Article POLITICS

പേരാമ്പ്രയില്‍ ജനാധിപത്യവാദികളുണ്ടോ?

 

perambra[1]


കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളില്‍ ചിലത് വലിയ നടുക്കമുണ്ടാക്കുന്നു. അധസ്ഥിത വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്ന അയിത്താചരണം ഇപ്പോഴും തുടരുന്നുവെന്നതാണ് അതില്‍ പ്രധാനം. ഗവണ്‍മെന്റ് വെല്‍ഫയര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കാനെത്തുന്നത് സമീപ പ്രദേശത്തെ സാംബവ(പറയ) കോളനിയിലെ കുട്ടികള്‍ മാത്രം. നാലു ക്ലാസുകളിലായി പന്ത്രണ്ട് കുട്ടികള്‍ മാത്രമാണ് ഇപ്പോഴവിടെ പഠിക്കുന്നത്. മികച്ച സൗകര്യങ്ങളുള്ള ഗവണ്‍മെന്റ് സ്‌കൂളാണ് പൊതു സമൂഹത്തിന്റെ സഹകരണമില്ലാതെ പ്രാന്തവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.

അമ്പതു മീറ്റര്‍ മാത്രം അകലെയുള്ള എയിഡഡ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്കാണ് ഇതര സമുദായങ്ങളിലെ കുട്ടികള്‍ പഠിക്കാന്‍ പോകുന്നത്. പറയക്കുട്ടികളുമായി ഇടപഴകാതിരിക്കാനുള്ള ശ്രദ്ധയാണതിനു പിറകിലെന്ന ആരോപണം ആദ്യം അവിശ്വസനീയമായി തോന്നി. സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മിക്കവാറും ഉയര്‍ന്നു കേട്ട സവര്‍ണപരാതി പറയക്കുട്ടികളുടെ അശുദ്ധിയെക്കുറിച്ചുള്ളതായിരുന്നു. കുളിക്കില്ല, വൃത്തിയില്ല, ആരോഗ്യമില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ നിരത്തിയാണ് അകല്‍ച്ചക്കു ന്യായീകരണങ്ങളുണ്ടാക്കുന്നത്. എന്നാല്‍ സ്‌കൂളിലെ കുട്ടികളെ കണ്ടപ്പോഴോ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചപ്പോഴോ ഞങ്ങള്‍ക്ക് അങ്ങനെ തോന്നിയില്ല.

പേരാമ്പ്രയിലെ ഏറ്റവും ഉയര്‍ന്ന മല കയറിയാണ് ഞങ്ങള്‍ കോളനിയിലെത്തിയത്. 1957ലെ ഇ എം എസ് സര്‍ക്കാറിന്റെ കാലത്ത് അധിവസിപ്പിക്കപ്പെട്ട പത്തോളം കുടുംബങ്ങളാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. അവരുടെ കുടുംബങ്ങള്‍ വളര്‍ന്നു ഇപ്പോള്‍ മുപ്പതിലേറെ വീടുകളായിട്ടുണ്ട്. തുടക്കത്തില്‍ ലഭിച്ച ഉറപ്പും താല്‍ക്കാലിക പട്ടയവുമല്ലാതെ സ്ഥിരം പട്ടയം ഇപ്പോഴും അവര്‍ക്കു ലഭ്യമായിട്ടില്ല. പട്ടയമില്ലാത്തതിനാല്‍ ഗവണ്‍മെന്റിന്റെ പല സഹായ പദ്ധതികളും അവര്‍ക്കു കിട്ടുന്നില്ല. പല വീട്ടുകാര്‍ക്കും റേഷന്‍ കാര്‍ഡുകളില്ല. വീടു നിര്‍മ്മിക്കാന്‍ ഇ എം എസ് ഭവനപദ്ധതിയും അവര്‍ക്കുതകുന്നില്ല. അവരില്‍ പലരും ദാരിദ്ര്യരേഖക്കു മുകളിലാണെന്നാണ് ഗവണ്‍മെന്റ് രേഖകള്‍ പറയുന്നത്. ചോര്‍ന്നൊലിക്കുന്ന, പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ മേല്‍ക്കൂരക്കു കീഴില്‍ എ പി എല്‍ പട്ടം പുതച്ചാണ് അവരുറങ്ങുന്നത്.

എണ്‍പത്തിയഞ്ചു കഴിഞ്ഞ ശങ്കരേട്ടന്‍ വെല്‍ഫെയര്‍ സ്‌കൂളിന്റെ ആരംഭം ഓര്‍ക്കുന്നുണ്ട്. ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കാലത്ത് പാക്കനാര്‍ വിദ്യാ മന്ദിരം എന്നു വിളിപ്പേരുള്ള ഏകാധ്യാപക വിദ്യാലയമായാണ് പേരാമ്പ്രയിലെ ഇപ്പോഴത്തെ ബസ്സ്റ്റാന്റിനു സമീപം സ്‌കൂള്‍ ആരംഭിച്ചത്. തുടക്കത്തില്‍ നൂറ്റിയഞ്ച് കുട്ടികളുണ്ടായിരുന്നു. സംസ്ഥാനത്തെ ആദ്യ സര്‍ക്കാറാണ് സ്‌കൂളിനെയും അനുഗ്രഹിച്ചത്. പക്ഷെ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ജീവിത സാഹചര്യത്തില്‍ മുന്നേറ്റമൊന്നുമുണ്ടായില്ല. പത്താം ക്ലാസിനു മുമ്പ് പഠനം ഉപേക്ഷിക്കുന്ന പതിവ് കുറെപേരെങ്കിലും തിരുത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്ററിയിലും കോളേജിലും പഠിക്കുന്ന പുതുതലമുറ ഉണര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

കോളനിയിലുള്ളവര്‍ മുന്നോട്ടു പോകുമ്പോള്‍ ഇവിടെ പൊതു സമൂഹം വളരെ പിറകോട്ടു വീഴുകയാണ്. അയിത്തോച്ഛാടനത്തിനും സാമൂഹിക പരിഷ്‌ക്കരണത്തിനും രാഷ്ട്രീയ ജാഗരണത്തിനും ദേശീയ സ്വാതന്ത്ര്യത്തിനും സമത്വ സൂഹ നിര്‍മിതിക്കും മുന്നില്‍നിന്നു പ്രവര്‍ത്തിച്ച അസംഖ്യം മഹാന്മാരുടെ നാടാണത്. പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും വലിയ സ്വാധീനമുള്ള മണ്ണ്. കോളനിക്കാരെ മനുഷ്യരായിക്കാണാന്‍, അവരുടെ ജീവിതത്തിന് തുണയാകാന്‍ പുതിയ ജനാധിപത്യ സമൂഹത്തിന് കഴിയുന്നില്ലെങ്കില്‍ നാം നമ്മുടെ പ്രവൃത്തികളെയും വിശ്വാസങ്ങളെയും വീണ്ടു വിചാരത്തിന് വിധേയമാക്കേണ്ടി വരും. ജനാധിപത്യമെന്നു നാം വിളിക്കുന്നത് സവര്‍ണോചിത ജനാധിപത്യമേ ആവുന്നുള്ളു എന്നു വരുമോ?

പുറത്തു ലെനിനായി പൊരുതുമ്പോള്‍ അകത്ത് പൂന്താനമായിരിക്കുക എന്ന വൈരുദ്ധ്യത്തെപ്പറ്റി കെ ജി ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. ജനാധിപത്യമെന്നത് ഒരു രാഷ്ട്രീയാധികാര ക്രമമായേ പലരും സങ്കല്‍പ്പിക്കുന്നുള്ളു. അതിലടങ്ങിയ സാമൂഹിക നീതിയുടെ ഉത്തരവാദിത്തം നാം വിട്ടുകളയുകയാണ്. ഇത് നമ്മുടെ വിപ്ലവകാരികളുടെ സമീപനത്തെ എപ്പോഴും ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്. കാറല്‍ മാര്‍ക്‌സിനെ മലയാളിക്കു പരിചയപ്പെടുത്തിയത് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയാണ്. ദിവാന്‍ ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ പൊതു സമൂഹത്തെ ഉണര്‍ത്തിയെടുക്കാന്‍ നിര്‍ഭയനായി പൊരുതിയ രാജ്യസ്‌നേഹി. പക്ഷെ സാമൂഹിക നീതിയുടെ പ്രശ്‌നം വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം നമ്മെ ഞെട്ടിക്കുന്നതായി . തിരുവിതാംകൂറില്‍ അയിത്ത വിഭാഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനം അനുവദിച്ചപ്പോള്‍ സ്വദേശാഭിമാനിയില്‍ അദ്ദേഹമെഴുതിയ മുഖപ്രസംഗം (1910 മാര്‍ച്ച് 2) അതിനെ നിശിതമായി എതിര്‍ക്കുന്നതായിരുന്നു.

ആചാരാദി കാര്യങ്ങളില്‍ സാര്‍വ്വജനീനമായ സമത്വം അനുഭവപ്പെടണമെന്നു വാദിക്കുന്നവര്‍ ആ ഒരു സംഗതിയെ ആധാരമാക്കിക്കൊണ്ട് പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗീയ യോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്നു ശഠിക്കുന്നതിനെ അനുകൂലിക്കുവാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരെയും അതിനെക്കാള്‍ എത്രയോ ഏറെ തലമുറകളായി നിലംകൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു. (ടി എച്ച് പി ചെന്താരശ്ശേരിയുടെ അയ്യങ്കാളി എന്ന പുസ്തകം. പുറം 46).

നൂറ്റാണ്ടുകളായി ഏറ്റ മര്‍ദ്ദനത്തിന്റെ പാടുകളാണ് അധസ്ഥിതന്റെ അകത്തും പുറത്തുമുള്ളത്. നിവര്‍ന്നു നിന്ന് അടിമപ്പാടുകളെ അവന്‍ നിഷ്പ്രഭമാക്കാന്‍ യത്‌നിക്കുകയാണ്. മര്‍ദ്ദിച്ചുകൊണ്ടേയിരിക്കുക എന്ന അശ്ലീല വൃത്തിയുടെ അടയാളങ്ങളാണ് തങ്ങള്‍ പിറകില്‍ പേറുന്ന ജാതിവാല്‍ എന്നുപോലും തിരിച്ചറിയാന്‍ ശേഷിയറ്റവരായി സവര്‍ണജീവിതം മാറിയിരിക്കുന്നു. ആ ജീര്‍ണവാല്‍ പേറിയുള്ള കെട്ടുകാഴ്ച്ച ആരിലും ചിരിയുണര്‍ത്തേണ്ടതാണ്. പക്ഷെ അവരിടപെടുന്നത് ജനാധിപത്യാധികാര ക്രമത്തിലാണെന്നത് അവര്‍ക്ക് ആ പഴയ സവര്‍ണാധികാരകാലം തിരിച്ചു നല്‍കുന്നുണ്ട്. അകത്തു പൂണൂല്‍തിളക്കവും പുറത്തു വിപ്ലവ മാനിഫെസ്റ്റോ വചനവും എന്നത് അംഗീകൃത ജീവിതരീതിയാവുകയാണ്.

പൊതു ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്കൊന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അതിനിനി വേറെ വഴി തേടണമെന്നും കീഴാളര്‍ കരുതിയാല്‍ അവരെ കുറ്റം പറയുന്നതെങ്ങനെ? മര്‍ദ്ദനവും അവഗണനയും ജാതിയുടെ പേരിലാവുമ്പോള്‍ ഐക്യവും ചെറുത്തുനില്‍പ്പും മറ്റെന്തിന്റെ പേരിലാവണം? വര്‍ഗങ്ങളില്ലാത്ത ഒരു ലോകത്തിനുവേണ്ടി തൊഴിലാളി വര്‍ഗത്തിനു സംഘടിക്കുകയും സമരം ചെയ്യുകയും വേണ്ടിവരുന്നതുപോലെ ജാതികളില്ലാത്ത ലോകത്തിനു വേണ്ടി കീഴാള ജാതികള്‍ക്കു സംഘടിക്കുകയും സമരം ചെയ്യുകയും വേണ്ടി വരികയാണ്. അതിനവര്‍ നിര്‍ബന്ധിതരാവുകയാണ്.

സോഷ്യലിസ്റ്റ് ബദലിനു പൊരുതുന്നവരും വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരും സമത്വവും ജനാധിപത്യവും സുസ്ഥാപിതമാകാനുള്ള വഴികളെപ്പറ്റി, അതിനനുഭവിക്കേണ്ട ത്യാഗത്തെയും വേദനയെയും പറ്റി ആലോചിച്ചേ മതിയാകൂ. തന്നില്‍നിന്നു പറിച്ചെറിയാനുള്ള കളങ്കങ്ങളെ മുഴുവന്‍ ധീരമായി ഉപേക്ഷിക്കണം. അതല്ലെങ്കില്‍ അതു നിര്‍മിക്കുകയും അണിയിക്കുകയും ചെയ്യുന്ന ചട്ടങ്ങള്‍ വരാനിരിക്കുന്ന ഭീതിദമായ ഫാസിസത്തിന്റെ വഴിയൊരുക്കലാവും. പുതിയ കാലത്തെ ജീവിതം പുതിയ രാഷ്ട്രീയ ധീരത ആവശ്യപ്പെടുന്നുണ്ട്. സമത്വ സമൂഹ നിര്‍മിതിക്കുള്ള പടയാളികളെ കടന്നുപോയ ജാഥയില്‍നിന്നല്ല, വരാനിരിക്കുന്ന തലമുറയില്‍നിന്നാണ് പ്രതീക്ഷിക്കേണ്ടത്. പുതിയ പൂണൂലുകള്‍ പൊട്ടിച്ചും കറുത്ത ടാല്‍ക്കം പൗഡറുകള്‍ വിപണിയിലെത്തിച്ചും അവര്‍ വന്നുതുടങ്ങുന്നുണ്ട്.

11 ജൂണ്‍ 2015

2 അഭിപ്രായങ്ങള്‍

  1. Dear aazad, who is the so called savarna who is isolating parayas? Are they namboodiries? Or nairs? If they are ezhavar/ thiyyas ,u cant complain..they are also ” back ward ” caste…so no chance. But u have not mentioned anything about the muslims in that school. How do they treat this kids..like their brethrens? Even pulayar treat them shabbily..a pulayan will look a parayan down upon….i know it personally..u know something ;discrimination based on even a flimpsy reason is a basic instinct of human society..ultimately that is way to reduce competetion..it is there in all over the world.. if u happen to come to another district people will start discriminting u as ” varuthan”…so please spare the term savarna and avarna..poor namboodiris are critically endangered species who will extinct in another 50 years..so as the timid nairs..i was wondering what people like u will do after 50 years when u want to write such stories..because there wont be anybody called savarna..even then such discriminations will go on..this is not to say that it should go on…all i wanted to tell u is that please avoid such cliched terms like savarnan and avarnan…because if u objectively analyze , it is the so called OBCs who are at helm of caste discrimination…classical example is thevars in T.Nadu

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )