Article POLITICS

ജനവിരുദ്ധ ബജറ്റിന്റെ വിശുദ്ധിയും രാഷ്ട്രീയ സദാചാരവും


assembly


ജനങ്ങളുടെ സേവകര്‍ എല്ലാറ്റിനും മീതെയെന്നും എല്ലാറ്റിന്റെയും യജമാനന്മാരെന്നും ഭാവിക്കുന്നത് എന്തുകൊണ്ടാണ്? ജനങ്ങള്‍ ഏല്‍പ്പിച്ച ജോലി ഏറ്റെടുത്തവരാണ് ജനപ്രതിനിധികള്‍. അതിനവര്‍ക്ക് ജനങ്ങള്‍ വേതനം നല്‍കുന്നുമുണ്ട്. മറ്റ് സൗകര്യങ്ങളും ധാരാളം. ദാരിദ്ര്യവും ഇതര പ്രയാസങ്ങളും അനുഭവിക്കുന്ന ജനത അതൊന്നും അനുഭവിപ്പിക്കാതെയാണ് ജനപ്രതിനിധികളെ വളര്‍ത്തിപ്പോരുന്നത്. അതിനവര്‍ ശിക്ഷ അനുഭവിക്കണമെന്ന നിലയാണിപ്പോള്‍.

ജനാധിപത്യ സംവിധാനങ്ങളെല്ലാം കെട്ടിപ്പൊക്കിയത് ജനങ്ങളുടെ വിയര്‍പ്പിലും സമ്മതത്തിലുമാണ്. അതാര്‍ക്കെങ്കിലും മതി മറന്നു ആഭാസക്കൂത്താടുവാനുള്ളതല്ല. നിയമസഭയുടെ വിശുദ്ധിയെക്കുറിച്ചൊന്നും ഇപ്പോഴാരും ആശങ്കപ്പെടുന്നില്ലെന്നത് നേര്. ഏറെക്കാലമായി അവിടെ ജനതാല്‍പ്പര്യത്തിനല്ല പ്രാമുഖ്യം. ജനാധിപത്യം ഒരു ഭംഗിവാക്കു മാത്രമാണ്.

അഴിമതിയും കൊള്ളയും കയ്യേറ്റവും കടന്നാക്രമണവും പ്രോത്സാഹിപ്പിക്കുന്ന ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ പുതിയ സദാചാരവും പ്രവര്‍ത്തന ക്രമങ്ങളും അവിടെ സാധൂകരിക്കപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും നിന്ദ്യവും അശ്ലീലവുമായ അഴിമതിയുടെ കുടചൂടിയാണ് ഭരണാധികാരികള്‍ എഴുന്നള്ളുന്നത്. ഓരോ അഴിമതിയും ഓരോ പൗരനില്‍നിന്നുമുള്ള പിടിച്ചുപറിയാണ്. ജനങ്ങളുടെ ജീവിതം ചോര്‍ത്തിയെടുത്താണ് അവര്‍ ജരാനരകളെ അതിജീവിച്ച് തെമ്മാടിയൗവ്വനം കാക്കുന്നത്.

കേരളത്തെ,അഥവാ മലയാളികളെ ഏറ്റവും അപായകരമായി ബാധിക്കുന്ന എത്രയോ ഘട്ടങ്ങളുണ്ടായി. മാരക നിയമങ്ങള്‍, കൊടും പാതകങ്ങള്‍, കൂട്ട കുടിയൊഴിപ്പിക്കലുകള്‍, ബലാല്‍സംഗങ്ങള്‍, വിലക്കയറ്റങ്ങള്‍, അധിനിവേശങ്ങള്‍……. ഒരിക്കല്‍പ്പോലും നിയമസഭ ഇത്രമേല്‍ അക്രമോത്സുകമായില്ല.

മുഖ്യമന്ത്രിയുടെ ഓഫീസുതന്നെയും കുറ്റവാളികളുടെ താവളമായി. ആ മുഖ്യമന്ത്രിയുടെ നയപ്രഖ്യാപനം തടയപ്പെട്ടില്ല. സോളാര്‍ക്കേസുപോലെ നിയമം നഗ്നമായി ചവിട്ടിമെതിക്കപ്പെട്ട മറ്റൊരനുഭവം നമ്മുടെ ഓര്‍മ്മയിലില്ല. ഭൂമി കയ്യേറ്റങ്ങളുടെയും ജനങ്ങളെ പറിച്ചെറിയലുകളുടെയും നിയമലംഘനങ്ങളുടെയും ഭരണമാണ് നടക്കുന്നത്. അവയില്‍ ഏതെങ്കിലും ഒന്നിന്റെ പേരില്‍ നിയമസഭ ഇളകി മറിഞ്ഞില്ല. ഓരോ കയ്യേറ്റത്തിലും ഇടതും വലതും ഒന്നായി. ഓരോ കുടിയൊഴിപ്പിക്കലിലും അവര്‍ ഒന്ന്. നീര്‍ത്തട നിയമ ലംഘനത്തിലും കൃഷിഭൂമി നികത്തലിലും കുന്നിടിക്കലുകളിലും ഒന്ന്. പൊതുവഴികളും പൊതു സ്ഥാപനങ്ങളും ആരോഗ്യവും വിദ്യാഭ്യാസവും സ്വകാര്യ മുതലാളിമാര്‍ക്കു വീതിച്ചു കൊടുക്കുന്നതിലും അവര്‍ ഒന്നുതന്നെ. അപ്പോഴൊന്നും ഉണര്‍ന്നിട്ടില്ലാത്ത വിപ്ലവ വീര്യമാണ് ഇപ്പോള്‍ വിജൃംഭിച്ചു പൊട്ടിത്തെറിച്ചത്.


mani


ബോഫോഴ്‌സ് കേസുമുതല്‍ പാമോയില്‍ കേസുവരെ നാം കണ്ടു. സൂര്യനെല്ലി കേസു മുതല്‍ ഐസ് ക്രീം കേസുവരെ എങ്ങുമെത്തിയില്ല. കേസിലുള്‍പ്പെട്ടവരെല്ലാം പലതവണ വിജയിച്ചു മന്ത്രിമാരായി. നിയമസഭ ക്രിമിനല്‍ കേസുകളില്‍ പെട്ടവരുടെ സഭയായി. ഇപ്പോള്‍, കോടികള്‍ കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന മാണിയുടെ കാര്യത്തില്‍ മാത്രം ഇത്രമേല്‍ അഭിമാന പ്രശ്‌നം ഉയര്‍ന്നതെങ്ങനെയാണ്? കെ.എം മാണിയെ മാത്രം ബലിക്കല്ലില്‍ കിടത്തി എല്ലാ കള്ളന്മാര്‍ക്കും, വിശേഷിച്ചു മുഖ്യമന്ത്രിക്കു രക്ഷപ്പെടാന്‍ ഒരവസരമുണ്ടായത് എങ്ങനെയാണ്? ഇത്ര ബുദ്ധ ശൂന്യരായിപ്പോയോ പ്രതിപക്ഷവും? അതോ ഈ നാടകത്തില്‍ അവരുടെ ഭാഗം ഇങ്ങനെയായിരിക്കുമോ?

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവര്‍ക്ക് എങ്ങനെയാണ് ജനങ്ങളെ ബഹുമാനിക്കാനാവുക? ജനങ്ങളുടെ രക്തത്തെയും വിയര്‍പ്പിനെയും കളങ്കിതമാക്കാന്‍, അദ്ധ്വാനത്തെ അവഹേളിക്കാന്‍, തെരഞ്ഞെടുപ്പിനെ പരിഹസിക്കാന്‍ അവര്‍ക്കൊരു മടിയുമില്ലല്ലോ. ആലോചനാശേഷി അല്‍പ്പം അവശേഷിച്ചിരുന്നുവെങ്കില്‍ മഹത്തായ ജനാധിപത്യ മൂല്യം ഇങ്ങനെ ചവിട്ടിമെതിക്കപ്പെടുമായിരുന്നില്ല. നിയമം നിര്‍മിക്കുകയും എങ്ങനെ പാലിക്കണമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടവര്‍ എങ്ങനെയെല്ലാം നിയമം ലംഘിക്കാമെന്നും എത്രമേല്‍ ആഭാസകരമാവാം ഓരോ മനുഷ്യനെന്നും പഠിപ്പിക്കുകയായിരുന്നു.

കള്ളന്മാരുടെയും കൊള്ളക്കാരുടെയും താല്‍പ്പര്യം കാക്കുന്നവരുടെ കൂട്ടം അവതരിപ്പിക്കുന്ന ബജറ്റ്: അതേത് വിശുദ്ധന്‍ അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്? ആരാണ് ഇതില്‍ യോഗ്യരായിരിക്കുന്നത്? കൊള്ളയ്ക്കു കൈപൊക്കാത്തവര്‍ ആരുണ്ടിതില്‍? ജനവിരുദ്ധ വികസനത്തിന്റെ രക്തക്കറ പുരളാത്ത ഏതു കൈകളുണ്ട് നിയമസഭയില്‍? ഞെരിച്ചു ഞെരിച്ചു ഇല്ലാതാക്കുകയല്ലേ ജനങ്ങളെ. അതിനെക്കാള്‍ വലിയ ജനാധിപത്യ ധ്വംസനം ഏതുണ്ട്?

മാണിക്കു പിറകേ പോയവര്‍ ബജറ്റിനെ കൈവിട്ടു. യു ഡി എഫ് ഗവണ്‍മെന്റിന്റെ അവസാന ബജറ്റ്. അതിന്റെ ജനവിരുദ്ധമായ അകം തുറന്നു കാണിക്കപ്പെട്ടില്ല. സഭാരേഖകളില്‍ അവ കാണില്ല. വില നല്‍കേണ്ടി വരുന്നത് തീര്‍ച്ചയായും ജനങ്ങള്‍ക്കാണ്.

ജനങ്ങളുടെ മുന്നില്‍ ഒട്ടേറെ അഴിമതികള്‍ നടന്നിട്ടുണ്ട്. സമര്‍ത്ഥന്മാര്‍ പലവഴി രക്ഷപ്പെട്ടിട്ടുമുണ്ട്. എല്ലാ കാലത്തും വീണു പോയത് ജനങ്ങളാണ്. ശിക്ഷിക്കപ്പെടുന്നത് ജനങ്ങളാണ്. കൊള്ളയടിക്കപ്പെടുന്നതും അവരാണ്. അവരുടെ സഹന സമരങ്ങളില്‍ തിരിഞ്ഞു നോക്കാന്‍ അറപ്പുള്ളവരാണ് സഭയില്‍ ജനങ്ങളുടെ പേരില്‍ കൊമ്പു കോര്‍ക്കുന്നത്. കോര്‍പറേറ്റ് ചാനലുകള്‍ക്ക് റേറ്റിംഗ് കൂട്ടാന്‍ മത്സരിച്ച് അഭിനയിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അക്രമങ്ങളുടെ നിയമ സാധൂകരണവുമാണ് ബജറ്റ് വെച്ചു നീട്ടുന്നത്. നിലം നികത്താനാവില്ലെന്നും ഭൂമി തോന്നിയ പോലെ തരം തിരിച്ചുകൂടാ എന്നും സുപ്രീം കോടതി വിധിച്ചതിന് തൊട്ടടുത്ത ദിവസം 2008നു മുമ്പുള്ള നികത്തലുകളെല്ലാം അംഗീകരിക്കുമെന്നാണ് മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്. നമ്മുടെ വയലുകളില്‍ ഉയര്‍ന്നു പൊങ്ങിയ പുതു നഗരങ്ങളുടെ തമ്പുരാന്മാര്‍ എന്താണ് വെച്ചുനീട്ടിയതെന്നറിയില്ല. കോഴമണമുണ്ട് ബജറ്റിനും. രണ്ടോ മൂന്നോ സെന്റില്‍ വീടു വെച്ചവന്റെ ദയനീയമായ വിലാപമല്ല ഏക്കറുകള്‍ നികത്തിയവന്റെ അട്ടഹാസമാണ് മുഴങ്ങുന്നത്.

മാണിക്കു പകരം ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചാല്‍ മാറുമായിരുന്നോ ബജറ്റ്? പുലരുമായിരുന്നോ ധാര്‍മിക സദാചാരം? ഉമ്മന്‍ചാണ്ടിക്കു ചിരിച്ചോണ്ടിരിക്കാന്‍ എം എല്‍ എമാരുടെ കോമാളിനാടകം. ഭംഗിയായി.

15 മാര്‍ച്ച് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )