ജനങ്ങളും ഭരണകൂടവും തമ്മിലും ജനങ്ങളും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തമ്മിലുമുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചു വരികയാണ്. ജീവല്‍ പ്രശ്നങ്ങളിലെല്ലാം വിപരീത നിലപാടുകളാണ് ഇവര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ നൂറുകണക്കിനു സമരമുഖങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ സജീവമാണെങ്കിലും ഇതു സംബന്ധിച്ച് ഒരു നിലപാടെടുക്കാന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ എപ്പോഴും വിമുഖത കാണിയ്ക്കുന്നു. പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യങ്ങളെ വിശകലനം ചെയ്യാന്‍ അവര്‍ക്കു ധൈര്യമില്ല. എല്ലായിടത്തും പ്രതിസ്ഥാനത്തുള്ളത് ജനവിരുദ്ധമോ പരിസ്ഥിതി വിരുദ്ധമോ ആയ ഭരണകൂട നിലപാടുകളാണ്. അതിലേക്ക് നയിക്കുന്നതാകട്ടെ പുതിയ മുതലാളിത്തത്തിന്റെ കൊള്ള മോഹങ്ങളുമാണ്. ഈ മോഹാന്ധതയിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെന്ന് ഐക്യപ്പെട്ടിരിക്കുന്നത്.
ജനാധിപത്യ പ്രസ്ഥാനങ്ങളൊന്നും പഴയ ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ പാരമ്പര്യമോ മൂല്യബോധമോ കാത്തു സൂക്ഷിക്കുന്നില്ല. സ്വാതന്ത്ര്യ സമരകാലത്തെ സ്വപ്നഭാരതം അവര്‍തന്നെ എറിഞ്ഞുടച്ചിരിക്കുന്നു. എല്ലാവര്ക്കും ഭൂമി, എല്ലാവര്ക്കും ഭക്ഷണം, എല്ലാവര്ക്കും തൊഴില്‍, എല്ലാവര്ക്കും വിദ്യാഭ്യാസം, എല്ലാവര്ക്കും ആരോഗ്യം എന്നിങ്ങനെയുള്ള ക്ഷേമരാഷ്ട്ര ജീവിതത്തെപ്പറ്റി ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. പൊതു മേഖല ശക്തിപ്പെടുത്തുമെന്നും ചൂഷണവും ചൂതാട്ടവും നിയന്ത്രിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നവര്‍ സ്വകാര്യവത്ക്കരണത്തിന്റെയും വന്‍തോതിലുള്ള ചൂഷണങ്ങളുടെയും നടത്തിപ്പുകാരായി മാറിയിരിക്കുന്നു. പൗരാവകാശങ്ങളെപ്പറ്റിയല്ല, പൗരജീവിതത്തിനുമേലുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ് ഭരണകൂടം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ജീവിച്ചിരിക്കുന്നവരുടെ ജീവിതം സുരക്ഷിതമാക്കുന്നതേക്കാള് ഭാവിയിലെ വികസനമാണ് അവരെ ഉത്ക്കണ്ഠപ്പെടുത്തുന്നത്. കമ്മീഷനും കോഴയും വാങ്ങി സ്വന്തം കുടുംബത്തെ വികസിപ്പിക്കാനുള്ള മാര്‍ഗമായി രാഷ്ട്രീയം തരംതാണു.
