Article POLITICS

അരുവിക്കരയില്‍ വേണ്ടത് വേട്ടക്കാരനെയല്ല

aqui

അരുവിക്കര തെരഞ്ഞെടുപ്പുത്സവത്തിന്റെ ബഹളങ്ങളിലേക്കു നീങ്ങുകയാണ് കേരളം. ജനവിരുദ്ധ വികസനം, അഴിമതി, പിടിച്ചുപറി, കയ്യേറ്റം, കൊലപാതകം എന്നിങ്ങനെയുള്ള ജീര്‍ണതകളില്‍ അഭിരമിക്കുന്ന പഴഞ്ചന്‍ രാഷ്ട്രീയ സ്ഥാപനങ്ങളുടെ അധികാര മത്സരം എന്നതില്‍ക്കവിഞ്ഞ് എന്താണവിടെ നടക്കുന്നത്? പുതിയതായി എന്തു പ്രതീക്ഷയാണ് അരുവിക്കര വെച്ചുനീട്ടുന്നത്?

തമ്മില്‍ ഭേദമേത് എന്ന തെരഞ്ഞെടുപ്പാണത്. എങ്ങനെ ഭരിക്കപ്പെടണം? കോര്‍പറേറ്റുകള്‍ക്ക് എങ്ങനെ കീഴ്‌പ്പെടണം? പ്രതിലോമ നയങ്ങളുടെയും ജനവിരുദ്ധ വികസനങ്ങളുടെയും ഇരകളായി തങ്ങളെത്തന്നെ പുറന്തള്ളാന്‍ ആര്‍ക്ക് അനുവാദം കൊടുക്കണം? അത്രത്തോളമേ തര്‍ക്കമുള്ളു. ബലിമൃഗത്തിന് അതിന്റെ വേട്ടക്കാരനെ തീരുമാനിക്കാം. ജനാധിപത്യം എത്ര ഉദാരമാണ്!

ഇങ്ങനെയൊരു കുറിപ്പാരംഭിക്കുമ്പോള്‍ ഉയരുന്ന പരിഭവം ഞാന്‍ കേള്‍ക്കുന്നുണ്ട്. എല്ലാം കണക്കെന്നു വരുത്തുകയല്ലേ? എല്ലാം ഒരുപോലെയാണോ? അഴുകി നാറിയ ഭരണ രാഷ്ട്രീയത്തെ രക്ഷപ്പടുത്താനല്ലേ ഈ വാദമുഖങ്ങള്‍ സഹായിക്കുക? മനുഷ്യജീവിതത്തിന് എത്രത്തോളം അഴുകാമോ അത്രത്തോളം അഴുകുകയും ആ ജീര്‍ണതയില്‍ മുങ്ങിത്തുടിച്ച് എല്ലാ മൂല്യങ്ങളെയും അതില്‍ മുക്കിത്താഴ്ത്തുകയും ചെയ്യുന്ന ചരിത്രത്തിലെ ഏറ്റവും അശ്ലീലമായ സര്‍ക്കാറും ഭരണ കക്ഷികളുമാണ് കേരളത്തിലുള്ളത്. അവര്‍ക്കു രക്ഷപ്പെടാന്‍ പഴുതുകളൊരുക്കാമോ?

ആശങ്ക തീര്‍ച്ചയായും ന്യായമാണ്. അവര്‍ രക്ഷപ്പെട്ടുകൂടാ. അതേ സമയം അവരെ ഈ ജീര്‍ണതയിലെത്തിച്ച പുതിയ മുതലാളിത്തത്തിന്റെ രാഷ്ട്രീയ ശീലങ്ങളും രക്ഷപ്പെടരുത്. അതു പിന്തുടരുന്നവരെല്ലാം അതേ അഴുക്കുചാലുകളിലൂടെയാണ് നീന്തുന്നത്. അധികാര വേദിയിലിരിക്കുന്നവരുടെ ചലനങ്ങള്‍ എല്ലാവരും പെട്ടെന്നു കാണുന്നു. മറ്റിടങ്ങളിലെല്ലാം ഇതിന്റെ ചെറുതും വലുതുമായ അനുഭവങ്ങളാണുള്ളത്. ഭരിക്കുന്നവരുടെ മേളങ്ങള്‍ക്കിടയില്‍ അതു മറഞ്ഞിരിക്കുകയാണ്. അതു തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇവര്‍ കൈക്കൊള്ളുന്ന സമീപനമെന്താണ്? കോര്‍പറേറ്റുകള്‍ വേണോ ജനങ്ങള്‍ വേണോ എന്ന സന്ദിഗ്ദ്ധ ഘട്ടത്തില്‍ ഇവര്‍ ആരെയാണ് സ്വീകരിക്കുക പതിവ്? സ്വന്തം പാര്‍ട്ടി കുറ്റാരോപിതമാകുമ്പോള്‍ ഇവര്‍ എടുത്തുപോരുന്ന നിലപാടെന്താണ്? രാജ്യത്തെ നിയമ വ്യവസ്ഥയോട് ഇവര്‍ക്കു ബഹുമാനമുണ്ടോ? അനീതിക്കിരയാകുന്ന ജനങ്ങളുടെ നിലവിളികള്‍ ഇവര്‍ കേള്‍ക്കാറുണ്ടോ? ജനങ്ങളുടെ അസ്വസ്ഥതകളിലും പ്രക്ഷോഭങ്ങളിലും ഇവര്‍ പങ്കാളികളാകാറുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഒന്നു ചോദിച്ചു നോക്കൂ.

ആഗോളവത്ക്കരണം എന്ന ഓമനപ്പേരില്‍ നാമനുഭവിച്ചത് പുതിയ കടന്നാക്രമണമായിരുന്നുവെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ക്ഷേമ പദ്ധതികളില്‍നിന്നകന്ന് പ്രത്യക്ഷ ചൂഷണത്തിന്റെ നടത്തിപ്പുകാരായി സര്‍ക്കാറുകള്‍ മാറുന്നത് നാം കണ്ടു. ജനജീവിതത്തിന്റെ സുരക്ഷയും ആരോഗ്യവുമാണ് ശരിയായ വികസനമെന്നത് സൗകര്യപൂര്‍വ്വം വിസ്മരിച്ചു. വികസിക്കേണ്ട ജനതയും വികസനത്തില്‍ ഇരകളായി കൊഴിഞ്ഞുപോകേണ്ട ജനതയും എന്ന് ദയാരഹിതമായി മനുഷ്യരെ വിഭജിച്ചു. ഭൂമിയില്‍നിന്നും തൊഴിലില്‍നിന്നും ജീവിതത്തില്‍നിന്നും കുടിയിറക്കപ്പെട്ടവരുണ്ടായി. കുടിവെള്ളവും ശുദ്ധവായുവും കച്ചവടക്കാര്‍ക്കു തീറെഴുതി. നീര്‍ത്തടങ്ങളെ കോര്‍പറേറ്റു കാടുകളാക്കി. കൊള്ളക്കാരുടെ കയ്യാളുകളായി സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും മാറി. മനുഷ്യജീവിതത്തിനു വേണ്ടപ്പെട്ടതെല്ലാം കോര്‍പറേറ്റുകള്‍ക്ക് സമര്‍പ്പിച്ചു.

ഇതെല്ലാം ആരുടെ കാര്‍മികത്വത്തിലായിരുന്നു? ഇതില്‍ പങ്കില്ലാത്ത രാഷ്ട്രീയ കക്ഷി ഏതുണ്ട്? വൈകിയെങ്കിലും ഇതു ബോധ്യപ്പെട്ട് ചെയ്തുപോയ തെറ്റ് തിരുത്താന്‍ ആരെങ്കിലും തയ്യാറായോ? തെക്കു വിഴിഞ്ഞവും വിളപ്പില്‍ശാലയും മുതല്‍ വടക്ക് എന്‍ഡോസള്‍ഫാന്‍ വരെയുള്ള ഇരകള്‍ക്കു നീതികിട്ടിയോ? ചെങ്ങറയിലും മൂലമ്പള്ളിയിലും പ്ലാച്ചിമടയിലും കാക്കഞ്ചേരിയിലും കിഴക്കന്‍ മലകളിലും തീരദേശത്തും ഇപ്പോഴും തുടരുന്ന സമരങ്ങള്‍ക്ക് പരിഹാരംകാണാന്‍ ഇവര്‍ക്കു സാധിച്ചുവോ? ദേശീയപാതകളുടെയും വാതക പൈപ്പ്‌ലൈനിന്റെയും കാര്യത്തില്‍ ജനപക്ഷത്തു നിന്നുള്ള പദ്ധതിയാലോചിക്കാനും ജനങ്ങളില്‍ പടരുന്ന അസ്വസ്ഥതക്കു വിരാമമിടാനും അവരുടെ ചെറുത്തുനില്‍പ്പുകള്‍ക്കു കരുത്തു പകരാനും ഇവര്‍ക്കു കഴിഞ്ഞുവോ? ഏതെങ്കിലും ഒരു മുന്നണി ഈ സമരങ്ങള്‍ ഏറ്റെടുത്തു നയിക്കാമെന്ന് തീരുമാനിക്കാത്തതെന്ത്? അതിനൊരര്‍ത്ഥമേയുള്ളു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കോര്‍പറേറ്റുകളുടെ ഉപസ്ഥാപനങ്ങള്‍ക്കാവില്ല. ജനങ്ങളുടെ വികസനമല്ല കോര്‍പറേറ്റുകളുടെ ലാഭപ്പെരുപ്പമാണ് ഇവരുടെയെല്ലാം ലക്ഷ്യം.

തങ്ങളുടെ മുതലാളിമാര്‍ക്ക് ലാഭം കൂട്ടാനുള്ള യത്‌നത്തില്‍ ജനങ്ങളെ പുറന്തള്ളല്‍ മത്സരം സംഘടിപ്പിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍. ആ കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുതലാളിത്ത ശീലങ്ങളും ജീര്‍ണതകളും ഉപേക്ഷിക്കാനാവില്ല. ജനജീവിതത്തിന്റെ സുരക്ഷ പണയം വെക്കാന്‍ ജനപ്രതിനിധിക്കു ധൈര്യമുണ്ടാകുന്നത് അങ്ങനെയാണ്? ആരുണ്ട് ചോദിക്കാന്‍? ചെറുതും വലുതുമായ അവസരങ്ങളില്‍ പാപംചെയ്യാത്തവരാരുണ്ട് എന്നാണ് അവരന്യോന്യം ചോദിക്കുന്നത്? ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ അതു ചോദിച്ചുകൊണ്ടിരിക്കട്ടെ. എന്നാല്‍, പാപികള്‍ അന്യോന്യം മത്സരിക്കുന്നിടത്ത് ജനങ്ങള്‍ക്കെന്തു കാര്യം എന്നൊരു ചോദ്യവുമുണ്ട്. അത് അരുവിക്കരയില്‍ എങ്ങനെ മുഴങ്ങാതിരിക്കും?

ജി.കാര്‍ത്തികേയന്റെ ഓര്‍മ്മകള്‍കൊണ്ട് യു ഡി എഫിന് അരുവിക്കരയില്‍ ഒരു നേട്ടവുമുണ്ടാകില്ല. വിശുദ്ധരുടെ രക്തംകൊണ്ട് കഴുകിക്കളയാവുന്ന പാപമല്ല അവര്‍ ചെയ്തുപോരുന്നത്. ജനങ്ങളെ പരിഹസിക്കുകയും ജനാധിപത്യത്തിന്റെ അര്‍ത്ഥം കൊള്ളയും ചൂഷണവും എന്നാക്കുകയും ചെയ്യുന്നവരോട് സത്യമറിയുന്ന ജനതക്ക് പൊരുത്തപ്പെടാനാവില്ല. പക്ഷെ ആരെ തുണയ്ക്കണം? ആരുണ്ട് പുതിയ ജനപക്ഷ രാഷ്ട്രീയത്തിന്റെ കൊടികളുയര്‍ത്തുന്നവര്‍ എന്ന ചോദ്യത്തിന് ഇപ്പോള്‍ അരുവിക്കരയില്‍ ഒരു ഉത്തരവും രൂപപ്പെട്ടിട്ടില്ല.

കോര്‍പറേറ്റു വികസനം തള്ളി ജനപക്ഷ വികസനത്തിന് കോര്‍പറേറ്റുകളെ കീഴ്‌പ്പെടുത്തുന്ന നയം അംഗീകരിക്കുക, ജീവര്‍ പ്രശ്‌നങ്ങളുമായി സംസ്ഥാനത്തെമ്പാടും സമരരംഗത്തുള്ള സാമൂഹിക ഇടതുപക്ഷ സമരങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, കോര്‍പറേറ്റു താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നടക്കുന്ന നിയമ ഭേദഗതികളെയും നിയമ നിര്‍മാണങ്ങളെയും എതിര്‍ക്കുക, കുടിയൊഴിപ്പിക്കല്‍ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നുവെങ്കില്‍ സംസ്ഥാനത്തെ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരങ്ങളില്‍ക്കൂടി പങ്കാളികളായി തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കുക, സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്നുവെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണ സംരംഭമായ ബി ഒ ടി ചുങ്കപ്പാതകളെ തള്ളിപ്പറയുക, സ്വന്തം പ്രസ്ഥാനങ്ങളില്‍ നേതൃതലങ്ങളില്‍ വിരാജിക്കുന്ന അഴിമതി വീരരെയും ഭൂമാഫിയാ ദല്ലാളന്മാരെയും പുറത്താക്കുക, സാമുദായിക വര്‍ഗീയ സങ്കുചിതത്വങ്ങളെ ഉപേക്ഷിക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ കൊള്ളക്കാരില്‍നിന്നു മോചിപ്പിക്കുക തുടങ്ങി ഒട്ടനവധി നിശ്ചയങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പമുണ്ട് എന്ന് ഉറപ്പു നല്‍കാതെ മറ്റവരെക്കാള്‍ ഞങ്ങള്‍ മികച്ചത് എന്ന അവകാശവാദംകൊണ്ട് ആരെങ്കിലും അരുവിക്കരയില്‍ വിജയിക്കേണ്ടതില്ല.

ജനങ്ങളാണ് നിശ്ചയിക്കേണ്ടത്. ജനങ്ങളുടെ പ്രതിനിധിയെയാണ് തെരഞ്ഞെടുക്കുന്നത്. തങ്ങളെ വേട്ടയാടാനുള്ള വേട്ടക്കാരനെയല്ല, തങ്ങള്‍ക്കൊപ്പം നില്‍ക്കുകയും തങ്ങളുടെ താല്‍പ്പര്യങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രതിനിധിയെയാണ് കണ്ടെത്തേണ്ടത്. മുതലാളിത്ത രാഷ്ട്രീയം ചവച്ചുതുപ്പുന്ന വാര്‍ത്തകളല്ല നമ്മുടെ വിഷയം. ജനങ്ങളുടെ ജീവിതമാണ്. അതിന് ഉത്തരം നല്‍കാനാവുമോ എന്നു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പറയട്ടെ. സ്ഥാനാര്‍ത്ഥികളുടെ മഹത്വം അവരുടെ വീരചരിതങ്ങളോ രൂപഭംഗിയോ അല്ല. അവരുടെ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചുപോരുന്ന നിലപാടുകളാണ്.

30 മെയ് 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )