Article POLITICS

ജനാധിപത്യം ജനശത്രുക്കളുടെയും ഉപകരണം

 

images[1]


നേരത്തേ നേതാക്കന്മാരെക്കുറിച്ച് എഴുതിത്തുടങ്ങി വഴി മാറുകയായിരുന്നു(നേതാക്കളെക്കുറിച്ച് ഒരു നേരമ്പോക്ക് എന്ന ബ്ലോഗ്‌ലേഖനം). അതു നേരമ്പോക്കും കളിയുമായി. ഇനി അങ്ങനെ വരരുത്. നമ്മുടെ നേതാക്കന്മാരെ നാമാണ് സൃഷ്ടിക്കുന്നത് എന്നതാണ് ജനാധിപത്യത്തിന്റെ മികവ്. നമുക്കു ചേര്‍ന്നവരും നമ്മെ നയിക്കേണ്ടവരുമാകും അവര്‍. നമ്മിലൊരാള്‍, വളരെ സാധാരണക്കാരനോ തൊഴിലാളിയോ പ്രാന്തവല്‍ക്കൃതനോ ആയ ഒരാള്‍ പൊതുരംഗത്തേക്കു കടന്നു വരുന്നു. നമ്മെ സഹായിക്കുന്നു. നമ്മുടെ സഹായിയും പ്രതിനിധിയുമായി നാം അയാളെ നിറഞ്ഞ മനസ്സോടെ തെരഞ്ഞെടുക്കുന്നു. കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥന്മാരെയും ഇല്ലം വിട്ടിറങ്ങിയ ശങ്കരന്മാരെയും ജനങ്ങളിലേക്കു വന്നല്ലോ എന്ന ഒറ്റ ന്യായംകൊണ്ടാണ് നാം അംഗീകരിച്ചു പോന്നത്. ജനാധിപത്യം പരിമിതമാണെങ്കിലും അതിന്റെ ശക്തിപഥം നമ്മെയാകെ കുലുക്കിയുണര്‍ത്തി.

ഇപ്പോഴിതാ ജനാധിപത്യത്തിന്റെ അധികാര കേന്ദ്രത്തിലേക്ക് കടന്നെത്തുന്നത് മിക്കവാറും കോടികളുടെ ആസ്തിയുള്ളവരായിരിക്കുന്നു. കോര്‍പറേറ്റുകളുടെ പ്രതിനിധികളായിരിക്കുന്നു. ജനങ്ങളില്‍നിന്നകലും തോറും ജനങ്ങള്‍ക്കു ബഹുമാനം കൂടുകയാണ്! ഒരു കോടിയിലേറെ രൂപയുടെ ആസ്തിയുള്ളവര്‍ 82 ശതമാനമാണ് ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍. 2004ല്‍ അതു മുപ്പതു ശതമാനവും 2009ല്‍ 58 ശതമാനവുമായിരുന്നു. ഗുണ്ടൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ജയദേവ ഗള്ളയുടെ ആസ്തി 683 കോടിയാണ്.

ഇല്ലായ്മയുടെ കാലത്തു ജനങ്ങള്‍ക്കൊപ്പം നിന്നു നേതാക്കളായവര്‍ വലിയ ബിസിനസ്സുകാരെക്കാള്‍ പണക്കാരായി മാറിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശക്തിയാണ് ഇല്ലായ്മയില്‍നിന്ന് മുഖ്യധാരയിലേക്കും അധികാരത്തിലേക്കും അവരെ എത്തിച്ചതെങ്കില്‍ അതേ ജനാധിപത്യത്തെ നിര്‍വ്വീര്യമാക്കി താല്‍ക്കാലിക നേട്ടങ്ങള്‍ കൈവരിക്കാനാവുമോ എന്നായിട്ടുണ്ട് അവരുടെ ശ്രദ്ധ. തയ്യല്‍ക്കാരനും ചായക്കടക്കാരനും ചെത്തുതൊഴിലാളിക്കും അദ്ധ്യാപകനും കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും ജനാധിപത്യത്തില്‍ ലഭിക്കുന്ന തുല്യപരിഗണന എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരുപോലെ നിലനില്‍ക്കുന്നില്ല. ഭൂസാമിമാര്‍ക്കും പണച്ചാക്കുകള്‍ക്കും അഴിഞ്ഞാടാനാവുംവിധം ഉദാരമാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രയോഗവേദികള്‍. കേരളത്തില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്തമായിരുന്നു.

