മാവോയിസം ഒരിടത്തെങ്കിലും വിജയിച്ച വിപ്ലവത്തിന്റെ ദര്‍ശനമാണ്. പോരാളികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. വിമോചനത്തിനുള്ള വഴികളില്‍ ഒന്നായി അത് അടയാളപ്പെട്ടിരിക്കുന്നു. മാര്‍ക്സിസത്തിന്റെ കിഴക്കന്‍ ആവിഷ്ക്കാരങ്ങളില്‍ മാവോയിസത്തിനുള്ള സ്ഥാനം അനിഷേധ്യവുമാണ്.
പക്ഷെ, മാവോയിസമെന്നത് ഭീകരവാദമായി അവതരിപ്പിക്കപ്പെടുന്നു. സായുധ വിപ്ലവം എന്നത് ആയുധമെടുത്ത് ആളുകളെ കൊല്ലലായി മാറ്റിത്തീര്ക്കുന്നതാരാണ്? ഭരണകൂടത്തിന്റെ അജണ്ടയാണോ അതോ മാവോവാദി പ്രസ്ഥാനങ്ങളുടെ അപക്വ നിലപാടുകളാണോ? മാവോ ആധുനിക ചൈനയുടെ രാഷ്ട്രപിതാവാണ്. കൊള്ളക്കാരനോ ഭീകരവാദിയോ അല്ല. ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രപിതാവ് അദ്ദേഹം ആവിഷ്ക്കരിച്ച വിപ്ലവ പദ്ധതിയുടെ പേരില്‍ അയല്‍രാജ്യത്തിന് ഭീകരവാദിയായിത്തീരുമോ? മാവോയുടെ രചനകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? അതു വായിക്കുന്നതും പുസ്തക ഷെല്ഫുകളില് സൂക്ഷിക്കുന്നതും കുറ്റകരമാണോ?
1920കളില്‍ ലെനിന്റെ വഴി പിന്തുടരുന്നത് വലിയ കുറ്റമായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവം ഒട്ടേറെ പഴിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കുപ്രസിദ്ധമായ മീററ്റ് – കാണ്‍പൂര്‍ ഗൂഢാലോചനാ കേസുകള്‍ അങ്ങനെയുണ്ടായതാണ്. കമ്യൂണിസ്റ്റുകാര്‍ പതിറ്റാണ്ടുകളോളം വേട്ടയാടപ്പെട്ടത് അതിന്റെ പേരിലാണ്. ഭരണത്തിലേക്ക് എത്തിയിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റുകാരനാവുക ഇപ്പോഴും പ്രയാസകരമാണ്. ഹോചിമീന്റെയോ കാസ്ട്രോയുടെയോ ചെഗുവേരയുടെയോ വഴികളും ഭീതിയോടെ കാണുന്ന ഭരണകൂടങ്ങളാണല്ലോ നമുക്കുള്ളത്.
അപ്പോള്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പിന് കാരണം വേണം. ഇടതുപക്ഷ സാഹസികതയാണത് എന്ന് ഇന്ത്യന്‍ നക്സലൈറ്റ് പാതക്കെതിരെ ബി.ടി.രണദിവെ വിമര്‍ശമുന്നയിച്ചത് രാജ്യത്തെ ഭരണകൂടത്തെ വിലയിരുത്തുന്നതില്‍ അവര്‍ക്കുണ്ടായ പിഴവ് അവരുടെ വിപ്ലവ തന്ത്രത്തെയും ദുര്‍ബ്ബലപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. അതൊരു കാഴ്ച്ചപ്പാടും സമീപനവുമാണ്. വിപ്ലവം സംഘടിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തിന് തെരഞ്ഞെടുപ്പുകളെ കീഴ്പ്പെടുത്തണമെന്ന് അവര്‍ പറയുന്നതു ശരിതന്നെ. എന്നാല്‍ സാഹചര്യം പരിഗണിക്കാതെ തെരഞ്ഞെടുപ്പുകളെ പാടേ തള്ളിക്കളയണം എന്ന് തീരുമാനിക്കുന്നത് ലെനിന് പറയുന്നതുപോലെ പരമാബദ്ധമാവുമെന്നും ബി.ടി.ആര് ചൂണ്ടിക്കാട്ടുന്നു (ഇടതുപക്ഷ സാഹസികത്വം എന്ന പുസ്തകം).
ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്ക്കകത്ത് വ്യത്യസ്താഭിപ്രായങ്ങളുള്ളത് വിപ്ലവ പരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ചാണ്. അതുണ്ടാക്കുന്ന പ്രായോഗിക പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. ഇടതുപക്ഷ തീവ്രവാദത്തെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും വിപ്ലവ ഘട്ടത്തിലെ ബലപ്രയോഗം പാടേ തിരസ്ക്കരിച്ചവരല്ല. ചുരുക്കത്തില്‍ ഒരേ വിപ്ലവത്തിന്റെ വ്യത്യസ്ത പരിപാടികള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണവര്‍.
ഇതര ജനാധിപത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഈ ബോധ്യം വേണ്ടുവോളമുണ്ട്. നിലവിലുള്ള ചൂഷണാധിഷ്ഠിത സമുദായ ക്രമം ദൈവകല്പ്പിതമാണെന്ന ചിന്തയാണവരെ നയിക്കുന്നത്. അതു മാറ്റുക അവരുടെ ലക്ഷ്യമല്ല. അല്‍പ്പം ചില സഹായ സഹകരണങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്യുക, അധികാരം പരമാവധി സമയം കൈപ്പിടിയില്‍ ഒതുക്കുക, അതു വഴിയുണ്ടാക്കാവുന്ന നേട്ടങ്ങള്‍ നേടുക എന്നിടത്തോളമേ അവരുടെ താല്‍പ്പര്യങ്ങള്‍ നീളുന്നുള്ളു. അതിനാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് രാജിയാവാന്‍ സാധാരണ നിലയില്‍ അവര്‍ക്കു സാധ്യമല്ല. എന്നാല്‍ വലതു ജീര്‍ണതകളില്‍ വീണു വഴിമാറിയ കമ്യൂണിസ്റ്റ് നാമധാരികളായ പ്രസ്ഥാനങ്ങളോട് വിട്ടു വീഴ്ച്ചയ്ക്ക് അവര്‍ ഒരുക്കവുമാണ്.
തെരഞ്ഞെടുപ്പില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വിപ്ലവത്തിനപ്പുറം താല്പ്പര്യങ്ങളില്ലാത്തതിനാല് അവരെ വശത്താക്കുക വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ക്ലേശകരമാകുന്നു. സ്വകാര്യ താല്‍പ്പര്യങ്ങളില്ലാത്ത സന്നദ്ധ സൈന്യത്തെ ജനങ്ങള്‍ പിന്തുണയ്ക്കുക സ്വാഭാവികമാണ്. ഇത് ഭരണ സംവിധാനങ്ങളെ ചൊടിപ്പിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഒറ്റുകാരെ സൃഷ്ടിക്കാനുള്ള ശ്രമവും വിമോചന പ്രസ്ഥാനങ്ങള്‍ ജനവിരുദ്ധമെന്നു സ്ഥാപിക്കാനുള്ള ശ്രമവും പുതിയ മുതലാളിത്തത്തിനും അതിന്റെ ഭരണകൂടത്തിനും നിര്‍വ്വഹിക്കേണ്ടി വരുന്നു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സാധ്യമല്ല.
സ്വന്തം പ്രദേശങ്ങളില്‍ ചെന്നു ചൂഷിത ജനവിഭാഗങ്ങളെ സംഘടിപ്പിക്കുവിന്‍ എന്നാണ് ഭഗത്സിംഗും ഗാന്ധിജിയും നേതാജിയും എ കെ ജിയും ഒക്കെ ആഹ്വാനം ചെയ്തത്. എല്ലാ ജനകീയ പ്രസ്ഥാനങ്ങളും അതിനാണ് ശ്രമിക്കുക. ഇത്തരം മുന്നേറ്റങ്ങള്‍ക്കു വിശ്രമകാലം വരണമെങ്കില്‍ സാമൂഹിക നീതിയും സമത്വവും കൈവരണം. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭരണ വര്‍ഗ പ്രസ്ഥാനങ്ങളായതോടെ പഴയ മുദ്രാവാക്യങ്ങള്‍ അവര്‍ മറന്നു. ജനകീയ മുന്നേറ്റങ്ങളെ അവര്‍ ശത്രുതയോടെ കാണാനാരംഭിച്ചു. നിലവിളിക്കുകയും പൊട്ടിത്തെറിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരെല്ലാം തീവ്രവാദികളെന്നു അവര്‍ മുദ്രയടിക്കാനാരംഭിച്ചു. കുടിയൊഴിപ്പിക്കലിനെതിരെയോ പരിസ്ഥിതി നശീകരണത്തിനെതിരെയോ കൃഷിഭൂമിക്കു വേണ്ടിയോ സമരം ചെയ്യുന്നത് തീവ്രവാദമോ ഭീകരവാദമോ ആണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണകൂടവും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോര്‍ത്തു.
ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുന്നതോ തൊഴിലുകളില്‍ നിന്നു പുറന്തള്ളുന്നതോ നിത്യപട്ടിണിക്കാരായി മാറ്റുന്നതോ കര്‍ഷകരെ ആത്മഹത്യയിലേക്ക് ഉന്തിവിടുന്നതോ കുടിവെള്ളവും ശുദ്ധവായുവും നിഷേധിക്കപ്പെട്ട് മരണത്തെക്കാള്‍ ദയനീയമായ ജീവിതത്തിലേക്കു തള്ളുന്നതോ അങ്ങനെ സ്വരൂപിക്കപ്പെടുന്ന മൂലധനം ഒരു ശതമാനം ആളുകളിലേക്കു കേന്ദ്രീകരിക്കുന്നതോ നമ്മുടെ ജനാധിപത്യക്രമത്തില്‍ കുറ്റകരമാവുന്നില്ല. ദരിദ്രരുടെയും സാധാരണക്കാരുടെയും സ്വത്തും ജീവനും ധനമൂലധന മൂര്‍ത്തികള്‍ക്ക് തൃപ്പടിദാനം നല്കുന്ന ഭരണാധികാരികള്‍ കോടിക്കണക്കിനു രൂപ കോഴയും പറ്റുന്നു. അവര്‍ക്കൊന്നുമെതിരെ നിയമങ്ങളില്ല. അവര്‍ രാജ്യത്തെ വഞ്ചിക്കുന്ന വിധം, അവര്‍ ജനങ്ങളെ ഇല്ലാതാക്കുന്ന വിധം അത്രയും ക്രൂരമായ ഇടപെടല്‍ മറ്റൊരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതല്ലേ വാസ്തവം?
നിയമനിര്‍മാണ സഭകള്‍ പാസാക്കാന്‍ ഉത്സാഹിക്കുന്ന നിയമനിര്‍മാണങ്ങളെല്ലാം ഈയിടെ പരിപൂര്‍ണമായും ജനവിരുദ്ധമായിരിക്കുന്നു. ഇത്തിരിപ്പേരുള്ള ചൂഷക കോര്‍പറേറ്റുകളെ തീറ്റിപ്പോറ്റാന്‍ ജനകോടികളെ ചവിട്ടിമെതിക്കുന്ന ഭരണം തീര്‍ച്ചയായും പ്രതിഷേധങ്ങളെ ക്ഷണിക്കുകയാണ്. പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും വീര്യമൊടുങ്ങണമെങ്കില് ഗവണ്മെന്റിന്റെ നയം മാറ്റുകയാണ് വേണ്ടത്. ജനാധിപത്യ ഗവണ്മെന്റുകള് ജനങ്ങളുടെ ഇച്ഛകള്‍ക്കൊത്തു പ്രവര്‍ത്തിക്കണം. പ്രതിഷേധിക്കുന്നവരെ തളയ്ക്കാനുള്ള ഭീകരനിയമങ്ങള്‍ പിന്‍വലിക്കണം. ചൂഷകര്‍ക്കെതിരായ മുന്നേറ്റങ്ങളെയല്ല, ജനങ്ങള്‍ക്കെതിരായ അക്രമങ്ങളെയാണ് തടയേണ്ടത്.
ജനാധിപത്യ ക്രമങ്ങളെയല്ല, തീരെ ജനാധിപത്യപരമല്ലാത്ത അധികാര മേധാവിത്തങ്ങളെയാണ് പോരാളികള്‍ എതിര്‍ക്കുന്നത്. അസമത്വങ്ങളെയാണ് എതിര്‍ക്കുന്നത്. കണ്ടറിയാത്തവന്‍ കൊണ്ടറിയട്ടെ എന്നു ചിലരൊക്കെ തീരുമാനിക്കുന്നുവെങ്കില്‍ അതിനു വിചാരണ ചെയ്യപ്പെടേണ്ടത് ആ സാഹചര്യം സൃഷ്ടിച്ചവര്കൂടിയാണ്. വ്യാജ ഏറ്റു മുട്ടലുകളുണ്ടാക്കുന്നതില് കുപ്രസിദ്ധമായ സേനകളുണ്ട് നമുക്ക്. അതു ജനങ്ങള്‍ക്കെതിരായ യുദ്ധസേനയാണ്. അവരുടെ ന്യായീകരണങ്ങള്‍ മതിയാവില്ല നീതിബോധമുള്ള ജനതക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍.
രൂപേഷും ഷൈനയും പിടിക്കപ്പെട്ടതോടെ നാട്ടില്‍ സമാധാനം പിറന്നു എന്ന മട്ടിലുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമായിരിക്കുന്നു. ആളുകളെ പിടികൂടാനും ഉരുട്ടിയോ വെടിവെച്ചോ കൊല്ലാനും നിങ്ങള്‍ക്കാവുമെന്ന് ആര്‍ക്കാണറിയാത്തത്? അങ്ങനെ വലിയ വേട്ടകള്‍ മുമ്പും നടത്തിയിട്ടുണ്ടല്ലോ? പിന്നെയും എങ്ങനെയുണ്ടായി രൂപേഷുമാര്? ഇല്ലാതാക്കേണ്ടതിനെയല്ല നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഈ വീര്യം ജനശത്രുക്കള്ക്കു നേരെ തിരിയുന്നില്ലല്ലോ.
രൂപേഷും ഷൈനയും അവരുടെ സംഘവും തെറ്റു ചെയ്തുവെങ്കില്‍ വിചാരണ ചെയ്യപ്പെടട്ടെ. പക്ഷെ, രാജ്യത്തിന്റെ സമാധാനത്തിന് അവരാണ് മുഖ്യതടസ്സം എന്നൊക്കെയുള്ള വിശദീകരണങ്ങള്‍ രാഷ്ട്രീയ യുക്തിക്കു ചേര്‍ന്നതല്ല. നാടിന്റെ മോചനത്തിന് കാടു കയറേണ്ടിവന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് അഭിമാനിക്കുന്ന ആമിയോളം സ്നേഹവും വിവേകവും നാം പ്രകടിപ്പിക്കേണ്ടതല്ലേ? മാവോയിസം തനിക്കറിയില്ലെന്ന് ആമി പറയുന്നു. പക്ഷെ, ജനങ്ങളുടെ വിമോചനം ആ കുട്ടി പരമപ്രധാനമായി കാണുന്നു. തീര്‍ച്ചയായും രൂപേഷും കൂട്ടരും അങ്ങനെയായിരിക്കാം. അവരെ നയിച്ച വഴികളുടെ ശരിതെറ്റുകള്‍ വിചാരണ ചെയ്യാം. തെറ്റിനു ശിക്ഷിക്കാം. അപ്പോഴൊക്കെ ഒരു വലിയ ശരി ബാക്കി നില്ക്കും. നീതി തേടി കാടു കയറേണ്ട വിധം അനീതികള്‍ ആളുകയാണ് ചുറ്റും. നീതിബോധമുള്ളവരും ലക്ഷ്യബോധമുള്ളവരും ഇനിയും പുറപ്പെട്ടു പോകും. അതു തടയണമെങ്കില്‍ സമത്വ ലോകത്തിനു വേണ്ടിയുള്ള ജനകീയ മുന്നേറ്റം ശക്തിപ്പെട്ടേ മതിയാകൂ.
6 മെയ് 2015
ജന്മം കൊണ്ടല്ല ശത്രുക്കലാവുന്നത് കർമ്മംകൊണ്ടാണ് …
LikeLike