Article POLITICS

മറഞ്ഞിരുന്ന മാര്‍ക്‌സ് വെളിച്ചത്തിലേക്ക്

IMG_6729

പ്രണയവും മൂലധനവും : മാര്‍ക്‌സ് കുടുംബത്തിന്റെ സമ്പൂര്‍ണ ജീവിത കഥ എന്ന ഗ്രന്ഥം മലയാളത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. ഒട്ടേറെ ജീവചരിത്രങ്ങള്‍ പല ഭാഷകളിലായി ലഭ്യമാണെങ്കിലും ഈ കൃതി അവയില്‍നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. നീണ്ട കാലത്തെ ഗവേഷണവും പഠനവും വേണ്ടിവന്നു മേരി ഗബ്രിയേലിന് മാര്‍ക്‌സ് കുടുംബത്തിന്റെ ജീവിതത്തെ സാഹസികമായി പിന്തുടരാന്‍. മാര്‍ക്‌സ് കുടുംബത്തില്‍ ഓരോരുത്തരും എഴുതിയ കത്തുകളുടെ ശേഖരങ്ങളിലൂടെ പോകുമ്പോള്‍ ബോധപൂര്‍വ്വമല്ലാതെ രേഖപ്പെട്ട കാലവും ജീവിതവും മേരിയെ വിസ്മയപ്പെടുത്തി. മറ്റാരും കാണാത്ത ഒരു ഭൂഖണ്ഡത്തിലെത്തിയതുപോലെ അവരുത്സാഹിയായി. കാള്‍ മാര്‍ക്‌സും ജന്നിയും വിപ്ലവത്തിന്റെ പിറവിയും എന്ന തലക്കെട്ടില്‍ അവരതു പകര്‍ത്താനാരംഭിച്ചു. മാര്‍ക്‌സിസത്തിന്റെ ബൃഹദ് ചരിത്രത്തില്‍ പുതിയൊരു ക്ലാസിക്ക് കൃതിയാണ് പിറന്നത്.

ലോകത്തെ മാറ്റാനുള്ള സാമൂഹിക ചലനങ്ങളുടെ നിയമം കണ്ടെത്താന്‍ മാര്‍ക്‌സിന് രോഗവും ദാരിദ്ര്യവും മരണവും പലായനവും വേട്ടയാടലുകളും നിറഞ്ഞ ജീവിതത്തെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. 1912ല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ മാര്‍ക്‌സ് ജീവചരിത്രത്തില്‍ തന്നെ ഈ അനുഭവങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ജന്നിയില്ലായിരുന്നെങ്കില്‍ മാര്‍ക്‌സിന് അതിജീവിക്കാനാവുമായിരുന്നില്ല എന്നും ധര്‍മ്മ സ്ഥാപനത്തിന് ദാരിദ്ര്യപിശാചികക്ക് തന്റെ രണ്ടു അരുമ മക്കളെ ബലി നല്‍കിയ ആ സാധ്വിയായ മാതാവിന്റെ ധീരകൃത്യങ്ങളെക്കുറിച്ച് അമ്മമാരേ വാഴ്ത്തുവിന്‍ എന്നും അദ്ദേഹം മലയാളിസ്ത്രീകളെ ഉപദേശിച്ചിരുന്നു.

റോയിട്ടറില്‍ പത്രപ്രവര്‍ത്തകയായിരുന്ന മേരി ഗബ്രിയേല്‍ വളരെ യാദൃച്ഛികമായാണ് ബ്രിട്ടണിലെ ഒരു മാസികയില്‍ മാര്‍ക്‌സ് കുടുംബം നേരിട്ട യാതനകളെക്കുറിച്ച് വായിക്കാനിടയായത്. ഇതവരെ പുതിയ ദൗത്യത്തിലേക്കു നയിച്ചു. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള അനുഭാവമോ പ്രവര്‍ത്തന കൗതുകമോ ഒന്നുമല്ല, മാര്‍ക്‌സ് ജീവിതത്തോട് തോന്നിയ താല്‍പ്പര്യമാണ് പ്രയാസങ്ങള്‍ നിറഞ്ഞ പഠനത്തിലേക്ക് അവരെ എത്തിച്ചത്. അത്ഭുതകരമായ രീതിയിലാണ് അവര്‍ ആ കൃത്യം പൂര്‍ത്തീകരിച്ചത്. സുന്ദരിയായ ജന്നിയെ മാത്രമല്ല, ബുദ്ധിജീവിയും എഴുത്തുകാരിയും മാര്‍ക്‌സും എംഗല്‍സുമായി സംവാദത്തിലേര്‍പ്പെടുന്നവളുമായ ജന്നിയെയും നാം ഈ പുസ്തകത്തില്‍ കണ്ടുമുട്ടുന്നു. മാര്‍ക്‌സിന്റെയും ജന്നിയുടെയും മൂന്നു പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും വിപ്ലവ രാഷ്ട്രീയത്തിനു നല്‍കിയ സംഭാവനകളും വിശദാംശങ്ങളോടെ തുറന്നുകാണിക്കപ്പെട്ടു.

മാര്‍ക്‌സിന്റെ കാഴ്ച്ചക്കോണില്‍നിന്നോ എംഗല്‍സിന്റെ കാഴ്ച്ചക്കോണില്‍നിന്നോ മാത്രം തെളിയുന്ന ദൃശ്യങ്ങളേ ഇതുവരെ നാം കണ്ടുള്ളു. ഭാര്യയും മക്കളും സുഹൃത്തുക്കളും സഹായികളും അയല്‍വാസികളും സഖാക്കളും കേവല പരാമര്‍ശങ്ങളിലോ അടിക്കുറിപ്പുകളിലോ ഒതുങ്ങുകയായിരുന്നു പതിവു രീതി. മേരി ഗബ്രിയേലാകട്ടെ, അവരുടെയെല്ലാം അനുഭവങ്ങളെ പിന്തുടരുന്നു. മറഞ്ഞുകിടന്ന മാര്‍ക്‌സിനെ അവര്‍ പുറത്തെത്തിക്കുന്നു. കടുത്ത ആരാധനയുടെയോ രാഷ്ട്രീയ പ്രതിബദ്ധതയുടെയോ നിഴലുകള്‍ അവര്‍ക്കു വിലങ്ങു നില്‍ക്കാനില്ലായിരുന്നു. സ്ത്രീ എഴുതുന്ന ജീവചരിത്രത്തിന് എന്തു വ്യത്യാസമെന്ന് അവര്‍ ബോധ്യപ്പെടുത്തുന്നു.

നിലവിലുള്ള സാമൂഹിക ഘടനകളുടെയും വ്യവഹാരങ്ങളുടെയും മേല്‍ത്തട്ടില്‍നിന്നുള്ള കാഴ്ച്ചകളുടെ ആഖ്യാനങ്ങളാണ് മിക്കവാറും നമ്മുടെ ആത്മകളും ജീവചരിത്രങ്ങളുമെല്ലാം. ഒരാളെത്തന്നെ നോക്കുമ്പോള്‍ അയാളെയും അയാള്‍ക്കു ചുറ്റുമുള്ള ലോകത്തെയും മാത്രമാണ് നാം കാണുന്നത്. അതില്‍നിന്നും ഏറെ വ്യത്യസ്തമാണ് കീഴിടങ്ങളില്‍നിന്നുള്ള നോട്ടവും എഴുത്തും. മുകളില്‍നിന്നു നോക്കുമ്പോള്‍ ഒരു വ്യവഹാരശൃംഖലയാകെ അയാളെ കേന്ദ്രീകരിച്ചിരിക്കുന്നതായി തോന്നും. താഴെ നിന്നാവുമ്പോഴോ, ഒരു വ്യവഹാരക്രമത്തിനകത്ത് അതിന്റെ ചലനാത്മകതയില്‍ അയാളുടെ ഇടമാണ് തെളിയുന്നത്. ചരിത്രത്തിലായാലും ജീവചരിത്രത്തിലായാലും വീക്ഷണപരമായ ഈ ജാഗ്രതയും മുറിഞ്ഞുമാറലും എല്ലാ അധികാരങ്ങളുടെയും വീണ്ടുവിചാരവും വിമര്‍ശനവുമായി മാറുന്നുണ്ട്.

നമ്മില്‍ ഇങ്ങനെയൊരു ചിന്തയുടെയും പ്രതിവ്യവഹാരത്തിന്റെയും വഴികള്‍ തുറന്നവരില്‍ പ്രധാനിയായ ഒരാളുടെ ജീവിതം ഇതേവിധം നോക്കിക്കാണാനുള്ള ധീരമായ ശ്രമമായാണ് പ്രണയവും മൂലധനവും എന്ന പുസ്തകം മാറിയത്. കാറല്‍ മാര്‍ക്‌സിന്റെ ജീവിതത്തെ വേറിട്ടൊരു വഴിയിലൂടെയാണ് മേരി പിന്തുടര്‍ന്നതെന്നര്‍ത്ഥം. മാര്‍ക്‌സിനെക്കുറിച്ചു ഇന്നോളമുണ്ടായിട്ടുള്ള രചനകളെ മാത്രമല്ല, ജീവചരിത്ര ശാഖയെയാകെ അതിന്റെ പരിമിതികളില്‍നിന്നു മുക്തമാക്കാനുള്ള അന്വേഷണമായി ഈ കൃതി അടയാളപ്പെടുന്നു.

കരുത്തരും മഹാന്മാരുമായ ആളുകളുടെ, അഥവാ ആളുകളെ കരുത്തരും മഹാന്മാരുമാക്കുന്നതിന്റെ കഥകളേ നാം ആത്മകഥകളും ജീവചരിത്രങ്ങളുമായി വായിച്ചുപോന്നിട്ടുള്ളു. ലോകത്തെ ഇളക്കി മറിച്ച മഹാനായ സൈദ്ധാന്തികന്റെയും കുടുംബത്തിന്റെയും യാചകതുല്യവും അത്യപൂര്‍വ്വവുമായ ജീവിതം മുമ്പൊന്നും ഇത്രമേല്‍ സൂക്ഷ്മാംശങ്ങളോടെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. ട്രയറിലെ അതീവ സുന്ദരിയും പ്രഭുകുമാരിയുമായ ജെന്നിവോണ്‍ വെസ്റ്റ്ഫാലെന്‍, ഗെഥേയുടെ വില്യം മീസ്റ്ററിനെപ്പോലെയോ ഷില്ലറുടെ കാള്‍ വോണ്‍ മൂറിനെപ്പോലെയോ നിഷേധിയും ധിക്കാരിയും വിപ്ലവകാരിയുമായ ഒരാളെ മാര്‍ക്‌സില്‍ കണ്ടെത്തി. മേരി ഗബ്രിയേല്‍ എഴുതുന്നത് ജെന്നി എന്ന സ്ത്രീ ഇല്ലായിരുന്നെങ്കില്‍ കാറല്‍ മാര്‍ക്‌സ് ഉണ്ടാകുമായിരുന്നില്ല. അങ്ങനെയെങ്കില്‍ ഇന്നു നാം കാണുന്ന ലോകം ഇങ്ങനെയായിരിക്കുകയുമില്ല എന്നാണ്.

മൂലധനമെഴുതിയ സാമ്പത്തികശാസ്ത്ര ജ്ഞാനമുള്ള മാര്‍ക്‌സ്, വ്യക്തിജീവിതത്തില്‍ പണ വിനിമയത്തെയും വിനിയോഗത്തെയും സംബന്ധിച്ച് തികഞ്ഞ അജ്ഞതയോ അശ്രദ്ധയോ ആണു പുലര്‍ത്തിയത് എന്നു തോന്നാം. ആരോടും പണത്തിനിരക്കുന്ന, ഏറെ മദ്യപിക്കുന്ന, രാത്രിമുഴുവന്‍ ഗൗരവതരമായ ചര്‍ച്ചകളില്‍ മുഴുകുന്ന ലോകത്തോടു നിരന്തരം സംവദിച്ചുകൊണ്ടിരുന്ന മാര്‍ക്‌സ് ഒരു സാധാരണ മനുഷ്യജീവിതത്തെ അസാധാരണമായ അനുഭവലോകമാക്കിത്തീര്‍ത്തു. എഴുതിയതിലേറെയും പണത്തിനുവേണ്ടിക്കൂടിയായിരുന്നു. എഴുതാനിരിക്കുന്നതിന്റെ പ്രതിഫലവും മുന്‍കൂട്ടി വാങ്ങി ചെലവഴിക്കുന്നതായിരുന്നു ശീലം. ദാരിദ്ര്യം വിട്ടുമാറിയതേയില്ല. സമ്പന്നതയുടെ ലോകം വിട്ടു വന്ന ജെന്നി പ്രണയത്തിന്റെ അപൂര്‍വ്വമായ സമര്‍പ്പണമാക്കി തന്റെ ജീവിതത്തെ. ആറു മക്കളില്‍ മൂന്നു പേരും ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടു. ആദ്യ മകന്‍ മരിക്കുമ്പോള്‍ ശവപ്പെട്ടി വാങ്ങാന്‍പോലും കാശില്ലായിരുന്നു അവരുടെ കയ്യില്‍. ജെന്നിയും പിന്നീട് മാര്‍ക്‌സും ലോകത്തോട് വിട പറഞ്ഞ ശേഷവും ജീവിച്ചിരുന്ന അവരുടെ രണ്ടു പെണ്‍മക്കള്‍ പിന്നീട് ആത്മഹത്യചെയ്യുകയായിരുന്നു.

ദുരന്തങ്ങളുടെ തുടര്‍ച്ചയായിരുന്നു മാര്‍ക്‌സ് കുടുംബത്തിന് ജീവിതം. സഹായവും കരുത്തുമായി എപ്പോഴുമുണ്ടായിരുന്നത് എംഗല്‍സായിരുന്നു. ജെന്നിയെന്നപോലെ എംഗല്‍സുമില്ലായിരുന്നെങ്കില്‍ മാര്‍ക്‌സിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. അപൂര്‍വ്വമായ ഒരാദര്‍ശാത്മക ബന്ധമായിരുന്നു ഇവര്‍ക്കിടയില്‍. നിരന്തരമായ അന്വേഷണങ്ങളും സംവാദങ്ങളും സൈദ്ധാന്തികവും പ്രായോഗികവുമായ പുതു വഴികളിലേക്ക് അവരെ ഒന്നിച്ചാണ് നയിച്ചത്. സാഹസികമായ പ്രണയ ബന്ധങ്ങളായിരുന്നു എംഗല്‍സിനുമുണ്ടായിരുന്നത്. തന്റെ ഫാക്ടറിയിലെ തൊഴിലാളി പെണ്‍കുട്ടിയോട് തോന്നിയ അടുപ്പം അവരുടെ ചേരികളിലേക്ക് ചെളിയും മാലിന്യവും ചവിട്ടിയെത്തിച്ചേരാനും വൃത്തിഹീനമായ പരിതസ്ഥിതികളില്‍ ജീവിക്കുന്നവരെക്കുറിച്ച് അറിയാനും എംഗല്‍സിന് അവസരമൊരുക്കി. ബ്രിട്ടനിലെ തൊഴിലാളി വര്‍ഗത്തിന്റെ കഥയെഴുതാനുള്ള പ്രേരണയായി ഇതു മാറി. മാര്‍ക്‌സുമായുള്ള കൂടിക്കാഴ്ച്ച അവര്‍ രണ്ടുപേരുടെയും ജീവിതത്തെ മാത്രമല്ല,ലോക ചരിത്രത്തെത്തന്നെ മാറ്റിയല്ലോ.

മാര്‍ക്‌സിസത്തിന്റെ ചരിത്രം മാര്‍ക്‌സ് കുടുംബത്തിന്റെ ചരിത്ര സന്ദര്‍ഭങ്ങളോട് ചേര്‍ത്തുവായിക്കാനാണ് മേരി ഗബ്രിയേല്‍ ശ്രമിച്ചതെന്ന് കാണാം. വിപ്ലവചിന്തയുടെ പിറവിയ്ക്കിടയാക്കിയ സാഹചര്യങ്ങള്‍ യൂറോപ്പിലെ സാമൂഹിക രാഷ്ട്രീയാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ വിശദീകരിക്കുന്നു. ചിന്തയുടെ കാര്‍ക്കശ്യംകൊണ്ടും വിപ്ലവ സ്വഭാവം കൊണ്ടും മാര്‍ക്‌സ്, അധികാര ശക്തികളുടെ നിരന്തരമുള്ള വേട്ടയാടല്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഒരിടത്തും നില്‍ക്കാനാവാതെ യൂറോപ്പിലെങ്ങും അലഞ്ഞു ജീവിക്കേണ്ടി വന്നപ്പോള്‍ എങ്ങുമുള്ള തൊഴിലാളി വിപ്ലവകാരികളെയും ചിന്തകരെയും കലാകാരന്മാരെയും പരിചയപ്പെടാന്‍ അദ്ദേഹത്തിനു സാധിച്ചു. ചാള്‍സ് ഡാര്‍വിന്റെയും വിക്തര്‍ ഹ്യൂഗോയുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും കാലത്തെ ദാര്‍ശനിക പ്രബുദ്ധതയുടെ സാമൂഹികാവിഷ്‌ക്കാരങ്ങളും സ്വാധീനങ്ങളും നാം കണ്ടെത്തുന്നു.

മേരി ഗബ്രിയേലിന്റെ വിപ്ലവകരമായ ഈ കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുത്തത് ഇന്‍സൈറ്റ് പബ്ലിക്കയുടെ സ്ഥാപകരായ നസീമയും സുമേഷുമാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു ഇവര്‍. പോരാട്ടങ്ങളുടെ നിലച്ചിട്ടില്ലാത്ത ആ വീറും പ്രതിബദ്ധതയുമാവണം അവരെ ഈ സംരംഭത്തിലേക്കു നയിച്ചിട്ടുണ്ടാവുക. മേരി ഗബ്രിയേലിന്റെ കൃതി അതു പിറന്നു വീണയുടനെത്തന്നെ മലയാളികള്‍ക്കും എത്തിച്ചു നല്‍കാന്‍ ഇവരെടുത്ത ക്ലേശം ചെറുതല്ല. പരിഭാഷകനായ സി.എം.രാജന്‍ പരിഭാഷക്കും പുതിയ മാനം നല്‍കിയിരിക്കുന്നു. സാങ്കേതിക സംജ്ഞകളോ ഇണങ്ങാത്ത പ്രയോഗങ്ങളോ നമ്മുടെ വഴി തടയുന്നില്ല. പരിഭാഷയെക്കുറിച്ച് അവതാരികാകാരനായ എം എ ബേബി എഴുതിയത് പ്രസക്തമാണ്.അദ്ദേഹം എഴുതുന്നു: സി.എം.രാജന്റെ മനോഹരമായ പരിഭാഷ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്.സ്ഥിരം ഉപയോഗിച്ചു പരിചയിച്ച ചില പദങ്ങള്‍ക്കു പകരം പുതിയ പദങ്ങള്‍ കണ്ടെത്തുവാനുള്ള പരിഭാഷകന്റെ സൂക്ഷ്മമായ ജാഗ്രത ശ്രദ്ധേയമാണ്.ഈ ശ്രമത്തിന്റെ ഭാഷാപരമായ പ്രത്യേകതകള്‍ വ്യാപകമായി, ചിലപ്പോള്‍ വിമര്‍ശനപരമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കരുതുന്നു. പരിഭാഷക്ക് ഒരു സര്‍ഗ്ഗാത്മക തലംകൂടിയുണ്ട് എന്ന ആശയത്തിന്റെ പ്രയോഗത്തിനാണ് രാജന്‍ ശ്രമിച്ചത്. അതില്‍ ശ്രദ്ധേയമായ വിജയവും കാണാനാവും.

എം എ ബേബിയുടെ അവതാരിക പ്രസക്തമായ ചില ഓര്‍മ്മപ്പെടുത്തലുകളുടെ കനലുകള്‍ നിറഞ്ഞതാണ്. വീണ്ടും അദ്ദേഹത്തെ ഞാന്‍ ഉദ്ധരിക്കട്ടെ: കമ്യൂണിസ്റ്റ് വിപ്ലവകാരികളാവാന്‍ ശ്രമിക്കുന്നവര്‍ പഠിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ആദ്യകാല കമ്യൂണിസ്റ്റ് ആചാര്യന്മാരും പ്രവര്‍ത്തകരും എത്രമാത്രം ക്ലേശസങ്കുലവും കണ്ണീരും ചോരയും പടര്‍ന്നതുമായ ജീവിത സങ്കീര്‍ണതയിലൂടെയാണ് കടന്നുപോയത് എന്ന വസ്തുത എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്? ചെറിയ അസൗകര്യങ്ങള്‍പോലും സഹിക്കാനാവാത്ത നമ്മുടെ സമീപകാല ജീവിതരീതികള്‍ എത്രമാത്രം മാപ്പര്‍ഹിക്കാത്തതാണെന്ന് ആത്മ വിമര്‍ശനം നടത്തുവാന്‍ ഈ ഗ്രന്ഥം നമ്മെ പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല.

പഴയ ക്ലാസിക് നോവലുകള്‍ വായിച്ച അതേ താല്‍പ്പര്യത്തോടെയും ഉദ്വേഗത്തോടെയുമാണ് ഞാനീ പുസ്തകം വായിച്ചു തീര്‍ത്തത്. ഹ്യൂഗോ പാവങ്ങള്‍ എഴുതുന്ന കാലത്ത് സമാനമായ അനുഭവങ്ങളിലൂടെ യൂറോപ്പില്‍ ജീവിതമുണ്ടായിരുന്നു എന്നു മാത്രമല്ല, അങ്ങനെ ജീവിച്ചവരില്‍നിന്നാണ് ഒരാള്‍ക്കു മാര്‍ക്‌സെന്നോ ജന്നിയെന്നോ പേരുറച്ചതെന്നും നടുക്കത്തോടെ നാം മനസ്സിലാക്കുന്നു.

ഈ പുസ്തകം വായിക്കാതെ പോകുന്നത്, വാങ്ങിക്കാതെ പോകുന്നത് വലിയ അനുഭവ നഷ്ടമായിരിക്കും.

21 മാര്‍ച്ച് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )