Article POLITICS

മലബാര്‍ഗോള്‍ഡിനെതിരായ സമരം: ലീഗിന് ഉത്തരവാദിത്തമുണ്ട്


1486652_1520654774877960_3410674168842487549_n[2]

സ്വര്‍ണമാണോ ജീവിതമാണോ വേണ്ടത് എന്ന ചോദ്യം അവര്‍ ചോദിക്കുകയുണ്ടായില്ല. ലോകത്തിന് സ്വര്‍ണം പൂശാന്‍ നിങ്ങളുടെ ജീവിതമെടുക്കുന്നു എന്ന വിധിപ്രസ്താവമേയുണ്ടായുള്ളു. കാക്കഞ്ചേരിയ്ക്കു ചുറ്റുമുള്ള ചേലേമ്പ്ര, പള്ളിക്കല്‍, തേഞ്ഞിപ്പലം ഗ്രാമവാസികള്‍ക്കു നേരെയാണ് ഒരു സ്വര്‍ണാഭരണ മുതലാളി ( മലബാര്‍ ഗോള്‍ഡ്) അങ്കം കുറിച്ചിരിക്കുന്നത്. മാധ്യമങ്ങളെയും ഉദ്യോഗസ്ഥ മേധാവികളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വിലയ്ക്കു വാങ്ങി വന്ധ്യംകരിച്ച ശേഷമാണ് മലബാര്‍ ഗോള്‍ഡ് ജനങ്ങളെ നേരിടാന്‍ എത്തിയത്.

മലബാര്‍ ഗോള്‍ഡ് ആഭരണ നിര്‍മാണ ശാല കാക്കഞ്ചേരി വിടുന്നതുവരെ തുടരുമെന്നു പ്രഖ്യാപിച്ചു പരിസരവാസികള്‍ ആരംഭിച്ച സമരം നൂറ്റി അമ്പത്തിയൊന്നു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ആദ്യമാദ്യം അറച്ചു നിന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍നിന്നു ഒറ്റപ്പെടുമെന്ന സാഹചര്യത്തില്‍ സമരത്തില്‍ പങ്കുചേരാന്‍ നിര്‍ബന്ധിതരായി. പക്ഷെ, തങ്ങളുടെ നേതൃത്വങ്ങളെ തിരുത്താന്‍ അവര്‍ക്കാവുന്നില്ല.

ജനങ്ങള്‍ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ച പ്രതിനിധി ജനങ്ങള്‍ക്കു വേണ്ടിയല്ല, മലബാര്‍ഗോള്‍ഡിനു വേണ്ടിയാണ് സംസാരിക്കുന്നത്. തിരിച്ചു വിളിക്കാന്‍ നിയമമില്ലാത്തതുകൊണ്ടുമാത്രം കെ.എന്‍.എ.ഖാദര്‍ ഇപ്പോഴും എം എല്‍.എയായി തുടരുന്നു. അദ്ദേഹത്തിന്റെ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കൈകാര്യംചെയ്യുന്ന വ്യവസായ വകുപ്പിനു കീഴിലാണ് ഈ അക്രമം നടക്കുന്നത്. വകുപ്പു മന്ത്രി വിചാരിച്ചാല്‍ ഒരു നിമിഷംകൊണ്ട് തീരുമാനമെടുക്കാവുന്നതേയുള്ളു. ജനങ്ങള്‍ വിഷം കഴിച്ചും ശ്വസിച്ചും ഇല്ലാതായാലും മലബാര്‍ ഗോള്‍ഡ് എന്ന മഹാ സ്ഥാപനം ക്ഷീണിക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിക്കാരനാണത്രെ അദ്ദേഹം.

എങ്കിലും പഞ്ചായത്തു തെരഞ്ഞെടുപ്പു വരുന്ന സമയമല്ലേ, നമ്മളും പോയി കരഞ്ഞേക്കാം എന്ന രാഷ്ട്രീയ തീരുമാനമെടുത്ത് പ്രദേശത്തെ ലീഗ് അണികളെ അങ്ങോട്ടു വിട്ടിട്ടുമുണ്ട്. സമരം ശക്തിപ്പെടുത്താനാണോ ക്ഷീണിപ്പിക്കാനാണോ അത് എന്നു വ്യക്തമല്ല. പാണക്കാട്ടുനിന്ന് വലിയ ദൂരമൊന്നുമില്ല മലപ്പുറം ജില്ലയില്‍തന്നെയുള്ള കാക്കഞ്ചേരിയിലേക്ക്. പക്ഷെ ലീഗ് നേതൃത്വം ആ വഴിയൊന്നും ഇപ്പോള്‍ സഞ്ചരിക്കാറില്ല. ദേശിയപാത സ്വകാര്യവത്ക്കരണവും ജനവിരുദ്ധ വികസനവും വന്നപ്പോള്‍ ഇരകളുടെ കുത്തിയൊഴുക്കുണ്ടായി പാണക്കാട്ടേക്കും ലീഗ് ഹൗസിലേക്കും. ഇരകളായ സാധാരണ ലീഗ് പ്രവര്‍ത്തകരും നേതൃത്വവും ഏറ്റുമുട്ടുന്നത് ലോകം കണ്ടു. ഇപ്പോഴാകട്ടെ, ആരും ലീഗ്ഹൗസ് കാരുണ്യത്തിന് കൈനീട്ടി യാചകജാഥ നടത്താന്‍ തയ്യാറാവുന്നില്ല. അനുഭവങ്ങള്‍ എല്ലാവരെയും പഠിപ്പിക്കുന്നുണ്ട്. ഭരണമുള്ളപ്പോള്‍ കരുണയുണ്ടാവില്ല എന്നാവണം ഗുണപാഠം!

സ്വര്‍ണാഭരണ നിര്‍മാണവും ശുദ്ധീകരണവും നടത്താന്‍ നീക്കിവെച്ച വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തുണ്ടായിരിക്കെ അതു പോരാ, ഭക്ഷ്യ സംസ്‌ക്കരണ ഉത്പാദന യൂണിറ്റുകള്‍ക്കു വേണ്ടി നീക്കിവെച്ച സ്ഥലംതന്നെ വേണമെന്ന വാശി മലബാര്‍ഗോള്‍ഡിനുണ്ട്. കരിപ്പൂരിന്റെ സൗകര്യമാണ് അതിനു പിന്നിലെന്നു സംശയിക്കാതെ വയ്യ. ഭക്ഷ്യ യൂണിറ്റുകള്‍ക്കു ലഭിക്കേണ്ട സംരക്ഷണവും പരിഗണനയും ഏറ്റുപറഞ്ഞിരുന്ന കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്ക് ഉദ്ഘാടന സമയത്തെ വാഗ്ദാനങ്ങള്‍ സകല അധികൃതരും മറന്നിരിക്കുന്നു. ജനങ്ങള്‍ക്കു പക്ഷെ അതങ്ങനെ ശ്രദ്ധിക്കാതിരിക്കാനാവില്ല.

കാക്കഞ്ചേരിയില്‍തന്നെ മറ്റൊരനുഭവം ജനങ്ങള്‍ക്കുണ്ട്. രണ്ടു പതിറ്റാണ്ടുകാലമായി ദേശീയപാതക്കരികില്‍ പ്രവര്‍ത്തിച്ചുപോന്ന സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ആ പ്രദേശത്തെ കിണറുകളും കുളങ്ങളുമാകെ മലിനമാക്കി കഴിഞ്ഞിരിക്കുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് കമ്പനി ശുദ്ധജലവിതരണം ആരംഭിക്കുകയും ചെയ്തു.. എന്നാല്‍ ആഴ്ച്ചകള്‍ക്കു മുമ്പ് ആ കമ്പനി അടച്ചു പൂട്ടി സ്ഥലം വിട്ടിരിക്കുന്നു. പ്രദേശത്തെ കുടിവെള്ളം മുട്ടിച്ച് ആവുന്നത്ര വികസിച്ചാണ് അവര്‍ യാത്രയായത്. ഇനി ശുദ്ധജലം നല്‍കുന്നത് ആരാണ്? കുടിവെള്ളം മലിനമാക്കിയവരില്‍നിന്ന് ശുദ്ധജലം ലഭ്യമാക്കാനാവുമോ? പഞ്ചായത്ത് അത് ഏറ്റെടുക്കുമോ? ജനങ്ങളെന്തു ചെയ്യണം?

ദേശീയപാതയുടെ കിഴക്കേ പാളിയില്‍ ഈ അനുഭവം നിലനില്‍ക്കെയാണ് പടിഞ്ഞാറു ഭാഗത്തു മലബാര്‍ഗോള്‍ഡ് രംഗപ്രവേശം ചെയ്യുന്നത്. ബന്ധപ്പെട്ടവരുടെ ഒത്താശയോടെ നിയമങ്ങള്‍ വഴിമാറിയതിനാല്‍ വലിയ കെട്ടിടമാണ് ഉയര്‍ന്നുപൊങ്ങിയത്. ഞങ്ങളൊന്നു ആരംഭിക്കട്ടെ. പ്രശ്‌നമുണ്ടെങ്കില്‍ അപ്പോള്‍ നിര്‍ത്താം എന്നാണ് ഈ റെഡ് കാറ്റഗറി സംരംഭത്തെക്കുറിച്ച് മുതലാളി ഉദാസീനമായി ജനങ്ങളോട് പറയുന്നത്. സിന്തൈറ്റ് അനുഭവത്തിന്റെ തുടര്‍ച്ചയുണ്ടാകാന്‍ ഒരു നിലയ്ക്കും ജനങ്ങള്‍ സന്നദ്ധമല്ല എന്നതിനാല്‍ സമരം ശക്തിപ്പെടുകയാണ്.

വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുപോലും ഏറെ നാളുകള്‍ നീണ്ടു നില്‍ക്കുന്ന സമരം നടത്താന്‍ കഴിയാത്ത കാലമാണ്. ഏതെങ്കിലും മുഖ്യധാരാ പ്രസ്ഥാനത്തിന്റെ കീഴിലല്ലാതെ സമരം അഞ്ചു മാസം പിന്നിട്ടിരിക്കുന്നു. അവര്‍ ക്ഷീണിച്ച് എഴുന്നേറ്റുപോകും അപ്പോള്‍ നമുക്കു നോക്കാം, ഞങ്ങള്‍ സമരം ഏറ്റെടുക്കില്ല തുടങ്ങിയ ഉറപ്പുകളാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ മലബാര്‍ മുതലാളിക്കു നല്‍കിയിരിക്കുന്നതത്രെ. കോടിക്കണക്കിനു രൂപക്കും പ്രമാണിത്തത്തിനും വഴങ്ങി ജനങ്ങളെ ഒറ്റുകൊടുക്കില്ലെന്ന നിര്‍ബന്ധമുള്ള സമര നേതൃത്വം രൂപപ്പെട്ടിരിക്കുന്നു എന്നതാണ് കാക്കഞ്ചേരി സമരത്തെ തിളക്കമുള്ളതാക്കുന്നത്. മന്ത്രിതലത്തിലും രാഷ്ട്രീയ നേതൃത്വങ്ങളിലും മാധ്യമ നേതൃത്വങ്ങളിലും ജനങ്ങളെ തള്ളിക്കളഞ്ഞും മലബാര്‍ ഗോള്‍ഡിന്റെ അക്രമത്തെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്ന എന്താണ് നടന്നിട്ടുണ്ടാവുകയെന്ന് ആര്‍ക്കും ഊഹിക്കാനാവും.

ഈ പ്രദേശത്തെ ജനങ്ങള്‍ക്കും എം എല്‍ എയും മന്ത്രിയും എം പിയുമൊക്കെയുണ്ട്. പക്ഷെ അവരൊക്കെ വികസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്! ജനങ്ങളില്ലെങ്കിലും മലബാര്‍ഗോള്‍ഡിന്റെ കാരുണ്യം മതി അവര്‍ക്ക്. ആ കാരുണ്യത്തിന്റെ സ്വര്‍ണപ്പാത്രംകൊണ്ട് എന്നേക്കും മൂടാനാവുമോ ജനജീവിതം എന്ന സത്യത്തെ? എം എല്‍ എയും എം പിയും വകുപ്പു മന്ത്രിയും മുസ്ലീം ലീഗുകാരാണ്. ആ രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളത്. ആരുടെയൊപ്പമാണ് അവരെന്നു വ്യക്തം. നാട്ടിലെ ലീഗുകാരെ അയച്ച് പന്തലില്‍ ലീഗ് കൊടി നാട്ടിയതുകൊണ്ട് നിങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നു കരുതുക വയ്യ. സമരം നീളുന്ന ഓരോ ദിവസവും നിങ്ങളുടെ നിരുത്തരവാദിത്തത്തിന്റെയും ജനവിരുദ്ധതയുടെയും ചിത്രമാണ് കൂടുതല്‍ക്കൂടുതല്‍ തെളിയുന്നത്.

ഇതിനര്‍ത്ഥം മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിഷ്‌ക്കളങ്കരാണെന്നല്ല. സ്ഥാപനത്തിന്റെ ശിലാസ്ഥാപനത്തിനു എത്തിച്ചേര്‍ന്നതാരൊക്കെയാണെന്നും എന്തൊക്കെയാണ് സംസാരിച്ചതെന്നും ജനങ്ങള്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ഏതൊക്കെ താല്‍പ്പര്യമാണ് ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഒന്നിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. സമരം തീര്‍ക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉടന്‍ അതിനു തയ്യാറാവണം. ദരിദ്രരും സാധാരണക്കാരും നിത്യനിദാനച്ചെലവിനു ക്ലേശിക്കുന്നവരുമായ ജനങ്ങളെ കൂടുതല്‍ പ്രയാസപ്പെടുത്തരുത്.

11219638_412790902214906_737429244941986720_n[1]

20 മെയ് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )