Article POLITICS

നാളെയുടെ സമ്മേളനത്തില്‍ നാളെയുടെ പ്രസ്ഥാനം പിറന്നുവോ?

cpm  


ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ ഉണര്‍വ്വും ആവേശവും സൃഷ്ടിച്ചുകൊണ്ടാണ് സി.പി.ഐ.എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഹിന്ദുത്വ വര്‍ഗീയ ഭീഷണിക്കെതിരെയുമുള്ള സമരങ്ങളെ ഒന്നിപ്പിക്കാനും ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുന്ന നയങ്ങള്‍ തിരുത്താനും സാമൂഹികമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തികളെ പൊതുവെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശേഷിച്ചും ഐക്യപ്പെടുത്താനും എടുത്തതീരുമാനം പ്രായോഗികമാകുമെങ്കില്‍ ഇതു പുതിയൊരു തുടക്കമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

രണ്ടു കോണ്‍ഗ്രസ്സുകള്‍ക്കിടയിലെ രാഷ്ട്രീയ അടവുനയത്തെക്കുറിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്യുക പതിവ്. ഇത്തവണ രണ്ടര പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ അടവു നയം പുനപ്പരിശോധനക്കു വിധേയമാക്കുകയുണ്ടായി. 1988ല്‍ തിരുവനന്തപുരത്തു ചേര്‍ന്ന പതിമൂന്നാം കോണ്‍ഗ്രസ്സിനു ശേഷമുള്ള കാലയളവാണത്. ഈ കാലഘട്ടത്തിന്റെ പ്രത്യേകത സി പി എം രാഷ്ട്രീയ അടവു നയ രേഖയില്‍ എടുത്തു പറയുന്നുണ്ട്. സോവിയറ്റ് യൂണിയന്‍ തകരുകയും ലോകത്തെ വര്‍ഗ ശക്തികളുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തു. സാമ്രാജ്യത്വ ഊഹമൂലധനം നിയന്ത്രിക്കുന്ന ആഗോളവത്ക്കരണ നവലിബറല്‍ ശക്തികള്‍ രാജ്യത്തെ കീഴ്‌പ്പെടുത്തിത്തുടങ്ങി. ഹിന്ദുത്വ വര്‍ഗീയശക്തികള്‍ രാഷ്ട്രീയ ശക്തിയായി വളര്‍ന്നു. സ്വത്വ രാഷ്ട്രീയവും പ്രബലമായി. ഇതെല്ലാം സി പി എമ്മിന്റെ വളര്‍ച്ചയെയും രാജ്യത്തിന്റെ മുന്നേറ്റത്തെയും എങ്ങനെ തടസ്സപ്പെടുത്തി എന്നു പരിശോധിക്കും എന്നായിരുന്നു രേഖയില്‍ പറഞ്ഞിരുന്നത്.

തീര്‍ച്ചയായും വിശാഖപട്ടണം കോണ്‍ഗ്രസ്സില്‍ അങ്ങനെയൊരു ഗൗരവതരമായ ചര്‍ച്ച നടന്നുവെന്നു വേണം അനുമാനിക്കാന്‍. സമ്മേളന നടപടികള്‍ വിശദീകരിച്ചുകൊണ്ട് ബൃന്ദ കാരാട്ട് ഇങ്ങനെ പറഞ്ഞു: പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു ഭീഷണിയായ ഘടകങ്ങള്‍ കണ്ടെത്താനും പാര്‍ട്ടിയുടെ ബഹുജനാടിത്തറ എങ്ങനെ വര്‍ധിപ്പിക്കാമെന്നും പാര്‍ട്ടി നേരിടുന്ന വല്ലു വിളികള്‍ എങ്ങനെ നേരിടാനാകുമെന്നുമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഉദാരവത്ക്കരണത്തിന് തുടക്കമായ 1990 മുതലുള്ള മാറ്റങ്ങളില്‍ കൈക്കൊണ്ട നയങ്ങളില്‍ ഏതു ശരി ഏതു തെറ്റ് എന്ന കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.

ഈ ചര്‍ച്ചകളുടെ വിശദാംശം നമുക്കറിയില്ല. ഏതു ശരി ഏതു തെറ്റ് എന്ന കാര്യം പൊതു സമൂഹവുമായി പങ്കു വെക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇ എം എസ് എപ്പോഴും പറഞ്ഞുപോന്ന കാര്യം തെറ്റു തിരുത്തുന്ന കാര്യത്തില്‍ സിപിഎം പുലര്‍ത്തുന്ന സുതാര്യതയെ സംബന്ധിച്ചായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വലതുപക്ഷ പ്രസ്ഥാനങ്ങളുമായി സഖ്യത്തിലേര്‍പെട്ടപ്പോള്‍ നേരിടേണ്ടി വന്ന തിരിച്ചടികളെപ്പറ്റി രേഖ തുറന്നു പറയുന്നുണ്ട്. നേരത്തേ പ്രാദേശിക പ്രസ്ഥാനങ്ങള്‍ക്കു പ്രാദേശിക മുതലാളിത്തവും ഭൂപ്രഭുത്വവുമായൊക്കെയുണ്ടായിരുന്ന കെട്ടുപാടുകള്‍ അവയെ ദേശീയ മുതലാളിത്തത്തിനും അതിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും എതിരെ നിര്‍ത്തിയിരുന്നു. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ അവരുമായുള്ള ബന്ധം സഹായിക്കുമെന്ന ശരിയായ കാഴ്ച്ചപ്പാടുമുണ്ടായിരുന്നു. എന്നാല്‍ നവലിബറല്‍ കാലം പിറന്നതോടെ പ്രാദേശിക മേലാള വര്‍ഗ താല്‍പര്യങ്ങള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ മൂലധനശക്തികളോടു സഹകരിക്കാനും തോളോടു തോള്‍ചേര്‍ന്നു നില്‍ക്കാനും സാധിക്കുമെന്നു വന്നതോടെ പ്രാദേശിക പ്രസ്ഥാനങ്ങളുമായി അത്തരമൊരു സഖ്യത്തിനു പ്രസക്തിയില്ലാതായി. പതിനേഴും പതിനെട്ടും കോണ്‍ഗ്രസ്സുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പ്രയോഗത്തില്‍ വരുത്തിയില്ല. പഴയ ബന്ധം തുടരുകയും ചെയ്തു. ജയലളിതയുടെയും മായാവതിയുടെയും ഇതര പ്രാദേശിക വലതുപക്ഷ പ്രസ്ഥാനങ്ങളുടെയും പിറകെ പോകുന്ന രീതി നാം കണ്ടു. ഈ പാളിച്ചകള്‍ തിരുത്തുമെന്നും ഇടതുപക്ഷ വര്‍ഗ രാഷ്ട്രീയം ബലികഴിക്കുന്ന രീതിയിലുള്ള നടപടികളില്‍നിന്നു പിന്മാറുമെന്നും സമ്മേളനം വാഗ്ദാനം ചെയ്യുന്നു.

അതേസമയം സാഹചര്യങ്ങളുടെ ഗൗരവം ആവശ്യപ്പെടുന്ന പ്രകാരമുള്ള നീക്കങ്ങളും സഖ്യങ്ങളും രൂപപ്പെടുത്തുന്നതിന് എതിരായ ഒരു നിശ്ചയമായി ഇതിനെ കാണേണ്ടതില്ല. കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായി സഖ്യത്തിലേര്‍പ്പെടേണ്ടി വരാം. അതു പക്ഷെ ജനങ്ങളുടെ താല്‍പ്പര്യത്തിന് എതിരാവരുത്. വലതുപക്ഷ പ്രസ്ഥാനങ്ങളുടെ വര്‍ഗതാല്‍പര്യങ്ങളെ പങ്കുവെക്കാനും അവരുടെ അജണ്ട നടപ്പാക്കാനും അതു വഴി രാജ്യത്തെ പുരോഗമന മുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കാനും അതിടയാക്കിക്കൂടാ എന്നുമാത്രം.

1990നു ശേഷമുള്ള കാലത്ത് അടവു നയങ്ങളിലെ പാളിച്ചകള്‍ മൂലം ഇങ്ങനെ എന്തെങ്കിലും തെറ്റുകളിലേക്ക് സിപിഎം ചെന്നു വീണതായി വിലയിരുത്തലുകളുണ്ടായോ? ചര്‍ച്ചയ്ക്കു വിധേയമാക്കിയ രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നത്. ബംഗാളിലും കേരളത്തിലും അധികാരത്തിലിരുന്ന കാലത്ത് ലോകബാങ്ക് എ ഡി ബി നയങ്ങള്‍ക്കു വഴങ്ങി ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കു മുന്‍കയ്യെടുത്തത് നാം മറന്നിട്ടില്ല. നവമുതലാളിത്ത വികസനത്തിന് ഇരകളാകുന്ന ജനകോടികളുടെ നിലവിളികള്‍ക്കൊപ്പം നില്‍ക്കാതെ നവലിബറല്‍ വികസന മാതൃകകള്‍ ഉയര്‍ത്തിപ്പിടിക്കാനും സമരങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനും കാണിച്ച ജാഗ്രത ശരിയായിരുന്നുവോ? കടലും മണലും നദിയും മണ്ണും മലയും വനവും കൊള്ളയടിക്കപ്പെട്ടപ്പോള്‍, വയലുകള്‍ നികത്തി നവമുതലാളിത്ത കോട്ടകള്‍ പണിതപ്പോള്‍, ജനലക്ഷങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുകയോ കുടിയോഴിപ്പിക്കല്‍ ഭീഷണി നേരിടുകയോ ചെയ്തപ്പോള്‍, ജനജീവിതത്തിനുമേല്‍ സ്വകാര്യ മൂലധനശക്തികളുടെ തേര്‍വാഴ്ച്ച നടന്നപ്പോള്‍ വെറും പ്രേക്ഷകരായി സമരവീര്യം ചോര്‍ന്നവരായി തലകുനിച്ചു നില്‍ക്കേണ്ടിവന്നിട്ടുണ്ട് ആ പ്രസ്ഥാനത്തിനു പിറകില്‍ അടിയുറച്ചു നിന്നവര്‍ക്കെല്ലാം.

ബംഗാളില്‍നിന്നുള്ള വാര്‍ത്തകള്‍തന്നെ നോക്കൂ. തെരഞ്ഞെടുപ്പു പരാജയം മാത്രമല്ലല്ലോ. 2009നു ശേഷം ഓരോ വര്‍ഷവും സിപിഎം അംഗത്വം കുറയുകയാണ്. 2009ല്‍ 3 32 962 അംഗങ്ങളുണ്ടായിരുന്നു ബംഗാളില്‍. 2010ല്‍ 3 19 435 2011ല്‍ 3 14 438, 2012ല്‍ 2 89 226, 2013ല്‍ 2 87 218, 2014ല്‍ 2 74 470 എന്നിങ്ങനെയാണ് അംഗത്വത്തില്‍ ഇടിച്ചിലുണ്ടാകുന്നത്. രാജ്യത്താകെയാണെങ്കിലോ 1981 മുതല്‍ 1990 വരെയുള്ള ഒരു ദശകത്തില്‍ 3 10 645 അംഗങ്ങളാണ് സിപിഎമ്മിലേക്ക് എത്തിയതെങ്കില്‍ ജനസംഖ്യ വലിയതോതില്‍ വര്‍ദ്ധിച്ചിട്ടും 2001 മുതല്‍ 2010വരെയുള്ള കാലത്ത് 2 73 178 അംഗങ്ങള്‍ മാത്രമാണ് വന്നുചേര്‍ന്നത്. കേരളത്തില്‍ മാത്രമാണ് അംഗസംഖ്യ ഏതു വിധവും നിലനിര്‍ത്താനോ വര്‍ധിപ്പിക്കാനോ ഉള്ള ശ്രമമുണ്ടായത്. 2009ല്‍ 3 65 848 അംഗങ്ങളുണ്ടായിരുന്നത് 2014ല്‍ 4 05 525 ആയി ഉയര്‍ന്നു. അംഗത്വ വര്‍ദ്ധനവിന്റെ ചരിത്രം നോക്കുമ്പോള്‍ തോതിലുണ്ടായ കുറവു കാണാം. കേരളത്തില്‍ 1981 മുതലുള്ള പതിറ്റാണ്ടില്‍ 1 23 339 അംഗങ്ങളാണ് പുതുതായി വന്നതെങ്കില്‍ 1991 മുതലുള്ള പതിറ്റാണ്ടില്‍ അതു 74 138 ഉം 2001 മുതലുള്ള പതിറ്റാണ്ടില്‍ 69 271 ഉം ആയാണ് കുറഞ്ഞത്.

സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും കാലമായ 1980കള്‍ വന്‍തോതിലുള്ള വളര്‍ച്ചയാണ് സി പി എമ്മിനുണ്ടാക്കിയത്. സമരവിമുഖവും പാര്‍ലമെന്ററി ഊന്നലുകളുടേതുമായ കാലഘട്ടത്തിലേക്കു കടന്നപ്പോള്‍ വിപ്ലവപ്രസ്ഥാനത്തിനു ക്ഷീണകാലമായി. തിരിച്ചുവരവിനുള്ള ഏകവഴി ജനകീയ മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഊന്നല്‍ നല്‍കുക എന്നതു മാത്രമാണ്.

ഈ സാഹചര്യത്തിലാണ് ബഹുജനാടിത്തറ ശക്തിപ്പെടുത്താനുള്ള ഉപാധിയായി ഒരടവുനയം മുന്നോട്ടുവെക്കപ്പെടുന്നത്. അതിങ്ങനെയാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്: തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കിയല്ല രാഷ്ട്രീയ അടവുനയം. തെരഞ്ഞെടുപ്പു വിജയമോ പരാജയമോ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ മാനദണ്ഡമായി കാണാനാവില്ല. അതേ സമയം തെരഞ്ഞെടുപ്പു രാഷ്ട്രീയം പ്രധാനവുമാണ്. നവലിബറല്‍ നയങ്ങളും വര്‍ഗീയതയും സൃഷ്ടിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശക്തികളെ ഒരുമിച്ചു ചേര്‍ക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളുമായി മാത്രമല്ല സഹകരിക്കുക.

ആഗോളവത്ക്കരണ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയ സത്ത ഉള്‍ക്കൊള്ളാതെത്തന്നെ ജീവന്മരണ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനലക്ഷങ്ങളോടുള്ള ഐക്യദാര്‍ഢ്യമായാണ് ഞാനിതിനെ കാണുന്നത്. ഏതൊരിടതുപക്ഷ പ്രസ്ഥാനത്തിനും മുന്നോട്ടു പോകണമെങ്കില്‍ ഇവ്വിധം സാമൂഹിക ഇടതുപക്ഷവുമായി കണ്ണിചേരേണ്ടതുണ്ട് എന്നാണ് നാം പറഞ്ഞുപോന്നത്. അത് ആത്മാര്‍ത്ഥമായ തീരുമാനമാണെങ്കില്‍ പുതിയ മുതലാളിത്തം ജനങ്ങളോട് യുദ്ധം നടത്തുന്ന സമരഭൂമികളിലെല്ലാം സി പി എമ്മിന്റെ ആവേശകരമായ സാന്നിദ്ധ്യം ഉണ്ടാകുമെന്നു കരുതാം. കോര്‍പറേറ്റുകള്‍ക്ക് പൊതു വഴി പതിച്ചു നല്‍കുന്നതിനെതിരായ സമരത്തിലും അക്രമോത്സുകമായ കുടിയൊഴിപ്പിക്കലിനെതിരായ ചെറുത്തു നില്‍പ്പിലും ക്വാറി വനം മണല്‍ മാഫിയകള്‍ക്കെതിരായ പോരാട്ടങ്ങളിലും സാമൂഹിക നീതിക്കും നിലനില്‍പ്പിനുംവേണ്ടി പ്രാന്തവല്‍ക്കൃത വിഭാഗങ്ങള്‍ നടത്തുന്ന സമരത്തിലും കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടിയുള്ള സമരത്തിലും അസംഘടിത തൊഴിലാളികള്‍ നിലനില്‍ക്കാനും സംഘടിതരാകാനും നടത്തുന്ന സമരങ്ങളിലും അങ്ങനെ പുതിയ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന സമരമുഖങ്ങളിലെല്ലാം സമരോര്‍ജ്ജമായി സി പി എമ്മുണ്ടാകുമെന്നു കരുതാനാവുമോ? അഥവാ അത്തരം സമരപ്രസ്ഥാനങ്ങളുമായി സാഹോദര്യം പുലര്‍ത്താനുള്ള മനോഭാവമെങ്കിലും പ്രകടിപ്പിക്കുമോ?

സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹികശക്തികളിലാണ് നാളെയുടെ രാഷ്ട്രീയമുള്ളത്. നാളെയുടെ പ്രസ്ഥാനമാണ് യെച്ചൂരി അവകാശപ്പെടുന്നതുപോലെ സി പി എം ലക്ഷ്യമാക്കുന്നതെങ്കില്‍ അതില്‍ മുകളിലെഴുതിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമുണ്ടാകാതെ വയ്യ. അതു പ്രാവര്‍ത്തികമാക്കണമെങ്കിലോ വന്‍കിട മുതലാളിമാരോടും വ്യവസ്ഥയുടെ നടത്തിപ്പുകാരോടും ജനവിരുദ്ധ ശക്തികളോടും ഐക്യപ്പെടുന്ന നേതൃത്വങ്ങളെ തിരുത്തേണ്ടി വരും. കുറഞ്ഞ കാലം കൊണ്ട് വലിയ പണക്കാരായി വലതുപക്ഷ പാര്‍ട്ടികളെപ്പോലും ഞെട്ടിപ്പിച്ച നേതാക്കന്മാരെ വിരല്‍ചൂണ്ടി അകറ്റിനിര്‍ത്താനുള്ള ത്രാണിയുണ്ടാക്കേണ്ടി വരും. സ്വത്തു വിവരം വെളിപ്പെടുത്തണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരക്കാര്‍ക്ക്  മാതൃകതേടി ത്രിപുരയില്‍ പോകേണ്ടി വരരുത്. അതല്ലെങ്കില്‍ 1996ലെയും 2006ലെയും തെറ്റുതിരുത്തല്‍ പ്രമേയത്തിന്റെ വിലയേ വിശാഖപട്ടണം കോണ്‍ഗ്രസ്സിന്റെ രേഖകള്‍ക്കുമുണ്ടാവൂ.

ഹിന്ദുത്വ ശക്തികളുടെ വര്‍ഗീയ ധ്രുവീകരണ ശ്രമത്തിനും അക്കൂട്ടര്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ സംയോജിപ്പിക്കേണ്ടതുണ്ടെന്ന നിലപാടും സ്വാഗതാര്‍ഹമാണ്. സാമ്പത്തികമായ ചൂഷണവും സാമൂഹികമായ അടിച്ചമര്‍ത്തലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഒരേപോലെ ഏറ്റെടുക്കുമെന്നും യെച്ചൂരി വാക്കു നല്‍കുന്നു. ഇതൊന്നും അത്ര പുതിയ കാര്യങ്ങളല്ലെന്നു സി പി എം രേഖകള്‍ പഠിക്കുന്ന ഏതൊരാള്‍ക്കും അറിയാം. രേഖയിലും പ്രമേയത്തിലുമുള്ള വിപ്ലവം പ്രായോഗികരംഗത്തു കയ്യൊഴിയുന്നതിലുള്ള വൈദഗ്ദ്ധ്യം ഒന്നു വേറെയാണ്. പ്രയോഗത്തില്‍ പുരോഗമനപരമായ അനുഭവമുണ്ടാകാതെ ഒരു ജനവിഭാഗത്തെയും വാഗ്ദാനങ്ങള്‍കൊണ്ട് ഇനിയാര്‍ക്കും വശത്താക്കാനാവില്ല. അതിനാല്‍ യെച്ചൂരിക്കു വലിയ ചുമതലയാണ് മുന്നിലുള്ളത്. പാര്‍ട്ടി സംഘടനയെത്തന്നെ അതിന്റെ ആന്ധ്യത്തില്‍നിന്നും ഉണര്‍ത്തിയെടുത്ത് സാമൂഹിക മാറ്റത്തിന്റെ ഉപകരണമാക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമുണ്ടോ എന്നാണ് പൊതു സമൂഹം കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

തൊഴിലാളി വര്‍ഗത്തിന്റെ വര്‍ഗതാല്‍പ്പര്യമല്ല അതിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വര്‍ഗ താല്‍പ്പര്യം എന്ന നിലയിലാണ് ഇപ്പോള്‍ പൊതു സമൂഹം വിലയിരുത്തുന്നത്. അങ്ങനെ തോന്നിപ്പിക്കും വിധം അജണ്ടകള്‍ നിശ്ചയിക്കപ്പെട്ടു പോന്നിട്ടുണ്ട്. പൊതുരംഗത്തു പെരുമാറുന്ന നേതാക്കളും അത്തരമൊരു പ്രതിഛായയാണ് സൃഷ്ടിച്ചത്. സി പി എം തന്നെ അതിന്റെ വിപ്ലവ പരിപാടിയില്‍ മാറ്റം വരുത്തിയത് നേരത്തേ പാളിച്ചകള്‍ വന്നു എന്ന് പറയുന്ന കാലയളവിലാണല്ലോ. അടവു നയത്തിന്റെ വിപ്ലവകരമായ സത്ത നില നിര്‍ത്തുമെങ്കില്‍ 1951ലെ നയപ്രഖ്യാപനം ഉപേക്ഷിക്കുന്നതെങ്ങനെ? പഴയ പരിപാടിയിലെ 112- ഖണ്ഡിക ഇപ്പോഴുള്ളപോലെ പ്ലീനത്തില്‍ തിരുത്താനായതെങ്ങനെ? അതു സംബന്ധിച്ചുള്ള വീണ്ടുവിചാരവും പ്രസക്തമല്ലേ? തുടങ്ങിയ ചോദ്യങ്ങളും സംഗതമാണെന്നു വരും.

സൈദ്ധാന്തികമായി ഇത്തരം കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുകയും പ്രായോഗികരംഗത്തു നിശ്ചയിച്ച മാറ്റങ്ങള്‍ വരുത്താനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയും ചെയ്താല്‍ മാത്രമേ സി പി എമ്മിന് ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എന്തെങ്കിലും സംഭാവനകളര്‍പ്പിക്കാനാവൂ. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും സാമൂഹിക ഇടതുപക്ഷ വിഭാഗങ്ങളെയും ഒന്നിപ്പിക്കാനുള്ള ഉത്തരവാദിത്തം വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്. ലോകം മുഴുവന്‍ ഇത്തരം ശ്രമങ്ങളാണുണ്ടാകുന്നത്. ഇന്ത്യയില്‍ തീവ്ര വലതുപക്ഷവും കോര്‍പറേറ്റ് മൂലധന ശക്തികളും വലിയതോതിലുള്ള ഉഴുതുമറിക്കലുകളാണ് ആരംഭിച്ചിട്ടുള്ളത്. സാധാരണ മനുഷ്യരുടെ ജീവിതം അരഞ്ഞു തീരാവുന്ന കടന്നു കയറ്റങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തുകയാണ് നമ്മുടെ അടിയന്തിര കര്‍ത്തവ്യം. അതിനു പക്ഷെ പ്രമേയങ്ങളുടെ പ്രകാശം മാത്രം പോരാ. പ്രയോഗത്തിന്റെ ശുദ്ധിയും വേഗവും വേണം.

രാജ്യത്തെ രക്ഷിക്കാന്‍ ഒരാളോ ഒരു പ്രസ്ഥാനമോ മാത്രമേയുള്ളൂ എന്ന അബദ്ധധാരണയുടെ തണലില്‍ പാര്‍ട്ടി എങ്ങനെയായാലും പാര്‍ട്ടി മതി എന്നു ശഠിച്ച് നിഷ്‌ക്രിയരായി ഉറങ്ങുന്നവര്‍ക്ക് പ്രസ്ഥാന നാമം ജപിച്ചുകൊണ്ട് നിത്യമായി ഉറങ്ങാം. ഉണര്‍ന്നിരിക്കുന്ന ജനങ്ങളുടെ ചെറുത്തു നില്‍പ്പുകളില്‍നിന്ന് നാളെയുടെ വിമോചന പ്രസ്ഥാനത്തിന് പിറവിയെടുക്കാതിരിക്കാനാവില്ല.

   

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )