കേരളത്തിലെ ഭൂമിയില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയായിരിക്കുന്നു. അഭിമാനകരമായി കരുതിയ ഭൂപരിഷ്ക്കരണം നടന്ന മണ്ണാണിത്. പരിഷ്ക്കരണവും പുരോഗതിയും നടപടികളുടെ ആദ്യഘട്ടത്തില്‍തന്നെ സ്തംഭിച്ചു. തുടര്‍ വിചാരങ്ങളോ നടപടികളോ ഉണ്ടായില്ല. ഒരു പതിറ്റാണ്ടായി അതെല്ലാം എങ്ങനെ തകര്‍ക്കണം എന്നതാണ് അധികാരികളുടെ മുഖ്യ അജണ്ട.
ഭൂമി കയ്യേറ്റത്തിന്റെയോ പൊതുഭൂമി സ്വകാര്യ വ്യക്തിക്കോ കമ്പനിക്കോ പതിച്ചു നല്‍കിയതിന്റെയോ വാര്‍ത്തകളില്ലാത്ത ദിവസങ്ങളില്ല. ഭൂരഹിതന് മണ്ണ് നല്കാന് മാത്രമേ ഭൂമി ഇല്ലാതുള്ളു. അതിന് മിച്ചഭൂമി വേണമത്രെ! വലിയ മുതലാളിമാര്‍ക്കോ കോര്‍പറേറ്റുകള്‍ക്കോ ഭൂമി നല്കാന് മിച്ചഭൂമി ആവശ്യമില്ല. സാധാരണക്കാരുടെ ഭൂമി എപ്പോള്‍ വേണമെങ്കിലും പിടിച്ചെടുക്കാം. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കോര്‍പറേറ്റുകള്‍ക്കു വേണ്ടി അതിക്രമിച്ചെടുക്കുന്ന സര്‍ക്കാറുകള്‍ക്ക് അതിലൊരു ശതമാനമെങ്കിലും ഭൂരഹിതര്‍ക്ക് കുടില്കെട്ടാനിരിക്കട്ടെ എന്നു തോന്നിയിട്ടില്ല. ഭൂരഹിതര്‍ക്കു ഭൂമി നല്കല് പുതിയ വികസനത്തിന്റെ ഭാഗമല്ല. കൂടുതല്‍പേരെ ഭൂരഹിതരാക്കിത്തീര്ക്കലാണ് പുതിയ വികസനം.
ഇന്നത്തെ പത്രത്തില്‍ ശ്രദ്ധേയമായ രണ്ടു വാര്‍ത്തകളുണ്ട്. വെറ്ററിനറി സര്‍വ്വകലാശാലയുടെ നൂറ്റമ്പതു കോടിയോളം വിലമതിക്കുന്ന അഞ്ചേക്കര്‍ ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തെക്കുറിച്ചാണ് ഒന്ന്. കച്ചവടസ്ഥാപനങ്ങള്‍ക്കു വേണ്ടിയാണത്രെ ഇത്. മുമ്പ് കലിക്കറ്റ് സര്‍വ്വകലാശാലയിലും ഇത്തരമൊരു നീക്കം വിവാദമായതാണ്. യഥാര്‍ത്ഥത്തില്‍ സര്‍വ്വകലാശാലകളുടെ പുതിയ ഭരണാധികാരികള്‍ക്ക് മനസ്സിലാവാത്ത ഒരു കാര്യം എന്തിനാണ് ഇത്രയേറെ ഭൂമി എന്നതാണ്. നേരത്തേ ജനങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റിയും അവിടെയുണ്ടാവേണ്ട വികസനത്തെക്കുറിച്ചും അവിടെ നില നില്‍ക്കേണ്ട അന്തരീക്ഷത്തെക്കുറിച്ചും ഭരണാധികാരികള്‍ക്കു ചില കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത്തരം ചിന്തകളുടെ ഭാരമൊന്നും പുതിയ ഭരണാധികാരികള്‍ക്കില്ല.
ഭൂപരിഷ്ക്കരണ നിയമത്തിലെ ഭൂപരിധി ലംഘിച്ചു ഭൂമി വാങ്ങിക്കൂട്ടാനും നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് വന്‍തോതില്‍ വയലുകള്‍ നികത്തി മാളുകളും വില്ലകളും സ്ഥാപിക്കാനും വനനിയമം ലംഘിച്ച് മലയോരങ്ങള്‍ കയ്യേറാനും പരിസ്ഥിതി നിയമം ലംഘിച്ച് കുന്നിടിക്കാനും ക്വാറികള്‍ നടത്താനും മാരകവിഷം വമിക്കുന്ന വ്യവസായങ്ങള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ തുടങ്ങാനും പച്ചക്കൊടി കാണിക്കുന്ന ഗവണ്മെന്റാണ് നമുക്കുള്ളത്. ജനങ്ങളെ സംബന്ധിച്ചോ രാജ്യത്തിന്റെ വികസനം സംബന്ധിച്ചോ എന്തെങ്കിലും ഉത്ക്കണ്ഠകള്‍ അവര്‍ക്കില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറം കണ്ണു ചെല്ലാത്ത അധോമുഖ വാമനരാണവര്.
രണ്ടാമത്തെ വാര്‍ത്ത ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെയുള്ള ഭൂമി തിരിച്ചു പിടിക്കല്‍ മുന്നേറ്റത്തിന്റെതാണ്. പതിനൊന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനകീയ സമര പ്രസ്ഥാനങ്ങളും ദില്ലിയില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്കും വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും നല്‍കാനുള്ള മോഡി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ജമീന്‍ വാപസി പ്രക്ഷോഭമാരംഭിക്കാനാണ് യോഗം തീരുമാനിച്ചത്. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി ഏപ്രില്‍ ആറു വരെയാണ്. ഒീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അതിനടുത്ത ദിവസംതന്നെ രാജ്യവ്യാപകമായി അതു കത്തിക്കും. മെയ് അഞ്ചിന് പാര്‍ലമെന്റിനു മുന്നിലും സംസ്ഥാന ആസ്ഥാനങ്ങളിലും വലിയ ജനമുന്നേറ്റം സംഘടിപ്പിക്കും. രാജ്യത്തെ കര്‍ഷകരില്‍നിന്ന് അഞ്ചുകോടി ഒപ്പു ശേഖരിച്ച് കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിക്കും.
കോണ്‍ഗ്രസ്, സി.പി.എം,സി.പി.ഐ.,ഐക്യ ജനതാദള്‍, ജെ.ഡി.എസ്, ആര്.എസ്.പി, സി.പി.ഐ.എം.എല്‍ ലിബറേഷന്‍,തൃണമൂല്‍ കോണ്‍ഗ്രസ്, ആര്.ജെ.ഡി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒരേ വിഷയത്തില്‍ ഒത്തു ചേര്‍ന്നിരിക്കയാണ്. ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതാര്‍ഹമായ നിലപാടാണിത്. ആത്മാര്‍ത്ഥത സംബന്ധിച്ചു സംശയിക്കേണ്ട സാഹചര്യമുണ്ടാവുന്നത്, അതി ഭീഷണമായ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ക്കു മുന്നില്‍ ജനം നിസ്സഹായരായി നിലവിളിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയിട്ടില്ല ഇവരാരും. കേരളത്തില്‍ നമുക്കതു ബോധ്യമായതാണ്. മൂലമ്പള്ളി മുതല്‍ ദേശീയപാത വരെ കുടിലില്‍ നിന്ന് വലിച്ചെറിയപ്പെടുന്നവരുടെ സ്ഥിതി എന്താകുമെന്ന് ഈ പ്രസ്ഥാനങ്ങളൊന്നും ആശങ്കപ്പെട്ടു കണ്ടില്ല. അത്തരം സമരങ്ങളൊന്നും ഏറ്റെടുത്തിട്ടുമില്ല. അതിനാല്‍ ഇപ്പോഴത്തെ ആവേശം ബി.ജെ.പി ഗവണ്മെന്റിനെതിരെയുള്ള ഒരു രാഷ്ട്രീയ നീക്കം മാത്രമാണെന്നും വരാം. അതല്ല, ആത്മാര്ത്ഥമായിട്ടാണെങ്കില് അവരതു തെളിയിക്കേണ്ടത് കേരളത്തില്‍ നടക്കുന്ന നിരവധി ജനകീയ സമരങ്ങളെ പിന്തുണച്ചുകൊണ്ടാണ്. ബി.ഒ.ടിമാഫിയക്കെതിരായ സമരം, ദേശീയപാത – അതിവേഗ തീവണ്ടിപ്പാത – ഗ്യാസ് പൈപ് ലൈന്‍ കുടിയൊഴിപ്പിക്കലുകള്‍ക്കെതിരായ സമരം, ആദിവാസി – ദളിത് ഭൂസമരങ്ങള്‍, വയല്‍നികത്തല്‍ വിരുദ്ധ സമരം, ക്വാറി-കുന്നിടിക്കല്‍ വിരുദ്ധ സമരം, നദീ സംരക്ഷണ സമരം തുടങ്ങി ഒട്ടേറെ സമരങ്ങളുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതു സംബന്ധിച്ച നിലപാടുകള്‍ പുനപ്പരിശോധിക്കാന്‍ തയ്യാറുണ്ടോ?
ജനങ്ങളില്‍നിന്നും പിടിച്ചെടുത്ത ഭൂമി ഉദ്ദിഷ്ട ആവശ്യത്തിനല്ലാതെ ഉപയോഗിച്ചുകൂടാ എന്ന ചട്ടം മറികടന്ന അവസരങ്ങള്‍ ധാരാളമാണ്. ആ ഭൂമി തിരിച്ചു പിടിക്കാനാവുമോ? കിന്‍ഫ്രക്കു വേണ്ടി ഏറ്റെടുത്ത ഭൂമി വില്ലകളുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്കു വില്‍ക്കാനുള്ള നീക്കം കളമശ്ശേരിയിലുണ്ടായി. ഭക്ഷ്യോത്പാദന സംസ്ക്കരണ യൂണിറ്റുകള്‍ക്കു വേണ്ടി നിശ്ചയിച്ച കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ രണ്ടര ഏക്കര്‍ കൊമേഴ്സ്യല്‍ സോണ്‍ റെഡ് കാറ്റഗറി വ്യവസായത്തിന് ക്രമവിരുദ്ധമായി അനുവദിച്ചു. കൃഷിയിടങ്ങളും നീര്‍ത്തടങ്ങളും ഇങ്ങനെ ചട്ടവിരുദ്ധമായി കൈമാറ്റംചെയ്യപ്പെട്ട എത്രയോ അനുഭവങ്ങളുണ്ട് കേരളത്തില്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രദ്ധ ആ വഴിക്കു തിരിയുമെന്നു കരുതാനാവുമോ?
വിജയവാഡയില്‍ ആന്ധ്ര സംസ്ഥാനത്തിന് പുതിയ തലസ്ഥാനമുണ്ടാക്കാന് കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കണ്വന്ഷന് നടത്തിയ സമരാഹ്വാനം സ്വാഗതാര്‍ഹമാണ്. ഏപ്രില്‍ ഒമ്പതിന് വിജയവാഡയില്‍ ജനപാര്ലമെന്റ് നടക്കും. രാജ്യത്തെമ്പാടും സമാന സാഹചര്യങ്ങളില്‍ നടക്കുന്ന പ്രതിരോധങ്ങള്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളേ നിങ്ങളുടെ നിലപാട് പറയുവിന്‍.
രാജ്യത്തെ കര്‍ഷക – ഭൂരഹിത കര്‍ഷക മുന്നേറ്റങ്ങളും ഇതര ജനകീയ സമരപ്രസ്ഥാനങ്ങളും ഒന്നിക്കാനുള്ള ഒരിടം തുറക്കപ്പെട്ടിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. അടിത്തട്ടിലെ സാധാരണ മനുഷ്യര്‍ ആരംഭിച്ച ചെറുത്തു നില്പ്പുകള് അവഗണിക്കാനാവാതെ വന്നിരിക്കുന്നു. അവയെ ഏറ്റെടുത്തോ മെരുക്കിയെടുത്തോ മാത്രമേ വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും മുന്നോട്ടു പോകാനാവൂ എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. കണ്‍വെന്‍ഷനിലേക്ക് സമരപ്രസ്ഥാനങ്ങളെയും മേധാപട്ക്കറെയും ക്ഷണിച്ചത് അത്തരമൊരു സാഹചര്യത്തിലാവാനേ വഴിയുള്ളു. സമരങ്ങളെ ഏറ്റെടുക്കുകയോ സമരങ്ങളില്‍ അണിചേരുകയോ ആവാം. പക്ഷെ, സമരങ്ങളെ മെരുക്കാനാണ് വലതു പക്ഷ നയങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വൈഭവമുള്ളത്. ആ വഴിയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് അവര്‍ക്കുതന്നെ വിപത്താവുകയേയുള്ളു.
രാജ്യത്തെങ്ങും പടര്‍ന്നു പിടിക്കുന്ന സാമൂഹിക ഇടതുപക്ഷ സമരങ്ങള്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ ഊര്‍ജ്ജസ്രോതസ്സാണ്. അവയ്ക്ക് കോര്‍പറേറ്റ് വിരുദ്ധവും ജനകീയവുമായ ഒരു രാഷ്ട്രീയ ബോധ്യത്തിലൂടെയേ വളരാനും മുന്നേറാനുമാവൂ. അതു മറന്നുള്ള ഒരൈക്യവും ആരെയും രക്ഷിക്കുകയില്ല.
3 ഏപ്രില്‍ 2015