Article POLITICS

മഹാരാജാസ് കോളേജിനെ കൊല്ലരുതേ

 

images[1]

അതിക്രമിച്ചു വരുന്ന രാജാവേ, ഈ തപോവനത്തെ കൊല്ലരുതേ എന്ന് പ്രൊഫസര്‍ എം.കെ സാനു അപേക്ഷിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അക്കാദമിക സമൂഹം നടത്തിവരുന്ന പ്രക്ഷോഭം നാല്‍പ്പതു നാള്‍ പിന്നിടുന്ന സന്ദര്‍ഭത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കു ചേരുകയായിരുന്നു അദ്ദേഹം. കേരളീയ പൊതു വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും അഭിമാനകരമായ പാരമ്പര്യമാണ് മഹാരാജാസ് കോളേജ് എന്ന സ്ഥാപനമായി നിവര്‍ന്നു നില്‍ക്കുന്നത്. സമുദായങ്ങളും മൂലധനശക്തികളും പങ്കുവെച്ചനുഭവിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അപൂര്‍വ്വം ആശ്രയങ്ങളില്‍ ഒന്നുമാണ് ഈ കലാലയം.

ഒരു ചെറു സര്‍വ്വകലാശാലയാവാനുള്ള ശേഷിയും തലയെടുപ്പും ഈ കോളേജിനുണ്ട്. ഒരു സ്വയംഭരണ സ്ഥാപനമാകുന്നത് വലിയ വിപത്താണെന്ന് പ്രക്ഷോഭരംഗത്തുള്ളവരും അഭിപ്രായപ്പെടുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഏതുമാതിരി സ്വയംഭരണമാണ് വിഭാവനം ചെയ്യുന്നത് എന്നതു പ്രധാനമാണ്. വിദ്യാഭ്യാസ രംഗത്തുണ്ടായ മറ്റേതു സമീപകാല പരിഷ്‌ക്കാരവുംപോലെ ഗവണ്‍മെന്റിന് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറി കേവല സഹായിയോ സാക്ഷിയോ മാത്രമാവാനും മൂലധനശക്തികള്‍ക്ക് മറ്റേതു വ്യവസായവുംപോലെ ലാഭേച്ഛയോടെ പ്രവര്‍ത്തിപ്പിക്കുന്നതിന് സാഹചര്യമൊരുക്കാനുമാണ് ശ്രമമെങ്കില്‍ അതിനെ ചെറുക്കാതെവയ്യ. സ്വകാര്യമൂലധന ശക്തികള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുതകുന്ന വ്യവസ്ഥകളുള്ള ബില്ലാണ് കേരള നിയമസഭ അംഗീകരിച്ചിട്ടുള്ളത്. ഗവണ്‍മെന്റ് കോളേജിലും നോമിനേറ്റഡ് ഗവേണിംഗ് ബോഡിയിലൂടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് നുഴഞ്ഞു കയറാനുള്ള സുരക്ഷിത വഴികള്‍ തുറന്നുവെച്ചിരിക്കുന്നു. ഇത് സാധാരണക്കാരുടെ സ്ഥാപനത്തെ അവരില്‍നിന്നും അകറ്റാനുള്ള നിയമ നിര്‍മാണമായിത്തീരുന്നു.

ഗവണ്‍മെന്റ് മോഡേണൈസിംഗ് പദ്ധതികളുടെ ഭാഗമായ ഘടനാപരമായ അഴിച്ചു പണിയലുകള്‍ ഏറെ ബാധിച്ചിട്ടുള്ളത് വിദ്യാഭ്യാസരംഗത്തെയാണ്. സാമ്പത്തികരംഗത്ത് പുതിയ അച്ചടക്കം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ ഏറെ പരിക്കുകളേറ്റതും വിദ്യാഭ്യാസത്തിനാണ്. പൊതു വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമായ രീതിയിലുള്ള ധന നിക്ഷേപം വെട്ടിക്കുറച്ചു. ലാഭകരം/ലാഭകരമല്ലാത്തത് എന്നിങ്ങനെ അറിവിന്റെ മേഖല വിഭജിതമായി. വിദ്യാധനത്തെക്കാള്‍ ധനവിദ്യയാണ് പ്രധാനമെന്നു വന്നു. ലാഭകരമല്ലാത്തത് ലാഭകരമാക്കാന്‍ സ്വകാര്യ ലോബികളെയും അവയുടെ വാണിജ്യ കൗശലങ്ങളെയും സ്വീകരിക്കാനാരംഭിച്ചു. തുടര്‍ന്ന് മറ്റ് ഉത്പാദന മേഖലകളെക്കാള്‍ വ്യവസായ മൂലധനം നിക്ഷേപിക്കപ്പെട്ടത് ജ്ഞാന സമ്പദ്ഘടനയുടെ ഭാഗമായ സംരംഭങ്ങളിലാണ്. ഇതാകട്ടെ വിപണിയുടെ ചാഞ്ചല്യങ്ങളോട് മത്സരിച്ചു നില്‍ക്കാവുന്ന രീതിയിലാണ് താനും. മൂല്യാധിഷ്ഠിതമോ തദ്ദേശീയമോ ആയ പൊതു വിദ്യാഭ്യാസ പദ്ധതികള്‍ അട്ടിമറിച്ചുകൊണ്ട് താല്‍ക്കാലികവും വിപണിയധിഷ്ഠിതവുമായ അറിവുഭരണികളെയും പ്രയോഗ യന്ത്രങ്ങളെയും സൃഷ്ടിക്കാന്‍ രാജ്യത്തെ ധൈഷണികതയുടെ ഊര്‍ജ്ജ സ്രോതസ്സുകളെയാണ് നാം ബലി കഴിച്ചത്.

അറിവു തൊഴിലാളികളെന്നും അറിവു സാങ്കേതികജ്ഞരെന്നും ഔപചാരിക ബുദ്ധജീവി വിഭാഗം രണ്ടു ധാരയായി. അദ്ധ്യാപകരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പത്രപ്രവര്‍ത്തകരുമെല്ലാം ആദ്യ വിഭാഗത്തിലും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഇതര ജ്ഞാന സാങ്കേതിക പ്രവര്‍ത്തകരും രണ്ടാമത്തെ ധാരയിലും ഉള്‍പ്പെടുന്നു. നിത്യനിദാനത്തിനുള്ള പ്രവൃത്തി മുതല്‍ ലാഭകരമായ വന്‍ വ്യവസായംവരെ ജ്ഞാന സമ്പദ്ഘടനയുടെ പുതു നിയമങ്ങള്‍ക്കു കീഴിലായി. അതെങ്ങനെയായിരിക്കണമെന്നത് നിശ്ചയിക്കുന്നതും വ്യവസായികളോ കോര്‍പറേറ്റുകളോ ആയിത്തീര്‍ന്നു. വിദ്യാഭ്യാസ വിചക്ഷണന്മാര്‍ എന്നൊരു വിഭാഗം വംശനാശം വന്ന് അപ്രത്യക്ഷമായി.

നമ്മുടെ സംസ്ഥാനത്തിന് പത്തോ ഇരുപതോ വര്‍ഷത്തേക്ക് എത്ര ഡോക്ടര്‍മാര്‍ വേണം? എത്ര എഞ്ചിനീയര്‍മാര്‍, എത്ര അദ്ധ്യാപകര്‍, എത്ര നഴ്‌സുമാര്‍, എത്ര കൃഷി ശാസ്ത്രജ്ഞര്‍ വേണം എന്നതിന് ഒരു കണക്കും ഗവണ്‍മെന്റിനില്ല. ഉണ്ടെങ്കില്‍, അല്ലെങ്കില്‍ കണ്ടെത്തിയാല്‍തന്നെ അതു കൊണ്ടെന്തു പ്രയോജനം? അതിനാനുപാതികമായി അത്തരം കോഴ്‌സുകള്‍ പരിമിതപ്പെടുത്താമെന്നും രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ച് കറച്ചുകൂടി ഫീസു ചുമത്താവുന്ന പാഠശാലകളുണ്ടാക്കാമെന്നും വെച്ചുകൂടേ? പക്ഷെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനാധിപത്യ ഭരണകൂടമല്ലല്ലോ. കോര്‍പറേറ്റുകളും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ചേര്‍ന്ന കൂട്ടുസംഘമല്ലേ?. പഠിക്കാന്‍ മോഹമുള്ളവര്‍ക്കൊക്കെ പഠിക്കാന്‍ അവസരം തരാം എന്നാണ് മൂലധനനിക്ഷേപകര്‍ പറയുന്നത്. മോഹത്തിന്റെ വില അവര്‍ നിശ്ചയിക്കുമെന്നു മാത്രം. ഉന്നത വിദ്യാഭ്യാസം മോഹത്തിന്റെ മാത്രം പ്രശ്‌നമാണോ? അതിനുള്ള യോഗ്യത സ്വപ്നം കാണാനുള്ള കഴിവും കോഴ നല്‍കാനുള്ള പണവുമാണോ? ഒരു രാഷ്ട്രം സ്വന്തം ചെലവിലാണ് രാജ്യത്തിനുവേണ്ട ധിഷണാശാലികളെയും വിദഗ്ദ്ധരെയും വാര്‍ത്തെടുക്കേണ്ടത്. അത് കോര്‍പറേറ്റുകള്‍ക്കു വിട്ടുകൊടുത്താല്‍ കോര്‍പറേറ്റു വത്ക്കരണത്തിന്റെ ഏജന്റുമാരെയും ദല്ലാളരെയും സൃഷ്ടിക്കുകയായിരിക്കും ഫലം.

പുതിയ കോഴ്‌സ് തുടങ്ങാന്‍ പണം തരില്ല. അതു നിങ്ങള്‍തന്നെ കണ്ടെത്തണമെന്ന് കോളേജുകളോട് പറയുകയാണ് ഗവണ്‍മെന്റ്. എവിടെനിന്ന് കണ്ടെത്തണം? കുട്ടികളില്‍നിന്ന് അമിതഫീസ് പിരിക്കണം. അതിന് കഴിവുള്ളവരെ മാത്രം ചേര്‍ക്കണം. അദ്ധ്യാപകര്‍ക്ക് ഏറ്റവും കുറഞ്ഞ കൂലിയേ കൊടുക്കാവൂ. അതിന് വരുന്നവരേ വേണ്ടൂ. ഭൗതിക സാഹചര്യവും അത്ര പ്രധാനമല്ല. ഇത് സ്വാശ്രയ കോളേജുകളുടെ സ്ഥിതിയല്ല. സംസ്ഥാനത്തെ എയിഡഡ് കോളേജുകളിലും രണ്ടുതരക്കാര്‍ നിറഞ്ഞിരിക്കുന്നു. രണ്ടുതരം വിദ്യാര്‍ത്ഥികള്‍, രണ്ടു തരം അദ്ധ്യാപകര്‍. ഏറ്റവും പണനിക്ഷേപമുള്ള ലാഭകരമായ വ്യവസായമായി ജ്ഞാനോത്പാദന മേഖല മാറിയ കാലത്താണിത് എന്നോര്‍ക്കണം. കുറഞ്ഞ സൗകര്യമുള്ള വിദ്യാര്‍ത്ഥി കൂടുതല്‍ സൗകര്യമുള്ളവരോടും കുറഞ്ഞ വേതനവും തൊഴിലില്‍ അരക്ഷിതത്വവുമുള്ള അദ്ധ്യാപകന്‍ കൂടുതല്‍ വരുമാനവും തൊഴില്‍ സ്ഥിരതയുമുള്ള അദ്ധ്യാപകരോടും സ്പര്‍ദ്ധയുള്ളവരാകുന്ന ഒരക്കാദമികാന്തരീക്ഷമാണ് വളര്‍ന്നുവരുന്നത്. അകത്ത് ഇത്തരം വൈരുദ്ധ്യങ്ങള്‍ വളര്‍ത്തിയെടുത്താണ് മൂലധനത്തിന്റെ ലാഭേച്ഛാ നിയമങ്ങള്‍ എക്കാലത്തും പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്.

സ്വകാര്യ മാനേജുമെന്റുകള്‍ സേവനത്തിന് പേരുകേട്ടവരാണ്. അദ്ധ്യാപക നിയമനത്തിന് മുപ്പതോ നാല്‍പ്പതോ ലക്ഷം രൂപ വാങ്ങാന്‍ ഒരു കൈവിറയും അനുഭവിക്കുവന്നില്ല. ശംബളം പൊതു ഖജനാവില്‍നിന്നാണ്. പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന്. നിയമിക്കുന്നവരല്ല ശംബളം കൊടുക്കുന്നത്. എന്നാല്‍ മുണ്ടശ്ശേരി 1958ല്‍ നിര്‍ദ്ദേശിച്ചതുപോലെ ശംബളം കൊടുക്കുന്നവര്‍ നിയമനവും നടത്തട്ടെ എന്നു തീരുമാനിക്കാന്‍ നമുക്കെന്നാണ് ത്രാണിയുണ്ടാവുക? പല സ്വകാര്യ മാനേജ്‌മെന്റുകളെയും വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥലമോ ഗ്രാന്റോ നല്‍കി ഗവണ്‍മെന്റുകള്‍ സഹായിച്ചുപോന്നിട്ടുണ്ട്. ഇന്നിപ്പോള്‍ അതെല്ലാം വലിയ കൊള്ള ലാഭമുണ്ടാക്കുന്നതിന് നിക്ഷേപമാക്കാനുള്ള സാമര്‍ത്ഥ്യം അക്കൂട്ടര്‍ കാണിക്കുന്നു.

സ്വാശ്രയ കോളേജുകളില്‍ മാനേജരാണ് അദ്ധ്യാപകരെ നിയമിക്കുന്നതും ശംബളം നല്‍കുന്നതും. ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവുമുള്ള പ്രതിഭകള്‍ക്ക് അവിടെ ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. പതിനായിരം രൂപയുടെ തൊട്ടു മുകളിലോ താഴെയോ ആണത്. ഏറ്റവും ലാഭകരമായ വ്യവസായം അതില്‍ അദ്ധ്വാനിക്കുന്നവരെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല. അദ്ധ്യാപകരെയും ജീവനക്കാരെയും രക്ഷിതാക്കളെയും പിഴിഞ്ഞെടുത്ത് അവര്‍ നടത്തുന്ന മഹത്തായ സേവനമാണ് ഗവണ്‍മെന്റുകള്‍ കൊട്ടിഘോഷിക്കുന്നത്.

ദയാരഹിതമായ ഈ വിപണി മത്സരങ്ങളിലേക്ക് മഹത്തായ കോളേജുകളെയും ഇറക്കി നിര്‍ത്താനിടയാക്കുന്ന സ്വയംഭരണ കാഴ്ച്ചപ്പാടുകള്‍ അംഗീകരിച്ചുകൂടാ. സ്വതന്ത്രവും വികേന്ദ്രീകൃതവുമായ അക്കാദമിക സ്വയംഭരണം എന്നും നമ്മുടെ സ്വപ്നമായിരുന്നു. അതുപക്ഷെ, പലവിധ താല്‍പ്പര്യങ്ങളാല്‍ കൂടുതല്‍ കൂടുതല്‍ ബന്ധിതമാവുകയാണ്. സമുദായ താല്‍പ്പര്യങ്ങള്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ എന്നിങ്ങനെ സങ്കുചിതത്വങ്ങളുടെ തടവുകള്‍ പെരുകുന്നു. അതിനകത്തു നിന്നാലേ ഞങ്ങള്‍ക്കു തൃപ്തിയുള്ളു എന്നു വാശി പിടിക്കുന്നവരാണ് ഭരിക്കുന്നത്. ഈ പരിമിത വൃത്തത്തില്‍നിന്നു ലോകത്തെ കാണുന്ന അധോമുഖ വാമനര്‍ക്ക് ധൈഷണിക സ്വാതന്ത്ര്യമെന്നോ അക്കാദമിക സ്വാതന്ത്ര്യമെന്നോ പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല.

പതിമൂന്നാം നിയമസഭയില്‍ 292 ാം നംബര്‍ ബില്ലായി അവതരിപ്പിച്ച ദി യൂനിവേഴ്‌സിറ്റി ലോസ് (തേര്‍ഡ് അമെന്റ്‌മെന്റ്) ബില്‍ 2014 യഥാര്‍ത്ഥത്തില്‍ അക്കാദമിക സമൂഹം ഗൗരവപൂര്‍വ്വം ചര്‍ച്ചയ്‌ക്കെടുക്കണമായിരുന്നു. ഏറെ ഭേദഗതികള്‍ നിര്‌ദേശിക്കപ്പെട്ടുവെങ്കിലും നിയമസഭയില്‍ കാര്യമായ ചര്‍ച്ചയൊന്നുമില്ലാതെ നിയമമായി. മാധ്യങ്ങളൊന്നും ഈ വിഷയം അര്‍ഹിക്കുന്നവിധം പരിഗണിച്ചില്ല. മഹാരാജാസ് കോളേജിലെ സമരം എറണാകുളം ജില്ലക്കു പുറത്ത് വാര്‍ത്തയാകുന്നില്ല. അവനവന് പൊള്ളുമ്പോള്‍ മാത്രം തിരിച്ചറിയാന്‍ ശേഷിയുള്ള ജനതയായി നാം മാറിയിട്ടുമുണ്ട്. നമ്മുടെ കണ്ണും കാതും എവിടെയും എത്തുന്നില്ല. അതിനാല്‍ ഈ സമരത്തിന്റെ ഭാവിയും പ്രവചിക്കാനാവില്ല. വീഴുന്നവര്‍ക്കും പൊരുതുന്നവര്‍ക്കുമൊപ്പം അവരുടെ നിലവിളികള്‍ക്കൊപ്പം നിന്നു ശീലിച്ചവര്‍ക്ക് പക്ഷെ മറ്റൊരു വഴിയുമില്ല. പൊരുതിക്കൊണ്ടേയിരിക്കുക.

രക്ഷകരാരെങ്കിലും വരുമോ എന്നുമറിയില്ല. ഡി.പി.ഇ.പിക്കതിരെ നിന്ന് ജനവിധി നേടി ഡി.പി.ഇ.പി നടപ്പാക്കിയ, പ്രീഡിഗ്രി ബോര്‍ഡിനെതിരെയും സ്വാശ്രയ കോളേജിനെതിരെയും ചോര ചിന്തി അതു തന്നെ നടപ്പാക്കിയ താല്‍ക്കാലിക ക്ഷോഭവും അജണ്ടയുമുള്ളവര്‍ക്ക് സ്വയംഭരണ കോളേജുകളും നടപ്പാക്കേണ്ടി വരും. വലതു കോര്‍പറേറ്റുകള്‍ വേണോ ഇടതു കോര്‍പറേറ്റുകള്‍ വേണോ എന്നു ചോദിക്കാന്‍ കോര്‍പറേറ്റുകള്‍ക്കെവിടെയാണ് ഇടതും വലതും? വലിയ സമരങ്ങള്‍ വലിയ നിരാശയിലേക്കല്ല, കൂടുതല്‍ ധീരമായ സമരങ്ങളിലേക്കാണ് നമ്മെ നയിക്കേണ്ടത്.

22 ജൂണ്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )