എന്റെ ഉടലിനെക്കുറിച്ച് ഏതു ഭാഷയില്‍ സംസാരിക്കണം എന്നാണ് അനഘ ചോദിക്കുന്നത്. അഴിമുഖം എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഈ കുറിപ്പു വായിക്കുന്നതിനു മുമ്പ് ഫേസ്ബുക്കില്‍ അനഘ ഇംഗ്ലീഷിലെഴുതിയ കുറിപ്പു വായിച്ചിരുന്നു. ഗയയാണ് ആ കുറിപ്പിലേക്ക് എന്നെ എത്തിച്ചത്. മനോഹരമായ ആവിഷ്ക്കാരമായിരുന്നു അത്. അഴിമുഖത്തിനു വേണ്ടി വൈഖരി മലയാളത്തിലേക്ക് നടത്തിയ മൊഴിമാറ്റവും നന്നായി.
എന്റെ ഉടല് എന്റെ അവകാശം എന്നത് തീര്‍ച്ചയായും പുതിയ സ്ത്രീബോധ്യമാണ്. കണ്ണെറിഞ്ഞു കളിക്കാനോ ശൂലം കുത്തിയിറക്കാനോ ചോരചീറ്റി പിടയാനോ നോക്കുകുത്തിയായി നിവര്ത്തപ്പെടാനോ അടിമയായ് വാഴ്ത്തപ്പെടാനോ ഒരുക്കമല്ല എന്ന ദൃഢചിന്തയാണ് ആ മുദ്രാവാക്യത്തിന്റെ കാതല്‍. തിരിച്ചറിവിന്റെയും വീണ്ടെടുപ്പിന്റെയും പോര്‍മുഖത്താണ് അതു മുഴങ്ങുന്നത്. ഒരാളിലൂടെ ഒരാളല്ല വീണുപോയവരെല്ലാം സംസാരിക്കുന്നുണ്ട്. പറയുന്നവരുടെ മുഖം നോക്കി വാക്കു തൂക്കുകയും ശരീരത്തില്‍ പതിച്ചുനോക്കുകയും ചെയ്യുന്ന സാമ്പ്രദായിക വായനകളെയും കാഴ്ച്ചകളെയും സ്തംഭിപ്പിക്കുന്ന അനുഭവമാണത്. അനഘ എന്ന മൂന്നക്ഷരത്തിന്റെ വിലാസത്തില്‍ പൊട്ടിത്തെറിക്കുന്ന ഒരു ജനതയെ ഞാന്‍ കാണുന്നു.
സ്വന്തം ഉടല് ആരും തെരഞ്ഞെടുക്കുന്നില്ല. അതു പിറന്നു വീഴുന്നിടവും പെരുമാറുന്നിടവും ആരും മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല. ഈ ലോകം എന്റേതാണ്, ഈ വീട് എന്റേതാണ് എന്നൊക്കെ പറയുന്നപോലെ മാത്രമേ ആര്‍ക്കും ഉടലും സ്വന്തമാകുന്നുള്ളു. ഒരാള്‍ക്ക് തന്നെ ആവിഷ്ക്കരിക്കാനുള്ള ഉപാധിയോ ഭാഷയോ ആണത്. ഓരോ ഉടലും കുടുംബത്തിന്റെയോ വര്‍ഗത്തിന്റെയോ സമുദായത്തിന്റെയോ ലോകത്തിന്റെയോ ജീവി വര്‍ഗത്തിന്റെയോ ആവിഷ്ക്കാരഭേദം കൂടിയാകുന്നു. ഉടലിലൂടെ ഒരാള്‍ പുറത്തേക്കു നീളുന്നപോലെ ഒരു വംശാവലി, ഒരു ചിന്താധാര, ഒരധികാരഘടന, ഒരു സാമൂഹിക വികാസഘട്ടം അതിനകത്തെ എല്ലാ ഏറ്റുമുട്ടലുകളോടെയും പുറത്തു ചാടുന്നുണ്ട്. ഒരുടല്‍ ഒരാളുടേതെന്നോ ഒരു സവിശേഷ ലോകത്തിന്റെതെന്നോ ഒക്കെ അവകാശവാദങ്ങളാവാം. എന്നാല്‍ അതിനുമപ്പുറത്തേക്ക് ഏതാളുടെ ഏതു ലോകത്തിന്റെ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നതങ്ങനെയാണ്.
എന്റെ ഉടല് എങ്ങനെ പെരുമാറണമെന്ന് എനിക്കും അതു ചെന്നുപെട്ട ലോകത്തിനും തീരുമാനിക്കാനാവും. ഇവിടെ ഞാനും ലോകവും രണ്ട് സ്വതന്ത്രാസ്തിത്വങ്ങളല്ല. ഞാന്‍ എന്നു പറയുന്നതുപോലും എന്നെ നിര്‍ണയിക്കുന്ന ലോക വ്യവഹാരത്തിന്റെ സ്വാഭാവിക സ്വത്വാവിഷ്ക്കാരമായിത്തീരുന്നത് നാമറിയുന്നു. അതില്‍നിന്നും കുതറിമാറാന്‍ എനിക്കകത്തും പുറത്തും രൂപപ്പെടുന്ന പുതിയ പ്രതിബോധമാണ് ഇപ്പോള്‍ ഉണര്‍ന്നു തുടങ്ങുന്നത്. അതുകൊണ്ടാണ്, ലോകം എന്റേതാണ് എന്ന് തിരസ്കൃത ജനത സംസാരിക്കുന്നത് ഉടലിന്റെ ഭാഷയിലായിത്തീരുന്നത്. എന്റെ ഉടല് എന്റെ അവകാശം എന്നു പറയുമ്പോള്‍ ഈ ലോകം എന്റേതാണ് (എന്റേതുമാണ് എന്നല്ല) എന്ന പ്രഖ്യാപനമായി ഞാനതു കേള്‍ക്കുന്നു. വിയര്‍പ്പും ചോരയും ചിന്തി ഉടല് പിളര്‍ന്നു വീഴുന്നവരാണ് ലോകത്തെ പ്രസവിക്കുന്നത്. ലോകം അവരുടേതാണ്.
ഉടല് ആരുടേതാണ് എന്ന ചോദ്യം യഥാര്‍ത്ഥത്തില്‍ ലോകം ആരുടേതാണ് എന്ന ചോദ്യം തന്നെയാണ്. ഇത്രകാലവും നിങ്ങള്‍ തീരുമാനിച്ചു ഞങ്ങളുടെ ഉടലും ലോകവും എങ്ങനെയായിരിക്കണമെന്ന്. ഇനി ഞങ്ങള്‍ തീരുമാനിക്കട്ടെ. വിശുദ്ധമെന്നു കീര്‍ത്തികേട്ട നിങ്ങളുടെ സദാചാരം നിങ്ങളെയല്ലാതെ മറ്റൊന്നിനെയും രക്ഷിച്ചില്ല. സദാചാരം അധികാരത്തെയും സ്വത്തിനെയും മാത്രം കാത്തുപോന്നു. മനുഷ്യനെന്ന നിലയിലുള്ള എല്ലാ ഉണര്വ്വുകളെയും അതു കള്ളികളിലായി തരം തിരിച്ചു. എല്ലാറ്റിനും വൃത്തവും വ്യാകരണവുമുണ്ടായി. നിസ്വരുടെ നിലവിളികള്‍ക്കും പൊട്ടിത്തെറികള്ക്കുമാണ് നിങ്ങള്‍ പെരുമാറ്റച്ചട്ടമുണ്ടാക്കിയത്. കയ്യടക്കിവെച്ചതൊന്നും നിങ്ങള്‍ വിട്ടുകൊടുക്കുന്നില്ല. സമ്പത്തുകാക്കുന്ന സദാചാരം നിങ്ങളുടെ ചില്ലലമാറകളില്‍ നിയമപുസ്തകങ്ങളായി വെച്ചേക്കുക. മറ്റുള്ളവരെ അക്രമിക്കുകയും കയ്യേറുകയും നിരീക്ഷിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതില്‍ക്കവിഞ്ഞ് നിങ്ങള്‍ക്കെന്താണ് ജീവിതം?
ലോകത്തെ മാറ്റിത്തീര്‍ക്കുന്നത് ഉടലുകള്കൊണ്ടാണ്. അങ്ങനെ മാറ്റുമ്പോഴാണ് ഞാനുണ്ടാവുന്നത്. ഞാന്‍ ശരീരംകൊണ്ട് എന്നെയല്ല വിമോചനത്തെയാണ് എഴുതുന്നത്. നിരാകരിക്കപ്പെട്ട സമത്വത്തിന്റെ ലോകത്തെ, അദ്ധ്വാനത്തിന്റെയും സര്‍ഗാത്മകതയുടെയും ലോകത്തെ സ്ഥാപിക്കണം. ന്യൂനപക്ഷാധികാരത്തിന്റെ ജനാധിപത്യ മുഖംമൂടികള്‍ക്ക് പ്രിയതരമല്ലാത്ത വഴികളിലൂടെയാണ് ഇച്ഛാശക്തിയുള്ളവര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഉടലിനെ കേവല രതിബിംബമാക്കുന്നവര്ക്കാണ് തെറ്റിയത്. രതിയിലും അദ്ധ്വാനത്തിലും ഇല്ലാതാകുന്നതാണ് ഉടല്. ലോകത്തോളം വളരാനും ശൂന്യതയില്‍ ലയിക്കാനും കഴിയുന്ന വിസ്മയചിഹ്നമാണത്. ഉടലില്‍ തടഞ്ഞു നില്‍ക്കുന്നവര്‍ക്ക് ലോകത്തെ കാണാനാവില്ല. ലോകത്തെ കാണുന്നവര്‍ക്ക് ഉടല് തടസ്സവുമല്ല. വൈലോപ്പിള്ളി എഴുതിയപോലെ, മലയലകള് തന് തടവു ഭേദിച്ച് മനോവ്യഥകള്മാത്രമല്ല നവലോക ദര്‍ശനങ്ങളും പുറത്തു ചാടും. ഒരു മുറിവീടിപ്പുകയായ് നാട്ടില്‍ ശ്വസിച്ചതെല്ലാം പുറത്തു തള്ളുകയും ചെയ്യും. അതാരെയും ചൊടിപ്പിക്കേണ്ടതില്ല.
ഉടലിലൂടെ ലോകത്തെ സ്പര്‍ശിക്കുന്ന കാലത്തേ ഞാന്‍ എന്ന യാഥാര്ത്ഥ്യമുള്ളു. തന്നെ പകുത്ത് ലോകത്തെ ഏറ്റു വാങ്ങുന്ന പ്രക്രിയയാണ് ജീവിതം. ആ ഇടപെടലാണ് ചരിത്രം. പണ്ഢിതന്മാരേ, നിങ്ങള്‍ ഭാവിയുടെ ചരിത്രപുസ്തകം മുന്‍കൂട്ടി എഴുതല്ലേ! അധികാരികള്‍ അതാണ് നിര്‍ബന്ധിക്കുന്നത്. ലോകം എങ്ങനെയാണ് പോകേണ്ടത് എന്നതിന്റെ ബ്ലൂ പ്രിന്റ് അവരൊരുക്കിയിട്ടുണ്ട്. മതവും സദാചാരവും അതുറപ്പാക്കാനുള്ളതാണ്. വിനോദവ്യവസായം ഉടലുകളുടെ ഉത്സവം നടത്തുന്നത് അതിനാണ്. കുതറാനും പിടയാനും പൊരുതാനുമുള്ള ഉടലിനെ, വെട്ടാനും കിളയ്ക്കാനും പടുക്കാനുമുള്ള ഉടലിനെ പുളകവയലുകളാക്കുന്ന വ്യവസായികളാണ് സദാചാരത്തിന്റെ ദൈവങ്ങള്‍! അവരാണത്രെ ചരിത്രമുണ്ടാക്കുന്നത്!
എന്റെ കഥ എഴുതിയ മാധവിക്കുട്ടിയെ ഈ ലോകം വേട്ടയാടിയിട്ടുണ്ട്. മലയാളനാടത് മാധവിക്കുട്ടിയുടെ മാത്രം കഥയാക്കി ആനന്ദം കൊണ്ടു. മീസാന്‍കല്ലുകള്‍ക്കു മുകളിലിരുന്ന് പ്രണയിക്കുന്ന ഉടലുകള്‍ കുഴിച്ചുമൂടപ്പെട്ട ആനന്ദങ്ങളുടെ വീണ്ടെടുപ്പ് ആഘോഷിക്കുകയായിരുന്നു. അന്നു നോക്കിയവര്‍ മാധവിക്കുട്ടിയുടെ പലവിധ ഉടലുകളേ കണ്ടുള്ളു. മാധവിക്കുട്ടി മറയുമ്പോള്‍ തെളിയുന്ന ഉടലുകളിലെങ്ങും പുതിയ ലോകങ്ങളായിക്കഴിഞ്ഞു. അനഘ എഴുതുമ്പോള്‍ ഇരുപത്തിമൂന്നു വയസ്സുള്ള ഏതോ ഒരു പെണ്ണുടലെഴുതുന്നു എന്നു ധരിച്ചവര്‍ ലോകത്തെ കാണുന്നില്ല.
ഉടലുകളെ എല്ലാ കാഴ്ച്ചകളും മറയ്ക്കുന്ന അലങ്കൃത ശില്പ്പമാക്കുന്നതാരാണ്? ഏതു ഏച്ചുകെട്ടാണ് സത്യത്തെ മറച്ചുവെക്കുന്നത്? അസത്യങ്ങളുടെ ലാവണ്യത്തെ തൂത്തുമാറ്റിക്കൊണ്ടേ ഉടലുകളെ അതിന്റെ ദൗത്യത്തിലേക്ക് വിമോചിപ്പിക്കാനാവൂ. പുതിയ മുതലാളിത്തം അണിയിച്ച അലങ്കാരങ്ങള്‍ തുടച്ചുകളയാതെ നമുക്കു നമ്മുടെ ഉടലുകള്‍ കാണാനാവില്ല. അധികാരത്തിന്റെ അശ്ലീലമാണ് സ്വര്‍ണമെങ്കില്‍ അതെന്തിന് കഴുത്തിലണിയണം? ലിംഗാധികാരത്തിന്റെയും സ്വത്തധികാരത്തിന്റെയും ചിഹ്നങ്ങള്‍ക്ക് ഉടലുകള്‍ പകുത്ത് വാക്കുകൊണ്ടു മാത്രം ഉടല്വിമോചനം സാധ്യമാവുമോ? വിവേചനത്തിന് നിദാനമായതെന്തോ അതാണ് നീക്കം ചെയ്യേണ്ടത്.
ഉടലുകളെ മാറ്റിത്തീര്ക്കാനൊരുങ്ങുന്നവര് തീര്‍ച്ചയായും വ്യവസ്ഥയെയും ലോകത്തെയുമാണ് ലക്ഷ്യമാക്കുന്നത്. പുതിയ ഭാഷയില്‍ അവര്‍ പറയുന്നത് പുതിയ രാഷ്ട്രീയമാണ്. കണ്ണടച്ചും കാതുപൊത്തിയും സദാചാര ഗിരിപ്രഭാഷണങ്ങള്‍ നടത്തിയും ഇനിയത് തടയാനാവില്ല.
7 ഏപ്രില്‍ 2015
ഇത് ഭദ്രമാണ്.പക്ഷെ ഈ വഴി വഴുക്കുള്ളതാണ്…;)
LikeLike