Article POLITICS

ഭൂമി പിടിച്ചെടുക്കല്‍ നിയമവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പും

aqui

ഭൂമി ഏറ്റെടുക്കല്‍ നിയമം ഭൂമി പിടിച്ചെടുക്കല്‍ നിയമമാവുകയാണ്. പൊതു സമ്മതത്തോടെ പൊതു സംരംഭങ്ങളാരംഭിക്കുക എന്ന സങ്കല്‍പ്പമല്ല ചൂഷണ താല്‍പ്പര്യത്തോടെ സ്വകാര്യ സംരംഭങ്ങളാരംഭിക്കുക എന്ന കയ്യൂക്കു താല്‍പ്പര്യമാണ് നിയമ സാധുത തേടുന്നത്. ലോകത്തെ വിഴുങ്ങാന്‍ ഇരമ്പിക്കുതിക്കുന്ന കൊള്ള മൂലധനത്തിന്റെ കൊലവിളിയാണ് മുഴങ്ങുന്നത്. ജനാധിപത്യ സംവിധാനങ്ങളെ അത് അര്‍ത്ഥ രഹിതമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി എന്ന നാട്യത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം ഒരേ മുഖമാണ്. അനുകൂലിച്ചും എതിര്‍ത്തും ഒരു നാടകവേദിയായി നിയമ നിര്‍മാണ സഭയെ മാറ്റുന്നു. അവസാന വിജയം കോര്‍പറേറ്റ് കൊള്ളക്കാര്‍ക്കാവണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഇതല്‍പ്പം കടന്ന അഭിപ്രായമായില്ലേ എന്നു ചിലരെങ്കിലും സംശയിച്ചേക്കാം. ചില പാര്‍ട്ടികളെങ്കിലുമുണ്ടല്ലോ ജനങ്ങളുടെ പക്ഷത്ത്. അവര്‍ ജനങ്ങള്‍ക്കു വേണ്ടിയല്ലേ വാദിക്കുന്നത്? ലോകസഭയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ചര്‍ച്ചതന്നെ നോക്കൂ. ഭരണപക്ഷത്തെ ശിവസേനപോലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നില്ലേ? കോണ്‍ഗ്രസ്സും ഇതര പ്രതിപക്ഷ കക്ഷികളും ഇറങ്ങിപ്പോയില്ലേ? ഓരോ കക്ഷിയും ഭേദഗതികള്‍ അവതരിപ്പിച്ചില്ലേ? വലിയ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളതിനാലല്ലേ ബി ജെ.പിക്കു ബില്‍ ലോകസഭയില്‍ പാസ്സാക്കാന്‍ കഴിഞ്ഞത്?

യഥാര്‍ത്ഥത്തില്‍ ബി ജെ പി ഇതര കക്ഷികള്‍ക്ക് അവര്‍ അവകാശപ്പെടുന്നതുപോലെ ഈ ബില്ലിനോട് എതിര്‍പ്പോ സാധാരണ ജനതയോട് പ്രതിബദ്ധതയോ ഉണ്ടോ? അങ്ങനെയുണ്ടായിരുന്നെങ്കില്‍ ലോകസഭക്കു പുറത്ത് അവര്‍ക്കു പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടു വരാമായിരുന്നല്ലോ. സ്വാഭാവികമായിത്തന്നെ രാജ്യത്തെമ്പാടും ഉയര്‍ന്നു പൊങ്ങുന്ന ജനകീയ പ്രതിഷേധങ്ങളിലോ പ്രക്ഷോഭങ്ങളിലോ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാണുന്നില്ലല്ലോ. ജീവിതം പ്രയാസകരമാകുന്ന സാഹചര്യത്തില്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനവും അവയുടെ അണികളെ സമരപന്തലില്‍ പോകുന്നതില്‍നിന്നും തടയാനാവാതെ വിഷമിക്കുന്നു എന്നതു നേരാണ്. അതിനാല്‍ അവരൊരു ദ്വിമുഖ തന്ത്രം പയറ്റുന്നു. കീഴ്ത്തട്ടില്‍ സമരത്തിന് അനുകൂലം മേല്‍ത്തട്ടില്‍ എതിര്‍പ്പ് എന്നതാണത്.

ലോകസഭയോ രാജ്യസഭയോ ആകുമ്പോള്‍ അവിടെ പ്രതിപക്ഷത്തിന്റെ ചുമതല യല്ലേ നിറവേറ്റുന്നത്? അത് സാങ്കേതികമായി മാത്രമല്ലേ? ശരിക്കും ഞങ്ങള്‍ കോര്‍പറേറ്റ് പക്ഷത്തല്ലേ എന്നു കോര്‍പറേറ്റുകളെയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമെന്നു ജനങ്ങളെയും ബോധ്യപ്പെടുത്തലാണത്. പൂര്‍ണമായും ഒരു പക്ഷത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ അവര്‍ക്കു ചിന്തിക്കാന്‍പോലും ആവില്ല. രാജ്യത്തെ ഇടതു പക്ഷം പോലും ഈ ഇരട്ട വേഷംമാണ് അഭിനയിച്ചു ഫലിപ്പിക്കുന്നത്. ലോകസഭയിലും രാജ്യ സഭയിലും അവരെടുത്ത നിലപാടുകള്‍ സത്യസന്ധമായിരുന്നെങ്കില്‍ അഥവാ ഇനിയെങ്കിലും ആവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കു ജനകീയ സമരങ്ങളില്‍ പങ്കു ചേരാതെ നിര്‍വ്വാഹമില്ല.

2

പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ അരക്ഷിതമാകും. സ്വന്തമായുള്ള ഇത്തിരി ഭൂമിക്കുമേലും പറന്നു വീഴാവുന്ന കഴുകന്‍ കണ്ണുകളെ ഭയക്കാതെ ഇനി ജീവിക്കാനാവില്ല. ഒരു പ്രദേശത്തെ ജനതക്ക് അന്യായമായ പിടിച്ചു പറിക്കലിനെതിരെ ഒന്നിച്ചു പ്രതിരോധിക്കാനുള്ള അവസരമുണ്ടായിരുന്നു ഇതുവരെ. പുതിയ നിയമം വന്നാല്‍ അതു സാധ്യമല്ല. സൈനികശേഷിയുപയോഗിച്ചുള്ള യുദ്ധസമാനമായ കടന്നാക്രമണങ്ങളെയാണ് പൗരന്മാര്‍ക്ക് നേരിടേണ്ടി വരിക. രാജ്യത്തെ ഗവണ്‍മെന്റ് അതിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കെതിരെയാണ് യുദ്ധം പ്രഖ്യാപിക്കുന്നത്. ഭൂമി പിടിച്ചു പറിക്കല്‍ നിയമം ഇപ്പോല്‍ ലോകസഭ പാസാക്കിയിരിക്കുന്നു. ഇനി രാജ്യസഭയിലും കടന്നു കിട്ടണം. അതത്ര എളുപ്പമല്ലെന്നാണ് കരുതപ്പെടുന്നത്. എങ്കിലും കോര്‍പറേറ്റുകള്‍ക്ക് പ്രയാസമെന്തുള്ളൂ എന്നും വഴങ്ങാത്ത രാഷ്ട്രീയമേതുള്ളൂ എന്നും ആലോചിക്കുമ്പോള്‍ നാം നടുങ്ങിപ്പോകുന്നു.

പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാറുകള്‍ കോര്‍പറേറ്റുകളുടെ കാര്യസ്ഥ സഭകളായി അധപ്പതിച്ചിരിക്കുന്നു. വികസനസംരംഭമെന്ന ഒരൊറ്റ ഹേതുമതി, ഉടമകളുടെ അനുവാദമില്ലാതെ ഏതു ഭൂമിയും പിടിച്ചെടുക്കാമെന്നുള്ള അമിതാധികാരമാണ് ഗവണ്‍മെന്റില്‍ നിക്ഷിപ്തമാകുന്നത്. സംരംഭമേതെന്നും ഏതിടത്തു വേണമെന്നും നിശ്ചയിക്കാനുള്ള പരമാധികാരം ഇതുവഴി വന്‍കിട കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്നു. അടിസ്ഥാന വികസനത്തിന്റെ വ്യാഖ്യാനം ഏതളവോളവും വരാമെന്നതുകൊണ്ട് നേരത്തേയുണ്ടായിരുന്ന ഒരു നിബന്ധനയും ബാക്കി നില്‍ക്കുന്നില്ലെന്നും വന്നിരിക്കുന്നു. ഹോട്ടലോ ആശുപത്രിയോ വിദ്യാഭ്യാസ സ്ഥാപനമോ ഗ്രാമ വികസന സംരംഭങ്ങളോ ഐ.ടി പാര്‍ക്കുകളോ ആവാം. ഏറ്റെടുക്കുന്നത് കിടപ്പാടമോ കൃഷിഭൂമിയോ നീര്‍ത്തടമോ മലഞ്ചെരിവുകളോ തോട്ടങ്ങളോ ഏതുമാവാം. ചെറിയ നിക്ഷേപവും കൂടിയ ലാഭവും എന്നേ നോട്ടമുണ്ടാവൂ.

പ്രതിഫലവും പുനരധിവാസവും സംബന്ധിച്ചു നിലവിലുണ്ടായിരുന്ന നിസ്സാരമായ ആനുകൂല്യങ്ങള്‍പോലും നഷ്ടമാവും. പുറത്തെറിയപ്പെടുന്നവര്‍ ജീവിതത്തില്‍നിന്നുതന്നെ തൂത്തു മാറ്റപ്പെടാം. അവരുടെ നിലവിളി ജനാധിപത്യ സംവിധാനത്തിന് കേള്‍ക്കാനാവില്ല. ഭൂമി ഏറ്റെടുക്കലിലെ മതിയായ നഷ്ടപരിഹാരവും സുതാര്യതയും ഉറപ്പാക്കല്‍ അവകാശ നിയമം എന്നാണ് പേരിലുള്ളതെങ്കിലും അതിന്റെ നേര്‍ വിപരീതമാണ് ഉറപ്പായിരിക്കുന്നത്. കേരളത്തെപ്പോലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുന്ന ഒരു സംസ്ഥാനത്ത് പുതിയ നിയമം എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാന്‍പോലുമാവില്ല. സ്വന്തമായൊരു വീടുവെക്കാന്‍ ഭൂരഹിതരായ പാവങ്ങള്‍ക്കു രണ്ടോ മൂന്നോ സെന്റ് വീതം നല്‍കാനുള്ള മിച്ചഭൂമി കണ്ടെത്താന്‍ പതിറ്റാണ്ടുകളായി നമ്മുടെ സര്‍ക്കാറുകള്‍ക്കു കഴിഞ്ഞിട്ടില്ല. വീടുവെച്ചു നല്‍കാനുള്ള പല പദ്ധതികളാവിഷ്‌ക്കരിച്ചിട്ടും അവയൊന്നും വിജയത്തിലെത്തിക്കാനുള്ള ജാഗ്രതയും ഇന്നോളം കണ്ടിട്ടില്ല.

ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളുടെ നിര്‍വ്വഹണം നമ്മുടെ സര്‍ക്കാറുകള്‍ക്ക് അടിസ്ഥാന വികസനമായി തോന്നിയിട്ടില്ല. കോര്‍പറേറ്റുകളുടെ അടിസ്ഥാനാവശ്യമാണ് അവര്‍ക്കു അടിസ്ഥാന വികസനം. വന്‍കിടക്കാര്‍ കയ്യേറിയ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചെടുക്കാനോ ആദിവാസികള്‍ക്ക് ഭൂലഭ്യത ഉറപ്പാക്കാനോ ഭരണകൂടത്തിന് ത്രാണിയില്ല. താര്‍പ്പര്യവുമില്ല. എങ്കിലും എപ്പോഴും പറയുന്നത് രാജ്യത്തിന്റെ വികസനം സംബന്ധിച്ചാണ്.

താരതമ്യേന പുരോഗമനപരമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലാണ് 2013ല്‍ യു പി എ ഗവണ്‍മെന്റ് പാസ്സാക്കിയത്. പല മേഖലകളെയും ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പരാതികളുണ്ടായിരുന്നു. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ ദേശീയപാത, അതിവേഗ തീവണ്ടിപ്പാത തുടങ്ങിയവക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന ഘട്ടത്തിലായിരുന്നു ആ നിയമ നിര്‍മാണം. പക്ഷെ ഈ സംരംഭങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായില്ല. നഗരത്തില്‍ എഴുപതും ഗ്രാമീണ മേഖലയില്‍ എണ്‍പതും ശതമാനം പേരുടെ അനുവാദമില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കാനാവില്ല, ഭൂമിക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നഷ്ടപരിഹാരം നല്‍കണം എന്നിങ്ങനെയുള്ള ഏറെക്കുറെ സ്വീകാര്യമായിത്തോന്നാവുന്ന നിബന്ധനകള്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കല്‍ സംരംഭത്തിന് ബാധകമല്ലെന്നു വന്നു. നിയമത്തിന്റെ കാര്‍ക്കശ്യത്തിനും അവഗണനക്കും മുന്നില്‍ തോറ്റുകൊടുക്കാന്‍ ഇരകളാക്കപ്പെടുന്നവര്‍ ഒരുക്കമല്ലായിരുന്നു. സുദീര്‍ഘമായ സമരത്തിലേക്കാണ് അവര്‍ നീങ്ങിയത്.

നിയമത്തിന്റെ ഈ ദൗര്‍ബല്യം പരിഹരിച്ച് കൂടുതല്‍ ജനസൗഹൃദപരമാക്കേണ്ടതിനു പകരം കൂടുതല്‍ കര്‍ക്കശമാക്കാനെന്തു വഴി എന്നാണ് അന്നു മുതല്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളും ചിന്തിച്ചത്. ഇങ്ങനെപോയാല്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ലെന്ന് അവര്‍ കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചുതുടങ്ങി. നിലവിലെ നിയമത്തിലെ ഔദാര്യങ്ങള്‍ വികസനത്തിന് തടസ്സമാകുന്നു എന്നാണ് അവര്‍ ചിന്തിച്ചത്. ഇപ്പോള്‍ നരേന്ദ്ര മോഡി ഗവണ്‍മെന്റ് പുതിയ നിയമനിര്‍മാണം നടത്തുന്നതിനിടയാക്കിയ സാഹചര്യം അതുകൂടിയാണ്. ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു എന്നതു നേരാണ്. അതേ സമയം നേരത്തേ യു പി എ ഗവണ്‍മെന്‍് കൊണ്ടു വന്ന താരതമ്യേന ഭേദപ്പെട്ട ബില്ലിനെതിരെ കോര്‍പറേറ്റ് താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് ആഞ്ഞടിച്ചതും അവരായിരുന്നു എന്നത് ഓര്‍ക്കണം. രാജ്യത്തെ സമരമുന്നേറ്റങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എല്ലാ ഭൂമി ഏറ്റെടുക്കലുകളെയും ഒരുപോലെ 2013ലെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്ന് കര്‍ഷകരുടെയും നിസ്വ ജനവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ഭൂമി കൈമാറല്‍ സുഗമമാക്കും വിധം നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു വാദിച്ചത്.

നരേന്ദ്ര മോഡി ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം 2014 ജൂണില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍പോലും വാദിച്ചത് യു പി എ ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമം വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായിരിക്കുന്നുവെന്നാണ്. വലിയ പദ്ധതികളിലൊഴികെ സാമൂഹികാഘാത പഠനം നിര്‍ബന്ധമല്ലാതാക്കണം എന്നാണ് കേരളം വാദിച്ചത്. പദ്ധതികളുടെ ആദ്യ ഘട്ടത്തില്‍ സ്ഥലമുടമകളുടെ അനുവാദ പത്രം ഒപ്പിട്ടു വാങ്ങണം എന്നതുപോലും സ്വീകാര്യമല്ലെന്ന നിലപാടായിരുന്നു കേരളത്തിന്റേത്. അതു പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഗവണ്‍മെന്റ് വാദിച്ചു. ഇപ്പോള്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ ബില്ലവതരിപ്പിച്ച ബി ജെ പി മാത്രമല്ല അതേ സാമ്പത്തിക രാഷ്ട്രീയ നയം പിന്തുടരുന്ന വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാകെ ഒറ്റ ശബ്ദമേയുള്ളു എന്നാണ് ഇതിനര്‍ത്ഥം. യു പി എ ഗവണ്‍മെന്റായിരുന്നു അധികാരത്തിലെങ്കിലും ഇതുതന്നെ സംഭവിക്കുമായിരുന്നു എന്നേ കരുതാനാവൂ.

ക്ഷേമ പദ്ധതികളുപേക്ഷിച്ച് 2001 മുതല്‍ നടപ്പാക്കിപ്പോന്ന ഘടനാപരമായ പരിഷ്‌ക്കാരങ്ങളുടെ സ്വാഭാവിക പരിണതികളാണ് നാം കാണുന്നത്. ബി ജെ പിക്ക് വേറിട്ടൊരു നിലപാടോ സമീപനമോ ഇല്ലെന്ന് അധികാരത്തിന്റെ ആദ്യമാസങ്ങളില്‍തന്നെ വ്യക്തമായിരിക്കുന്നു. പുതിയ ധനമുതലാളിത്തത്തിന്റെ അജണ്ട നടപ്പാക്കുന്ന പാവ ഭരണകൂടമാണ് നിലവിലുള്ളത്. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന ചില സൗഭാഗ്യങ്ങളുണ്ട്. വിവരാവകാശ നിയമവും മറ്റും അക്കൂട്ടത്തിലുണ്ട്. അങ്ങനെയൊരു പരിമിത സാധ്യതയാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 തുറന്നിട്ടത്. ചില മേഖലകള്‍ മാത്രമായിരുന്നു അവിടെ സ്വകാര്യ മൂലധന സംരംഭകര്‍ക്കു തീറെഴുതിയത്. മറ്റിടങ്ങളില്‍ നിയന്ത്രണം പ്രകടമായിരുന്നു. ആ നിയന്ത്രണം നീക്കുകയും എല്ലാ മേഖലകളും ധനമൂലധന ശക്തികള്‍ക്കും തുറന്നുകൊടുക്കുകയുമാണ് ഇപ്പോള്‍ മോഡി ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. ആഗോളവത്ക്കരണ കാലത്ത് വീണുകിട്ടിയ നേര്‍ത്ത സൗഭാഗ്യങ്ങളും ഇപ്പോള്‍ തിരിച്ചെടുക്കപ്പെടുകയാണെന്നര്‍ത്ഥം.

പാര്‍ലമെന്‍രില്‍ ബില്ലിന്റെ ചര്‍ച്ചയ്ക്കിടയില്‍ കര്‍ഷക സ്‌നേഹവും കുടിയിറക്കപ്പെടുന്ന ഇരകളുടെ പക്ഷത്തോടുള്ള ആഭിമുഖ്യവും പ്രകടിപ്പിച്ചവര്‍ ഇനിയെന്തു നിലപാടെടുക്കുമെന്നതും പ്രധാനമാണ്. ഭൂമി പിടിച്ചെടുത്തതിന്റെ ഭാഗമായി ഭൂരഹിതരും ഭവന രഹിതരും തൊഴില്‍ രഹിതരുമായിത്തീര്‍ന്ന ജനലക്ഷങ്ങളുടെയും ഇപ്പോള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ജനകോടികളുടെയും പക്ഷത്ത് ഉയര്‍ന്നുവരുന്ന പോരാട്ടങ്ങളില്‍ അക്കൂട്ടരെ കാണുമോ? കേരളത്തില്‍ ദേശീയപാതയുടെയും അതിവേഗ തീവണ്ടിപ്പാതയുടെയും ഗ്യാസ് പൈപ്പ്‌ലൈനിന്റെയും ഇതര മൂലധന വികസന സംരംഭങ്ങളുടെയും പേരില്‍ പുറന്തള്ളല്‍ ഭീഷണി നേരിടുന്നവര്‍ സമരരംഗത്താണ്. അവരെ ആത്മാര്‍ത്ഥമായി തുണയ്ക്കാന്‍ ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നിയമമെങ്കിലും അവരെ വീണ്ടു വിചാരത്തിനു പ്രേരിപ്പിച്ചുവെന്നു കരുതാനാവുമോ? ചുരുങ്ങിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളെങ്കിലും ഇക്കാര്യത്തില്‍ ജനപക്ഷ നിലപാടിലേക്ക് തിരിച്ചെത്തുമോ? അതോ കോര്‍പറേറ്റ് വികസനത്തിന്റെ മധുരോച്ഛിഷ്ടങ്ങള്‍ക്കുവേണ്ടി കാത്തു കിടക്കാനായിരിക്കുമോ അവരുടെയും ഭാവം?

പാര്‍ലമെന്റിലെ സമരം വേതനം പറ്റുന്ന സാങ്കേതിക വ്യവഹാരം മാത്രമാവാം. ജനങ്ങളുടെ ജീവല്‍സമരം വികസന വിരുദ്ധരുടെ തീവ്രവാദമെന്നു പുഛിക്കുകയുമാവാം. അങ്ങനെയാണ് സമീപ ഭൂതകാലത്തെ അനുഭവം. ആരുടെയൊക്കെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് പൊരുതാതെ വയ്യല്ലോ.

12 മാര്‍ച്ച് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )