കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നൂറ്റി നാല്‍പ്പത്തിയാറു ദിവസം നീണ്ടുനിന്ന സമരമാണ് തിങ്കളാഴ്ച്ച രാത്രി വിജയം കണ്ടത്. വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ത്രാര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരും ഒരു സിന്‍ഡിക്കേറ്റ് അംഗവുമാണ് പങ്കെടുത്തത് അക്കമിട്ടെഴുതിയ പന്ത്രണ്ട് തീരുമാനങ്ങള്‍ക്കു താഴെ എല്ലാവരും ഒപ്പുവെച്ചു..
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍( 2014 ഒക്ടോബര്‍ 28ന്) തീരുമാനിച്ചതുപോലെ കായിക വിഭാഗം വിദ്യാര്‍ത്ഥികളുടെ താമസം ഗസ്റ്റ് ഹൗസിന്റെ ഭാഗമായ പുതുക്കിപ്പണിഞ്ഞ കെട്ടിടത്തിലേക്ക് ഒരാഴ്ച്ചക്കകം മാറ്റാനും പൊതുവായ ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്താനും കായിക വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റലിന്റെ നിര്‍മാണ ജോലി ത്വരിതപ്പെടുത്താനും മറ്റ് ഹോസ്റ്റലുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നിര്‍വ്വഹിക്കാനും ഗസ്റ്റ് ഹൗസ് അനക്സില്‍ ഫര്‍ണിച്ചറുകള്‍ ഉടന്‍ വാങ്ങാനും സര്‍വ്വകലാശാലാ അധികൃതര്‍ സമ്മതിച്ചു. ഇതു വഴി കലിക്കറ്റ് സര്‍വ്വകലാശാലയിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെയും സ്വാശ്രയ വിദ്യാര്‍ത്ഥികളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത്.
മാര്‍ച്ച് 9 ന് നടന്ന ചര്‍ച്ചയില്‍ ഒപ്പുവെച്ചതീരുമാനങ്ങള് യൂനിവേഴ്സിറ്റി ഔദ്യോഗിക തീരുമാനമായി 10 ന് ഉത്തരവിറങ്ങി (U.O No.2362/2015/ Admn dated 10 . 03. 2015). ഈ ഉത്തരവു് നടപ്പാക്കുന്നത് ഇപ്പോള്‍ വൈസ്ചാന്‍സലര്‍ മരവിപ്പിച്ചിരിക്കുകയാണ് എന്നറിയുന്നു . ഒരു വിദ്യാര്‍ത്ഥി സംഘടനയുടെയും ഭരണ കക്ഷികളിലൊന്നിന്റെയും എതിര്പ്പിനെത്തുടര്ന്നാണത്രെ ഇത്. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്നതാവാം അവരുടെ അടിസ്ഥാന നിലപാട്. യഥാര്‍ത്ഥത്തില്‍ ഇവിടെയാണ് ഈ പ്രശ്നത്തിന്റെ കാതലുള്ളത്.
എന്തിനാണ് സ്വാശ്രയ വിദ്യാര്‍ത്ഥികളെന്നും റഗുലര്‍ വിദ്യാര്‍ത്ഥികളെന്നും യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ രണ്ടായി കാണുന്നതെന്നാണ് അവര്‍ സമരപക്ഷത്തോട് നിരന്തരം ചോദിച്ചുകേട്ടത്. വാസ്തവത്തില്‍ ഇങ്ങനെ രണ്ടു തരം വിദ്യാഭ്യാസം നടപ്പാക്കിയത് സമരം ചെയ്ത വിദ്യാര്‍ത്ഥികളാണോ? സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായ ഫീസ് വ്യവസ്ഥയും സൗകര്യങ്ങളും നിയമത്തിന്റെ ഭാഗമാക്കിയത് ആരാണ്? അവരില്‍നിന്ന് കൂടുതല്‍ ഫീസ് വാങ്ങുകയും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിന് ആരാണ് ഉത്തരവാദി? അവര്‍ക്കു സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നു മാത്രമല്ല റഗുലര്‍ വിദ്യാര്‍ത്ഥികള്‍ നീണ്ടകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങളും സൗകര്യങ്ങളും കവര്‍ന്നെടുത്ത് സ്വാശ്രയ വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം എങ്ങനെയാണ് അംഗീകരിക്കാനാവുക? വിദ്യാര്‍ത്ഥികളെ ഇങ്ങനെ രണ്ടായി കാണേണ്ടതുണ്ടോ എന്ന ലളിതമെന്നു തോന്നുന്ന ഒരു ചോദ്യംകൊണ്ട് തങ്ങള്‍തന്നെ സൃഷ്ടിച്ച വലിയ പ്രശ്നത്തെ മറച്ചുവെക്കാനോ മറികടക്കാനോ ആണ് അധികാരികള്‍ ശ്രമിച്ചത്. വിദ്യാഭ്യാസ കച്ചവടത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കൊള്ളസംഘങ്ങള്‍ക്കും മാത്രം പറയാന്‍ കഴിയുന്ന യുക്തിയാണ് അവരുന്നയിക്കുന്നത്. പൗരന്മാരുടെ വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ചുമതലയാണ് എന്ന മൗലികതത്വം വിസ്മരിച്ചതും അട്ടിമറിച്ചതുമാണ് എല്ലാ ദുരന്തത്തിനും ഹേതു.
പൊതു വിദ്യാഭ്യാസം എന്നതിനര്‍ത്ഥം ജനങ്ങളുടെ ചെലവിലുള്ള വിദ്യാഭ്യാസം എന്നാണ്. പൊതു ഖജനാവിലെ ഫണ്ട് ജനങ്ങളുടെ വിയര്‍പ്പാണ്. വിയര്‍പ്പൊഴുക്കുന്ന വര്‍ഗം കേരളത്തില്‍ ആദ്യത്തെ പണിമുടക്ക് നടത്തിയത് മക്കളുടെ വിദ്യാഭ്യാസ അവകാശം അംഗീകരിപ്പിക്കാനായിരുന്നു എന്നത് ആരും വിസ്മരിക്കരുത്. പൊതു വിദ്യാഭ്യാസത്തിന് അര്‍ത്ഥവും ആഴവും നല്കുന്ന നിയമനിര്‍മാണത്തിനാണ് ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ശ്രമിച്ചത് എന്നതും ചരിത്രം. ഇപ്പോള്‍ നേരിടുന്ന പ്രശ്നം മറ്റൊന്നാണത്രെ. ഗവണ്മെന്റിന് കാശില്ല. കാശു കണ്ടെത്താന്‍ വിദ്യാഭ്യാസം പരമാവധി സ്വകാര്യവത്ക്കരിക്കുകയും മത്സരാധിഷ്ഠിത കച്ചവടമാക്കുകയും വേണം. ഇതാരുടെ കണ്ടു പിടുത്തമാണ്? ജനങ്ങളുടെ ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ അദ്ധ്വാനിച്ചു നല്കുന്ന നികുതിപ്പണവും പണിതുയര്‍ത്തുന്ന സാമൂഹിക സാംസ്ക്കാരിക സാമ്പത്തിക സംവിധാനങ്ങളും പോരാതെ വരുന്നു എന്നത് അതപ്പാടെ കൊള്ളയടിക്കുന്ന ധനവരേണ്യ ന്യൂനപക്ഷത്തിന് അഭിപ്രായമുണ്ടാകാം. ജനാധിപത്യ സംവിധാനങ്ങള്‍ അതു വെള്ളംകൂട്ടാതെ വിഴുങ്ങേണ്ടതില്ല.
ജനങ്ങളുടെ വിയര്‍പ്പുതുള്ളികള്‍ ബാങ്കിലിട്ടാണ് ബാങ്കുകള്‍ തടിച്ചുകൊഴുത്തത്. കോര്‍പറേറ്റ് തമ്പുരാക്കന്മാര് അതില്നിന്നെടുത്ത് നടത്തിയ വികസനക്കൊള്ളയാണ് അവരെ തിടം വെപ്പിക്കുന്നത്. ലോണെടുത്തകോടികള് തിരിച്ചടക്കാറില്ല അവര്‍. അതെഴുതിത്തള്ളാന് ജനാധിപത്യ സര്‍ക്കാറുകള്‍ മത്സരിക്കുന്നു എന്നതാണ് നാണക്കേട്. അതിന്റെ ഒരു ചെറിയ ശതമാനമുണ്ടായിരുന്നെങ്കില്‍ ജനങ്ങളുടെ ആ വിയര്‍പ്പുതുള്ളികള്‍ മതി പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും എല്ലാവര്ക്കും അതിന് സൗകര്യമൊരുക്കാനും. വന്‍കിടക്കാരുടെ നികുതിവെട്ടിപ്പും അവര്‍ക്കു ഗവണ്മെന്റ് നല്കുന്ന ആനുകൂല്യങ്ങളും ശ്രദ്ധിച്ചാലറിയാം അതില്‍ എത്രയോ ചെറിയ ശതമാനംകൊണ്ട് പൊതു ആരോഗ്യരംഗം രക്ഷപ്പെടുത്താമായിരുന്നു. ജനവിരുദ്ധ വികസനത്തിന്റെ പേരിലുള്ള കോടികളുടെ ഒഴക്കിനും നിയന്ത്രണമില്ല. പണമില്ലാത്തതല്ല പ്രശ്നം. ഇതര താല്‍പ്പര്യങ്ങളാണ്. ഗവണ്മെന്റിന്റെ മുന്‍ഗണനാ ക്രമമാണ്. ഒരു ന്യൂനപക്ഷത്തിന്റെ കൊള്ളയ്ക്ക് ജനങ്ങളെ ബലിനല്കുന്നതാണ് നമ്മുടെ വികസന സദാചാരം. എല്ലാ മനുഷ്യനും ജീവിക്കാനുള്ള സൗകര്യം ലഭ്യമാക്കുക എന്ന അടിസ്ഥാന വികസന സങ്കല്‍പ്പം നമുക്കു കൈമോശം വന്നിരിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരുടെ യുക്തികളില്‍ നാം ഭ്രമിച്ചു പോകുന്നത്.
കൊള്ളക്കാരുടെ ആഭാസ യുക്തികളെ ധീരമായി നേരിട്ടു എന്നതാണ് കലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ പ്രത്യേകത. അതിനെ ഹോസ്റ്റല്‍ സമരമായി ചുരുക്കിക്കാണാനാണ് പലര്‍ക്കും താല്‍പ്പര്യം. അതിനഒക്ത, വിദ്യാര്‍ത്ഥികളെ സമരക്കാര്‍ രണ്ടായി തരം തിരിച്ചു കാണുന്നേ എന്നു വിലപിക്കും. അതിന്റെ മറവില്‍ യഥാര്‍ത്ഥ കൊള്ളക്കാര്‍ അവരുടെ വ്യാപാരം തുടരും.
ഭൂമി കച്ചവടം, കെട്ടിട നിര്‍മാണം, വ്യാപാര മേളകള്‍ എന്നിങ്ങനെയുള്ള താല്‍പ്പര്യങ്ങളില്‍ അഭിരമിക്കുന്ന യൂനിവേഴ്സിറ്റി അധികാരികള്‍ തങ്ങളുടെ കൂറ് വിദ്യാര്‍ത്ഥികളോടോ വിദ്യാഭ്യാസത്തോടോ അല്ലെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവരെ തിരുത്തുകയോ കച്ചവട താല്‍പ്പര്യങ്ങളെ ഈ രംഗത്തുനിന്നു തുരത്തുകയോ വേണമെന്ന് പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് കരുതുന്നവര്‍ക്കൊക്കെ നിശ്ചയമുണ്ട്. വിദ്യാര്‍ത്ഥി സമരവും ആ വഴിക്കായിരുന്നു. അഞ്ചു മാസത്തോളം നീണ്ട സമരം വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ്. സഹനത്തിന്റെയും സംയമനത്തിന്റെയും അത്യപൂര്‍വ്വമായ അനുഭവം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൊള്ളക്കാര്‍ക്കു പിറകില്‍ പോകുന്ന കാലത്ത് ജനകീയ താല്‍പ്പര്യങ്ങളുടെയും വിദ്യാഭ്യാസ അവകാശത്തിന്റെയും കൊടികളുയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു. തീര്‍ച്ചയായും എസ് എഫ് ഐ അഭിനന്ദനം അര്‍ഹിക്കുന്നു.
പറഞ്ഞ വാക്ക് പാലിക്കാനാവാത്ത വൈസ് ചാന്‍സലറും യൂനിവേഴ്സിറ്റി അധികാരികളും ആരുടെ കാര്യസ്ഥന്മാരാണ് എന്നു ജനം ആശങ്കപ്പെടും. ഇവരുടെ കയ്യൊപ്പിന്റെ വില ഇത്രയേയുള്ളൂ? മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്നാണല്ലോ യൂനിവേഴ്സിറ്റി ഉത്തരവില്‍ പറയുന്നത്. അപ്പോള്‍ അതിത്രകാലവും നടപ്പാക്കാത്തതെന്ത് എന്നുകൂടി അവര്‍ വിശദീകരിക്കുകയാണ് വേണ്ടത്. ആരെയാണ് അവര്‍ ഭയക്കുന്നത്? കൊള്ളക്കാരുടെ കുട്ടിച്ചെകുത്താന്മാരെ നേര്‍വഴിക്കു കൊണ്ടു വരേണ്ടതിനു പകരം അവര്‍ക്കു കീഴടങ്ങുകയാണോ ഉന്നതമായ ഒരു സര്‍വ്വകലാശാല?