ഗ്രീസിന് ഇതു കടുത്ത മാന്ദ്യത്തിന്റെയും പ്രതിസന്ധികളുടെയും കാലം. ഇന്നു (ജൂണ്‍ 29)മുതല്‍ ബാങ്കുകള്‍ അനിശ്ചിതകാലത്തേക്ക് അടയുകയാണ്. എ ടി എമ്മുകള്‍ വഴി എടുക്കാവുന്ന തുകകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. തെരുവുകളില്‍ അസ്വസ്ഥത പുകഞ്ഞു തുടങ്ങുന്നുണ്ട്.
2009ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഗ്രീസ് ചെന്നു വീണത്. 2008ലെ പ്രതിസന്ധിക്കു ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണിത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും വായ്പകള്‍ തിരിച്ചടക്കാനാവാതെ കടക്കെണിയിലായിരിക്കുന്നു ഗ്രീസ്. വായ്പ അടച്ചു തീര്‍ക്കാനുള്ള പണം കണ്ടെത്താന്‍ ജനങ്ങള്‍ക്കു ലഭിക്കുന്ന ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും കനത്ത നികുതിഭാരം അടിച്ചേല്‍പ്പിക്കാനും വലിയ സമ്മര്‍ദ്ദമാണ് യൂറോപ്യന്‍ യൂണിയനില്നിന്നുണ്ടാവുന്നത്.
അടുത്തയിടെ അധികാരമേറ്റ അലക്സിസ് സിപ്രാസിന്റെ ഇടതുപക്ഷ ഗവണ്മെന്റ് കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ജനങ്ങളെ പിഴിയാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഐ എം എഫിന്റെ ഘടനാ പരിഷ്ക്കാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടാണ് സിപ്രാസിന്റേത്. തങ്ങള്‍ അധികാരമേല്‍ക്കും മുമ്പുതന്നെ മൂര്‍ഛിച്ചിരുന്ന പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഗവണ്മെന്റ്. യൂറോപ്യന്‍ യൂണിയന് മുന്നോട്ടു വെച്ച പരിഹാര നിര്‍ദ്ദേശങ്ങളൊന്നും ആശാവഹമല്ലെങ്കിലും അതു സംബന്ധിച്ച ഒരു ജനഹിത പരിശോധനയ്ക്ക് പാര്‍ലമെന്റ് അനുവാദം നല്‍കിക്കഴിഞ്ഞു. ജൂലായ് 5ന് ഹിത പരിശോധന നടക്കും.
ഗ്രീസിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യവും ജനങ്ങളുടെ പരമാധികാരവും നഷ്ടപ്പെടുത്താതെയുള്ള അനുയോജ്യമായ തീരുമാനം ഉയര്‍ന്നുവരുമെന്നാണ് സിപ്രാസിന്റെ പ്രതീക്ഷ. ജൂണ്‍ 30ന് 170 കോടി ഡോളര്‍ അടയ്ക്കാനുള്ളത് തീയതി നീട്ടിക്കിട്ടിയാലേ അടയ്ക്കാനാവൂ എന്ന് ഗവണ്മെന്റ് അറിയിച്ചുവെങ്കിലും യൂറോപ്യന്‍ യൂണിയന് അതു സമ്മതമായില്ല. ബാങ്കുകള്‍ക്ക് അടിയന്തിര ഫണ്ടായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നല്‍കിയിരുന്ന തുക കൂടി കിട്ടാതായതോടെ രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയിലായി. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുന്നേറാന്‍ കഠിനമായ നിയന്ത്രണങ്ങളിലൂടെ കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ് ഗ്രീക്കു ജനത. ചെറുത്തു നില്പ്പിന് ശക്തി പകരുന്ന തീരുമാനമാണ് ജനഹിതത്തിലുണ്ടാവുന്നതെങ്കില് യൂറോ സോണില്‍നിന്ന് ഗ്രീസ് പുറത്തായേക്കും. യൂറോക്കു പുറത്ത് ഒരു ബദല്‍ സമ്പദ്ഘടന രൂപപ്പെടുത്താനുള്ള ത്രാണി നേടുമോ ഗ്രീസെന്നു കണ്ടറിയണം.
ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചിട്ട് കനത്ത അച്ചടക്കത്തിലേക്ക് സ്വയം പ്രവേശിക്കാന്‍ നിര്‍ബന്ധിതമായ ഒരു രാഷ്ട്രത്തെയും അതിന്റെ ഭരണാധികാരികളെയും അധിക്ഷേപിക്കുന്ന പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ കമ്മീഷന് ചീഫ് ക്ലോഡ് ജങ്കര്‍ പറഞ്ഞത് ഗ്രീസിന്റെ നിലപാട് വഞ്ചനാപരമായി എന്നാണ്. പതിവില്ലാത്ത ഒരനുഭവമാണ് നിയോലിബറലുകള്ക്കുണ്ടായതെന്ന് വ്യക്തം. റഫറണ്ടം തീരുമാനമാണ് തുടര്‍ ചര്‍ച്ചകള്‍ മുറിയാനിടയാക്കിയതെന്നും കൂടുതല്‍ മൃദുവായ നിബന്ധനകളുള്ള നിര്‍ദ്ദേശങ്ങളാണ് തങ്ങള്‍ ഒടുവില്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും ജങ്കാര്‍ പറയുന്നു. യൂറോപ്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് വന്ന ശേഷമാണ് ഇങ്ങനെയൊരു പ്രതികരണമുണ്ടാവുന്നതെന്നത് ശ്രദ്ധേയമാണ്. വേതനമോ പെന്‍ഷനോ വെട്ടിക്കുറയ്ക്കുന്നതിനുള്ള ശുപാര്‍ശയും ഉണ്ടാവില്ലെന്നു് അദ്ദേഹത്തിന് പറയേണ്ടിവന്നിരിക്കുന്നു.
യൂറോപ്പിലെ വികസിത രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങള്‍ക്കു വിധേയമാകാന്‍ ഗ്രീസിനെ നിര്‍ബന്ധിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഒന്നും ചരടുകളില്ലാത്തതല്ല. ഇങ്ങനെയുള്ള വാശികള്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്താകാനിടയാക്കുമെന്ന ഭീഷണിയുമുണ്ട്. വാഗ്ദാനങ്ങളെയും ഭീഷണികളെയും നേരിടുന്ന ഗ്രീസ് ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്കു പാഠമാകേണ്ടതുണ്ട്.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും കോര്‍പറേറ്റുകളുമാണ് വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയെയും അതു വഴി ജീവിതങ്ങളെയും നിയന്ത്രിച്ചുപോരുന്നത്. തികച്ചും അപായകരമായ വഴിയില്‍ ഇന്ത്യയും ഏറെ മുന്നോട്ടു പോയിട്ടുണ്ട്. അവരുടെ എല്ലാ നിര്‍ദ്ദേശങ്ങളും അതേപടി നടപ്പാക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് ഇന്ത്യയിലുള്ളത്. ജനങ്ങളുടെ മേല്‍ അമിതഭാരം ചുമത്താനും ജനങ്ങള്‍ക്കെതിരായ നിയമനിര്‍മാണമോ ഭേദഗതികളോ നിര്‍വ്വഹിക്കാനും ഒരു നീതിബോധവും ഇന്ത്യന്‍ ഭരണകൂടത്തിന് തടസ്സമാവുന്നില്ല. വിഴുങ്ങുന്ന വായ്പകള്‍ക്കു വരും തലമുറകളെക്കൂടി പണയംവെക്കുന്ന തലതിരിഞ്ഞ വികസന സങ്കല്‍പ്പമാണ് അവരെ നയിക്കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ക്കും പാര്‍പ്പിട നിര്‍മാണ വസ്തുക്കള്‍ക്കും ഔഷധത്തിനും വിദ്യാഭ്യാസത്തിനും വൈദ്യുതിക്കും ഇന്ധനത്തിനും എല്ലാം വിലകൂടുന്നത്, നികുതികളെല്ലാം പുതുക്കി നടപ്പാക്കുന്നത്, കൃഷിക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മറ്റു മേഖലകളിലും നല്കിപ്പോന്ന സബ്സിഡികള്‍ നിര്‍ത്തലാക്കിയത്, ക്ഷേമ പദ്ധതികളില്‍നിന്ന് ഗവണ്മെന്റ് പിന്തിരിഞ്ഞത്, പെന്‍ഷനുകള്‍ നിര്‍ത്തലാക്കിയത്, കാര്‍ഷികോത്പ്പന്നങ്ങള്‍ക്കു വിലയില്ലാതായത്, തൊഴില്‍നിയമങ്ങള്‍ തൊഴിലാളികള്‍ക്കെതിരെ പുതുക്കി എഴുതിയത്, തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചത്, എല്ലാ മേഖലകളും സ്വകാര്യ സംരംഭകര്‍ക്കു ഇച്ഛാനുസരണം വിട്ടു നല്‍കിയത് …..ഇതെല്ലാം ഘടനാപരമായ പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ക്കു പൂര്‍ണമായി വഴങ്ങിയതിന്റെ പ്രതിഫലനങ്ങളാണ്. ഇതിലേക്ക് നയിച്ചതാകട്ടെ, വായ്പകളിലും കണ്‍സള്‍ട്ടന്‍സി കമ്മീഷനുകളിലും കണ്ണു മഞ്ഞളിച്ച ധൂര്ത്തരാഷ്ട്രീയത്തിന്റെ പിടിപ്പുകേടാണ്.
ദിനംതോറും കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് വഴുതുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളും വിപ്ലവ ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്ന പ്രസ്ഥാനങ്ങളെല്ലാം ഇതിനോടെല്ലാം സമരസപ്പെട്ട മട്ടാണ്. ഈ ക്രൂരകാലത്ത് ഇനി വീശിക്കൊടുക്കുക, സാന്ത്വനിപ്പിക്കുക, മുറിവു കെട്ടുക, കോര്‍പറേറ്റ് മാലിന്യങ്ങളേറ്റു വാങ്ങുക, അതു പുനചംക്രമണത്തിന് സമര്‍പ്പിക്കുക എന്നിങ്ങനെയുള്ള തഴുകല്വിപ്ലവമേ സാധ്യമാവൂ എന്നതായിട്ടുണ്ട് അവരുടെ നയം.
ഇതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരു ജീവന്മരണ സമരത്തിന് മുന്‍കയ്യെടുത്തു എന്നതാണ് ഗ്രീസിനെ ശ്രദ്ധേയമാക്കുന്നത്. ചരടുകളില്ലാത്ത വായ്പകളില്ലെന്ന് അതു വീണ്ടും വീണ്ടും ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ലാറ്റിനമേരിക്കയില്‍ വളര്‍ന്നു വന്ന പ്രതിരോധം യൂറോപ്പിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജൂലായ് 5ന്റെ ജനഹിതത്തില്‍ യൂറോപ്യന്‍ യൂണിയന്റെ താല്‍പ്പര്യങ്ങള്‍ക്കു മേല്‍ക്കൈ കിട്ടിയാല്‍പ്പോലും ഗ്രീക്കു ഗവണ്മെന്റിന്റെ ഇച്ചാശക്തിയോടെയുള്ള തീരുമാനം ആദരിക്കപ്പെടും. താല്‍ക്കാലികമായി പരിഹാരം കണ്ട് രക്ഷനേടാവുന്ന ഭൂതഗണങ്ങളുടെ മുന്നിലല്ല ദരിദ്ര – വികസ്വര രാജ്യങ്ങള്‍ ചെന്നുപെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രീസിന്റെ ചെറുത്തുനില്‍പ്പ്(നമ്മുടെയും) അടുത്തകാലത്തൊന്നും അവസാനിക്കാനിടയില്ല.
ഇപ്പോള്‍തന്നെ ഗ്രീസിന്റെ തെരുവുകളില്‍ യൂറോപ്യന്‍ യൂണിയനും ഐ എം എഫിനുമെതിരായ പ്രക്ഷോഭം ഇരമ്പുകയാണ്. തങ്ങളെ കടക്കെണിയിലേക്കു തള്ളി വിട്ട അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും സ്ഥാപിത താല്‍പ്പര്യങ്ങളും അവര്‍ക്കു ബോധ്യമായിത്തുടങ്ങിയിരിക്കുന്നു. ചെറിയ ചില മാന്ത്രിക സ്പര്‍ശങ്ങള്‍കൊണ്ട് ഗ്രീക്കു ജനതയെ മയക്കിക്കിടത്തി മുന്‍ ഗവണ്മെന്റുകളെപ്പോലെ കൂടുതല്‍ പ്രയാസകരമായ ജീവിതത്തിലേക്ക് അവരെ തള്ളിവിടാന്‍ അലക്സിസ് സിപ്രാസിനും കഴിയുമായിരുന്നു. ആ വഴിയുപേക്ഷിച്ച ധീരതക്കു അഭിവാദ്യമേകണം.
വിഷയം ജനഹിത പരിശോധനയ്ക്കു വിട്ട സിപ്രാസിന്റെ നിലപാടും യുക്തമായി. അഞ്ചു കൊല്ലത്തിലൊരിക്കല് ഒരു ജനവിധി കിട്ടാനേ ഇന്ത്യയില്‍ ജനങ്ങളാവശ്യമുള്ളു. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന മര്‍മ്മപ്രധാനമായ വിഷയങ്ങളില്‍ ജനഹിതം അറിയാനുള്ള വോട്ടെടുപ്പ് അത്യാവശ്യമാണ്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു. ആ വഴിയ്ക്കുള്ള നിര്‍ബന്ധങ്ങള്‍ ജനപക്ഷത്ത് ഉയരേണ്ടതുണ്ട്. ഗ്രീസിന്റെ വര്‍ത്തമാനം നമ്മെ അത്തരം ചിന്തകളിലേക്കും നയിക്കട്ടെ.
29 ജൂണ്‍ 2015
dear comrade azad this is what aap also demanding
LikeLike
ഗ്രീക് ധനകാര്യ മന്ത്രിവരൌഫാകിസ് രാജിവയ്ക്കാന്‍ കാരണമെന്തായിരുന്നു? ഇതാ വരൌഫാകിസിന്റെന സ്വന്തം പോസ്റ്റ് മലയാളത്തില്‍- വായിക്കുക– https://www.facebook.com/IndianLeftNews
LikeLike