നേതൃത്വങ്ങള്‍ക്ക് സാമ്പത്തികനേട്ടവും അധികാര പദവികളും നല്കുന്ന ലഹരി ലഭിക്കുമ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മൈതാനത്തിരുന്നു കളി കാണുന്നതിന്റെ ലഹരിയാണ്. ഓരോരുത്തര്‍ക്കും ഓരോ ടീമുണ്ട്. ആരാധനാ പാത്രങ്ങളുണ്ട്. അവര്‍ക്കു വേണ്ടി ജയ് വിളികളും തെറി വിളികളുമുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഒരു പ്രശ്നത്തെ നേരിടേണ്ടി വരുമ്പോള്‍ അവര്‍ ഒറ്റയ്ക്കായിപ്പോകുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരോട്, തൊഴില്‍ നഷ്ടപ്പെടുന്നവരോട്, ഭവനരഹിതരാകുന്നവരോട് രാജ്യത്തിന്റെ ഭാവി വികസനത്തിനുവേണ്ടിയല്ലേ? അല്‍പ്പം സഹിച്ചുകൂടേ എന്നാണ് ആരാധനാമൂര്‍ത്തികള്‍ ചോദിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് കൊള്ളപ്പുരകള് കെട്ടാന്‍ പാവപ്പെട്ടവരുടെ ഭൂമി കയ്യേറി നല്കുന്ന സര്‍ക്കാറിന് ഭൂ രഹിതര്‍ക്കു പുരകെട്ടാന്‍ ഭൂമി ഏറ്റെടുത്തു നല്‍കണമെന്നു തോന്നുന്നേയില്ല! അതിനു മിച്ച ഭൂമിയുണ്ടാവട്ടെ, അപ്പോള്‍ നോക്കാം എന്ന പതിവു മറുപടിയേയുള്ളൂ. മിച്ച ഭൂമി വെറുതെ ഉണ്ടാകുമോ? അതിനിനി ചന്ദ്രനിലോ ചൊവ്വയിലോ പോകേണ്ടി വരുമോ?
പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ലീലകളില്‍ അഭിരമിക്കുന്ന പ്രസ്ഥാനങ്ങള്‍ ജനങ്ങളെ കളിയുടെ കരുക്കളായേ കാണുകയുള്ളു. താല്‍ക്കാലിക ലാഭങ്ങള്‍ക്കപ്പുറം അവരുടെ കണ്ണുകളെത്തുകയില്ല. എന്നാല്‍, പാര്‍ലമെന്റു രാഷ്ട്രീയത്തില്‍ പരിമിതമായ ലക്ഷ്യങ്ങള്‍ കാണുമ്പോള്‍തന്നെ അതിനതീതമായി ഒരു ജനകീയ വിമോചന സ്വപ്നം കാത്തുപോരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നമ്മുടെ പ്രതീക്ഷയായിരുന്നു. താല്‍ക്കാലിക ലാഭ ഭ്രമങ്ങള്‍ അവരെ തീണ്ടുകയില്ലെന്നു നാം ധരിച്ചു. എല്ലാ ജീര്ണതകളുമുള്ള മുതലാളിത്ത സമൂഹത്തില്‍ ആ ജീര്‍ണതകളെ പ്രത്യയശാസ്ത്ര തിളക്കത്തിലും സമരാഗ്നിയിലും ഇല്ലാതാക്കാന്‍ പ്രാപ്തമായ ഒരു വിപ്ലവ പ്രസ്ഥാനം പിറന്നുവെന്ന് നാം കരുതി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വളര്‍ന്നു വന്നതങ്ങനെയാണ്. ചെറിയ ചെറിയ പിശകുകള്‍ പോലും വലിയ വിശകലനങ്ങള്‍ക്കു വിധേയമാകുകയും കൂടുതല്‍ ശരിയായ പാത ഏതെന്നു കലഹിക്കുകയും ചെയ്തുവെങ്കിലും ഉദ്ദേശശുദ്ധിയെ ആരും സംശയിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ആ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്?
ജനങ്ങളുടെ വിമോചനത്തിനെന്നു കരുതി സ്ഥാപിക്കപ്പെട്ട ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തിരിക്കുന്നു. ജനകീയാവശ്യങ്ങള്‍ക്ക് അവയൊന്നും പര്യാപ്തമാകുന്നില്ല. ജീവല്‍ പ്രശ്നങ്ങളാണെങ്കില്‍ അനുനിമിഷം പെരുകുകയാണ്. സി പി എമ്മിനു പിറകില്‍ നാലു ലക്ഷത്തിലേറെ അംഗങ്ങളും ദശലക്ഷക്കണക്കിന് അനുഭാവികളുമുണ്ട് എന്നാണ് പറയപ്പെടുന്നത്. പക്ഷെ ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തില്‍ ആ പ്രസ്ഥാനത്തിന് ജനങ്ങളെ കയ്യൊഴിയാന്‍ എങ്ങനെയാണ് സാധിക്കുന്നത്? തുറന്ന ചാനല്‍ വെളിച്ചത്തില്‍ കൊലയും കൊള്ളയും ചൂഷണവും ഇതര ജീര്‍ണതകളും ഇഴയുന്ന ശരീരത്തോടെ നിവര്‍ന്നു നില്ക്കാന് പണിപ്പെടുമ്പോഴും മുകളില്‍പ്പറഞ്ഞ ജനലക്ഷങ്ങളെ കേവലം കളിലഹരിയില്‍ അവര്‍ക്ക് എത്രകാലം നില നിര്‍ത്താനാവും?
