നമ്മുടെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ഏറ്റവും ലജ്ജാകരവും വിദ്യാര്‍ത്ഥി വിരുദ്ധവുമായ ഒരു നീക്കമാണ് കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്നിരിക്കുന്നത്. കാമ്പസിനകത്ത് പൊല് ക്യാമ്പ് തുറന്നിരിക്കുന്നു. ഒരു സി.ഐ യും ഇരുപത്തഞ്ച് പൊലീസുകാരും ഉള്‍പ്പെട്ട സായുധ സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അവരുടെ മുഴുവന്‍ ചെലവും സര്‍വ്വകലാശാല വഹിക്കണമെന്നാണത്രെ വ്യവസ്ഥ. വിദ്യാര്‍ത്ഥികളുടെ ചെലവില്‍ വിദ്യാര്‍ത്ഥികളെ നേരിടാനും ജനാധിപത്യാവകാശങ്ങളും വിദ്യാഭ്യാസാവകാശങ്ങളും ഇല്ലാതാക്കാനുമാണ് നീക്കം. സര്‍വ്വ കലാശാലയോട് ചേര്‍ന്ന് അതേ കാമ്പസിന്റെ ഭാഗംപോലെ പ്രവര്‍ത്തിക്കുന്ന തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് ഉണ്ടായിരിക്കെയാണ് കാമ്പസിനകത്ത് പ്രത്യേക പൊലീസ് ക്യാമ്പ് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുവന്ന സന്ദര്‍ഭത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ജീവനക്കാരുമെല്ലാം ഭരണകാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. നിയമനത്തിന് പതിനഞ്ച് ലക്ഷം രൂപ കോഴ ചോദിച്ചത് മുസ്ലീം ലീഗ് നേതാവും തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടും വൈസ് ചാന്‍സലറുടെ സ്വയംപ്രഖ്യാപിത സംരകക്ഷകനുമായ ഫിറോസ് കള്ളിയിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ചാനലില്‍ വരുന്നുണ്ടെന്നു കേട്ട മാത്രയില്‍ വൈസ്ചാന്‍സലര്‍ക്കു ബോധക്കേടു വന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചതേയുള്ളു. പിന്നീട് പ്രതിഷേധ മുദ്രാവാക്യങ്ങളുടെ ശക്തികൊണ്ടാണ് താന്‍ ബോധഹീനനായതെന്നു വരുത്താനായിരുന്നു ശ്രമം. നൂറ്റി നാല്‍പ്പത്തിയാറു ദിവസം നീണ്ട വിദ്യാര്‍ത്ഥികളുടെ സഹന സമരകാലത്തില്ലാത്ത എന്തു ഭീഷണിയാണ് ഇപ്പോഴുണ്ടായതെന്ന് അധികാരികള്‍ക്കു വിശദീകരിക്കാനാവുന്നില്ല. പകരം പുതിയൊരാരോപണം അദ്ധ്യാപകര്‍ക്കുകൂടി നേരെ കൊണ്ടുവരാനാണ് വൈസ്ചാന്‍സലറും കൂട്ടരും തയ്യാറായത്. പാചകഗ്യാസ് തുറന്നുവിട്ട് വൈസ്ചാന്‍സലറെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പുതിയ ആരോപണം. സര്‍വ്വകലാശാലാ ക്യാമ്പസ് പൊലീസ് ക്യാമ്പാക്കുന്നതിനുള്ള ഗൂഢാലോചനയും കുത്സിത നീക്കവുമാണ് ഇതെന്നു ആര്‍ക്കും എളുപ്പം മനസ്സിലാവും.
വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പൊലീസിനെ ക്ഷണിച്ചു വരുത്തിക്കൂടാ എന്നൊരു ധാര്‍മികത നാം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. നിയന്ത്രണാധീതമായ അക്രമങ്ങളുണ്ടാകുമ്പോള്പോലും ചില ഉപാധികളോടെ മാത്രമേ സൈനിക വിഭാഗങ്ങള്‍ക്കു കാമ്പസില്‍ പ്രവേശിക്കാന്‍ സാധ്യമാകൂ. സമീപകാലത്ത് ചില കേന്ദ്ര സര്‍വ്വകലാശാലാ കാമ്പസുകളില്‍ രാത്രി റോന്തുചുറ്റാനെത്തിയ പൊലീസ് കനത്ത പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. തീവ്രവാദ ഭീഷണി മുന്‍നിര്‍ത്തിയുള്ള പൊലീസ് നടപടിയായിട്ടുപോലും സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ സെപ്തംബറില്‍ ജാദവ്പൂര്‍ യൂനിവേഴ്സിറ്റിയില്‍ വലിയ പ്രതിഷേധവും വിദ്യാര്ത്ഥിമുന്നേറ്റവും രൂപപ്പെട്ടപ്പോള്‍ പൊലീസ് ഇടപെടല്‍ ശക്തമായിരുന്നെങ്കിലും ക്യാമ്പസിനകത്ത് പൊലീസ് വിന്യസനത്തിന് അനുവാദം ലഭിച്ചിരുന്നില്ല. ഇടയ്ക്കിടെ കടന്നുവന്ന് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്ന പൊലീസിനെതിരെ 2013 നവംബറില്‍ ഇത് മിലിട്ടറി ക്യാമ്പല്ല എന്ന് കാശ്മീര്‍ സര്‍വ്വകലാശാല യിലെ വിദ്യാര്‍ത്ഥികള്‍ അലറി വിളിച്ചതും നാം മറന്നിട്ടില്ല.
തന്റെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലേക്ക് ചെല്ലാന്‍ സായുധ പൊലീസിന്റെ അകമ്പടി വേണ്ടി വരുന്ന ഒരദ്ധ്യാപകനോ വൈസ്ചാന്‍സലറോ ആ പദവികളിലിരിക്കുന്നതിന് യോഗ്യനാണോ? ആത്മനിന്ദയോടെയല്ലാതെ ഒരു നിമിഷമെങ്കിലും സാമാന്യബോധമുള്ള ഒരാള്‍ക്ക് അങ്ങനെ ജീവിക്കാനാവുമോ? വിദ്യാര്‍ത്ഥികളില്‍നിന്ന് തന്നെ രക്ഷിക്കണമേ എന്നു വിലപിക്കുന്ന വൈസ് ചാന്‍സലര്‍ രാജ്യത്തിന് അപമാനമാണ്. മുഴുവന്‍ വിദ്യാഭ്യാസ സംവിധാനങ്ങളും അയാളെയോര്‍ത്ത് ലജ്ജിക്കേണ്ടതാണ്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു ക്യാമ്പസില്‍ പൊലീസ് യൂണിറ്റാരംഭിച്ചിരിക്കുന്നു. അസംബ്ലി ബഹളങ്ങളുടെയിടയില് പ്രതിപക്ഷമോ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മാധ്യമ പ്രവര്‍ത്തകരോ ഇതു ശ്രദ്ധിച്ചുകാണില്ല. ഇതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടുമുണ്ടാവില്ല. ഫാസിസവത്ക്കരിക്കപ്പെടുന്ന ഒരു രാഷ്ട്രീയാധികാര ഘടന കനത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം കീഴ് വഴക്കങ്ങളുണ്ടാക്കുന്നവര് വലിയ അപകടത്തെയാണ് പാലൂട്ടുന്നത്. കാമ്പസിനോടു ചേര്‍ന്ന് ഒരു മതിലിന്റെ മറവുപോലുമില്ലാത്ത പൊലീസ് സ്റ്റേഷനുണ്ടായിരിക്കെ കാമ്പസില്‍ പൊലീസ് ക്യാമ്പ് തുറന്നതെന്തിനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജനങ്ങളോട് വിശദീകരിക്കണം. ഉടനെ പൊലീസിനെ പിന്‍വലിക്കുകയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അവകാശവും അഭിമാനവും സംരക്ഷിക്കുകയും വേണം.
സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്ക്കുമുള്ളതാണ്. ജ്ഞാനാന്വേഷണത്തിന്റെതും ക്രമീകരണത്തിന്റെയും രേഖപ്പെടുത്തലിന്റെയും സമയബന്ധിതമല്ലാത്ത ഉത്തരവാദിത്തമാണ് അവിടെ നിര്‍വ്വഹിക്കാനുള്ളത്. രാജ്യത്തിന്റെ ഭാവി ഇന്നലെകളുടെ ഇരുണ്ട മനസ്സുകൊണ്ടു വരിഞ്ഞു മുറുക്കപ്പെട്ടുകൂടാ. പുതിയ തുറസ്സുകളിലേക്കു കുതിക്കുന്ന സാഹസികമായ ചിന്തകളവിടെകാണും. പൊലീസിനെ ഉപയോഗിച്ച് എല്ലാം ശരിയാക്കിക്കളയാം എന്നു ധരിക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ പ്രാഥമികമായ സൗകര്യങ്ങളെങ്കിലും അനുവദിക്കാന്‍ കഴിയാത്തവര്‍ക്ക് വിപണനമേളകളും ആഘോഷങ്ങളും നടത്താനുള്ള ഉത്സവപ്പറമ്പല്ല ക്യാമ്പസ്.
ഉറങ്ങിക്കിടക്കുന്ന പ്രക്ഷുബ്ധതയുടെ താഴ് വരകള്‍ക്ക് തീ കൊടുക്കാതിരിക്കുവിന്‍. എവിടെയെങ്കിലും ഒരനീതി നടന്നാല്‍ എരിഞ്ഞുണരാനുള്ള കനലുകള്‍ ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ട്. അധികാരത്തിന്റെ മായാകൗശലങ്ങള്ക്ക് കീഴ്പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത വിവേകവും ഊര്‍ജ്ജവും അവിടെക്കാണും. തെറ്റായ ഒരു നീക്കം കൊണ്ട് നിങ്ങള്‍ അധികാരികള്‍ വിപത്തു വിതച്ചിരിക്കുന്നു. ഈ നിമിഷമെങ്കിലും അതു തിരിച്ചറിഞ്ഞ് തിരുത്തുന്നതായിരിക്കും ഉചിതം.
22 മാര്‍ച്ച് 2015