ജനാധിപത്യത്തിന്റെ നാലാം സ്തംഭം വാര്‍ത്താമാധ്യമങ്ങളാണ് എന്നാണ് നാം കരുതിപ്പോരുന്നത്. ഫോര്‍ത്ത് എസ്റ്റേറ്റ് പല അധികാരങ്ങളും അവകാശങ്ങളുമുള്ള സൗവര്‍ണ പ്രതിപക്ഷമായി വിരാജിച്ചു പോന്നിട്ടുമുണ്ട്. ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് വഴുതിയ ഭരണകൂടത്തെ വാക്കുകൊണ്ടും മൗനംകൊണ്ടും ഗൂഢഭാഷകൊണ്ടും ചെറുത്ത പാരമ്പര്യവുമുണ്ട്.
ഒരു നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂര്‍ രാജാവിനെ കാലം മാറുന്നു എന്നോര്‍മ്മിപ്പിക്കാന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ധൈര്യമുണ്ടായി. രാജാവ് ഈശ്വരാംശമാണെന്നും രാജാവു പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ ഏതു സംഗതികളും അവ ജനങ്ങള്‍ക്ക് എത്രതന്നെ ദോഷകാരണങ്ങളും നാടിന് എത്രതന്നെ നാശകാരണങ്ങളും ആയിരുന്നാലും ജനങ്ങള്‍ അവശ്യം അനുസരിക്കേണ്ടതുമാണെന്നും ഉള്ള വിചാരങ്ങളുടെ കാലം എത്രയോ മുമ്പു കഴിഞ്ഞുപോയി എന്നാണ് അദ്ദേഹം സ്വദേശാഭിമാനിയില്‍ എഴുതിയത്. പത്രത്തിന്റെ മുഖപ്രസംഗം മിക്കവാറും ജനവിരുദ്ധ നിലപാടുകള്‍ക്കും നടപടികള്‍ക്കും എതിരായ ശക്തമായ കടന്നാക്രമണങ്ങളായി. കൈക്കൂലിക്കാരും കൊള്ളക്കാരുമായ ഉദ്യോഗസ്ഥന്മാര്ക്കും തഹസില്‍ദാര്‍, പേഷ്ക്കാര്‍, മജിസ്ത്രേട്ട്, ജഡ്ജി തുടങ്ങിയ തസ്തികകളിലെല്ലാം നിയമനങ്ങള്‍ക്ക് വലിയ തോതില്‍ കോഴവാങ്ങുന്ന ഭരണത്തിനും എതിരെ കോഴനിരക്ക് പുറത്തു വിട്ടുകൊണ്ടാണ് രാമകൃഷ്ണപിള്ള രംഗത്തു വന്നത്. ആ പത്രപ്രവര്‍ത്തന പാരമ്പര്യമാണ് ഇന്നുള്ളവര്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരത്ത് സ്വദേശാഭിമാനിയുടെ സ്മരണയിരമ്പുന്ന മന്ദിരമുണ്ട് പത്രപ്രവര്‍ത്തകര്‍ക്ക്.
അതൊക്കെ ഓര്‍ക്കാനും ഓര്‍മിപ്പിക്കാനും നാം നിര്‍ബന്ധിതരാവുകയാണ്. ഇണ്ടു നാള് മുമ്പ് കേരളത്തിന്റെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കോടിക്കണക്കിന് രൂപയുടെ ഒരു അഴിമതിയെപ്പറ്റി പറഞ്ഞു. മഹത്തായ പാരമ്പര്യത്തിന്റെ പേരില്‍ മേനി നടിക്കുന്ന ഒരു മലയാള പത്രവും ആ വാര്‍ത്ത നല്‍കിയില്ല. ചാനലുകളും അതു തമസ്ക്കരിച്ചു. ജനാധിപത്യ സംവിധാനത്തിനകത്ത് ഏറ്റവും പ്രമുഖമായ പദവിയിലിരിക്കുന്ന ഒരാളുടെ വാക്കുകളാണ് പത്രങ്ങള്‍ മറച്ചത്. അവഹേളിക്കപ്പെട്ടത് നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യധാരകളാണ്. ചവിട്ടിയരക്കപ്പെട്ടത് മഹത്തായ ധാര്‍മിക കീഴ്വഴക്കങ്ങളാണ്.
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളും ബന്ധപ്പെട്ട പണമിടപാട് നിയമങ്ങളും അട്ടിമറിച്ച് ബോബി ചെമ്മണ്ണൂര്‍ രണ്ടായിരം കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന പരാതി ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അതില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്ന് പരാതിക്കാരെ ആഭ്യന്തര വകുപ്പ് രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാല്‍ സമീപകാലത്ത് വിവരാവകാശ നിയമപ്രകാരം അന്വേഷണ പുരോഗതി അറിയാന്‍ ശ്രമിച്ചവര്‍ക്കു കിട്ടിയ മറുപടി അങ്ങനെയൊരു അന്വേഷണമേ നടന്നിട്ടില്ല എന്നാണ്. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണേണ്ടപോലെ കണ്ടതുകൊണ്ടാവണം കേസ് മാഞ്ഞുപോയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് രണ്ട് ഘട്ടങ്ങളില്‍ നല്കിയ പരസ്പര വിരുദ്ധമായ മറുപടികള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കുകയും ചെയ്തു.
ഇതു പക്ഷെ ഒരു വാര്‍ത്തയായി നമ്മുടെ മാധ്യമലോകത്തിന് തോന്നിയതേയില്ല. ജനങ്ങള്‍ അറിയേണ്ട എന്തെങ്കിലും പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന് പത്രമുതലാളിമാര്‍ സമ്മതിക്കുന്നില്ല. കാര്യങ്ങള്‍ തീരുമാനിക്കുന്നത് പണമുതലാളിത്തമാണെന്നും അതിന്റെ തടവിലാണ് നമ്മുടെ മഹത്തായ ജനാധിപത്യത്തിന്റെ ഭരണസംവിധാനങ്ങളെന്നും ഇന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍, സ്വതന്ത്രമെന്ന് ലേബല്‍ ചാര്‍ത്തി ജനാധിപത്യത്തെ താങ്ങി ക്ലേശിക്കുന്ന മാധ്യമ മുതലാളിത്തം ഇത്ര ലജ്ജാകരമായി വിടുപണി ചെയ്തകാലം ചരിത്രത്തിലില്ല. മുമ്പ് ഇങ്ങനെയൊക്കെയുള്ള സന്ദര്‍ഭങ്ങളില്‍ നേരു പറയുന്ന ചില വിപ്ളവ പത്രങ്ങളൊക്കെ കാണാറുണ്ട്. ഇപ്പോള്‍ ഇക്കാര്യത്തില്‍ മാധ്യമ മുതലാളിത്തം ഇടതു വലതില്ലാതെ ഒന്നായിരിക്കുന്നു!
മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ മലബാര്‍ ഗോള്‍ഡിനെതിരെ ജനങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ട് അഞ്ചര മാസം പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയല്ല. ഓര്‍ത്ത കൊടുക്കുന്നവര്‍ മലബാര്‍ ഗോള്‍ഡ് എന്ന പേരു വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. അഥവാ വന്നാല്‍തന്നെ ആ പഞ്ചായത്തു ചുറ്റു വട്ടത്ത് ഒതുങ്ങണമെന്ന് നേരു പറയുന്ന പത്രത്തിനുപോലും നിര്‍ബന്ധമാണ്. സ്വര്‍ണ വ്യാപാരികള്‍ക്കും ഇതര പണമുതലാളിമാര്ക്കും കീഴ്പെട്ട് ജനങ്ങളെ അവര്ക്കിരകളാക്കുന്ന മഹത്തായ സേവനമായിട്ടുണ്ട് നമ്മുടെ മാധ്യമ പ്രവര്‍ത്തനം. മാധ്യമ മുതലാളിമാര്‍ക്കെതിരെ തലപൊക്കി സംസാരിക്കുന്നതുപോലും മര്യാദകേടാണത്രെ! അങ്ങനെയൊരു കുറ്റത്തിന് ഒരു ദേശീയപത്രം സീനിയറായ ഒരു പത്രപ്രവര്‍ത്തകനെ തൊഴിലില്‍നിന്നു പിരിച്ചുവിട്ട് മറ്റുള്ളവര്‍ക്കു മുന്നറിയിപ്പു നല്കിയിരിക്കുന്നു. മൂന്നിയൂര്‍ സ്കൂള്‍ മാനേജര്‍ ഇങ്ങനെയൊരു കള്ളക്കേസുണ്ടാക്കി ജോലിയില്‍നിന്ന് പുറത്താക്കിയതിന്റെ പേരിലാണ് അനീഷ് മാസ്റ്റര്‍ക്കു ജീവനൊടുക്കേണ്ടി വന്നത്. ഈ കേസില്‍ മാനേജരുമായി ഒത്തു കളിച്ചു കള്ളരേഖയുണ്ടാക്കിയ ഡോ.കോയ നിയമനടപടി നേരിടുകയാണ്. ഇവര്‍ക്കൊക്കെ വളം വെക്കുന്ന നേതാക്കളും മന്ത്രിമാരും ഒരിക്കലും പിടിക്കപ്പെടുന്നില്ല.
കമ്പനി നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍നിന്നു പുറത്താക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. പാര്‍ട്ടി പത്രത്തില്‍നിന്ന് അസോസിയേറ്റ് എഡിറ്ററെയോ പത്രാധിപ സമിതി അംഗങ്ങളെയോ പുറത്താക്കുമ്പോള്‍ എന്നപോലെ ദേശീയ പത്രത്തില്‍നിന്നു പുറത്താക്കുമ്പോഴും കാരണം ഒന്നേയുള്ളു. മാനേജ്മെന്റിന്റെ അപ്രിയം. നിയമം ഒരു കൂട്ടര്‍ക്കേ ബാധകമാവൂ എന്നില്ലല്ലോ. പാര്‍ട്ടി പത്രത്തില്‍നിന്നു പുറത്താക്കുമ്പോള്‍ വെളിപ്പെടാത്ത സമരാവേശം പത്രത്തൊഴിലാളികള്ക്ക് ഇപ്പോഴെങ്കിലും ഉണ്ടാകുന്നത് ആവേശകരം തന്നെ. മാതൃഭൂമിയില്‍ നാരായണനെ തിരിച്ചെത്തിക്കാന്‍ ജനാധിപത്യവാദികളുടെ മുഴുവന്‍ പിന്തുണയും ഉണ്ടാവണം.
പത്രമുതലാളിമാര്‍ തങ്ങള്‍ക്കുവേണ്ടി പ്രയത്നിക്കുന്ന തൊഴിലാളികള്‍ക്കും പത്രം വാങ്ങി വായിക്കുന്ന അഭ്യുദയ കാംഷികളായ ജനസമൂഹങ്ങള്‍ക്കും ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയ പത്രധര്‍മ്മ വിചാരങ്ങളൊന്നും ലാഭപ്പെരുക്ക മോഹങ്ങള്ക്കുമുന്നില് അവരുടെ വഴി തടയുന്നില്ല. തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ഇരകളാക്കപ്പെടുന്ന പീഡിത സമൂഹങ്ങള്ക്കാകെയും തുണയാവേണ്ട നാലാംതൂണിടം അവര്‍ എന്നേ കയ്യൊഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ ആഭ്യന്തര മത്സരങ്ങളില്‍ വീണു കിട്ടുന്ന ആനുകൂല്യങ്ങളോ വെളിച്ചങ്ങളോ ജനങ്ങളോടുള്ള ഉത്തരവാദിത്ത നിര്‍വ്വഹണമായി ആരും തെറ്റിദ്ധരിച്ചുകൂടാ. അടിസ്ഥാന പ്രശ്നങ്ങളോടും ജനകീയ സമരങ്ങളോടും അവര്‍ക്കുള്ള നിലപാടു നോക്കിയാല്‍മതി അവര്‍ ആരുടെ ദാസന്മാരാണെന്നു വെളിപ്പെടും.
ജനാധിപത്യ സംവിധാനത്തിനകത്തെ പദവികളെയും ഉത്തരവാദിത്തങ്ങളെയും അപമാനിക്കാനും അവഹേളിക്കാനും മുമ്പൊരിക്കലും മാധ്യമ മുതലാളിത്തം ഇത്രത്തോളം ധൈര്യം കാട്ടിയിട്ടില്ല. എന്തും ചെയ്യാമെന്ന അവസ്ഥയിലേക്കു നീങ്ങുന്ന ഒരു സര്‍ക്കാറിന്റെ പിന്തുണയാണ് ഈ അക്രമത്തിനു പ്രേരണയാവുന്നത്. സംസ്ഥാനത്തു പുറത്തു വരുന്ന വലിയ തട്ടിപ്പുകളിലെ മുഖ്യ പ്രതികളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരോ മന്ത്രിസഭയിലുള്ളവരോ അവരുമായി സഖ്യമുള്ളവരോ ആകുന്ന കാലത്ത് എല്ലാ കള്ളന്മാര്ക്കും ഉത്സവകാലമാകുന്നു. ജനശത്രുക്കളുടെ ഒത്തുചേരലുകളും ആഘോഷങ്ങളുമാണ് നടക്കുന്നത്. അതിനിടയില്‍ എന്തു ജനാധിപത്യം? എന്ത് ധാര്‍മികത?
6 ജൂണ്‍ 2015