Article POLITICS

പാടുവിന്‍, സമര സാര്‍വ്വദേശീയതയുടെ ഐക്യഗാഥകള്‍..

Demonstrators+in+Union+Square+New+York

മെയ്ദിനം 2015 ലോകമെങ്ങും പുതിയ ആവേശവും പ്രതീക്ഷയും വിതയ്ക്കുകയാണ്. ശീതയുദ്ധാനന്തരം കനത്ത മരവിപ്പിലേക്ക് പതിച്ച പ്രസ്ഥാനങ്ങളെല്ലാം ഉണര്‍വ്വിന്റെ പാതയിലാണ്. പതാകകളഴിച്ചുവെച്ച് കുനിഞ്ഞു നിന്നവര്‍ പുതിയ കൊടിമരങ്ങളായി നിവര്‍ന്നു തുടങ്ങിയിരിക്കുന്നു. മൂന്നാം ഇന്റര്‍ നാഷണല്‍ പിരിച്ചു വിട്ടതോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി മുന്നേറ്റത്തിന്റെയും കാലം കഴിഞ്ഞുവെന്ന് പിന്മടക്കഗാഥകള്‍ പാടിയ അമേരിക്കയില്‍ സമരങ്ങളുടെ സുനാമിയാണ് അടിച്ചുകയറുന്നത്. മെയ്ദിനത്തിനു തൊട്ടുമുമ്പുള്ള നാളുകള്‍ അമേരിക്കന്‍ നഗരങ്ങള്‍ പ്രക്ഷുബ്ധമായിരിക്കുന്നു. 1886ലെ ചിക്കാഗോ ചിത്രം അതിന്റെ ചോരപ്പാടുകളോടെ കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്.

തൊണ്ണൂറ്റൊമ്പതു ശതമാനത്തിന്റെ അവകാശങ്ങളെക്കുറിച്ചാണ് വാള്‍ സ്ട്രീറ്റ് ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനം നടത്തിയത്. അതിന്റെ അലയൊലികളാണ് ബാള്‍ട്ടിമോര്‍, വാഷിംഗ്ടണ്‍ ഡി, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ബോസ്റ്റണ്‍, ഡെന്‍വര്‍ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളിലാകെ മിനിഞ്ഞാന്ന് (ഏപ്രില്‍ 29 നു) കണ്ടത്. പതിനായിരക്കണക്കിന് തൊഴിലാളികളും വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കെടുത്തു. ദാരിദ്ര്യത്തിനും അസമത്വത്തിനും എതിരെയുള്ള ജനമുന്നേറ്റങ്ങളുടെ തുടര്‍ച്ചയില്‍ ഈ മാസം ബാള്‍ട്ടിമോറിലുണ്ടായ പൊലീസ് അതിക്രമങ്ങളാണ് രംഗം വളരെവേഗം വഷളാക്കിയത്. ബാള്‍ട്ടിമോര്‍ തന്നെയാണ് ന്യൂയോര്‍ക്കു നഗരവും എന്ന് ന്യൂയോര്‍ക്കു നഗരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പു നല്‍കി. മേരിലാന്റിലെ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കപ്പെട്ടു. ബോള്‍ട്ടിമോറില്‍ നിന്ന് സായുധസേനയെ പിന്‍വലിക്കണമെന്ന് റാലികള്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ നഗരങ്ങളിലെമ്പാടും പുതിയ ചലനങ്ങളാണ് പ്രതിഷേധ റാലിയോടെ സൃഷ്ടിക്കപ്പെട്ടത്. വലിയ പൊലീസ് സന്നാഹത്തെയാണ് ഗവണ്‍മെന്റിന് നിയോഗിക്കേണ്ടി വന്നത്. ഇ തിലേക്കെല്ലാം നയിച്ച അടിയന്തിര സാഹചര്യം ബോള്‍ട്ടിമോറിലേതാണ്. അമേരിക്കന്‍ സമൂഹത്തില്‍ പലവിധ അസ്വസ്ഥതകള്‍ പടരുന്നതിനിടെ ഏപ്രില്‍ ആദ്യം പൊലീസ് അറസ്റ്റു ചെയ്ത ഫ്രെഡ്ഡി ഗ്രേ എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ പീഡനമേറ്റ് മരിക്കാനിടയായതാണ് ബോള്‍ട്ടിമോറിലെ ജനങ്ങളെ പ്രതിഷേധ സമരങ്ങളിലേക്ക് വലിച്ചിഴച്ചത്. ഏപ്രില്‍ 19 നായിരുന്നു ഇരുപത്തഞ്ചുകാരനായ ആഫ്രിക്കന്‍ വംശജന്‍ ഗ്രേയുടെ മരണം.
ഗ്രേയുടെ കൊലപാതകത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധത്തിനു നേരെയും വലിയ പൊലീയ് അതിക്രമങ്ങളുണ്ടായി. ഏപ്രില്‍ 25 ന് അക്രമാസക്തമായ ജനക്കൂട്ടം നഗരത്തില്‍ ഒട്ടേറെ നാശ നഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. അന്നായിരുന്നു ഗ്രേയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടന്നത്. മേരിലാന്റ് യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാപത്തെത്തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. ഏപ്രില്‍ 28ന് പ്രാദേശിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

പ്രസിഡണ്ട് ഒബാമ കലാപകാരികളെ അക്രമികളെന്നോ ഭീകരരെന്നോ വിശേഷിപ്പിച്ചു. അവര്‍ക്കു മാപ്പു നല്‍കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സമാധാനത്തോടെ ആരംഭിച്ച പ്രതിഷേധം അധികൃതരോ മാധ്യമങ്ങളോ ഗൗരവത്തിലെടുത്തില്ലെന്നും അതിനാല്‍ ദരിദ്രരും തൊഴില്‍ രഹിതരും പ്രാന്തവല്‍ക്കൃതരുമായ ചെറുപ്പക്കാര്‍ക്ക് അല്‍പ്പം രൂക്ഷമായിത്തന്നെ തങ്ങളെ ആവിഷ്‌ക്കരിക്കേണ്ടി വന്നു എന്നു ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നു. ഫ്രെഡ്ഡി ഗ്രേയുടെ അനുഭവം തങ്ങള്‍ക്കും വന്നേക്കുമെന്ന ഭയവും അവര്‍ക്കു് ഉണ്ടായിരുന്നിരിക്കണം.

ഇന്നലെ ഏപ്രില്‍ 29 ബുധനാഴ്ച്ച നിരോധനാജ്ഞകള്‍ ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് തൊഴിലാളികളും വിദ്യാര്‍ത്ഥികളും ബോള്‍ട്ടിമോറിലും അമേരിക്കന്‍ നഗരങ്ങളിലും നടത്തിയ റാലി മെയ്ദിനത്തിന്റെ മുന്നൊരുക്കമായി. ഇത്തവണ ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ രാഷ്ട്രങ്ങളില്‍ മെയ്ദിനത്തിന്റെ തൊട്ടു മുമ്പുള്ള ദിനങ്ങള്‍ പ്രക്ഷോഭങ്ങളുടേതുകൂടിയായി. ഇന്ത്യയില്‍ പുതിയ നിയമനിര്‍മ്മാണത്തിനെതിരെ മോട്ടോര്‍ തൊഴിലാളികള്‍ നടത്തിയ അഖിലേന്ത്യാ പണിമുടക്ക്, കുടിയൊഴിപ്പിക്കല്‍ നിയമത്തിനെതിരെയുള്ള കര്‍ഷക മുന്നേറ്റങ്ങള്‍, കേന്ദ്രജീവനക്കാരുടെയും റെയില്‍വേ -പ്രതിരോധ ജീവനക്കാരുടെയും പാര്‍ലമെന്റ് മാര്‍ച്ച്, രാജ്യത്തെമ്പാടും തുടരുന്ന അസംഘടിത തൊഴിലാളികളുടെയും ഇതര തൊഴിലാളി വിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ എന്നിവ ഇത്തവണത്തെ മെയ്ദിനത്തെ കൂടുതല്‍ ചുവപ്പിക്കുന്നുണ്ട്.

ഏപ്രില്‍ 27ന് കാലിഫോര്‍ണിയയില്‍ വേതനം വെട്ടിക്കുറയ്ക്കുന്നതിനും തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുമെതിരെ 16000 ട്രക്ക് ഡ്രൈവര്‍മാരാണ് സമരത്തില്‍ അണി നിരന്നത്. ഹൂസ്റ്റണിലും സമീപത്തുമുള്ള റിഫൈനറി തൊഴിലാളികളും ഈ മാസം സമരരംഗത്തെത്തി. ജര്‍മ്മനിയിലെ ഇരുപതിനായിരത്തോളം പോസ്റ്റല്‍ തൊഴിലാളികളും പോര്‍ട്ടുഗലിലെ റെയില്‍വേ തൊഴിലാളികളും പ്രക്ഷോഭത്തിലാണ്. ജര്‍മ്മനിയില്‍തന്നെ രണ്ടര ലക്ഷത്തോളം വരുന്ന ശിശു സംരക്ഷണ വിഭാഗം തൊഴിലാളികള്‍ സമരപ്രഖ്യാപനം നടത്തിയിരിക്കുന്നു.

ലോകമെങ്ങുമുള്ള മനുഷ്യര്‍ അനുഭവിക്കുന്നത് ഒരേതരം പ്രശ്‌നങ്ങളാണെന്ന് മുമ്പൊരിക്കലുമില്ലാത്ത വിധം ബോധ്യപ്പെട്ട ജനത സമരപാത തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ നവലോകക്രമം എല്ലാം പുതുക്കിപ്പണിയുകയാണ്. 1886ലെ ചിക്കാഗോ പോരാട്ടത്തിന്റെ ഗുണഫലങ്ങള്‍പോലും കവര്‍ന്നെടുക്കപ്പെടുകയാണ്. കഴിഞ്ഞ നൂറ്റാണ്ടു നീളെ പൊരുതി നേടിയ അവകാശങ്ങളെല്ലാം മുതലാളിത്തം തിരിച്ചു പിടിക്കുന്നു. വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നു. മിനിമം വേതനം നിജപ്പെടുത്തുന്നില്ല. തൊഴില്‍ സുരക്ഷയില്ല. സംഘടിക്കാനുള്ള അവകാശം നിഷേധിക്കുന്നു. പൊതുമേഖലയാകെ തകര്‍ത്തു തരിപ്പണമാക്കുന്നു. സര്‍വ്വത്ര സ്വകാര്യവത്ക്കരണം. സാമൂഹിക സുരക്ഷാ പദ്ധതികള്‍ പൊളിച്ചടുക്കി. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഭരണകൂട ഭീകരത അഴിഞ്ഞാടുന്നു. തൊഴില്‍ രഹിതരുടെയും അമിതഭാരം ചുമക്കുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്നു. ഭൂരഹിതരും ഭവന രഹിതരും പെരുകുന്നു. കോര്‍പറേറ്റ് കയ്യേറ്റങ്ങളില്‍ ജീവനും സ്വത്തും തൊഴിലും നഷ്ടമാകുന്നവരുടെ നിര നീണ്ടു നീണ്ടു വരുന്നു. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ദേശ രാഷ്ട്രങ്ങള്‍ നിയമം നിര്‍മിക്കുകയോ ഭേദഗതി ചെയ്യുകയോ ആണ്.

ദരിദ്ര – വികസ്വര രാജ്യങ്ങള്‍ക്കെല്ലാം മീതെ സാമ്രാജ്യത്വ കയ്യേറ്റവും അതിക്രമവും പെരുകുകയാണ്. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനും വിപണികള്‍ കീഴടക്കാനും പഴയ കൊളോണിയല്‍ മത്സരകാലത്തെക്കാള്‍ നിഷ്ഠൂരമായ പടയോട്ടങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇനിയൊരു ലോക യുദ്ധമുണ്ടാവില്ലെന്നു പറയാന്‍ നമുക്കു സാധിക്കുന്നില്ല. ശീതയുദ്ധം കഴിഞ്ഞതോടെ ഏകപക്ഷീയമായ സൈനിക വിന്യസനത്തിന്റെയും കടന്നാക്രമണങ്ങളുടെയും കാലമാണ് ഉദയം ചെയ്തത്. നിരന്തരമായ ഏറ്റുമുട്ടലുകളും യുദ്ധങ്ങളും യുദ്ധ ഭീഷണികളും നിറയുകയാണ്. രാഷ്ട്രങ്ങളില്‍ സംഘര്‍ഷ മേഖലകള്‍ തുറന്ന് നുഴഞ്ഞു കയറുന്ന പതിവ് രീതി സാമ്രാജ്യത്വം കയ്യൊഴിഞ്ഞിട്ടില്ല. ഏഷ്യന്‍ മേഖലയിലേക്ക് അജണ്ട കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം രക്തദാഹി കോര്‍പറേറ്റുകള്‍ക്ക് സഹായികളായി തീവ്ര വലതുപക്ഷം തലപൊക്കിത്തുടങ്ങിയതും നാം ഗൗരവത്തോടെ അറിയുന്നു. യൂറോപ്പിലെ നവനാസികള്‍ മുതല്‍ ഇന്ത്യയിലെ സംഘപരിവാരം വരെ ഒരേ ദൗത്യ നിര്‍വ്വഹണത്തില്‍ അന്യോന്യ ബന്ധിതരാണ്. ഇവ സൃഷ്ടിക്കുന്ന പ്രതിലോമകരവും ചൂഷണാധിഷ്ഠിതവും മനുഷ്യത്വ രഹിതവുമായ എല്ലാ ഇടപെടലുകള്‍ക്കും എതിരിടപെടലുകള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. ലോകത്തിന്റെ ഏതു മൂലയിലും എതിര്‍ശബ്ദത്തിന് പുതു മുതലാളിത്ത – നവലിബറല്‍ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവുമായ സമരത്തിന്റെ തീക്ഷ്ണത കൈവരുന്ന സാഹചര്യമിതാണ്.

മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനം മുതല്‍ മെയ് ഒമ്പതിന് ഫാസിസ്റ്റ് വിരുദ്ധ യുദ്ധ വിജയത്തിന്റെ എഴുപതാം വാര്‍ഷിക ദിനം വരെ പുതിയ രാഷ്ട്രീയ ജാഗ്രതയുടെ നാളുകളായി നമ്മുടെ പ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. പുതിയൊരു സമര സാര്‍വ്വദേശീയതയുടെ ഐക്യഗാഥയാണ് നാം ആലപിക്കുന്നത്. പട്ടിണിയുടെ തടവുകാരെ നിങ്ങളുണരുവിന്‍/ ഭൂമിയിലെ പീഡിതരെ നിങ്ങളുണരുവിന്‍…

mayday 4


1 മെയ് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )