ന് അവകാശപ്പെടുന്ന പാർട്ടികൾ ഏറ്റവും ആദ്ദ്യം എടുക്കേണ്ടത്, ഉയർന്ന നേതാക്കളുടെ മക്കളുടെ ജീവിതരീതി അവരുടെ ബിസ്സിനസ്സ് ബന്ധങ്ങൾ ഇതെല്ലാം ഏത് പ്രസ്ഥാനത്തേയും നശിപ്പിക്കാം, ദ്രുതരാഷ്ട്രരുടെ പോലെ അന്ധമായ മക്കൾ സ്നേഹമുള്ള നേതാക്കന്മാർ പാർട്ടികളുടെ ഉയർന്ന സ്ഥാനങ്ങളിൽ ഇരുന്നാൽ കേരളത്തിൽ ഇടത് പ്രസ്ഥാനം ബംഗാളിലെ പോലെ തകരാൻ വേറെ എവിടേയും പോകേണ്ടതില്ല, ഇത് മുൻകൂട്ടി കണ്ടത്കൊണ്ടായിരിക്കാം
  മുൻ നേതാക്കൾ സുന്ദരയ്യ ബാസവപുന്നയ്യ അവസാനം കാരാട്ടും മക്കൾ വേണ്ട എന്ന് തീരുമാനിച്ചത്,

  അരുവിക്കരയിൽ സിപിഎം നോട് കൂടെഉണ്ടായിരുന്ന കുറെ പേർ സിപിഎം വിട്ടു അതിനുകാരണം വിസ്സുമായി അടുപ്പമുണ്ട് എന്ന ഒറ്റകാരണം പറഞ്ഞ് അവരെ പാർട്ടിയിൽ നിന്നും ഒതുക്കിയത്രെ, വിഭാഗീയത എന്ന ഓമനപേരിട്ടായിരുന്നു ഇതെല്ലാം, നല്ല മനസ്സുള്ളവരേയും ശെരിയുടെ കൂടെ നില്ക്കുന്നവരേയും ഒതുക്കി പിണറായിക്ക് ഓശാന പാടുന്നവരെ മാത്രം ഉയർത്തികൊണ്ടുവന്നു, വിമർശിക്കുന്നവരെയെല്ലാം വിസ്സ് പക്ഷക്കാരാക്കി ഒതുക്കി, പാർട്ടിയിൽ തങ്ങളുടെ നേത്രുത്യതെ അംഗീകരിക്കുന്ന ഏറാൻ മൂളികൾ നിറഞ്ഞപ്പോൽ അഴിമതിയും കെടുകാര്യക്ഷമതയും പാർട്ടിയിൽ നിറഞ്ഞു, ജനങ്ങളുമായി ബന്ധമുണ്ടായിരുന്ന നേതാക്കൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു, പാർട്ടി മെംബർമാർ മാത്രം കൂടിയിരുന്നാൽ അവർ മാത്രം കാര്യങ്ങൽ തീരുമാനിച്ചാൽ ജനങ്ങളുടെ മനസ്സറിയാൻ സംവിധാനമില്ലെങ്കിൽ വീണ്ടും വീണ്ടും പാർട്ടി ജനങ്ങളിൽനിന്നും അകന്നുകൊണ്ടെയിരിക്കും, പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവരും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നവരും മാത്രമായാൽ ഇലക്ഷൻ വിജയിക്കില്ല എന്ന തിരിച്ചറിവ് പാർട്ടിക്ക് ഇല്ലാതായാൽ ജനങ്ങൾ പാർട്ടിയിൽനിന്നും അകന്നുകൊണ്ടെയിരിക്കും, അഭിപ്രായ രൂപീകരണം ജനങ്ങളെകൂടി പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം ജനങ്ങളുടെ അഭിപ്രായത്തിനായിരിക്കണം കൂടുതൽ പ്രാധ്യാന്യം നല്കേണ്ടത്,

  ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്കേ ഇനി കേരളത്തിൽ വളരാൻ സാധിക്കു, അവർക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറുണ്ടൊ,
  വെറും വാഗ്ദാനങ്ങൾ മാത്രം നല്കി ജനങ്ങളെ പറ്റിക്കാമെന്ന് ഇനി കരുതേണ്ട
  അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ നിങ്ങൾ തയ്യാറുണ്ടൊ, സർവ്വീസ് മേഖലയിലേയും സർക്കാർ നിർമ്മാണമേഖലയിലേയും അഴിമതി തടയാൻ നിങ്ങൾ തയ്യാറുണ്ടൊ, അതിവേഗ കോടതിയിലൂടെ ഉദ്ദ്യോഗസ്ഥന്മാർക്കും മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും എതിരെ കേസെടുത്ത് ഒരു വർഷത്തിനകം അവരുടെ വിചാരണയും വിധിയും നടത്തി അവരുടെയെല്ലാം അഴിമതിയിലൂടെ നേടിയ സ്വത്ത് കണ്ട് കെട്ടാൻ നിങ്ങൾ തയ്യാറുണ്ടൊ, സേവന സന്നദ്ധരായ ഉദ്ദ്യോഗസ്ഥരെ മാത്രമേ സർവ്വീസിൽ നിലനിർത്താവു,
  അഴിമതിക്കാരും ജോലിചെയ്യാൻ മടിയുള്ളവരുമായ എല്ലാവരേയും പിരിച്ചുവിടണം
  അഴിമതിക്കെതിരെ ശക്തമായ ജനലോക്പാൽ ബില്ല് പാസ്സാക്കാനും ജനങ്ങൾക്ക് അധികാരം നല്കുന്ന സ്വരാജ് ബില്ല് നടപ്പിലാക്കാനും നിങ്ങൾ തയ്യാറുണ്ടൊ,
  വൈകി ലഭിക്കുന്ന നീതി നീതി നിഷേധത്തിന് തുല്ല്യമാണെങ്കിൽ ഇന്ത്യയിൽ നീതിവ്യവസ്ഥ അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ നേടിയേടുക്കാൻ വേണ്ടി ജുഡിഷ്യറിയിൽ സമഗ്രമായ പൊളിച്ചെഴുത്ത് നടത്താൻ നിങ്ങൾ തയ്യാറുണ്ടൊ,

  തിരഞ്ഞെടുത്ത അംഗങ്ങളെ തിരിച്ച് വിളിക്കാനുള്ള അധികാരം ജനങ്ങൾക്ക് നല്കാൻ നിങ്ങൾ തയ്യാറുണ്ടൊ, ബില്ലുകൾ തള്ളിക്കളയാനും-നിർദ്ദേശിക്കാനുള്ള അധികാരവും ജനങ്ങൾക്ക് നല്കണം, 30% വോട്ട് കിട്ടി ജയിച്ച ഒരു സ്ഥാനാർത്ഥിയെ 75% പേർ ഒന്നിച്ച് എതിർത്താലും, 45% വോട്ട് കിട്ടിയ ആളെ 60% പേർക്കും 60% വോട്ട് കിട്ടിയ ആളെ 65% പേർക്കും തിരിച്ചുവിളിക്കാൻ അനുവദിക്കേണ്ടതാണ്, നിങ്ങൾ തയ്യാറുണ്ടൊ,

  ജനങ്ങളുടെ വരുമാനത്തിന്റെ നല്ലോരു പങ്കും പോകുന്നത് ചികിത്സക്കും വിദ്ദ്യഭ്യാസത്തിനുമാണ് ഈ നയങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്ത് നടത്താൻ ജനങ്ങൾക്ക് വേണ്ടി ബദൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിങ്ങൾ തയ്യാറുണ്ടൊ, എങ്കിൽ ജനങ്ങൾ നിങ്ങളെ വീണ്ടും സ്വികരിച്ചുവെന്ന് വരാം അല്ലെങ്കിൽ നിങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടു, കൌണ്ട് ഡൌൺ തുടങ്ങാം

  Like

 3. അരുവിക്കര നേതാക്കളുടെ കാരണം കണ്ടുപിടിക്കൽ കുരുടൻ ആനയെകണ്ടതുപോലെയൊ ?

  ജനങ്ങൾക്ക് പാർട്ടിയിലും നേതാക്കളിലും വിശ്യാസം നഷ്ടപ്പെടാൻ കാരണം അവരുടെ നേതാക്കൾ തന്നെ, അവസരവാദികളല്ലാത്ത സത്യസന്ധരായ ഏതെങ്കിലും നേതാക്കളുണ്ടൊ ആ പാർട്ടിയിൽ എങ്കിൽ ജനങ്ങൾക്ക് വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറാവുക, സാധാരണക്കാരന് താങ്ങാൻ കഴിയാത്ത അവരുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് അപഹരിക്കുന്ന ചികിത്സയും വിദ്ദ്യഭ്യാസവും ചിലവുകുറഞ്ഞതാക്കാനും നിയന്ത്രിക്കാനും, സ്വകാര്യ കൊള്ളക്കാരുടെ പിടിയിൽ നിന്നും ഇതിനെ മോചിപ്പിക്കാനും ആവശ്യമായ ബദൽ നിർദ്ദേശങ്ങൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനുമാണ് ആർജ്ജവം കാണിക്കേണ്ടത്, നേതാക്കൾ ശെരിയായാൽ ഏത് പാർട്ടിയും നന്നാവും, സത്യസന്ധനും ആത്മാർതയുള്ളവരുമായ നേതൃത്യമാണ് എല്ലാ പാർട്ടിയിലും വേണ്ടത് കള്ളനാണയങ്ങളെ ജനങ്ങൾക്ക് മുൻപിൽ തുറന്നുകാണിക്കണം,സംശയത്തിന്റെ നിഴലിലുള്ള നേതാക്കളെ തിരുത്താനാണ് നമ്മളെല്ലാം ദൈര്യം കാണിക്കേണ്ടത്, ഒരു പാർട്ടീയുടേയും അടിമകളാവാതെ സത്യത്തിനു നീതിക്കും വേണ്ടി നിലകൊള്ളുക-ശെരിയാണെന്ന് പൂർണ്ണബോദ്ധ്യമുള്ളത്കൊണ്ടായിരിക്കണം നമ്മൾ ഒരു പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കുന്നത് അല്ലാതെ ഏതെങ്കിലും സ്വാർഥതാല്പര്യം സംരക്ഷിക്കാനാവരുത്

  പിബി സിസി എസ് സി കമ്മറ്റി മെംബർമാരുടെ മക്കൾ ഏതൊക്കെ ഫീൽഡിൽ ജോലിചെയ്യണമെന്ന് വ്യക്തമായ മാർഗ്ഗരേഖവേണം, അല്ലാത്തപക്ഷം അവരെ അത്തരം ഉത്തരവാദിത്യം കൊടുക്കാൻ പാടില്ല, മക്കളെ ബിസിനസ്സ് കാർ ആക്കേണ്ടവർ വേറെ പണിനോക്കട്ടെ പാർട്ടിയിൽ എന്തിന് നിർത്തണം, മക്കൾ തന്നെയാണ് നേതാക്കളുടെ ശത്രുക്കൾ, അതുകൊണ്ടാണ് മുൻ നേതാക്കൾ സുന്ദരയ്യ ബാസവപുന്നയ്യ അവസാനം കാരാട്ടും മക്കൾ വേണ്ട എന്ന് തീരുമാനിച്ചത്, ത്രിപുരയിലെ മണിക് സർക്കാരിനെ കണ്ടുപഠിക്കു എങ്ങിനെ നേതാക്കൾ ജനങ്ങളിൽ ജീവിക്കണമെന്ന് അദ്ദേഹം ജീവിതംകൊണ്ട് മാതൃകയാക്കുന്നു, ഗാന്ധിജി പറഞ്ഞത്പോലെ സ്വന്തം ജീവിതമായിരിക്കണം സ്വന്തം ആദർശത്തിന്റെ മുഖമുദ്ദ്ര

  മറ്റ് പാർട്ടികളിലെ നേതാക്കളുടെ മക്കളെകുറിച്ച് ചർച്ച ചെയ്യേണ്ടതില്ല കാരണം അവർ എല്ലാം ജനദ്ദ്രോഹികളാണ് രാജ്യത്തെ കൊള്ളയടിക്കാൻ വേണ്ടി മാത്രം ജനിച്ചവർ, ജനങ്ങളെ പറ്റിച്ച് രാഷ്ട്രീയം പയറ്റുന്നവർ, അവരെകുറിച്ച് എനിക്ക് എന്നും പുച്ചം മാത്രമേ ഉള്ളു, അവരിലെ അണികളെകുറിച്ച് സഹതാപവും കാരണം സ്വന്തം പാർട്ടിയുടെ യഥാർത മുഖം തിരിച്ചറിയാൻ കഴിവില്ലാത്ത വെറും ഏറാൻമൂളികൾ കൂട്ടിലടച്ച കിളിയുടെ അവസ്ഥയാണ് ഇവർക്ക് പറക്കുന്ന സ്വതന്ത്ര പക്ഷികൾ എന്തൊ രോഗത്തിന് അടിമയാണ് അതുകൊണ്ടാണ് അവർക്ക് പറക്കേണ്ടിവരുന്നത് എന്ന ചിന്തയുടെ ഉടമസ്ഥർ

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )