വിപ്ലവകാരികളായ ഭഗത്സിംഗും ബാദുകേശ്വര്‍ ദത്തും പാര്‍ലമെന്റില്‍ ബോംബെറിഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ചത് ഇന്ത്യക്കു മറക്കാനാവാത്ത ഓര്‍മ്മയാണ്. 1929 ല്‍ ആയിരുന്നു അത്. ആരെയെങ്കിലും കൊല്ലുകയായിരുന്നില്ല, അധികാര കേന്ദ്രത്തെ സ്തംഭിപ്പിക്കുകയായിരുന്നു അവരംഗങ്ങളായ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ലക്ഷ്യം. ബോംബെറിഞ്ഞ് പടരുന്ന പുകപടലങ്ങള്ക്കകത്ത് ഓടിപ്പോകാന്‍ അവസരമുണ്ടായിട്ടും അവിടെത്തന്നെ നിന്നു മുദ്രാവാക്യം വിളിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയുമായിരുന്നു അവര്‍.
പാര്‍ലമെന്റില്‍ അന്നു രണ്ടു നിയമനിര്‍മാണങ്ങളുടെ ചര്‍ച്ചയാണു നടന്നിരുന്നത്. പൊതുരക്ഷാ ബില്ലിന്റെയും ട്രേഡ് യൂണിയന്‍സ് ആക്റ്റിന്റെയും. അവയുടെ ജനവിരുദ്ധ നിലപാടുകള്‍ അകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സഭയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കിക്കൊണ്ട് ഭഗത്സിംഗും ബാദുകേശ്വര്‍ ദത്തും കൊടുങ്കാറ്റു വിതച്ചത്. അതൊക്കെ ഇപ്പോള്‍ ചരിത്രം.
ചരിത്രം നമ്മോട് ആവശ്യപ്പെടുന്നുണ്ട്:ചിലതൊക്കെ മറക്കരുതേ എന്ന്. പാര്‍ലമെന്റില്‍ വിതറിയ ലഘുലേഖ ഇങ്ങനെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്: ബധിരന്മാരെ കേള്‍പ്പിക്കാന്‍ അത്യുച്ചത്തിലുള്ള ശബ്ദം മുഴക്കണമെന്നു അഗസ്തെ വാലൈന്റാണ് പറഞ്ഞത്. ( ഫ്രഞ്ച് നിയമ നിര്‍മാണ സഭയില്‍ 1893 ഡിസംബര്‍ 9ന് ബോംബെറിഞ്ഞു പ്രതിഷേധിച്ച പോരാളിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഭരണകൂടം വധശിക്ഷക്കു വിധേയമാക്കി. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ 1894 ഫെബ്രുവരി 5നായിരുന്നു ശിക്ഷ നടപ്പായത്). വാലൈന്റൈന്റെ വാക്കുകള്‍ തന്നെയാണ് ഞങ്ങളുടെ പ്രവൃത്തിക്കുമുള്ള ന്യായീകരണം. പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്ന പേരില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ജനങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ അനുഭവം ഞങ്ങളോര്‍ക്കുന്നു. ഇന്ത്യാരാജ്യത്തിനു നേരെയുള്ള അവഹേളന കൊടുങ്കാറ്റ് അഴിച്ചു വിടാന്‍ ഈ പാര്‍ലമെന്റ് വേദിയാകുന്നതും നമ്മള് കാണുന്നു. സൈമണ്‍ കമ്മീഷനില്‍നിന്നു കുറെകൂടി പരിഷ്ക്കാരങ്ങള്‍ ചിലരൊക്കെ പ്രതീക്ഷിച്ചിരിക്കുന്നു. ചിലരൊക്കെ കിട്ടിയതിനെ സംബന്ധിച്ചു വഴക്കടിക്കുന്നു. ഭരണാധികാരികളോ, പത്രമാരണ നിയമം അടുത്ത സമ്മേളനത്തിലേക്കു മാറ്റി വെച്ച് പൊതു രക്ഷാ ബില്‍, തൊഴില്‍ തര്‍ക്ക ബില്‍ എന്നിങ്ങനെയുള്ള നൂതന നിയന്ത്രണ നടപടികള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേള്പ്പിക്കുകയാണ്. അടുത്തയിടെയുണ്ടായ തൊഴിലാളി നേതാക്കളുടെ സംശയാസ്പദമായ അറസ്റ്റുകള്‍ കാര്യങ്ങളുടെ പോക്ക് ഏതു വഴിക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്.
1929 മാര്‍ച്ചില്‍ നടന്ന ചില സംഭവങ്ങളാണ് ലഘുലേഖയില്‍ സൂചിപ്പിക്കുന്നത്. പ്രസിദ്ധമായ മീററ്റ് ഗൂഢാലോചനാ കേസാണത്. ഇന്ത്യയില്‍ തൊഴിലാളി സമരം സംഘടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ മൂന്നു ഇംഗ്ലീഷുകാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി നേതാക്കളെ അറസ്റ്റു ചെയ്തു തടവിലാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അറസ്റ്റിലായി. ഇന്ത്യയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം വളരുന്നു എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ചു. ഷൗക്കത്ത് ഉസ്മാനിയും മുസാഫര്‍ അഹമ്മദും എസ് എ ഡാങ്കെയും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഒരു ശാഖ ഇന്ത്യയിലാരംഭിച്ചതാണ് കള്ളക്കേസുകള്‍ക്ക് നിമിത്തമായത്. തൊഴിലാളി സംഘടനകളുടെ രൂപീകരണത്തെ രാജ്യത്തു വളരാന്പോകുന്ന പുതിയ രാഷ്ട്രീയമായാണ് ഭരണാധികാരികള്‍ കണ്ടത്. ഭഗത്സിംഗും ദത്തും വിതറിയ ലഘുലേഘകള്‍ ഇത്തരം മാരണ നിയമങ്ങള്‍കൊണ്ട് ജനങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നു മുന്നറിയിപ്പു നല്കി.
ലഘുലേഖ തുടരുന്നു: പാര്‍ലമെന്റിന്റെ തലകുനിപ്പന് പ്രഹസനം അവസാനിപ്പിക്കണം. വിദേശീയരും സ്വേഛാധിപതികളുമായ ചൂഷകരെ അവരുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ വിട്ടുകൂടാ എന്നാണ് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ സംഘടന തീരുമാനിച്ചിട്ടുള്ളത്. അവരെ അവരുടെ തനിനിറത്തില്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ടു വരേണ്ടതുമുണ്ട്. ജനപ്രതിനിധികള്‍ അവരുടെ നിയോജക മണ്ഡലങ്ങളിലേക്കു മടങ്ങുകയും ആസന്ന വിപ്ലവത്തിന് ജനങ്ങളെ ഒരുക്കുകയും ചെയ്യട്ടെ. പൊതുരക്ഷാ ബില്ലിനെയും തൊഴില്‍ തര്‍ക്ക ബില്ലിനെയും എതിര്‍ക്കുകയും ലാലാ ലജ്പത്റായിയുടെ വധത്തില്‍ പ്രതിഷേധിക്കുകയും ചെയ്യുമ്പോള്‍തന്നെ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു.വ്യക്തികളെ കൊന്നൊടുക്കുക എളുപ്പമാണ്. പക്ഷെ, ആശയങ്ങളെ കൊല്ലുക അസാദ്ധ്യമാണ്. ചരിത്രം പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഈ പാഠം മറക്കേണ്ട. വലിയ സാമ്രാജ്യങ്ങള്‍ തകര്‍ന്നു . അപ്പോഴും ആശയങ്ങള്‍ അതിജീവിച്ചു. ബോര്ബണ്മാരും സാര്‍മാരും നിലം പതിച്ചു. വിപ്ലവകാരികള്‍ വിജയപൂര്‍വ്വം മുമ്പോട്ടുതന്നെ സമരയാത്ര ചെയ്തു.
