Article POLITICS

മൂലമ്പള്ളിയും മഹാരാജാസ് കോളേജും തമ്മിലെന്ത്?

images[2]   images[1]

 

 പഠിച്ചിട്ടുണ്ടാവണം മൂലമ്പള്ളിക്കാര്‍ മഹാരാജാസ് കോളേജില്‍. പക്ഷേ തിരിച്ചോ? പഠിച്ചുവോ മഹാരാജാസ് കോളേജുകാര്‍ വല്ലതും മൂലമ്പള്ളിയില്‍നിന്ന്? അവിടേക്ക് എന്തു ദൂരമുണ്ട്? ഇപ്പോള്‍ മൂലമ്പള്ളിയുടെ ചുമലില്‍ കൈവെച്ച് ഒരേ ശത്രുവിനെതിരെയാണ് പൊരുതുന്നതെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അറിയുന്നുണ്ടോ?

കോര്‍പറേറ്റ് ധനാധിനിവേശത്തിന്റെ മനുഷ്യവിരുദ്ധ പടയോട്ടമാണ് രണ്ടിടത്തും നടന്നത്. ഭൂമിയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. ഒരു പ്രഭാതത്തില്‍ ജെ.സി.ബിയുമായി ചെന്ന് കൂരകളും ജീവിതവും അടിയോടെ മാന്തിയെടുക്കുമ്പോള്‍ കൊച്ചി നഗരം ശാന്തമായിരുന്നു. കോളേജുകള്‍ സ്തംഭിച്ചില്ല. വാഹനങ്ങള്‍ ഓടാതിരുന്നില്ല. കടകള്‍ തുറക്കാതിരുന്നില്ല. ഇന്നിപ്പോള്‍ അദൃശ്യമായ ഒരു ജെ.സി.ബി കേരളീയ വിദ്യാഭ്യാസത്തിന്റെ ശേഷിച്ച നന്മകളെയും മാന്തിയെടുക്കാനെത്തുമ്പോള്‍ കൊച്ചിയും കേരളവും പതിവുപോലെ ശാന്തമാണ്. വിദ്യാഭ്യാസത്തിന്റെ മണ്ഡലത്തില്‍ നടക്കുന്ന ഒരു കുടിയൊഴിപ്പിക്കല്‍ ആരെയെങ്കിലും വല്ലാതെ അലട്ടുന്നുണ്ടോ? പ്രത്യക്ഷ ഇരകളെയല്ലാതെ?

എട്ടു വര്‍ഷം കഴിഞ്ഞിട്ടും മൂലമ്പള്ളിക്കാര്‍ക്ക് നീതി കിട്ടിയോ? ജനവിരുദ്ധ വികസനത്തിന്റെ പേടിപ്പെടുത്തുന്ന നിത്യ രൂപകമായി അതു നില്‍പ്പാണ്. കൊല്ലങ്ങള്‍ക്കു മുമ്പ് അവിടേക്ക് ഓടിയെത്തിയ മഹാശ്വേതാ ദേവിയെ നാം ആക്ഷേപിച്ചു വിട്ടു. അവിടെയെല്ലാം ഭദ്രമാണെന്ന് ഒച്ചവെച്ചു. ഇപ്പോള്‍ മഹാരാജാസ് കോളേജിലും എല്ലാം ഭദ്രമല്ലേ? സ്വയം ഭരണം എല്ലാവരുടെയും സ്വപ്നമാണല്ലോ ? അതല്ലേ നടപ്പാക്കുന്നത്? പക്ഷേ, എത്രമേല്‍ ജനവിരുദ്ധമായി, തലമുറകളെ തകര്‍ക്കുംവിധം വികസനമാവാമെന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി ലോകബാങ്ക് വരച്ചിട്ട ബ്ലൂപ്രിന്റ് സ്വീകരിച്ചുകൊണ്ട് ഗവണ്‍മെന്റ് തെളിയിക്കുകയാണ് എന്നു ആരുണ്ട് പറയാന്‍?

ജ്ഞാന സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന അടിസ്ഥാന ഘടകമാണല്ലോ ഇന്ന് വിദ്യാഭ്യാസം. ധനാധിനിവേശത്തിന്റെ മത്സര യുക്തികള്‍ക്കപ്പുറം മറ്റൊരു മൂല്യബോധവും അതു ബാക്കിവെച്ചിട്ടില്ല. രണ്ടോ മൂന്നോ പതിറ്റാണ്ടുകൊണ്ട് സംഭവിച്ച പരിണാമമാണിത്. കുടിപ്പള്ളിക്കൂടങ്ങളുടെ തുടര്‍ച്ചയില്‍ രൂപപ്പെട്ട പൊതു വിദ്യാലയങ്ങളും അതു വാര്‍ത്തെടുത്ത മൂല്യവിചാരങ്ങളും ഒറ്റ രാത്രികൊണ്ട് കുടഞ്ഞെറിഞ്ഞ് പൗലോഫ്രയറിയന്‍ സംവാദാത്മക വിദ്യാഭ്യാസത്തിന്റെ ഭാഗ്യസീമകള്‍ അനുഗ്രഹിച്ചുവെന്ന് പ്രഖ്യാപനമുണ്ടായി. പഴയ വേരുകളെല്ലാം വാശിയോടെ പിഴുതെറിഞ്ഞ് നാം ഭൂതബാധകളെ ഒഴിപ്പിച്ചു. മുന്‍തലമുറകള്‍ ആര്‍ജ്ജിച്ചതും അഭ്യസിച്ചതും അശാസ്ത്രീയമായിരുന്നുവെന്ന് നാം നൂറ്റാണ്ടുകളെ തിരുത്തി. ആധുനികാനന്തരതയുടെ വിദ്യാഭ്യാസ വിപ്‌ളവത്തിന് തിരി തെളിച്ചു.

പ്രസിദ്ധമായ കേരള മാതൃക കണ്ട് അമ്പരന്ന രണ്ടുകൂട്ടരാണ് കേരളത്തിലേക്ക് എത്തിയത്. ഒന്നു കേരളത്തില്‍നിന്നു പഠിക്കാനുണ്ടെന്നു കരുതിയവര്‍. രണ്ടാമത്തേത് കേരളത്തെ പഠിപ്പിച്ചേ തീരൂ എന്നുറച്ചവര്‍. പഠിക്കാനെത്തിയവര്‍ പൊതു വിദ്യാലയങ്ങള്‍ സമൂഹത്തെ എങ്ങനെ വിപ്ലവകരമാക്കിയെന്നു നോക്കിക്കണ്ടു. പഠിപ്പിക്കാനെത്തിയവരാകട്ടെ, നമ്മുടെ വിദ്യാഭ്യാസമൊക്കെ കൊള്ളാം, പക്ഷെ അതിന് പുതിയ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പ്രാപ്തിയുണ്ടോ എന്നു സൗമ്യമായി ചോദിച്ചുകൊണ്ടിരുന്നു. വാല്‍മീകിയുടെ പൂര്‍വ്വാശ്രമത്തിലേക്ക് സപ്തര്‍ഷികളെറിഞ്ഞ ചോദ്യങ്ങള്‍പോലെ ആത്മനിന്ദ വിതയ്ക്കുന്ന കൂരമ്പുകളായിരുന്നു അവ.

ഡി പി ഇ പി മുതല്‍ സ്വയം ഭരണ കോളേജുകള്‍വരെ നമുക്കുവേണ്ടി പുറത്തെവിടെയോ തയ്യാറാക്കപ്പെട്ട പദ്ധതികളാണ്. പുറത്തെവിടെയോ അല്ല, ലോകബാങ്കിന്റെ സ്ഥാപനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട സാമ്പത്തികാധിനിവേശ താല്‍പ്പര്യങ്ങളുടെ സൃഷ്ടിയാണത്. സോഷ്യലിസ്റ്റ് മാതൃകകള്‍ ശക്തിപ്പെട്ടു തുടങ്ങിയ കാലത്താണ് സ്വകാര്യ മൂലധന താല്‍പ്പര്യങ്ങളുടെ അന്വേഷണശാലകള്‍ രൂപപ്പെട്ടത്. അവയുടെ വായ്പാ വാഗ്ദാനവും കോളനി വത്ക്കരണ മോഹങ്ങളും ഇഴചേര്‍ന്നു കിടക്കുന്നു. സാമ്പത്തികാധിനിവേശത്തിനും അതിനനുസരിച്ചുള്ള ലോകരാജ്യങ്ങളുടെ സാമ്പത്തിക പുനസംഘാടനത്തിനും ഉദ്ദേശിച്ചുള്ള വായ്പകളേ ലോകബാങ്കിനും അതിന്റെ ഉപസ്ഥാപനങ്ങള്‍ക്കും വശമുള്ളൂ. പോയ പതിറ്റാണ്ടുകളിലോരോന്നിലും അവരിറക്കിയ പോളിസി പേപ്പറുകളിലൂടെ കടന്നുപോയാല്‍മതി നമ്മുടെ വികസനത്തിന്റെ ആസൂത്രകരാരെന്നും ആര്‍ക്കു ഗുണം ചെയ്യാനാണിതെന്നും വ്യക്തമാകും.
നമ്മുടെ മണ്ണും നമ്മുടെ അറിവും നൂറ്റാണ്ടുകളുടെ വഴക്കങ്ങളെ വിട്ട് പുതിയ കോളനിവത്ക്കരണത്തിന് വിട്ടുകൊടുക്കുന്നത് ആരൊക്കെയാണ്? ഒറ്റുകാര്‍ക്ക് വെള്ളിക്കാശുകള്‍ മതിയാവും. ഇരകള്‍ക്കു പക്ഷേ, ജീവിക്കാന്‍ പൊരുതിയല്ലേ പറ്റൂ. മഹാരാജാസ് കോളേജില്‍ സ്വയംഭരണമെന്നപേരിലുള്ള ധനാധിനിവേശത്തിനെതിരെ ചെറുത്തു നില്‍ക്കുന്ന ഇതേ നാളുകളില്‍ മൂലമ്പള്ളിയിലും സമരം തുടരുകയാണ്. സമരസഖാക്കളേ, നിങ്ങള്‍ക്കന്യോന്യം തിരിച്ചറിയാനാവുന്നുണ്ടോ?

രാജ്യത്തെങ്ങും വളര്‍ന്നു പടരുന്ന സമരങ്ങള്‍ക്കെല്ലാം മുകള്‍ത്തട്ടില്‍ ഭിന്ന മുഖങ്ങളാണെങ്കിലും സൂക്ഷ്മ വിശകലനത്തില്‍ അവ പുതിയ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുകളാണെന്നു കാണാം. അത്തരമൊരു സമരഭൂപടത്തില്‍ മഹാരാജാസ് കോളേജിലെ സമരവും അടയാളപ്പെടുന്നുണ്ട്. അതാരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും കോര്‍പറേറ്റ് വികസനത്തിന്റെ പക്ഷക്കാരായിരിക്കണം. വലിയ സ്ഥാപനങ്ങളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു കോര്‍പറേറ്റ് ചാര്‍ച്ച അഭിമാനകരമായിരിക്കുന്നു. അവരെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ നിരാശപ്പെട്ടു മരിക്കുകയേയുള്ളൂ.

ഡി പി ഇ പിയുടെ ജനവിരുദ്ധതക്കെതിരെ സമരാഹ്വാനം നടത്തിയവര്‍തന്നെയാണ് ചുവപ്പു പരവതാനി വിരിച്ചു ഡി പി ഇ പിയെ എതിരേറ്റതും. പങ്കാളിത്ത ജനാധിപത്യത്തെ തള്ളിക്കളഞ്ഞവര്‍തന്നെയാണ് ലേബല്‍ മാറ്റി അതിനെ നമ്മുടെ നാട്ടിലേക്ക് ഒളിച്ചുകടത്തിയതും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2004ല്‍ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷന്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷന്‍ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി കാന്തി ബിശ്വാസ് ആയിരുന്നു എന്നത് മറന്നുകൂടാ. 2005 ജൂണില്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള നിയമ നിര്‍മാണമാണ് കേരളത്തിലും നടന്നിട്ടുള്ളത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലോ മുന്നണികള്‍ തമ്മിലോ ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുവെന്നു കരുതാന്‍ തെളിവുകളൊന്നുമില്ല.

എണ്‍പതുകളോടെ ജ്ഞാന സമ്പദ്ഘടനയിലേക്കുള്ള വഴി തുറക്കപ്പെട്ടു. ഏറ്റവും വലിയ ധന നിക്ഷേപത്തിന്റെയും ലാഭക്കൊയ്ത്തിന്റെയും മേഖലയായി ജ്ഞാനോത്പ്പാദന മേഖല മാറി. ജ്ഞാന വ്യവസായത്തിനുതകുംവിധം മണ്ണൊരുക്കുന്ന പദ്ധതിയായി വിദ്യാഭ്യാസം അട്ടിമറിക്കേണ്ടതുണ്ടായിരുന്നു സാമ്രാജ്യത്വത്തിന്. വ്യവസായവും വികസനവുമാണ് നമ്മുടെ കാലത്തെ പ്രധാന ഭരണച്ചുമതലകളെന്നു കരുതുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അത് രൂപപ്പെടുത്തിയെടുത്തു. ഒരു തരത്തിലുള്ള മൂല്യബോധവും വഴിതടയാത്തവിധം അപമാനവീകരിക്കപ്പെട്ട സ്ഥാപനങ്ങളായാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറിയത്. വ്യവസായമെന്നത് ജ്ഞാന വ്യവസായം മാത്രമാണെന്നു വന്നു. സംസ്ഥാനത്തെ വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തുനോക്കൂ. ഐ.ടി സംരംഭങ്ങളല്ലാതെ എന്തു വ്യവസായമാണ് അവിടെ നടക്കുന്നത്? അനുബന്ധ വ്യവസായ വകുപ്പായി വിദ്യാഭ്യാസ വകുപ്പ് മത്സരിക്കുകയാണ്.

ബദലുകളൊന്നും മുന്നോട്ടു വെക്കുന്നില്ല പ്രതിപക്ഷം. ഒരേ പദ്ധതികള്‍ നടത്തുന്ന ഭിന്ന മുന്നണികളേയുള്ളു. ഞങ്ങള്‍ നടപ്പാക്കുമ്പോള്‍ ആനുകൂല്യം ഞങ്ങള്‍ക്ക്. പദവികള്‍ ഞങ്ങളുടെ പക്ഷക്കാര്‍ക്ക്. അത്രയേ വേണ്ടൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉപസംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്കും പലപ്പോഴും ആ പരിമിതിയുണ്ട്. ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുമതി നടപ്പാക്കുക. അപ്പോഴുള്ള പദവികളും സാധ്യതകളും ഞങ്ങള്‍ക്കുവേണം എന്ന സങ്കുചിതത്വമാണത്. സ്വയംഭരണ കോളേജുകള്‍ക്കെതിരായ സമരമാണോ അതോ നടപ്പാക്കേണ്ടത് ആര് എന്ന സമരമാണോ എന്ന് സമരക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.

ഒരു കാര്യം തീര്‍ച്ചയാണ്. മൂലധന താല്‍പ്പര്യങ്ങളുടെ ഗൂഢലീലകളില്‍ അഭിരമിക്കുന്നവര്‍ക്ക് ജനേച്ഛയ്ക്ക് ഒപ്പം നില്‍ക്കാനാവില്ല. അവര്‍ക്ക് തിരുത്താനാവുന്നില്ലെങ്കില്‍ എല്ലാം നേരിടുന്ന ജനതയ്ക്ക് മുന്‍ഗണനകളിലും ആഭിമുഖ്യങ്ങളിലും മാറ്റം വരുത്തേണ്ടി വരും. അനുഭവങ്ങള്‍ അതിനവരെ പ്രാപ്തരാക്കും.

25 ജൂണ്‍ 2015

2 അഭിപ്രായങ്ങള്‍

  1. മൂലമ്പള്ളിയിൽ മനുഷ്യർ തെരുവിലേക്കു വലിച്ചെറി യപെട്ടപ്പോൾ മഹാരാജാസിലെ പ്രൊഫെസ്സെർമാ ർ ഉത്തരാ ധുനികതയെക്കുറി ച്ചു ചർച്ചകൾ നടത്തുകയായിരിക്കും .ഇനിയെങ്കിലും തെരുവിലാ ക്കപ്പെടുന്നവരും”സുരക്ഷി തരും” പരസ്പരം ഹസ്തദാനം ചെയ്യുമോ ?

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )