പണമുണ്ടാകുന്നത് ക്രിമിനല്‍ കുറ്റമല്ല എന്ന മുസ്ലീംലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പി വി അബ്ദുള്‍ വഹാബിന്റെ പ്രതികരണം സ്വയം സാധൂകരിക്കാനുള്ള ദുര്‍ബ്ബല ശ്രമമായേ കാണേണ്ടതുള്ളു. പണമുണ്ടാകുന്നത് മിക്കപ്പോഴും ക്രിമിനല്‍ കുറ്റങ്ങളിലൂടെയാണ്. പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നത് നിലവിലുള്ള വ്യവസ്ഥയുടെ പിടിപ്പുകേട്.
നമ്മുടെ രാഷ്ട്രീയ നേതാക്കളിലെ സമ്പന്ന വിഭാഗത്തെ ശ്രദ്ധിച്ചു നോക്കൂ. പണക്കാരായതുകൊണ്ട് പാര്‍ട്ടിയില്‍ ആനയിക്കപ്പെട്ടവരും വലിയ പരിഗണന കിട്ടിയവരുമാണ് അതില്‍ ഒരു കൂട്ടര്. മറ്റൊരു കൂട്ടരാവട്ടെ, പാര്‍ട്ടിയിലെത്തുമ്പോള്‍ കാര്യമായ ധനസ്ഥിതിയൊന്നും ഇല്ലാതിരുന്നവരും രാഷ്ട്രീയംകൊണ്ട് നേട്ടമുണ്ടാക്കിയവരുമാണ്. പൊതുസേവനംകൊണ്ട് സമ്പത്തു ക്ഷയിക്കുക എന്നത് ഒരു പഴങ്കഥയായിട്ടുണ്ട്. സ്വത്തു മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ഇ എം എസ്സിനെപ്പോലുള്ളവരുടെ പാരമ്പര്യം ഇന്ന് ഒരു ഭാരമായിരിക്കുന്നു.
പണമുണ്ടാക്കി പൊതു സേവനം നടത്താനും പൊതുസേവനം നടത്തി പണമുണ്ടാക്കാനും തിടുക്കപ്പെടുന്ന നേതൃത്വങ്ങളാണ് മിക്ക പ്രസ്ഥാനങ്ങള്‍ക്കുമുള്ളത് എന്നതുകൊണ്ടാണ് പണമുണ്ടാകുന്നത് ക്രിമിനല്‍ കുറ്റമല്ല എന്ന് ഒരു നേതാവിന് പറയാന്‍ കഴിയുന്നത്. മുപ്പതു കോടി ഇന്ത്യക്കാരും പരമ ദരിദ്രരാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നോര്‍ക്കണം(ടൈംസ് ഓഫ് ഇന്ത്യ 4 ഫെബ്രുവരി 2015). അങ്ങനെയൊരിന്ത്യയില് നേതാക്കന്മാര് ശതകോടാശ്വരരാകുന്നത് ദൗര്‍ഭാഗ്യകരമാണ്. ശതകോടീശ്വരരുടെ ലീലാഗേഹമാണ് പാര്‍ലമെന്റ് എന്നു വരുമ്പോള്‍ വലിയ ന്യായീകരണങ്ങളൊന്നും പറയാതെത്തന്നെ വഹാബിന് അങ്ങോട്ട് പ്രവേശിക്കാവുന്നതേയുള്ളൂ. അവിടെ മജീദിനെക്കാള്‍ യോഗ്യന്‍ വഹാബുതന്നെയാവണം.
പണമുണ്ടാകുന്നത് എങ്ങനെയാണ്? തൊഴില്‍ ചെയ്തുള്ള വരുമാനം. പാരമ്പര്യമായി കിട്ടിയ സ്വത്ത്. കച്ചവടം നടത്തി സമ്പാദിച്ചത്. കൃഷി ചെയ്തുണ്ടാക്കിയത്. മോഷ്ടിച്ചത്. കയ്യേറിയും ചൂഷണം ചെയ്തുമുണ്ടാക്കിയത്. ഇതില്‍ ഏതു വിഭാഗമാണ് തന്റെ ധനാഗമമാര്ഗമെന്ന് ഓരോരുത്തരും വെളിപ്പെടുത്തുന്നത് നന്ന്. പരിധിയില്ലാതെ പെരുകുന്ന സ്വത്ത് നിഷ്ക്കളങ്കമാവില്ല.
ദരിദ്രരും ഭൂരഹിതരുമായ മനുഷ്യര്‍ ഏതെങ്കിലും വിശാലമായ ഭൂമിയുടെ ഒരതിരില്‍ കുടില്‍കെട്ടി പാര്‍ക്കാന്‍ തുടങ്ങിയാല്‍ ഒഴിപ്പിക്കാന്‍ നിയമമുണ്ട്. എന്നാല്‍ അവര്‍ക്കുകൂടി അവകാശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന പൊതു ഭൂമിയില്‍ വന്‍കിടക്കാരുടെ കയ്യേറ്റം നടന്നാല്‍ അതൊഴിപ്പിക്കാന്‍ ത്രാണിയുള്ളവര്‍ ജനിച്ചിട്ടില്ല. ഭരിക്കുന്നത് അവര്‍തന്നെയാണ്. സ്വത്ത് കുറ്റമല്ലല്ലോ. കയ്യേറ്റവും ചൂഷണവും ധനാഢ്യര്‍ക്കു ജന്മാവകാശവുമാണ്!
ഒരു സാധാരണക്കാരനില്‍നിന്നു ഒരു ധനികനിലേക്കുള്ള രൂപാന്തരം എത്ര വേഗത്തിലാവാം? അതിന്റെ നിഷ്ക്കളങ്കമായ വഴി ഏതാണ്? വലിയ ശതമാനം ജനങ്ങള്‍ ഉള്ളതെല്ലാം കൈമോശം വന്നു പരമ ദരിദ്രരാകുമ്പോള്‍ അവരുടെ സ്വത്തെല്ലാം ഒരു ചെറു ന്യൂനപക്ഷത്തിലേക്കു കേന്ദ്രീകരിക്കുന്നതെങ്ങനെയാണ്? ധനികരേ നിങ്ങളുടെ ആത്മകഥകളൊന്നു എഴുതി പ്രസിദ്ധീകരിക്കൂ. ആ സാഹസിക വഴികള്‍ വായിച്ചു ഞങ്ങളൊന്നു വിസ്മയം കൊള്ളട്ടെ! നേതാക്കന്മാരെ, തുടങ്ങുമ്പോള്‍ നിങ്ങള്ക്കെന്തുണ്ടായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാം. ആദ്യം മത്സരിക്കുമ്പോള്‍ നിങ്ങളത് തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സ്വത്തുമായി അതൊന്നു താരതമ്യം ചെയ്തു നോക്കൂ. ഇത്ര ലാഭകരമായ ഏര്‍പ്പാടാണ് രാഷ്ട്രീയം എന്നതുകൊണ്ടാണ് നിങ്ങള്‍ വിരിച്ച വഴിയിലൂടെ ധനാഢ്യരെല്ലാം ഓടിയെത്തുന്നത്. നിങ്ങള്‍ രണ്ടുകൂട്ടരുടെയും കൈവശമുള്ള പണം അഥവാ സ്വത്ത് ജനങ്ങളെ ചൂഷണം ചെയ്യാതെ സമ്പാദിച്ചതാണെന്ന അവകാശവാദമാണോ നിങ്ങള്‍ക്കുള്ളത്? അതോ ദുര്ബ്ബലരായവര്ക്കു മേല്‍ എന്തുമാവാമെന്നോ?
മൂലധന നിക്ഷേപകരെ വലിയ ബഹുമാനമാണ് ഭരണാധികാരികള്‍ക്ക്. എവിടെനിന്നാണ് ഈ ധനസഞ്ചയം ഉണ്ടാകുന്നത്? ഒരാളുടെ അദ്ധ്വാനത്തില്നിന്നോ? എത്രപേരുടെ ജീവനൂറ്റിയാണ് ഒരാള്‍ മൂലധനമൂര്ത്തിയാകുന്നത്? സാമൂഹികോത്പ്പന്നമാണ് മൂലധനമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് അതുകൊണ്ടല്ലേ? ധനം ഉത്പ്പാദിപ്പിക്കുന്ന സാമൂഹിക ഘടനയില്‍ അതിലേറെ ദാരിദ്ര്യം ഉത്പാദിപ്പിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ആരു ചിന്തിക്കാന്‍! ഒരാളുടെ അദ്ധ്വാനമല്ല മൂലധനമാകുന്നതെങ്കില് അതില്‍ ഒരാള്‍ക്കു മാത്രം അവകാശമുണ്ടാകുന്നത് എങ്ങനെയാണ്? ചുരുങ്ങിയത് അയാളുടെ വിഹിതം മാറ്റി നിര്‍ത്തി അതിനെ പൊതു സ്വത്തെങ്കിലുമായി പരിഗണിക്കേണ്ടതില്ലേ? അതു കൈവശപ്പെടുത്തി അര്മാദിക്കുന്നത് വിവരമില്ലായ്മയല്ല. ക്രിമിനല്‍ കുറ്റം തന്നെയാണ്.
പൊതുജീവിതത്തെ തങ്ങളുടെ ലാഭേച്ഛകളിലും മത്സരങ്ങളിലും മുക്കിക്കൊല്ലുന്ന ഈ പുതു മുതലാളിമാരും നേതാക്കളും നല്ല ബുദ്ധതോന്നി കളം വിടുകയില്ല. രക്തത്തിന്റെ സ്വാദ് അവര്‍ക്ക് ഉപേക്ഷിക്കാനാവില്ല. ജനാധിപത്യ സംവിധാനങ്ങളും രാഷ്ട്രീയവും ജീര്‍ണമായ സാമ്പത്തിക കിടമത്സരങ്ങളിലാണ്. അവിഹിത സമ്പാദ്യങ്ങളും കോഴയും അഴിമതിയും കയ്യേറ്റവും അവകാശമെന്ന മട്ടില്‍ പെരുമാറാന്മാത്രം ഉന്മത്തരാണവര്. നീതിബോധത്തിന്റെ വിശാല ലോകമല്ല പഴുതുകളുടെ മാളങ്ങളാണ് അവരുടെ വാസസ്ഥലം.
പണത്തിന്റെയും സ്വത്തിന്റെയും ഉത്ഭവത്തില്‍ ദിവ്യവും നിഗൂഢവുമായ എന്തോ ഉണ്ടെന്ന പത്തൊമ്പതാം ശതകത്തിലെ അവകാശവാദം തന്നെയാണ് സമസ്ത മുതലാളിമാര്‍ക്കും വേണ്ടി വഹാബ് പങ്കു വെക്കുന്നത്. സാമ്പത്തികശാസ്ത്ര ധാരണകള്‍ എത്രയോ മുന്നോട്ടു പോയിരിക്കുന്നു. പണം തനിയെ മുളക്കില്ലെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. ഉത്പാദന ബന്ധങ്ങളെയും ഉത്പാദന ശക്തികളെയും ആശ്രയിച്ചേ പണം പെരുകുകയുള്ളൂ. അക്കാര്യം അവഗണിച്ച് ആപേക്ഷികമാണ് ദൈവഹിതമാണ് എന്നൊക്കെ ന്യായീകരിക്കുന്നവര്‍ നമ്മെ ഭരിക്കാന്‍ രാജ്യ സഭയില്‍ പോകുന്നു എന്നത് ഗംഭീരമായിരിക്കുന്നു! ആരുടെ പ്രതിനിധിയാണ് താനെന്ന് ഇതിലും സത്യസന്ധമായി ഒരാള്‍ക്കെങ്ങനെ പറയാനാവും?
രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്വത്തു വിവരം പരസ്യപ്പെടുത്തണം. സ്വത്തിലുണ്ടായ വര്‍ദ്ധനവ് എന്തിന്റെ അടിസ്ഥാനത്തിലെന്ന് വിലയിരുത്തപ്പെടണം. ആദായ നികുതി അടയ്ക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം. ക്രമവിരുദ്ധമായ സ്വത്തു വര്‍ദ്ധന തടയാനാവണം. പക്ഷെ അതിനൊന്നുമുള്ള ശ്രമം അഴിമതിയില്‍ മുങ്ങി നില്ക്കുന്ന സര്‍ക്കാറുകളില്‍നിന്നു പ്രതീക്ഷിച്ചുകൂടല്ലോ. വേണം പുതിയ രാഷ്ട്രീയമെന്നു ജനങ്ങള്‍ക്കു തോന്നിത്തുടങ്ങണം. മുട്ടു മടക്കിയും തല കുനിച്ചും എല്ലാത്തിനും വഴങ്ങിപ്പോന്ന പഴയ ശീലം മാറ്റിയേ തീരൂ.
5 ഏപ്രില്‍ 2015
വളരെ നന്നായി.ഇത്തരം വര്‍ത്തമാനങ്ങള്‍ അത്യാവശ്യമാണ്
LikeLike
കുറഞ്ഞപക്ഷം പണത്തെയെങ്കിലും സ്നേഹിച്ചിരുന്നെങ്കിലെന്നു തോന്നിപ്പോകുന്നു.
LikeLike
ഒരു രാഷ്ട്രീയ ക്കാരന്റെസംബതിനെക്കുരിച്ചു ധാര്‍മിക രോഷം നാന്നായി .സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ആദ്യത്തെ ആളാണ് വഹാബ് എന്ന തോന്നല്‍ ലേഖകന്‍ ഉണ്ടായപോലെ തോനുന്നൂ .ഏതായാലും ഇങ്ങിനെ ധാര്‍മിക രോഷം ഉണ്ടാവാന്‍ മുസ്ലിം ആയ സമ്പന്നന് വേണ്ടി വന്നു എന്നത് ശ്രദ്ധേയം തന്നെ .പിന്നെ ഇ എം എസ സ്വത്തു മുഴുവന്‍ പ്രസ്ഥാന തിനു നല്കി എന്ന പച്ചക്കള്ളം ഇവിടെയും ആവര്തിക്കപ്പെടുന്നൂ !
LikeLike