Article POLITICS

പോരാളികള്‍ക്ക് ഒറ്റപ്പദമുള്ള ഒരു ഭാഷയാണ് ടീപി

 tpc


(ടി.പി.ചന്ദ്രശേഖരന്)

കലണ്ടറില്‍ മെയ് നാലിന് എപ്പോഴും ചുവപ്പു നിറമാണ്. മെയ് ദിനം പോലെ അതെന്തോ ഓര്‍മ്മപ്പെടുത്തുകയും എന്തിനോ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഒട്ടേറെ വേര്‍പാടുകളും രക്തസാക്ഷിത്വങ്ങളും കടന്നുപോന്നിട്ടുണ്ട്. അപ്പോഴൊക്കെ അറിഞ്ഞതിലും തീവ്രമായ ഒരു വിനിമയമാണിത്. ഒറ്റ വാക്കുള്ള ഒരു ഭാഷയില്‍ എങ്ങുമുള്ള മനുഷ്യര്‍ക്ക് വിമോചനത്തിന്റെ കവിതയോ വിപ്ലവത്തിന്റെ മാനിഫെസ്റ്റോയോ എഴുതിയിരിക്കുന്നു.

ജീവിച്ചതിനും അപ്പുറത്തുള്ള കാലദേശങ്ങളിലേക്ക് അയാള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന് അയാളില്‍ അടയാളങ്ങള്‍ പതിക്കാനാവുന്നില്ല. അയാള്‍തന്നെയായിരിക്കുന്നു കാലം.

ടീപി മലയാളത്തില്‍ ഒരു വാക്കല്ല. അതു വാക്കെന്നു കരുതി അര്‍ത്ഥം ചികഞ്ഞവര്‍ക്ക് ഒരു ശബ്ദതാരാവലിയും സമാധാനം നല്‍കിയില്ല. സമാനമായ ശബ്ദങ്ങള്‍ക്കെല്ലാം സഞ്ചയിക്കപ്പെട്ട അര്‍ത്ഥങ്ങളുണ്ടല്ലോ ഈ വാക്കിനു മാത്രമെന്ത് എന്നവര്‍ നാണമില്ലാതെ കലഹിക്കുന്നു.

ടീപി എന്നത് ഒരു പദവും ഒരു ഭാഷയുമാണ്. അതിന് അര്‍ത്ഥമറിയാന്‍ പോരാളികള്‍ക്ക് ഒരു നിഘണ്ടുവിന്റെയും ആവശ്യമില്ല. പരിചിത ഭാഷകളുടെ വ്യാകരണം പഠിച്ച് ഈ ശബ്ദത്തെ അളന്നുകളയാമെന്ന മോഹവും വേണ്ട. അക്ഷരമാലയോ വ്യാകരണമോ കൂടാതെ ലോകത്തെ സവിശേഷ വ്യവഹാര പഥങ്ങളില്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്ന അപൂര്‍വ്വം ഭാഷാനുഭവങ്ങളുണ്ട്. അത് ഉച്ചരിക്കുംതോറും വാക്ക്, വാക്കില്‍ പൊടിഞ്ഞുണരുന്ന പേമാരിയോ പൊട്ടിപ്പൊട്ടി പ്രവഹിക്കുന്ന മഹാനദിയോ ആവുന്നു.

സാധാരണമായി ജീവിച്ച ഒരു വാക്ക് പിളര്‍ന്നൊഴുകാന്‍ തുടങ്ങുമ്പോള്‍ അസാധാരണമായ ജീവിതത്തിന്റെ സന്ദേശമാകുന്നു എന്നു നാം അറിഞ്ഞു. എത്രപേര്‍ വെട്ടി വെട്ടി അരിയാന്‍ ശ്രമിച്ചിട്ടും ശൂന്യതയിലേക്കാഴാതെ ഉയര്‍ന്നു പൊന്തിയ ഒരു ശിരസ്സ്. തെറിച്ചു വീണ വെളിച്ചം,ശബ്ദം,രക്തം, സ്വപ്നം .. ഇവയൊക്കെ മുമ്പും ഒറ്റയൊറ്റയായി എത്രയോ ഇടങ്ങളില്‍ ചിതറി വീണിരിക്കുന്നു. ഇപ്പോഴാവട്ടെ, എല്ലാം കലര്‍ന്ന് പലമട്ട് ചേര്‍ന്ന് മനുഷ്യകുലത്തിന് കാഴ്ച്ചയുടെ കൊടിപോലെ ഒരു വാക്ക്.

രാജ്യത്തിനു കുറുകെ ഒരാള്‍ ഒറ്റയ്ക്ക് , മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കൂറ്റന്‍ പ്രകടനമായി നടന്നു പോകുന്നു. ഒരു വളവിലും അതവസാനിക്കുന്നില്ല. അതവസാനിച്ചിട്ട് ഇനി ആര്‍ക്കുമൊന്നും ആരംഭിക്കാനുമാവില്ല. അശാന്തരുടെ നിലവിളികളും പ്രക്ഷുബ്ധ ജനതകളുടെ അവകാശവാദങ്ങളും പൊട്ടിത്തെറിക്കുന്ന വാക്ക് അസ്തമിക്കണമെങ്കില്‍ അന്യന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന കാലം പിറവിയെടുക്കണം.

ടിപിയെ ഓര്‍ക്കുക എളുപ്പമല്ല. വിയോജനത്തിന്റെയും വിട്ടുപോരലിന്റെയും മാത്രം വാക്കല്ല അത്. തനിക്കു മുമ്പെപ്പോഴോ ആരംഭിച്ച, താനുള്‍പ്പെട്ട ഒരു മഹാ പ്രസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയോടും ചരിത്രത്തിന്റെ നിര്‍ബന്ധത്തോടും ചേര്‍ത്തു നിര്‍ത്തണമായിരുന്നു അയാള്‍ക്ക്. എന്തില്‍നിന്നാണോ മോചനം വേണ്ടത് അതിന്റെ എല്ലാ രൂപങ്ങള്‍ക്കുമെതിരെ പൊരുതണമായിരുന്നു അയാള്‍ക്ക്. നെരൂദ പറഞ്ഞപോലെ തനിക്ക് അറിയപ്പെടാത്ത അനേകരുമായി സാഹോദര്യം നല്‍കിയ പ്രസ്ഥാനത്തെ കളങ്കങ്ങളില്‍നിന്ന് വീണ്ടെടുക്കണമായിരുന്നു അയാള്‍ക്ക്.

അതൊരു പാര്‍ട്ടിയിലെ ഉള്‍പ്പോരിന്റെ കഥയായി ഒടുങ്ങുകയില്ല. എമ്പാടും മുളപൊട്ടുന്ന എതിര്‍പ്പുകള്‍ക്ക് അധികാരത്തിന്റെ ഒരേ കുടിലതകളെയാണ് നേരിടേണ്ടത് . അധികാര വ്യൂഹത്തിന്റെ ചലനക്രമങ്ങളിലേക്ക് വീണുപോയവര്‍ക്ക് അതിന്റെ ശീതളച്ഛായകള്‍ മതി. വീഴാന്‍ മടിക്കുന്നവര്‍ക്ക് ഒരു ജനതയുടെ ഹൃദയമിടിപ്പറിയാം. ജനങ്ങളല്ല, ജനങ്ങളെ ഒഴിപ്പിക്കുന്ന സംഘടനാരൂപങ്ങളാണ് ശരി എന്ന സങ്കുചിതത്വത്തിനും ധിക്കാരത്തിനും ജീവിതംകൊണ്ടുള്ള മറുപടിയാണത്.

ഒപ്പം നടന്നവര്‍ക്ക് കൈവെക്കാനാവാത്ത വിധം ആ ചുമലുകള്‍ ഉയര്‍ന്നിരിക്കുന്നു. അയാളുടെ മിടിപ്പുകളറിയണമെങ്കില്‍ ചേര്‍ത്തു പുല്‍കേണ്ടത് പീഡിത ജനതയെയാണ്. അയാളെ ഇനി ആരും രക്ഷിക്കേണ്ടതില്ല. രക്ഷയാവശ്യമുള്ള ജനലക്ഷങ്ങള്‍ പൊരുതി നില്‍ക്കുകയാണ്. അവര്‍ക്കുമേല്‍ തെറ്റായി വിധിച്ച എല്ലാ അധികാരങ്ങളെയും തൂത്തെറിയാനുള്ള ഒരുക്കമാണ് വേണ്ടത്. ആ വാക്ക് നമുക്കങ്ങനെയേ വായിക്കാനാവൂ.

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )