പീഡാനുഭവങ്ങള്‍ പെരുകുന്ന ദുരിതകാലത്ത് സഹനസൗമ്യതയില് ഉരുള്പൊട്ടലുകളുണ്ടാവും. ഭദ്രമെന്നു കരുതിയതെല്ലാം തകര്‍ന്നു വീഴാം. സഹനത്തിന്റെയും ചൂഷണത്തിന്റെയും കൊടുംപാതകങ്ങളുടെയും കലാപങ്ങളുടെയും ചെറുത്തു നില്‍പ്പുകളുടെയും വ്യവഹാരപഥങ്ങളില് ക്രിസ്തുവും മാര്‍ക്സും നിരന്തരം ഉയിര്ത്തെണീറ്റുകൊണ്ടിരിക്കും. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കവും അതു ശരിവെക്കുന്നു.
സഹനങ്ങളുടെ കാലം കഴിഞ്ഞു; ഇനിയില്ല ക്രിസ്തുവെന്നു കലഹിച്ചവരുണ്ട്. ആ തീര്‍പ്പില്‍ മൂലധന ലീലകളിലേക്കും വിലപേശലുകളിലേക്കും തിരിഞ്ഞ സഭകളും പൗരോഹിത്യങ്ങളുമുണ്ട്. വര്‍ഗ രാഷ്ട്രീയത്തിന്റെ ചരിത്രം അവസാനിച്ചതിനാല്‍ മാര്‍ക്സ് മരിച്ചുവെന്നും പ്രചരിപ്പിക്കപ്പെട്ടു. മാര്‍ക്സ് തിരികെയില്ലെന്ന ഉറപ്പില്‍ ആ പേരില്‍ അതിജീവിക്കുന്നവരും പുതിയ പണക്കോയ്മാ വിനോദങ്ങളിലേക്കു പ്രവേശിക്കുകയുണ്ടായി.
അപ്പോഴും പീഡിത വിഭാഗങ്ങള്‍ പീഡിതരായിത്തന്നെ നിലകൊണ്ടതിനാല്‍ അവര്‍ക്കിടയില്‍ മരണമില്ലാതെ മാര്‍ക്സും ക്രിസ്തുവുമൊക്കെ ഇടഞ്ഞും പിടഞ്ഞുമുണരുന്നു. അതു പകര്‍ത്തുന്ന രചനകള്‍ ലോകസാഹിത്യത്തില്‍ ശിരസ്സുയര്‍ത്തുന്നു. പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം അത്തരം അന്വേഷണങ്ങളുടേയും ആവിഷ്ക്കാരങ്ങളുടേയുമായി. മാര്‍ക്സിനെയും മൂലധനത്തെയും മുന്‍ നിര്‍ത്തിയുള്ള എണ്ണമറ്റ പുസ്തകങ്ങള്‍ക്കൊപ്പം ക്രിസ്തുവിനെക്കുറിച്ചുള്ള വേറിട്ട വിശകലനങ്ങളും വന്നു തുടങ്ങിയിരിക്കുന്നു. 2003ല്‍ പുറത്തിറങ്ങിയ ഡാന്‍ ബ്രൗണിന്റെ ദി ഡാവിഞ്ചി കോഡ് മുതല്‍ ഈയിടെ പ്രസിദ്ധീകരിച്ച രതീദേവിയുടെ മഗ്ദലീനയുടെ (എന്റെയും) പെണ് സുവിശേഷം വരെയുള്ള നോവലുകളും അതിലുള്‍പ്പെടുന്നു.
മഗ്ദലനയുടെ സുവിശേഷം തമസ്കരണത്തിന്റെയും കണ്ടെത്തലിന്റെയും യത്നങ്ങളിലൂടെയാണ് കടന്നുപോന്നത്. സുവിശേഷം എഴുതിയത് അമ്മയായ മേരിയല്ലെന്നും ഭാര്യ മേരി മഗ്ദലനയാണെന്നും കണ്ടെത്തുമ്പോള്‍ സഭയുടെ സ്ത്രീ നിലപാടുകളുടെ അടിത്തറയിലാണ് വിള്ളലുകള്‍ വീണത്. ക്രൂശിച്ചവരുടെ ആഭരണമാകരുത് ക്രൂശിതരുടെ രക്തം പുരണ്ട കുരിശെന്ന് ദാരിദ്ര്യംകൊണ്ട് പാപികളാക്കപ്പെട്ടവര് വിളിച്ചുപറഞ്ഞു. കുരിശു ചുമന്നു മലകയറുമ്പോഴും ഒപ്പം നടന്ന് ധൈര്യം പകര്‍ന്ന മഗ്ദലനക്ക് പറയാനുണ്ടായിരുന്നത് അഥവാ അവര്‍ പറഞ്ഞുവെച്ചത് പൗരോഹിത്യത്തിന്റെ പട്ടകള് ഭേദിച്ചു പുറത്തു വന്നിരിക്കുന്നു.
പ്രാചീന ഈജിപ്തിലെ ലിഖിതങ്ങളില്നിന്ന്രണ്ടു വര്‍ഷം മുമ്പ് കണ്ടെടുത്തതും നേരത്തേ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്ന് കണ്ടെടുത്തതുമായ മഗ്ദലീനയുടെ സുവിശേഷ രേഖകള്‍ പുതിയ സ്ത്രീപക്ഷ ഉണര്‍വ്വുകളുടെയും തീവ്രമായ അധീശത്വ കോയ്മാ മത്സരങ്ങളുടെയും കാലത്ത് ചര്ച്ചാവിധേയമാവുക സ്വാഭാവികമാണല്ലോ. വ്യത്യസ്തവും പ്രാന്തീയവുമായ ആലോചനകളെ അതിളക്കിവിട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നഷ്ടപ്പെട്ട സുവിശേഷം എന്ന കൃതി. യേശു വിവാഹിതനായിരുന്നുവെന്നും രണ്ടു മക്കളുണ്ടായിരുന്നുവെന്നും ഉപദര്‍ശിക്കുന്ന രചനയാണിത്. ഇതിനു മുമ്പ് പുറത്തുവന്ന മറ്റൊരു നോവലും ശ്രദ്ധിക്കേണ്ടതുണ്ട്. മഗ്ദലന മറിയവുമായുള്ള ബന്ധം സൂക്ഷ്മമായി നിരീക്ഷിക്കുന്നതോടൊപ്പം ദൈവവും ചെകുത്താനുമായുള്ള സന്ദേഹിയായ മനുഷ്യന്റെ തീരാസംവാദം സമര്‍ത്ഥമായി ആവിഷ്ക്കരിക്കുകയും ചെയ്യുന്ന നോവലാണ് ഷൂസെ സരമാഗോവിന്റെ യേശുക്രിസ്തുവിന്റെ സുവിശേഷങ്ങള്‍. കസാന്ദ് സാക്കിസ് ദിശതിരിച്ച സ്വാതന്ത്ര്യാന്വേഷണത്തിന്റെ സമരപ്രലോഭനങ്ങള് സാഹിത്യത്തില്‍ പലമട്ടുണര്ന്നു വീശിത്തുടങ്ങുന്നത് നാമറിയുന്നു. രാഷ്ട്രീയ വിമോചന സമരങ്ങളുടെ ലോകത്ത് മാര്‍ക്സും ക്രിസ്തുവും പോരാളികളുടെ ഐക്കണുകളായത് എണ്‍പതുകളോടെയാണ്. ഇപ്പോഴത് സൂക്ഷ്മ സാമൂഹിക സമരങ്ങളുടെയാകെ വഴി നിര്‍ണയിക്കാനുള്ള വെളിച്ചമാവുകയാണ്. ഈ പശ്ചാത്തലത്തിലായിരിക്കും മലയാളിയായ രതീദേവിയുടെ മഗ്ദലീനയുടെ പെണ് സുവിശേഷവും ലോകമെങ്ങും ചര്‍ച്ച ചെയ്യുക.
ദേശങ്ങളിലേക്കും കാലങ്ങളിലേക്കും കടന്നുചെന്ന് ഭിന്നാനുഭവങ്ങളെ സ്വന്തം ജീവിതത്തില്‍ തുന്നിച്ചേര്‍ക്കാന്‍ ഏതൊരെഴുത്തുകാരനുമുണ്ടാകും കൗതുകം. കഥകള്‍ക്ക് ജീവിതത്തെ വിട്ടുകൊടുക്കുന്ന ഒരു സമര്പ്പണമുണ്ടതില്. കഥകളെ ജീവിതമാക്കുന്ന സാഹസികതയുമുണ്ട്. അറ്റുപോയ വേരുകള്‍ തേടുന്നതുപോലെ, പിണഞ്ഞുപോയ ഞരമ്പുകളഴിക്കുന്നതുപോലെ വിട്ടുപോയ വാക്കുകള്‍ വീണ്ടെടുക്കുംപോലെ ഒരനിവാര്യത എഴുത്തുകാരനെ/ എഴുത്തുകാരിയെ നയിക്കുന്നുണ്ടാവണം. കേരളത്തില്‍ ജനിച്ച് ബാല്യകൗമാരങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന രതീദേവി യെരുശലേമിലേക്കും യോര്ദ്ദാന് നദിക്കരയിലേക്കും ഗലീലിയിലേക്കും യാത്രപോയത് അങ്ങനെയൊരു നിര്‍ബന്ധത്തിനു വഴങ്ങിയാവാനേ തരമുള്ളു. തന്നിലുണ്ട് മഗ്ദലനയെന്ന വേദനാകരവും ആഹ്ലാദപൂര്ണവുമായ തിരിച്ചറിവ് മഗ്ദലയിലെ തന്നെത്തേടിയുള്ള അലച്ചിലാവുക സ്വാഭാവികമാണ്. ഒടുവില്‍, മഗ്ദലയിലും നസ്രേത്തിലുമായി അത്ര അകലത്തിലല്ലാതെ അകന്നു കഴിഞ്ഞ രണ്ടു ഏകാകികളെ കാലങ്ങള്‍ക്കും ദേശങ്ങള്ക്കുമിപ്പുറത്ത് കണ്ണിചേര്‍ത്ത് ഇതാണ് ഞാനെന്നു തീര്‍പ്പു പറയുമ്പോള്‍ സ്വന്തം അലച്ചിലുകളെയും അശാന്തികളെയും ചരിത്രത്തിന്റെ ഉഴുതുമറിക്കലാക്കി മാറ്റാന്‍ തീര്‍ച്ചയായും രതിക്കു കഴിയുന്നുണ്ട്.
യേശു എപ്പോഴും ഇവിടെയുണ്ടായിരുന്നു. വിപ്ലവത്തിന്റെ ഐക്കണുകളില്‍ ആ ക്രൂശിത മുഖമുഖം തെളിഞ്ഞു നിന്നു. നൂറ്റാണ്ടുകളുടെ മതാത്മകവും ദൈവശാസ്ത്രപരവുമായ വ്യവഹാരങ്ങള്‍കൊണ്ട് കഴുകിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചോരയിറ്റുന്ന ഒരനുഭവസത്യം, അതു തറച്ചു നിര്‍ത്തപ്പെട്ട ഭൂതകാലത്തിന്റെ അടരുകളെ നിരന്തരം വിചാരണ ചെയ്തുപോന്നിരിക്കണം. അധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും സകല കൗശലങ്ങളെയും നിഷ്പ്രഭമാക്കി തെളിയുന്ന മാനവികതയുടെ രൂപകം, സമരോത്സുകമായ ഒരാത്മീയതയായി കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും മീതെ ശിരസ്സുയര്‍ത്തുകയായിരുന്നു. പക്ഷെ അവസാനത്തെ അത്താഴചിത്രത്തില്‍ തെളിഞ്ഞു കാണുന്നതുപോലെ ഒരഭാവം എല്ലായ്പ്പോഴും യേശുവിലുണ്ടെന്ന്, അത് എപ്പോഴും മറച്ചുവെക്കപ്പെടുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്ത പെണ്‍മാനമാണെന്ന് രതീദേവി കണ്ടെത്തുന്നു.
പിശാചിനും ദൈവത്തിനുമിടയില്‍ അവ ഏതേതെന്നു തിരിച്ചറിയാനാവാത്ത സങ്കടസന്ധികളിലൂം രണ്ടിനോടും നിരന്തരം നടത്തിയ സംവാദങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ സഹനവും അതിജീവനവും അടയാളപ്പെടുത്തുകയായിരുന്നു
യേശുവെന്ന് സരമാഗു വിശദീകരിക്കുന്നു. രതീദേവിയാകട്ടെ, തന്റെ ആഴങ്ങളില്‍നിന്ന് മഗ്ദലനയെ തിരിച്ചുപിടിക്കുകയും കാലങ്ങള്‍ക്കിപ്പുറം അവസാനമില്ലാത്ത അലച്ചിലിന്റെ പ്രേരണകളെ ഒരു സമരചൈതന്യത്തോടു ചേര്‍ത്തു വായിക്കുകയും ചെയ്യുന്നു. ബുദ്ധനിലേക്കും മഗ്ദലീനയിലേക്കുമുള്ള രണ്ടാഭിമുഖ്യങ്ങളിലൂടെ മാത്രം പൂര്ണമാകുന്നതും പിശാചിനും ദൈവത്തിനും പൂര്ത്തീകരിക്കാനാവാത്തതുമായ മനുഷ്യാവസ്ഥയുടെ വേറിട്ട ഒരു മുഖം തെളിഞ്ഞു വരുന്നു. യേശുവിനെ പൊതിഞ്ഞുനിന്ന പ്രകാശ വലയത്തിനകത്ത് മിന്നി നില്ക്കുന്ന ഇതര ഛായകളുണ്ടെന്ന് രതീദേവി നമ്മുടെ കാഴ്ച്ചയെ തിരുത്തുകയാണ്.
നൂറുകണക്കിനു പുസ്തകങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് നോവലിസ്റ്റ്. ഒരു ഗിരിപ്രഭാഷണത്തിലും വെളിപ്പെട്ടിട്ടില്ലാത്ത നിസ്സാരനും ഭീരുവും ഒളിച്ചോടുന്നവനുമായ മനുഷ്യയേശുവിനെ വേണമായിരുന്നു രതിക്ക്. അതു മഗ്ദലനയുടെകൂടി മോഹമായിരിക്കണം. അലഞ്ഞെത്തിയവന്റെ കാലിലെ മുറിവുണക്കുമ്പോള്‍, മനസ്സിലെ വിഹ്വല വിചാരങ്ങള്‍ക്ക് മറുയുക്തികള്‍ തേടുമ്പോള്‍, സാധാരണമല്ലാത്ത ഒരലിവില്‍ അന്യോന്യം നിറയുമ്പോള്‍ വെറും മനുഷ്യരാവണമായിരുന്നു. റോമാസാമ്രാജ്യത്തിനെതിരെ വിമോചനപ്പോരാട്ടം നയിക്കുന്ന വിപ്ലവ സംഘങ്ങളിലും ഹിമാലയത്തിലെ ബുദ്ധമഠങ്ങളിലും ഒരേ മട്ടു തേടിയത് പീഡനങ്ങള്‍ക്ക് എങ്ങനെയാണ് അറുതിയുണ്ടാവുക എന്നല്ലേ? ദൈവത്തോടും ചെകുത്താനോടും കലഹിച്ചത് മറ്റെന്തിനാണ്? കുരിശു പണിതതും കുരിശേറിയതും എന്തിനാണ്? ഈ അന്വേഷണത്തില്‍ മനുഷ്യന്റെ വിമോചനം മാത്രമാണ് മഗ്ദലീനയെ മോഹിപ്പിച്ചത്. ബത്ലഹേം മുതല്‍ കാശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഒരന്വേഷണത്തിന്റെയും അടയാളപ്പെടലിന്റെയും ഇതിഹാസമാണ് രതീദേവി വരച്ചിട്ടുള്ളത്.
മനുഷ്യന്റേതായ മതമാണ് രതിയുടെ ലക്ഷ്യം. അതിനാണവര്‍ എഴുതുന്നത്. ജീസസാണ് ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന തന്റെ പിതാവിന്റെ വാക്കുകള്‍ അവരെ മുന്നോട്ടു നയിക്കുന്നു. മാര്‍ക്സും ജീസസുമില്ലാതെ മോചനരപ്പോരാട്ടമില്ല. രണ്ടുപേരും അഥവാ രണ്ടു ഐക്കണുകളും നീതിക്കുവേണ്ടി നിലവിളിക്കുന്നവരുടെ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് ഉറപ്പു വരുത്താന്‍ കൂടിയാണ് ശ്രമം. ആ വിളിച്ചുപറയലില്‍ താന്‍ ഒറ്റയ്ക്കായി പോകുന്നുണ്ടോ എന്ന് ഒരു വേവലാതിയുള്ളതുപോലെ തോന്നുന്നു. അല്ലെങ്കില്‍ താന്‍ ജീവിക്കുന്നത് ഒരു തുരുത്തിലാണെന്ന് തോന്നേണ്ടതില്ല. ഭ്രാന്തന് പൂവുകള്‍ വിടരുന്നത് കുറ്റവുമല്ല. ഉന്മാദിനിപ്പെണ്‍മരമേ, അലയുന്നവര്‍ക്ക് ചായാന്‍ ഇത്തിരിത്തണലും ചൂടാന്‍ വലിയ ഭ്രാന്തന് പൂക്കളും ഇനിയും കാത്തുവെക്കണമേ.
13 ജൂണ്‍ 2015