പാര്‍ട്ടിയില്‍ പാര്ലമെന്റിമോഹങ്ങള് വര്‍ദ്ധിച്ചുവെന്ന് 1998ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന പതിനാറാം കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ആ പ്രമേയത്തില്‍, തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളും അധികാരവും കയ്യാളാന്‍ വേണ്ടി ചില നേതാക്കളോ അനുയായികളോ നടത്തുന്ന വ്യതിയാനം മാത്രമല്ല പാര്‍ലമെന്ററി വ്യാമോഹമെന്ന് ഊന്നി പറയുന്നു. ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കല്‍, പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്കല്, പാര്‍ട്ടി കെട്ടിപ്പടുക്കല്‍ തുടങ്ങിയവ അവഗണിക്കുകയും പാര്‍ട്ടിയുടെ മുന്നേറ്റം തെരഞ്ഞെടുപ്പു പോരാട്ടങ്ങളിലൂടെ മാത്രം നേടിക്കളയാമെന്നു വ്യാമോഹിക്കുകയും ചെയ്യുന്നത് പാര്‍ലമെന്ററി കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുന്നതിന്റെ ദുഷിച്ചഫലമാണ് എന്നും പ്രമേയം അടിവരയിടുന്നു.
ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോള്‍ എന്തു മാറ്റമാണുണ്ടായത്? ചട്ടപ്പടി സമരങ്ങള്‍കൊണ്ട് റിപ്പോര്‍ട്ടു നിറയ്ക്കാനല്ലാതെ ജനകീയ സമരങ്ങളില്‍ നിറഞ്ഞു നില്ക്കാന് പാര്‍ട്ടിക്കു സാധിച്ചുവോ? തെരഞ്ഞെടുപ്പ് അജണ്ടയ്ക്കപ്പുറം ഒരു ലക്ഷ്യം നിലനിര്‍ത്താനോ അതു ജനങ്ങളെ ബോധ്യപ്പെടുത്താനോ സാധിച്ചുവോ? തൊഴിലാളികളുടെ വിപ്ലവത്തിനും ജനങ്ങളുടെ വിമോചനത്തിനുമുള്ള ഉപകരണമായ പാര്‍ട്ടിയെ സാന്ത്വന പരിപാലനങ്ങള്‍ക്കും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും മഴക്കുഴിയെടുക്കാനും പച്ചക്കറി നടാനും മറ്റുമുള്ള സന്നദ്ധ സംഘടനാ കൗതുകങ്ങളിലേക്ക് പിടിച്ചുകെട്ടി വ്യവസ്ഥയെയും ഭരണകൂടത്തെയും സാധൂകരിക്കുന്ന പരിഷ്ക്കരണ നിലപാടുകളുടെ ഉപകരണമാക്കുന്നതിന്റെ താല്‍പ്പര്യമെന്താണ്? ഇതാണോ പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിന്റെ അന്തസ്സത്ത? സാന്ത്വന സഹായ വ്യവസായങ്ങളും കൃഷിയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും നിര്‍വ്വഹിക്കാന്‍ കഴിയുന്ന സംഘടനകളും കൂട്ടായ്മകളും ഏറെയുണ്ട് നമുക്ക്. എന്നാല്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് മറ്റൊരു ഉപകരണവും ഇല്ല. ഇങ്ങനെ വിപ്ലവോപകരണത്തെ പരിഷ്ക്കരണ പ്രതിഷ്ഠയാക്കി പുതിയ മുതലാളിത്തത്തിന്റെ മൂര്‍ത്തികളെ തൃപ്തിപ്പെടുത്തുന്നത് ആരെല്ലാമാണ്?
അടിത്തറ വികസിപ്പിക്കുന്നതിലും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും നേരിട്ട പരാജയത്തെ സംബന്ധിച്ച് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത് ഒരിക്കല്‍ക്കൂടി ശ്രദ്ധയില്‍ കൊണ്ടു വരട്ടെ. വിവിധ വിഭാഗം ജനങ്ങള്‍ക്കു മേല്‍ നവലിബറല്‍ നയങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ പ്രസ്ഥാനങ്ങളും സമരങ്ങളും കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനാവൂ. ഈ കടമ നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടില്ല. വിജയവാഡയിലെ വിപുലീകൃത കേന്ദ്രകമ്മറ്റി യോഗം നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് രണ്ടു തട്ടുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഒന്നാമത്തേത് കേന്ദ്രത്തിന്റെയും സംസ്ഥാന ഗവണ്മെന്റുകളുടെയും നയങ്ങള്‍ക്കെതിരായ തട്ടും രണ്ടാമത്തേത്, ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍, ഭൂമി, തൊഴില്‍, വേതനം, അടിസ്ഥാന സേവനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുമാണ്. പ്രാദേശിക വിഷയങ്ങളില്‍ നിരന്തര സമരങ്ങള്‍ വികസിപ്പിക്കുന്നതില്‍ നാം വളരെ പിറകിലാണ്(ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ – പുറം 275).
ഗവണ്മെന്റു നയങ്ങള്‍ക്കെതിരെ ധര്‍ണ, മാര്‍ച്ച്, പിക്കറ്റിംഗ്, ഹര്‍ത്താല്‍ തുടങ്ങിയ ചട്ടപ്പടി സമരങ്ങള്‍ തീയതിയും സമയവും അംഗപങ്കാളിത്തവും നിശ്ചയിച്ച് നടപ്പാക്കുന്ന സ്ഥാപനരീതി സി പി എമ്മും തുടരുന്നുണ്ട്. മുകളില്‍ സൂചിപ്പിച്ച രണ്ടാം തട്ടിലെ സമരങ്ങള്‍ അങ്ങനെ തീയതിയും സമയവും ഉദ്ഘാടക നേതാവിനെയും നിശ്ചയിച്ച് ആരംഭിക്കുന്നവയല്ല. പ്രാദേശികമായ അസ്വസ്ഥതകളില്‍നിന്ന് പൊട്ടിമുളച്ച് പടരുന്നവയാണവ. അവയില്‍ പങ്കുചേരുന്നതില്‍ സി പി എമ്മിനുണ്ടാകുന്ന വീഴ്ച്ച അതിന്റെ അടിസ്ഥാന കാഴ്ച്ചപ്പാടിലുണ്ടായ വ്യതിയാനത്തെയാണ് തുറന്നു കാട്ടുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരായി പൊട്ടിപ്പുറപ്പെടുന്ന പ്രാദേശിക പ്രക്ഷോഭങ്ങളില്‍ മിക്കതിലും നവലിബറല്‍ നയ നടത്തിപ്പുകാരുടെ പക്ഷത്തോടാണ് സി പി എമ്മിന് ആഭിമുഖ്യം. നിലവിലുള്ള വലതുപക്ഷ സര്‍ക്കാറുകള്‍ക്കെതിരെ ചട്ടപ്പടി സമരമാവാം പുതിയ മുതലാളിത്തത്തിനെതിരായ ജനകീയ സമരങ്ങള്‍ വയ്യ എന്നത് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് അജണ്ട എത്രത്തോളം ചുരുങ്ങിയിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
ഈ വ്യതിയാനം സി പി എമ്മിനെ മറ്റേതൊരു വലതുപക്ഷ പാര്‍ട്ടിയുടെയും ഗണത്തിലേക്ക് താഴ്ത്തി നിര്‍ത്തിയിരിക്കുന്നു. ഇതൊരു കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്, സംഘടനാ തത്വങ്ങള്‍ പാലിക്കലാണ് പ്രധാനം എന്നൊക്കെ അലറിവിളിച്ചതുകൊണ്ടായില്ല. സംഘടന അതിന്റെ രൂപം മാത്രമല്ല. അതിന്റെ വിപ്ലവ ഉള്ളടക്കം കൂടിയാണ്. അതു ബലി കഴിച്ചാല്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? ജര്‍മ്മനിയില്‍ ബേര്ണ്സ്റൈന്റെ റിവിഷനിസം പാര്‍ട്ടിയെ വിഴുങ്ങിയപ്പോള്‍ എംഗല്സുപോലും നിലവിളിച്ചുപോയി. ഇങ്ങനെപോയാല്‍ ഈ പാര്ട്ടികൊണ്ടെന്തു കാര്യമെന്ന്. സമാനമായ സാഹചര്യത്തില്‍ എങ്ങനെ എത്തിപ്പെട്ടുവെന്ന് പരിശോധിച്ചു തിരുത്തല്‍ വരുത്താതെ സി പി എമ്മിനു വിപ്ലവ പ്രസ്ഥാനമാവാന്‍ സാധിക്കയില്ല.
തത്വങ്ങളില്‍ വിപ്ലവ പ്രസ്ഥാനവും പ്രയോഗത്തില്‍ ജീര്‍ണ വലതുപക്ഷവും എന്ന നിലയാണ് നിരന്തരം ആഭ്യന്തര പ്രശ്നങ്ങളിലേക്ക് ആ പാര്‍ട്ടിയെ തള്ളി വിടുന്നത്. ചിലരെങ്കിലും കരുതുന്നതുപോലെ അതു വി എസ് – പിണറായി പ്രശ്നമോ കേവല വിഭാഗീയതയോ അല്ല. വിഭാഗീയത തന്നെ പാര്‍ലമെന്ററി പ്രസ്ഥാനങ്ങളുടെ മുഖമുദ്രയാണ്. ഇടതുപക്ഷത്താണെങ്കില്‍, അതു രോഗത്തെ വെളിപ്പെടുത്തുക മാത്രമാണ്. ജനകീയ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളുമാണ് വിപ്ലവ പ്രസ്ഥാനങ്ങളെ ശുദ്ധീകരിക്കുക. രാജ്യത്തെമ്പാടും വളര്‍ന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ പുതിയ മുതലാളിത്തം വിതച്ച സൂക്ഷ്മതല വര്‍ഗസമരങ്ങളാണ്. അതു ശക്തിപ്പെടുത്താന്‍ നിയുക്തമായ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ അവയെ കയ്യൊഴിയുമ്പോള്‍ അവരുപേക്ഷിക്കുന്നത് വര്‍ഗസമരത്തിന്റെ പാതതന്നെയാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരായ യോജിച്ച പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്താനേ ഈ സമീപനം ഉതകുകയുള്ളു. രാജ്യത്തെമ്പാടും പെരുകുന്ന സൂക്ഷ്മതല സമരങ്ങള്‍, രൂപപ്പെട്ടു വരുന്ന സാമൂഹിക ഇടതുപക്ഷ സമരങ്ങളും പ്രസ്ഥാനങ്ങളുമാണെന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുകാരനുവേണം. ദൗര്‍ഭാഗ്യവശാല്‍ സി പി എം നേതൃത്വം പാരമ്പര്യമായി കിട്ടിയ ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരെപ്പോലെയാണ് സംസാരിക്കുന്നത്. സ്ഥാപന ശൃംഖലകള്‍ വഴി വിപ്ലവക്കച്ചവടം നടത്താമെന്ന് അവര്‍ മോഹിക്കുന്നു. സ്ഥാപനം വളരുന്തോറും അതിന്റെ യജമാനന്മാര്ക്കു പദവികളും സമ്പത്തും വര്‍ദ്ധിച്ചേക്കാം. പക്ഷെ, അതിന്റെ നിഴലില്‍ കഴിഞ്ഞുപോരുന്ന ജനവിഭാഗങ്ങള്‍ ഓരോ തിരിവിലും വീണുകൊണ്ടിരിക്കും. തന്റെ തന്നെ വാലറ്റം കടിച്ചു തിന്നാണ് ആ സ്ഥാപനം ശൗര്യം കാണിക്കുക എന്നര്‍ത്ഥം.
22 മെയ് 2015