ഏറെക്കുറെ ദീര്‍ഘമായി ഈ ലഘുലേഖ ഉദ്ധരിച്ചത് ചൂഷകരോടുള്ള സമരം നാം ആരംഭിച്ചത് എങ്ങനെയായിരുന്നുവെന്ന് ഒരിക്കല്‍കൂടി ഓര്‍ക്കാനാണ്. തൊഴിലാളികളുടെ അവകാശ സമരത്തെ എല്ലാ ചൂഷണങ്ങള്‍ക്കുമെതിരായ സമരമായി എങ്ങനെ മാറി എന്നു വിശദീകരിക്കാനാണ്. സമരം ആത്മബലിയാകുന്നത് എങ്ങനെ എന്ന് അടയാളപ്പെടുത്താനാണ്. ഇപ്പോള്‍ നാം പിരിയന്‍ ഗോവണിയിലൂടെ എത്തിപ്പെട്ടിരിക്കുന്നത് സമാനമായ സാഹചര്യത്തിലാണ് എന്നു തിരിച്ചറിയാനാണ്.
ഇന്ത്യയില്‍ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവപ്രസ്ഥാനം രൂപംകൊണ്ടു തുടങ്ങിയ നാളുകളിലാണ് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന് മുകളില്‍ പറഞ്ഞതുപോലെ ഒരു ലഘുലേഖ തയ്യാറാക്കിയത്. എട്ടര പതിറ്റാണ്ടു പിന്നിടുമ്പോള്‍ തൊഴിലാളി സംഘടനകളും തൊഴിലാളി പ്രസ്ഥാനങ്ങളും ഒട്ടേറെ മുന്നോട്ടും പിറകോട്ടും പോയിരിക്കുന്നു. ഏറെ നേടുകയും എല്ലാം കയ്യൊഴിയുകയും ചെയ്തിരിക്കുന്നു. തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശം മാത്രമല്ല, തൊഴില്‍ തന്നെയും ഉറപ്പില്ലാതായിരിക്കുന്നു. ക്ഷേമ പദ്ധതികളെല്ലാം ഒന്നൊന്നായി പിന്‍വലിക്കപ്പെടുന്നു. മിനിമം വേതനം ഉറപ്പു വരുത്താനാവുന്നില്ല. വന്‍തോതിലുള്ള കോണ്ട്രാക്റ്റു വല്‍ക്കരണം മനുഷ്യത്വ രഹിതമായ ചൂഷണത്തിലേക്ക് വഴി തുറന്നിരിക്കുന്നു.
വന്‍കിട മൂലധന ശക്തികള്‍ക്ക് രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും ചാര്‍ത്തിക്കൊടുക്കുകയാണ് ഗവണ്മെന്റുകള്. സാമൂഹിക സുരക്ഷാ സംവിധാനങ്ങളെല്ലാം ഇല്ലാതാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ കച്ചവടലോബികള്ക്കു കൈമാറുകയാണ്. കോര്‍പറേറ്റ് മുതലാളിത്തമാണ് ഭരിക്കുന്നത്. ജനങ്ങളുടെ സ്വത്തും ജീവനും കയ്യേറാനും അവരെ തോന്നുന്നതുപോലെ കുടിയൊഴിപ്പിക്കാനും പാകത്തില്‍ കുടിയൊഴിപ്പിക്കല്‍ ഭേദഗതി നിയമവും കൊണ്ടു വന്നിരിക്കുന്നു. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും അസംഘടിത തൊഴിലാളികളും ഒരേ പോലെ ചൂഷണത്തിനു വിധേയമായി ജീവിക്കാന്‍ പ്രയാസപ്പെടുന്നു.
പുത്തന്‍ കോര്‍പറേറ്റ് സാമ്രാജ്യത്വം രാജ്യങ്ങളെയെമ്പാടും ഘടനാപരമായി നവീകരിച്ച് മൂലധനോന്മുഖമാക്കുകയാണ്. നിയമങ്ങളെല്ലാം ജനവിരുദ്ധമായി പുതുക്കിപ്പണിയുകയാണ്. ഏറ്റവുമൊടുവില്‍ 1926ലെ ട്രേഡ് യൂണിയന് നിയമവും 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് നിയമവും 1947ലെ വ്യവസായ തര്‍ക്ക നിയമവും ഒന്നിപ്പിച്ച് പുതിയൊരു ബില്ല് രൂപപ്പെടുത്തിയിരിക്കുന്നു. ലേബര്‍കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്‍ 2015 ആണത്. മന്ത്രിസഭയുടെ തീരുമാനം വരാനിരിക്കുകയാണ്. തൊഴിലാളി സംഘടനാ രജിസ്ത്രേഷന്, തൊഴില്‍ നിബന്ധനകളും ചട്ടങ്ങളും, തൊഴില്‍ തര്‍ക്കം സംബന്ധിച്ച അന്വേഷണവും പരിഹാരവും തുടങ്ങിയ വിഷയങ്ങളിലെല്ലാം പുതിയ നിര്‍ദ്ദേശങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. തൊഴില്‍ദാതാക്കളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഊന്നല്‍. 1926നെക്കാള്‍ തൊഴിലാളി വിരുദ്ധമാണ് പുതിയ ബില്ല്. സമരങ്ങള്‍ക്ക് വലിയ തോതിലുള്ള നിയന്ത്രണമാണുണ്ടാവുക. പിരിച്ചു വിടലിന് ആക്കം കൂടും. തൊഴില്‍ദാതാവിന് അമിത സ്വാതന്ത്ര്യം ലഭ്യമാകും. മുന്നൂറു പേര്‍വരെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. നിലവിലുള്ള അവകാശങ്ങളെല്ലാം ചോര്‍ന്നു പോകുകയാണ്.
ഇപ്പോഴും പാര്‍ലമെന്റിലെ ഭൂരിപക്ഷംകൊണ്ട് ജനങ്ങളുടെ നിലവിളികള്‍ കേള്‍ക്കില്ലാ എന്നാണ് ഭരണാധികാരികളുടെ നിലയെങ്കില്‍ അവരെ കേള്‍പ്പിക്കാനുള്ള വഴി കണ്ടെത്താതിരിക്കുന്നതെങ്ങനെ? കേള്‍ക്കില്ലാ എന്നു ശഠിക്കുന്നവരെ കേള്‍പ്പിക്കുന്ന ഭാഷ കണ്ടെത്തലും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതാണ് ഭഗത്സിംഗും ബാദുകേശ്വര്‍ ദത്തും പഠിപ്പിക്കാന്‍ ശ്രമിച്ചത്.
തങ്ങളുടെ സംഘടനയില്‍ പെട്ടവര്‍ക്കുമാത്രം സഹായം , അംഗത്വമുള്ളവരുടെ പ്രശ്നമേ പ്രശ്നമാകൂ, സംഘടനക്കു പുറത്തുള്ളവരുടെ പ്രശ്നം നമ്മുടെ തലവേദനയല്ല എന്നിങ്ങനെയുള്ള പുതിയ സംഘടനാ ശാഠ്യങ്ങള്‍ സംഘടനകളും പുനപ്പരിശോധിക്കേണ്ടതുണ്ട്. എല്ലാ ദുര്‍വൃത്തര്‍ക്കും ഒളിച്ചിരിക്കാനുള്ള താവളമായി സംഘടനകള്‍ മാറിക്കൂടാ. പുതിയ ഉത്തരവാദിത്തം തിരിച്ചറിയാനും ഏറ്റെടുക്കാനുമുള്ള തിരിച്ചറിവും കരുത്തും സംഘടനകള്‍ക്കുണ്ടാവണം. അസംഘടിത ജനകോടികളെ അഭിസംബോധന ചെയ്യണം. ചൂഷകര്‍ക്കെതിരായ പൊതു ഐക്യം ഇനിയും രൂപപ്പെട്ടില്ലെങ്കില്‍, സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാഷ്ട്രമെന്ന ഭരണഘടനയിലെ വാക്യംതന്നെ അവര്‍ തിരുത്തിയെഴുതിയേക്കും. അതൊരു എഴുത്തിന്റെ പ്രശ്നമല്ല. എന്തെന്നാല്‍ അങ്ങനെ എഴുതുക കോടിക്കണക്കായ ജനതയുടെ ചോരകൊണ്ടാവും.
4 മെയ് 2015