പടിഞ്ഞാറേ ചാത്തല്ലൂരിലെ ക്വാറി വിരുദ്ധ ജനകീയ സമരം നൂറ്റി അമ്പത്തിയഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു. ഭരണകൂടവും ഉദ്യോഗസ്ഥരും പൊലീസും ക്വാറിമാഫിയയും ചേര്‍ന്ന് ഒരു പ്രദേശത്തെ ജനതക്കുനേരെ നടത്തിയ യുദ്ധത്തിന്റെ ഒരു വെടിനിര്‍ത്തല്‍ ശാന്തത മാത്രമേ ഇപ്പോള്‍ അവിടെയുള്ളു. ഏതു നിമിഷവും കൂടുതല്‍ സൈന്യവുമായി അവരെത്താം. അതിനാല്‍ കാവലിരിക്കുകയാണ് നാട്ടുകാര്‍. കാവല്മാടത്തില് എപ്പോഴും സമരസഖാക്കളുണ്ട്. അപ്പുറത്ത് പണിയാരംഭിക്കാനാവാത്ത ക്വാറിയുടെ മതില്‍ക്കെട്ടിനകത്ത് പൊലീസ് കാവലിരിക്കുന്നു. ജനങ്ങളുടെ ജീവിതത്തിനും ജീവിതോപാധികള്‍ക്കും കാവലിരിക്കേണ്ട പൊലീസാണ് ജനശത്രുക്കള്ക്കു കാവലിരിക്കുന്നത്. അതായിരിക്കുന്നു നമ്മുടെ ജനാധിപത്യത്തിന്റെ കീഴ് വഴക്കം.
മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് ചെക്കുന്നുമലയുടെ താഴ്വരകള്‍ പ്രക്ഷോഭങ്ങളുടെ ഭൂമിയായിരിക്കുന്നു. നിറയെ ക്വാറി ക്രഷര്‍ യൂണിറ്റുകളാണ് ഊര്‍ങ്ങാട്ടിരി, പെരകമണ്ണ വില്ലേജുകളിലായി പ്രവര്‍ത്തിച്ചു വരുന്നത്. അരുവികളും തോടുകളും ഉത്ഭവിച്ചിറങ്ങിയിരുന്ന ചെക്കുന്ന്, കുട്ടാടന്‍ മലകളിലെ പാറക്കെട്ടുകളാണ് വേണ്ടത്ര പഠനങ്ങളില്ലാതെ ഭീതിതമാംവിധം തകര്‍ക്കപ്പെടുന്നത്. ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് ഇപ്പോള്‍ കൈത്തോടുകള്‍ പോലും ഒഴുകി എത്തുന്നില്ല. ഭൂമി ഇടപാടുകളുടെ രേഖകളിലും ഇത്തരം ചോലകള്‍ ബോധപൂര്‍വ്വം നീക്കം ചെയ്യപ്പെടുന്നു. ക്വാറി മാഫിയകള്‍ക്ക് അനുകൂല രേഖകള്‍ നിര്‍മിക്കാന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ ധാരാളം അനുബന്ധ അഴിമതികളും നടക്കുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശമാണ് എന്ന കാര്യംപോലും സൗകര്യപൂര്‍വ്വം ഉദ്യോഗസ്ഥര്‍ മറച്ചുവെക്കുന്നു.
ക്വാറികള്‍ക്കു അനുമതി നല്കുന്നതിനു മുമ്പ് പ്രദേശത്തെ ആരോഗ്യ – പരിസ്ഥിതി പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ആവശ്യമായ രേഖകള്‍ ക്വാറിമുതലാളിമാര്ക്ക് ലഭ്യവുമാണ്. ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകളിലാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്ന മനുഷ്യര്‍ പാര്‍ക്കുന്നത്. എന്നാല്‍, പഞ്ചായത്തു ഭരണ സമിതികള്‍ ജനങ്ങളെയല്ല ക്വാറി മുതലാളിമാരെയാണ് തുണയ്ക്കുന്നത്. സ്ഥലം എം എല്‍ എ പി.കെ ബഷീറും എം. പി ഷാനവാസും സമരസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായി എന്നതില്‍ കവിഞ്ഞ് ജനവികാരം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിട്ടില്ല. പ്രദേശത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം സമരത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ അവരുടെ നേതൃത്വങ്ങളൊന്നും ഗൗരവത്തോടെ ഈ സമരം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഗ്രാമസഭ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും വീണ്ടു വിചാരമുണ്ടാകാത്ത പഞ്ചായത്തു ഭരണ സമിതികളും ജില്ലാ സംസ്ഥാന ഭരണകൂടങ്ങളും കയ്യേറ്റ മാഫിയകളാണ് തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ എന്നാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.
കുടിവെള്ളം മുട്ടിക്കുകയും രോഗങ്ങള്‍ വിതക്കുകയും ഉരുള്‍പൊട്ടല്‍പോലുള്ള പാരിസ്ഥിക ദുരന്തങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സംരംഭത്തിനെതിരെ സമരരംഗത്തിറങ്ങി എന്ന കാരണംകൊണ്ട് ആഴ്ച്ചകളോളം പൊലീസ് നായാട്ടായിരുന്നു ചെത്തല്ലൂരില്‍. ജയില്‍വാസവും പീഡനവും ഒളിവു ജീവിതവുമെല്ലാം അവര്‍ക്കിപ്പോള്‍ സിനിമാക്കഥയോ പഴങ്കഥയോ അല്ല. ദിവസങ്ങളോളം സ്കൂളില്പോകാനാവാതെ സമരപ്പന്തലില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട് അവിടത്തെ കുട്ടികള്‍. റോഡില്‍ മനുഷ്യമതിലായി പ്രതിരോധിച്ചിട്ടുണ്ട് അമ്മമാര്‍ക്കൊപ്പം അവര്‍. വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്റ്റഡി ക്ലാസുകളില്ലാതെ ഒരു ഗ്രാമം സഹനവും സമരവും ശീലിച്ചിരിക്കുന്നു.
ജനങ്ങളോട് യുദ്ധത്തിനെത്തിയ പി എം ആര് ഗ്രൂപ്പിനെ ക്വാറി സംരംഭങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനേ അവര്‍ ഉദ്ദേശിക്കുന്നുള്ളു. സ്ഥലമെടുക്കുമ്പോള്‍ അറിയിച്ചിരുന്നതുപോലെ കോളേജോ ആശുപത്രിയോ തുടങ്ങുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. ജനസൗഹൃദപരമായിരിക്കണം എന്നേയുള്ളൂ. എന്നാല്‍ കുന്നും മലയും ഇടിച്ചു നിരത്തി മണ്ണും പാറയും കൊള്ളയടിച്ചു തിടംവെക്കുന്ന പുതിയ കയ്യേറ്റ മാഫിയകള്‍ കിഴക്കന്‍ മലയോരങ്ങളിലാകെ നിറയുകയാണ്. ആരുണ്ട് തടയാന്‍ എന്ന ധിക്കാരത്തിന് പടിഞ്ഞാറേ ചെത്തല്ലൂര്‍ പോലെ ഒറ്റപ്പെട്ട മറുപടികളേ ഉണ്ടാകുന്നുള്ളു. ക്വാറിയും ക്രഷറും ഖനനയൂണിറ്റുകളും കൊള്ളയടിക്കുന്നത് താഴ്വരകളിലെയും ഇടനാട്ടിലെയും സ്വച്ഛജീവിതത്തെക്കൂടിയാണെന്നു മനസ്സിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കായ്കയാണോ? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നാണ് നാം കരുതിയത്. എന്നാല്‍, തിരിച്ചായിരിക്കുന്നു അനുഭവം. എത്രയും വേഗം പരമാവധി കൊള്ളയടിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ രൂപംകൊണ്ടിരിക്കുന്നു.
മാഫിയകളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദല്ലാളരും അടങ്ങുന്ന പുതിയ ജനവിരുദ്ധ സേനയാണത്. ഇക്കൂട്ടത്തില്‍ മനുഷ്യസ്നേഹമോ ആത്മാഭിമാനമോ ബാക്കിയുള്ളവരുണ്ടെങ്കില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കട്ടെ! പഞ്ചായത്തു തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഓടിയെത്താനും സമരമുന്നണിയില്‍ കക്ഷി രാഷ്ട്രീയ പിളര്പ്പുകളുണ്ടാക്കാനും കഴിയും എന്നാണ് രാഷ്ട്രീയ നേതാക്കള്‍ കണക്കുകൂട്ടുന്നത്. ഇത്തരം ആയിരക്കണക്കിന് സമരഭൂമികളില്‍ തങ്ങളുടെ കൊടി കുത്തുന്നത് ഇങ്ങനെയൊരു വരവിന് വഴിയൊരുക്കാനാണല്ലോ! സമരനേതാക്കള്‍ക്കും ആശങ്കകളുണ്ട്. തങ്ങള്‍ ജീവന്മരണ പോരാട്ടത്തിലായിരുന്നപ്പോള്‍ ആരൊക്കെ കൂടെനിന്നു ആരൊക്കെ ക്വാറി മാഫിയയെ തുണച്ചു എന്നറിയാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്ന് അവര്‍ കരുതുന്നു. താല്‍ക്കാലിക താല്‍പ്പര്യങ്ങല്‍ക്ക് ഒരു ജനതയുടെ അതിജീവന സമരത്തിന്റെ വീര്യം ശിഥിലമാക്കാന്‍ കഴിയില്ലെന്നും അവര്‍ വിശ്വസിക്കുന്നു.
മനുഷ്യരുടെ പ്രശ്നങ്ങളില്‍ കൂടെ നില്‍ക്കാനും അവരുടെ പ്രശ്നങ്ങളില്‍ സഹായികളാകാനുമല്ലെങ്കില് എന്തിനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍?. ജനങ്ങളെ ഭരിക്കാനറിയുന്ന പുതിയ രാജാക്കന്മാരുടെ വംശം എന്ന രീതിയില്‍ അവരെ സഹിച്ചേതീരൂ എന്നാണോ? രാജാക്കന്മാരെ കയ്യൊഴിഞ്ഞ ജനാധിപത്യബോധത്തിന് പുതിയ തമ്പുരാന്മാരെ ഭയക്കേണ്ടതില്ല. അതിനാല്‍ അവര്‍ വീണ്ടു വിചാരത്തിനൊരുങ്ങിയാല് അവര്‍ക്കു നന്ന്.
25 മെയ് 2015
Great
LikeLike