സാധാരണ മനുഷ്യരുടെ സംശയങ്ങള്‍ തീരുന്നില്ല. ജനങ്ങളും നേതാക്കളും തമ്മിലുള്ള വ്യത്യാസം എന്താണ്? നേതാക്കള്‍ നാം നോക്കിയിരിക്കെ വളര്‍ന്നു തിടം വെക്കുന്നതെങ്ങനെയാണ്? ആപ്പീസിലെ ബഞ്ചിലുറങ്ങിയും കൂട്ടുകാരന്റെ അമ്മ വിളമ്പിയ കഞ്ഞി കുടിച്ചും ജനസേവനം നടത്തി വന്ന ഒരാള്‍ വളരെവേഗം കോടികളുടെ ആസ്തിയിലേക്കു വളരുന്നതെങ്ങനെയാണ്? എല്ലിച്ച ദേഹം കൊഴുത്തുരുണ്ട് പ്രമാണിത്തം കൈവരിക്കുന്നതെങ്ങനെയാണ്? ഒരിക്കല്‍ തള്ളിപ്പറഞ്ഞിരുന്ന ബന്ധുക്കള്‍ക്കൊക്കെ പ്രിയങ്കരരാവുന്നതെങ്ങനെയാണ്?
സൗമ്യമായി സംസാരിക്കുകയും തുറന്നു ചിരിക്കുകയും ഒപ്പം ചേര്‍ന്നു നടക്കുകയും ചെയ്ത ഒരാള്‍ അറിയാത്ത ഭാഷയില്‍ കുശലം പറയാനും മുകളില്തന്നെയുണ്ടെന്നു ചുമലില്‍ തട്ടാനും അനവസരത്തില്‍ ആശ്ലേഷിക്കാനും തുടങ്ങുന്നത് എന്തുകൊണ്ടാണ്? എല്ലാവരുടെയും വീടുകളില്‍ അടുക്കള വരെ കയറിച്ചെന്നു കഞ്ഞിവെള്ളത്തില്‍ സ്വന്തമെന്നു ഒപ്പുവെച്ച ബന്ധുത്വം, തനിക്കൊരു വീടായപ്പോള്‍ എല്ലാവര്ക്കും ഇരിപ്പുമുറിയോളം സ്വാതന്ത്ര്യം എന്നളന്നു മുറിച്ച കാരുണ്യത്തിന്റെ പേരെന്താണ്?
നേതാക്കളുടെ ജീവിതങ്ങളോളം ധ്വനിസാന്ദ്രമായ കാവ്യമേതുണ്ട്? കാണുന്നതിനപ്പുറത്തേക്കു പടര്‍ന്ന ശിഖരങ്ങളുണ്ട്. കേട്ടതിനപ്പുറം നിറഞ്ഞുതൂവുന്ന പുരാവൃത്തങ്ങളുണ്ട്. തൊട്ടുവെന്നു കരുതുമ്പോഴും ആ പതുപതുപ്പ് എന്തിന്റേതായിരുന്നുവെന്ന് പിടിതരാത്ത മായാ വലയങ്ങളുണ്ട്. നേരില്‍ നോക്കിക്കാണുമ്പോഴും ഏതാണ് ചാനലെന്ന വിസ്മയമുണ്ട്. ചിരിക്കുന്നോ കരയുന്നോ എന്നറിയിക്കാതെ ഇരുന്നിടം നനയ്ക്കുന്നുണ്ട്.
ഈ നേതാക്കന്മാരെപ്പറ്റി നമുക്കെന്തറിയാം? അസൂയാലുക്കള്‍ പലതും പറയും. നിധി കിട്ടിയെന്നോ കോഴ വാങ്ങിയെന്നോ മോഷ്ടിച്ചുവെന്നോ ബിനാമി ബിസിനസ്സുണ്ടെന്നോ ആക്ഷേപിക്കും. അന്വേഷണ സംഘം തെരഞ്ഞു ചെല്ലുമ്പോഴല്ലേ അറിയുന്നത്! ഒന്നിനും ഒരു തെളിവുമില്ല. നിധി കിട്ടിയതോ കോഴ വാങ്ങിയതോ കൃത്രിമം കാണിച്ചതോ ഗൂഢാലോചന നടത്തിയതോ കണ്ടവരില്ല. കൊടുത്തവരോ വാങ്ങിയവരോ ഏറ്റു പറയുന്നില്ല. കൊന്നവരോ കൊല്ലപ്പെട്ടവരോ തെളിവു നല്‍കുന്നില്ല. ആരോപിക്കുന്നവര്‍ക്കു എന്തുമാകാമല്ലോ! അവര്‍ക്കെന്തുണ്ട് നഷ്ടപ്പെടാന്‍? അപ്പോള്‍ ആരോപണങ്ങള്‍ക്കു കഴമ്പില്ലെന്നു മനസ്സിലായില്ലേ? എങ്കിലും പെഴച്ചുപോകണ്ടേ മാധ്യമങ്ങള്‍ക്ക്? അവര്‍ അങ്ങനെ ആരോപിച്ചുകൊണ്ടേയിരിക്കും. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടിരിക്കും. നേതാക്കള്‍ അന്യോന്യം പഴിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ കളി ആസ്വദിക്കും. നേരമ്പോക്കുകള്‍ക്ക് അറുതിയില്ല.
കളിയില്‍ ഒരേ കൂട്ടരാണ് രണ്ടു പക്ഷവും കളിക്കുന്നത്. ഹാഫ്ടൈമില് കോര്ട്ടുമാറുന്ന പതിവാണ് ചില കളികളില്‍. ചിലതില്‍ ഓരോ ഗെയിമും തീരണം. ചിലതില്‍ എപ്പോള്‍ മാറി എന്നു നാം അന്തംവിട്ടുപോകും. പൊതുവില്‍ ഫൗളുകള്‍ വരുത്താന്‍ അറിയാത്തവരാണ്. എങ്കിലും ക്യാപ്റ്റന്മാരും റഫറികളും മഞ്ഞ ചുവപ്പു കാര്‍ഡുകള്‍ കൈവശം വച്ചിരിക്കും. ഇടയ്ക്കൊക്കെ അതു വീശുന്നതും കാണാം. പക്ഷെ ആരും പുറത്താകുന്നില്ല. ആരും അകത്തും. എന്തൊരു ഒത്തൊരുമ! കാണികളുടെ കാര്യമാണ് പരമ രസം. ആദ്യം ഇടത്തുള്ളവര്ക്കൊപ്പം നിന്നവര്‍ പിന്നെ കൈകൊട്ടുന്നത് അവിടെയെത്തിയ വലതന്മാര്ക്കാണ്! വലത്ത് ചേര്‍ന്നവര്‍ തിരിച്ചും. കൊടിയും വേഷവും വേറെ വേറെയായതു ഭാഗ്യം. അല്ലെങ്കില്‍ കുഴഞ്ഞുപോയേനെ!
മണ്ണുതരാം പൊന്നു തരാം കൂടെ നില്‍ക്കാമോ എന്ന കളിയാണ് പേരു കേട്ടതെങ്കിലും നീരു തരാം നീരതരാം കോഴ നല്‍കാമോ എന്ന കൈകൊട്ടിക്കളി അരങ്ങു തകര്‍ക്കുന്നുണ്ട്. സോളാര്ക്കളിയില് ടീം ജയിക്കുമെന്നു ഏറെക്കുറെ ഉറപ്പായപ്പോള്‍ ക്യാപ്റ്റന്‍ തന്നെ വിസിലൂതി ഡ്രോ ഡ്രോ എന്നാര്‍ത്തു വിളിച്ചതോടെ ആ കളിതന്നെ നിറം കെട്ടുപോയെന്നാണ് കാണികള്‍ പറയുന്നത്. ചാക്കുനൃത്തം, മണ്ണപ്പം ചുടല്, ക്വാറിക്കൂത്ത് തുടങ്ങിയ പരമ്പരാഗത ലീലകളും കാണികളുടെ മനം കവരുകയാണ്. ഇടതോ നീ വലതോ നീ എന്ന ഇണ്ടമ്മാവന് പാട്ടും ഇടത്തു നിന്നാല്‍ മുന്നെ തിന്നാം വലത്തു നിന്നാല്‍ മൊത്തം തിന്നാം എന്ന തീറ്റിപ്പാട്ടും വരുന്ന പാട്ടുത്സവത്തിന് തയ്യാറെടുക്കുന്നുമുണ്ട്.
നോക്കൂ, ഞാന്‍ ഗൗരവത്തോടെ ഒരു കാര്യം പറഞ്ഞു തുടങ്ങിയതായിരുന്നു. എത്തിയതോ കളിയില്‍. ഇതാണ് നമ്മുടെ രാഷ്ട്രീയം പോകുന്ന പോക്ക്. ഗൗരവത്തിനുപോലും ഒരു ഗൗരവവുമില്ലാത്ത അവസ്ഥ!
24 – 05 – 2015