മഞ്ഞച്ചെകുത്താന്റെ നഗരം എന്ന പേരില്‍ മാക്സിം ഗോര്‍ക്കി എഴുതിയ ഒരു പുസ്തകമുണ്ട്. അമേരിക്കന്‍ അനുഭവങ്ങളാണ് അതിലുള്ളത്. മദാലസയായി ചുറ്റിത്തിരിയുന്ന, സ്വര്‍ണ ധൂളികളെമ്പാടും വിതറുകയും പിന്നീട് കരിംചുഴലിയായി വന്ന് അതിലുമെത്രയോ ഇരട്ടിയായി തിരിച്ചെടുക്കുകയും ചെയ്യുന്ന ഭീമമായൊരു സ്വര്‍ണക്കട്ടിയാണ് പുതിയ മുതലാളിത്ത നഗരത്തിന്റെ ഹൃദയമെന്ന് ഗോര്‍ക്കി ആ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ കുറിച്ചിട്ടിരിക്കുന്നു. മഞ്ഞച്ചെകുത്താന്റെ നഗരമാണ് മുതലാളിത്തലോകം.
രണ്ടരപ്പതിറ്റാണ്ടു മുമ്പ് വായിച്ച പുസ്തകം വീണ്ടും ഓര്‍മയില്‍ കൊണ്ടുവന്നത് ഈ ആഴ്ച്ച പുറത്തിറങ്ങിയ ദേശാഭിമാനി വാരികയാണ്. ടി.ജയരാജന് എഴുതിയ മഞ്ഞച്ചെകുത്താന്റെ നാട് എന്ന ലേഖനമുണ്ട് അതില്‍. മലയാളിയുടെ ഭ്രാന്തമായ സ്വര്ണാസക്തി മുന്‍നിര്‍ത്തി സ്വര്ണവിനിമയത്തിന്റെ ചരിത്രവും ആഗോള സാഹചര്യവും പരിശോധിക്കുകയാണ് ജയരാജന്. കേരളത്തിലെ സ്വര്‍ണ വിപണി അന്താരാഷ്ട്ര തലത്തില്‍ ഒരുക്കപ്പെട്ട ഒരു കെണിയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
കറന്‍സികളുടെ മൂല്യം സ്വര്‍ണ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചുപോന്ന രീതി മാറ്റിമറിക്കപ്പെട്ടതോടെ രണ്ടു കാര്യങ്ങളുണ്ടായി. ഒന്ന്: മുതലാളിത്തക്രമം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. രണ്ട്: കരുതല്‍ കേന്ദ്രങ്ങളിലെ സ്വര്‍ണശേഖരം വിപണിയിലേക്ക് ഒഴുകിത്തുടങ്ങി. ഇതിന്റെ ദുരന്തം പേറേണ്ടി വന്നത് പ്രധാനമായും വികസ്വര രാജ്യങ്ങളാണ്. നമ്മുടെ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക ക്രമങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ടാണ് സ്വര്ണോന്മാദത്തിലേക്ക് നമ്മെ പുതിയ മുതലാളിത്തം വലിച്ചടുപ്പിച്ചത്. നാം വേണ്ട ഗൗരവത്തോടെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഈ വിഷയമാണ് ജയരാജന് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്.
ലോകത്തില്‍ ഏറ്റവുമേറെ സ്വര്ണോപഭോഗമുള്ള രാജ്യം ഇന്ത്യയാണ്. 2009ല്‍ 442 ടണ്‍ ഉപയോഗിച്ചിരുന്നത് 2010ലെത്തുമ്പോള്‍ 746 ടണ്ണായി ഉയര്‍ന്നു. അടുത്ത രണ്ടു വര്‍ഷംകൊണ്ട് അത് 950നും മീതെയെത്തി. ഇതില്‍ ഏറിയ പങ്കും ചെലവഴിക്കപ്പെടുന്നത് കേരളത്തിലാണ്. വ്യക്തിഗത ഉപയോഗത്തിന് ഇത്രയേറെ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന മറ്റൊരു ജനവിഭാഗവും ഭൂമുഖത്തില്ല. കണ്ണും മൂക്കുമില്ലാത്ത മഞ്ഞ മുതലാളിത്തത്തിന് തടിച്ചു തിടം വെക്കാന്‍ കോലംകെട്ടേണ്ടി വരുന്നത് കേരളത്തിലെ പെണ്ണുടലുകളാണ്.
ദുരിതവും മരണവും വിതക്കുന്ന മോഹമഞ്ഞക്കെതിരെ ഒന്നു പിടഞ്ഞുണരേണ്ടതില്ലേ നമ്മുടെ ഉടലുകള്‍? ജനവിരുദ്ധ മുദ്രാവാക്യങ്ങളണിയാന് വിട്ടു നല്‍കണോ സ്വന്തം ഉടലുകള്‍? സ്ത്രീ വിമോചന വിചാരങ്ങളുടെ വലിയ കുത്തൊഴുക്കുണ്ടായിട്ടുണ്ട് കേരളത്തില്‍. കലകളും സാഹിത്യവും ഉടലുകളെ പുതുക്കിപ്പണിഞ്ഞിട്ടുമുണ്ട്. അനുഭവങ്ങളെ കീറിമുറിച്ച് തന്നെത്തന്നെ വിചാരണ ചെയ്യുന്ന പുതു തലമുറക്കാരികളുടെ ധീരവും സാഹസികവുമായ കടന്നുവരവ് നാം അറിഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി. അവിടെയെവിടെയോ നാം കേള്‍ക്കാന്‍ കൊതിച്ച ഒരു കാര്യം, പതിവ് ഉടലൊരുക്കങ്ങളിലെ പുരുഷ വിരുതുകളെ പ്രതിരോധിക്കും എന്ന ദൃഢനിശ്ചയത്തിന്റേതായിരുന്നില്ലേ? അധികാരത്തിന്റെയും മൂലധനത്തിന്റെ(സ്വകാര്യ സ്വത്തിന്റെ)യും ആവിഷ്ക്കാര രൂപങ്ങളെല്ലാം പുരുഷാടയാളങ്ങള് നിറഞ്ഞതാണെന്ന് മറക്കാനാവുമോ?
ബില്ലെഴുതിയും എഴുതാതെയും നിയമേനയും നിയമ വിരുദ്ധമായും നടക്കുന്ന സ്വര്‍ണ വിനിമയത്തിന്റെ പേരിലുള്ള വെട്ടിപ്പും ദുരിതവും ചെറുതല്ലല്ലോ. കേരളത്തിന്റെ സമ്പദ്ക്രമത്തെ അട്ടി മറിക്കുന്നതേ സ്വര്ണലോബികളാണ്. ഒളിച്ചുള്ള സ്വര്‍ണക്കടത്തും സര്‍ക്കാര്‍ സംവിധാനങ്ങളെ മറച്ചുള്ള വില്‍പ്പനയും നികുതി വെട്ടിപ്പും വഞ്ചിക്കുന്ന പരസ്യങ്ങളും നിര്‍ബാധം തുടരുകയാണ്. അതിനു പുറമേയാണ് കാക്കഞ്ചേരിയിലേതുപോലെ ജനജീവിതത്തിനു മേലുള്ള കടന്നാക്രമണങ്ങള്‍.
കുടിവെള്ളവും ശുദ്ധവായുവും കിട്ടാതാവുന്ന ലോകത്താണ് സ്വര്‍ണത്തിനു വേണ്ടിയുള്ള മത്സരങ്ങള്‍ നിറയുന്നത്. പാര്പ്പിടമില്ലെങ്കിലും കല്യാണത്തിന് പൊന്നു വേണമെന്നത് നമ്മുടെ വാശിയായിരിക്കുന്നു. വ്യക്തിഗത സ്വര്‍ണോപയോഗം വിലക്കപ്പെട്ട നാളുകളും നാടുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ അപായപ്പെടുത്തുമെന്ന് കരുതിയായിരുന്നു അത്. എഴുപതുകളുടെ പകുതിവരെ അമേരിക്കയില്‍പ്പോലും വ്യക്തിഗത സ്വര്‍ണോപയോഗം നിയമം മൂലം നിരോധിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ഇന്നത്തെ സ്വര്ണോപയോഗ വര്‍ദ്ധനവിനെക്കുറിച്ചുള്ള ഒരന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് സാമ്രാജ്യത്വം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നികൃഷ്ടമായ ഗൂഢാലോചനകളിലേക്കും കേരളത്തിന്റെ നിയോ കൊളോണിയല്‍ അടിമത്ത വ്യവസ്ഥയിലേക്കും രോഗാതുരമായ സാമൂഹ്യാവസ്ഥയിലേക്കും മുരടിച്ചതും സ്തംഭനാവസ്ഥയിലുള്ളതുമായ സാമ്പത്തിക വളര്‍ച്ചാ ഘട്ടത്തിലേക്കുമൊക്കെയാണ് എന്നു യുക്തിസഹമായി വിശദീകരിക്കുന്നുണ്ട് ജയരാജന്. തങ്ങളുടെ ആസ്തി കൂട്ടാന്‍ പണത്തെ സ്വര്‍ണമായി പരിവര്‍ത്തിപ്പിക്കുന്ന സാധാരണ മനുഷ്യര്‍ നാളെ നിരാശപ്പെടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കുന്നു. സ്വര്‍ണ അജണ്ട കയ്യൊഴിയുന്ന മുതലാളിത്തം നമ്മെ പെരുവഴിയില്‍ തള്ളുമെന്നാണ് അദ്ദേഹം പറയുന്നത്.
ഒരു നൂറ്റാണ്ടിനപ്പുറം സ്വര്ണോപയോഗത്തിന്റെ ശീലങ്ങളൊന്നും നമുക്കുണ്ടായിരുന്നില്ല. സ്വര്‍ണം ഉപയോഗിച്ചുകൂടാ എന്നു നിര്‍ബന്ധമുള്ള ജനവിഭാഗങ്ങള്‍ ഉണ്ടായിരുന്നുതാനും. മുതലാളിത്തം സൃഷ്ടിച്ച പുതുകേരളത്തില്‍ സ്വര്‍ണം ഒഴിച്ചുകൂടാന്‍ വയ്യാത്തതായി. സാമൂഹിക പരിഷ്ക്കര്‍ത്താക്കളും നവോത്ഥാന നായകരും പുരോഗമന രാഷ്ട്രീയാചാര്യന്മാരും സ്വപ്നം കണ്ട നവകേരളത്തില്‍ പക്ഷെ സ്വര്ണത്തിളക്കമുണ്ടായിരുന്നില്ല. ആഭരണ ഭ്രമങ്ങളില്‍നിന്നും പൊങ്ങച്ചങ്ങളില്‍നിന്നും വിമുക്തമാകണേ എന്നാണവര്‍ അഭ്യര്‍ത്ഥിച്ചത്.
ചെമ്പുവളയേ അണിയാവൂ എന്ന ശാഠ്യത്തിനു നേരെ സ്വര്‍ണവള അണിഞ്ഞാലെന്താണ് കുഴപ്പം എന്നു ചോദിക്കേണ്ടി വന്നിട്ടുണ്ട് മലയാളിക്ക്. മേല്ക്കുപ്പായമിടരുത് എന്ന ആജ്ഞക്കു നേരെ കുപ്പായം ധരിക്കും എന്നു തീര്‍ത്തു പറയേണ്ടിവന്നിട്ടുമുണ്ട്. അവയൊന്നും ആഭരണത്തിന്റെയോ വസ്ത്രത്തിന്റെയോ മാത്രം പ്രശ്നമായിരുന്നില്ല അന്ന്. പുതിയ കേരളം പുതിയ മനുഷ്യര്‍ എന്ന തിരിച്ചറിവിന്റേതായിരുന്നു. ഇന്നാകട്ടെ ആഭരണത്തിനകത്ത് ഉടലിനെയും ഉടലിനകത്ത് സ്വത്വത്തെയും ചുരുട്ടിയൊതുക്കിയിടാന് നാം ശീലിച്ചു കഴിഞ്ഞു. നമ്മെ പ്രകാശിപ്പിക്കുന്നത് മുതലാളിത്ത ചരക്കുത്പ്പാദന വിനിമയ വ്യവസ്ഥയാണെന്നു വന്നത് തീരെ ആശാസ്യമല്ല. നമ്മുടെ ജീവിതത്തെ തോല്പ്പിച്ചുകൊണ്ടിരിക്കുന്നവര്ക്കാണ് നാം ഉടലും സ്വത്വവും സമര്‍പ്പിച്ചിരിക്കുന്നത്.
കുത്തിയും തുളച്ചും ഉടലിനെ പരുവപ്പെടുത്തുന്നത് നമുക്ക് ഒട്ടും വേദനാകരമല്ല. ബോധമുറയ്ക്കും മുമ്പു തന്നെ കുഞ്ഞുങ്ങളുടെ കാതും മൂക്കും കുത്താനും കഴുത്തില്‍ പട്ടകെട്ടാനും കാണിക്കുന്ന ധൃതി അവനെ/അവളെ പുതിയ മനുഷ്യനാക്കാനല്ല. ഒരിക്കലും പുതിയ മനുഷ്യനാവരുതേ എന്ന പരിമിതപ്പെടുത്താനാണ്. ഉടലവകാശം വ്യവസ്ഥകള്‍ക്കു തീറെഴുതുകയാണ് നാം. തുളയ്ക്കാനും തുളയ്ക്കാതിരിക്കാനുമുള്ള അവകാശത്തെ ബോധമുണരും മുമ്പുതന്നെ തുളയിട്ടു കവരുകയാണ് നാം.
എന്റെ പൊന്നേ എന്നു വിളിക്കുമ്പോള്‍ പുളകംകൊള്ളുന്ന വികാരപ്രപഞ്ചം, കെട്ടിയേല്‍പ്പിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത ഒരു മോഹവിചാരത്തിനുമേലാണ് നിലകൊള്ളുന്നത്. മിന്നുന്നില്ല പൊന്നെന്നു വന്നാല്‍ പഴഞ്ചൊല്ലിലൊന്നു പതിരാവുമെന്നേയുള്ളു. പുതുമോടികളും പുതുബോധ്യങ്ങളും നമ്മെത്തേടി വരട്ടെ.
29 മാര്‍ച്ച് 2015