ആ വ്യത്യസ്തതയാണ് തകര്‍ന്നടിയുന്നത്. ദരിദ്രനായി ആദ്യ തെരഞ്ഞെടുപ്പിനെ നേരിടുന്നയാള്‍ തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും വന്‍ കുതിച്ചുകയറ്റമാണ് നടത്തുന്നത്. ജനങ്ങളുടെ സേവകനാണ് ജനപ്രതിനിധി എന്നു മറന്നു പോകുകയും ജനങ്ങളുടെ യജമാനനായി സ്വയം ഭാവിക്കുകയും ചെയ്യുന്നു. ജനാധിപത്യ ക്രമത്തിനകത്തെ ഏതു പദവിയും അതു രാഷ്ട്രീയ പ്രസ്ഥാനത്തിലെ പദവിയാണെങ്കില്‍ പോലും ജനങ്ങളുടെ നിയോഗമാണ്. അതിനാല്‍ ഓരോ നേട്ടവും ജനങ്ങളെ ബോധ്യപ്പടുത്തേണ്ടതുണ്ട്. അതിനു കഴിയില്ലെങ്കില്‍ മറ്റേതെങ്കിലും പാത തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

2009ലും 2014ലും ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട 165 എം. പിമാരുടെ വരുമാനത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് ശരാശരി 137 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബിഹാറില്‍നിന്നുള്ള ഒരു എം. പിയുടെ വരുമാനം 778 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പി യുടെ ലോകസഭാംഗം ശത്രുഘ്‌നന്‍ സിഹ്നക്ക് 2009ല്‍ 15 കോടി രൂപയുടെ ആസ്തിയാണുണ്ടായിരുന്നത്. 2014ല്‍ അത് 116.73 കോടി രൂപയായി ഉയര്‍ന്നു. സിനിമയില്‍ തിളങ്ങി നിന്ന കാലത്തെക്കാള്‍ വലിയ നേട്ടമാണ് ലോകസഭാംഗത്വം അദ്ദേഹത്തിനു നല്‍കിയത്. ബി.ജെ.ഡി എം പിയായ പിനാകി മിശ്രക്കാവട്ടെ 29.69 കോടിയുണ്ടായിരുന്നത് 137.09 കോടിയായി ഉയര്‍ന്നു. ശരത് പവാറിന്റെ മകള്‍ സുപ്രിയയുടെ സ്ഥിതിയും മോശമല്ല. 51.53 കോടിയില്‍നിന്ന് 113.90 കോടിയിലേക്കാണ് കുതിച്ചത്. പതിനഞ്ചാം ലോകസഭയില്‍ 543 അംഗങ്ങള്‍ക്കുകൂടി 3075 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. പതിനാറാം സഭയിലെ മൊത്തം കണക്കു എനിക്കു ലഭ്യമായില്ല. എത്ര കൂടി എന്നാണ് അറിയാനുള്ളത്.

ഇതു ലോകസഭയുടെ മാത്രം കഥയായി കരുതുക വയ്യ. നിയമസഭകളും ത്രിതല പഞ്ചായത്തുകളും ഇതിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യാതിരിക്കില്ല. ചിലരിലൊക്കെ, പഞ്ചായത്ത് അംഗമാകുമ്പോള്‍തന്നെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വങ്ങളില്‍പോലും അധികാര ഘടനയുടെ സ്വാഭാവിക രൂപപരിണാമം പ്രകടമാവുന്നു. ജനങ്ങള്‍ ഇതിനോടൊക്കെ ഇഴുകിച്ചേരാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ മുതല്‍ പഞ്ചായത്തു മുഖേനയുള്ള ആനുകൂല്യങ്ങള്‍വരെ ഇക്കൂട്ടരിലൂടെയേ കൈവരൂ എന്നു വരുമ്പോള്‍ അവരെ തൊഴാതെ വയ്യ.

പക്ഷെ അവരെ തിരുത്തുക എന്ന കടമ ആരാണ് നിര്‍വ്വഹിക്കുക? ജനങ്ങള്‍ നല്‍കിയ അധികാരമാണ് നേതൃപദവികളെന്നത് ആരാണ് അവരെ ഓര്‍മ്മപ്പെടുത്തുക? ജനങ്ങളുടെ വാക്കും പ്രവൃത്തിയുമാകുക എന്നതില്‍ക്കവിഞ്ഞ് ജനപ്രതിനിധിക്ക് എന്താണ് ചെയ്യാനുള്ളത്? പക്ഷെ, അവരതാണോ നിര്‍വ്വഹിക്കുന്നത്? കോഴ വാങ്ങുക, കമ്മീഷന്‍ പറ്റുക, അഴിമതിക്കു കൂട്ടു നില്‍ക്കുക, കയ്യേറ്റങ്ങള്‍ക്കു സഹായം ചെയ്യുക, കോര്‍പറേറ്റുകളുടെ ദല്ലാളന്മാരാകുക എന്നിങ്ങനെ വഴിമാറി വളരുകയാണവര്‍. ജനങ്ങളുടെ ദുരിതങ്ങളില്‍ ഓടി എത്തിയിരുന്നവര്‍ ഇപ്പോള്‍ എടുത്തുചാടാറില്ല. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ജനങ്ങളല്‍പ്പം ദുരിതം സഹിക്കട്ടെ എന്ന പക്ഷക്കാരാണ് മിക്ക രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. വികസനശില്‍പ്പികളായ പണക്കാര്‍ ഒട്ടും ക്ലേശിക്കരുത് എന്ന നിര്‍ബന്ധമുണ്ട് താനും.

ഈ പക്ഷം ചേരലിനും രാജ്യത്തിന്റെ ഭാവി വികസനം എളുപ്പമാക്കുന്നതിനും കോര്‍പറേറ്റുകള്‍ രാഷ്ട്രീയ നേതാക്കളോട് നന്ദിയുള്ളവരാണ്. മിക്ക സംസ്ഥാന നേതാക്കളുടെയും മക്കളെ കോര്‍പറേറ്റുകള്‍ കൊത്തിക്കൊണ്ടു പോകുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി വൈഭവമോ കണ്ടിട്ടല്ലല്ലോ. നേതാക്കള്‍ക്ക് ജനങ്ങളിലുള്ള സ്വാധീനവും അധികാരവും അവര്‍ക്ക് മൂലധനം പെരുപ്പിക്കുന്നതിന് ആവശ്യമാണ്. ജനങ്ങളെ കൊള്ളയടിക്കാനുള്ള അവകാശം നല്‍കിയാണ് നേതാക്കള്‍ മക്കളെ കോര്‍പറേറ്റ് ഉദ്യോഗസ്ഥന്മാരാക്കുന്നത്. പണമുതലാളിത്തത്തിന്റെ ഔദാര്യം പറ്റാത്ത നേതാക്കളുണ്ടെങ്കില്‍ ആത്മാഭിമാനത്തോടെ ഞങ്ങളുണ്ട് ഞങ്ങളുണ്ട് എന്നു വിളിച്ചു പറയട്ടെ.

ബാര്‍ കോഴക്കെന്നല്ല, ഒരു കോഴക്കും തെളിവുകളുണ്ടാവില്ല. പാവപ്പെട്ട ശിപായിയോ ഹോട്ടലിലെ വെയിറ്ററോ പത്തു രൂപ വാങ്ങിയാല്‍ അതു ലോകം മുഴുവനറിയും. കേസും വക്കാണവുമുണ്ടാകും. വലിയ നേതാക്കളുടെ കാര്യമാകുമ്പോള്‍ കോഴ കൊടുത്തവര്‍തന്നെ പറയണം. അല്ലെങ്കില്‍ വാങ്ങിയവര്‍. അതല്ലാതെ വാങ്ങിയവന്റെ വരുമാനം അവിഹിത സമ്പാദ്യങ്ങളിലൂടെ വര്‍ദ്ധിച്ചുവോ എന്നു നോക്കാന്‍ മാര്‍ഗങ്ങളില്ല. അഥവാ അതു നമ്മുടെ ഭരണകൂടത്തിനറിയില്ല. പിന്നെ ബാര്‍കോഴ ഇന്നോ ഇന്നലെയോ മാത്രം ആരംഭിച്ചതായി കാണാനാവുമോ? മുന്‍കാലങ്ങളില്‍ അത് ആരൊക്കെ വാങ്ങിയിട്ടുണ്ട്? ആരെങ്കിലും അതന്വേഷിക്കുമോ?

നേതാക്കന്മാര്‍ തമ്മിലുള്ള അഴിമതി ആരോപണങ്ങളും ചെളി വാരി എറിയലുകളും കാണാന്‍ ബഹുരസം. ചാനലുകള്‍ അത് സീരിയലുകളെക്കാള്‍ ചേരുവകള്‍ ചേര്‍ത്ത് ജനപ്രിയമാക്കുന്നുണ്ട്. എന്നാല്‍, ഈ അഴിമതികളൊക്കെ തുറന്നുകാട്ടാനുതകുന്ന ഒരന്വേഷണം ആവാമല്ലോ. അതിന് നേതാക്കന്മാരുടെയും കുടുംബങ്ങളുടെയും ആസ്തിയും വരുമാനവും അവയ്ക്ക് കാലാകാലങ്ങളിലുണ്ടായ വര്‍ദ്ധനവും പരിശോധിച്ചാല്‍ മതിയാവില്ലേ? അതിന് ഗവണ്‍മെന്റ് തയ്യാറാകുമോ? അല്ലെങ്കിലിത് ജനാധിപത്യ ഗവണ്‍മെന്റാകുന്നതെങ്ങനെയാണ്? ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങളിലേക്കു പതിക്കുമ്പോള്‍ ജനപ്രതിനിധികളും നേതാക്കളും അഭിവൃദ്ധിപ്പെടുന്നതിന്റെ രഹസ്യമെന്താണ്?

രാജ്യത്തിന്റെ സുരക്ഷ പണയംവെച്ച് മകന്റെ ജീവിതം രക്ഷിക്കേണ്ട എന്നു തീരുമാനിച്ച സ്റ്റാലിന്‍ നമുക്കു ക്രൂരനാണ്. നാസി തടവറയില്‍ കിടന്ന് മകന്‍ യാക്കോവ് യോസിഫോവിച്ച് മരണപ്പെടുമ്പോള്‍ ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയാണ്. ഫാസിസത്തിന് വഴങ്ങാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യം അനുവദിച്ചില്ല. ഇപ്പോഴത്തെ നമ്മുടെ നേതാക്കളെ നോക്കൂ: മകനുവേണ്ടി സ്വന്തം രാജ്യത്തെ അളന്നു കൊടുക്കുകയാണ് കൊള്ളക്കാര്‍ക്ക്. സ്വന്തം ക്ഷേമത്തിനാണ് രാഷ്ട്രവും അധികാരവും ജനങ്ങളും എന്നേ അവര്‍ കരുതുന്നുള്ളു. ഈ പ്രമാണിമാരില്‍നിന്നു ജനങ്ങളെയും ജനാധിപത്യ മൂല്യത്തെയും രക്ഷിക്കുക എന്നത് പരമ പ്രധാനമാണ്. അപ്പോള്‍ മാത്രമേ ജനശത്രുക്കള്‍ക്കെതിരായ ശരിയായ പോരാട്ടം ആരംഭിക്കാനാവൂ.

ഇപ്പോള്‍ ഇത്തരം നേതാക്കളുടെയോ അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ നേതൃത്വമില്ലാതെ ജനങ്ങള്‍ സ്വമേധയാ ആരംഭിച്ച നിരവധി പോരാട്ടങ്ങളുണ്ട്. അവയുടെ മുന്നേറ്റത്തിന്റെ ഒരു ഘട്ടം, ഈ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടംകൂടിയാണ്. ദൈനം ദിന ആവശ്യങ്ങളുടെ സമ്മര്‍ദ്ദത്തിലാരംഭിക്കുകയും ചൂഷകര്‍ക്കെതിരെ ശക്തിപ്പെടുകയും ചെയ്യുന്ന സമരം ജനാധിപത്യമൂല്യങ്ങളുടെ വീണ്ടെടുപ്പിലേക്കു നയിക്കുന്നതാവണം. പുതിയ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് അതു നമ്മെ എത്തിക്കാതിരിക്കയില്ല.

27 മെയ് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )