ആണാണ് ഞാന്‍ എന്നു പറയുന്നത് ലജ്ജാകരമായിത്തീരുന്നത്, ആണ് എന്ന വാക്ക് അധികാരത്തിന്റെ ചുരുക്കിയെഴുത്തായിത്തീരുമ്പോഴാണ്. ആണാള് രാഷ്ട്രവും പെണ്ണാള് വിധേയ പ്രജയും എന്ന വിപരീതം അതിന്റെ എല്ലാ അര്‍ത്ഥ വൈപുല്യത്തോടെയും നാമനുഭവിക്കുന്നുണ്ട്. ഇതു പഴയ കാലമല്ലെന്നും ജനാധിപത്യത്തിന്റെയും അവസര തുല്യതയുടെയും കാലമാണെന്നും കഥകളുണ്ടാക്കുന്നവരാണ് നാം. നൂറ്റാണ്ടുകളുടെ ജീര്ണശീലങ്ങളില്നിന്ന് എനിക്കും പുറത്തു കടക്കാനാവുന്നില്ലല്ലോ എന്നു വ്യസനമുണ്ട്. ഒരു നശിച്ച ഞാന്‍മാത്രവാദവും അതിന്റെ അപകര്‍ഷത വിങ്ങുന്ന നേതൃധീരതകളും ആണുടലിന്റെ അഴിച്ചുമാറ്റാന്‍ പ്രയാസകരമായ ഉടുപ്പായിരിക്കുന്നു. ഈ വനിതാദിനത്തില്‍, ഇസ്രായേലില്‍ പിറന്ന് ലണ്ടനില്‍ ജീവിക്കുന്ന ലെസ്ലി ഉഡ്വിന് എന്ന അമ്പത്തിയെട്ടുകാരി നിര്‍മിച്ച ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി എന്നെ വല്ലാതെ വേട്ടയാടുന്നു.
ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുകയാണ് ലെസ്ലി. 2012 ഡിസംബര്‍ 16നാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ടു മടങ്ങുകയായിരുന്നു ജ്യോതി. എത്തിപ്പെട്ടത് ഒരുകൂട്ടം അക്രമികളുടെ കൈകളിലേക്കായിരുന്നു. ജീവിതം മുഴുവന്‍ സമരമായിരുന്നു ജ്യോതിക്ക്. പഠിക്കാന്‍ തൊഴിലിനു പോകേണ്ടിവന്നു. അമ്മയ്ക്കും അച്ഛനും കൈവശമുണ്ടായിരുന്ന സ്വത്ത് വില്ക്കേണ്ടിവന്നതിന് പുറമേയാണിത്. ഒരു പെണ്‍കുട്ടിക്കു പഠിക്കാന്‍ വേണ്ടി ആരെങ്കിലും ഇങ്ങനെ സ്വത്തു വില്ക്കുമോ എന്നു സ്വന്തക്കാര് ആക്ഷേപിക്കുന്നുണ്ടായിരുന്നു. ദില്ലിയിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യവും അതിജീവനവുമായിരുന്നു ഡിസംബര്‍ 16വരെ കണ്ടത്. ആ ജീവിതത്തിലേക്ക് നമ്മെ കൊണ്ടുപോകുകയാണ് ലെസ്ലി. മകളുടെ വേര്‍പാട് സഹിക്കാവുന്നതിനും അപ്പുറമായിട്ടും മകളുടെ ജീവിതം നല്കിയ ധീരതയില്‍ ലോകത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുകയാണ് അച്ഛനമ്മമാര്‍. ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളും അവരുടെ കുടുംബങ്ങളും സംസാരിക്കുന്നു എന്നത് അവരെ ആശങ്കപ്പെടുത്തുന്നില്ല.
കുറ്റവാളികളും അവര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകരും വേര്‍തിരിച്ചറിയാനാവാത്ത വിധം ഒരേ വാദത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അത്ഭുതം. തൊഴിലെന്ന നിലയിലായിരുന്നില്ല വിശ്വസിക്കുന്ന മൂല്യമെന്ന നിലയിലായിരുന്നു കുറ്റവാളികള്‍ക്കു വേണ്ടി ഹാജരായതെന്നു വെളിപ്പെടുത്തുന്ന വാക്കുകളാണ് അവരുടേത്. ഇന്ത്യയുടെ സംസ്ക്കാരത്തിലും ചരിത്രത്തിലും സ്ത്രീക്ക് ഇടമില്ല എന്ന് മനുസ്മൃതിക്കും തീവ്രമായ ഭേദപാഠം ചമയ്ക്കുന്ന ആണാള് വചനങ്ങള്‍ ഉള്‍ക്കിടിലത്തോടെ കേള്‍ക്കേണ്ടിവരുന്നു. തലസ്ഥാന നഗരിയിലെ, നീതിക്കുവേണ്ടി പൊരുതാന്‍ കോട്ടണിഞ്ഞ ഒരാളുടെ നാവില്‍നിന്ന് അങ്ങനെ കേള്‍ക്കുമ്പോള്‍ നമ്മുടെ പവിത്രമായ ഭരണഘടന ഒരു കെട്ടുകഥ മാത്രമായിത്തീരുന്നു. വല്ലാത്തൊരു ബോധ്യത്തിലേക്കാണ് ലെസ്ലി ഇന്ത്യന്‍ മനസ്സിനെ നയിച്ചത്.
നടുങ്ങിയിട്ടുണ്ട് ലോകസഭയെങ്കില് അതൊരു ഭാഗ്യമാണ്. കുലുങ്ങിയിട്ടുണ്ട് ഭരണകൂടമെങ്കില്‍ ഈ ഡോക്യുമെന്ററിയിലൂടെ ഒരു സ്ത്രീ ആണാള്ലോകത്തെ കീഴ്മേല്‍ മറിക്കുകയാണ് എന്നേ കരുതേണ്ടൂ. കുറ്റവാളികളെയോ അവരുടെ കുടുംബത്തെയോ അഭിമുഖീകരിക്കരുത് എന്നു വാദിക്കുന്നതില്‍ എന്തര്‍ത്ഥം? കോടതിയുടെ വിചാരണയ്ക്കു പുറത്ത് മനുഷ്യരുടെ നീതിബോധത്തിന്റെ നിരന്തരമായ വിചാരണയുണ്ട്. അതൊരു ദിവസത്തേക്കു നിശ്ചയിക്കാനോ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനോ ആവില്ല. അവിടെ പ്രതികളുടെ പേരു വിവരം മാത്രമല്ല, പ്രതികളെ സൃഷ്ടിക്കുന്ന ലോകസ്ഥിതി കൂടി വിചാരണ ചെയ്യപ്പെടും. നിയമത്തിന്റെ മുന്നില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍തന്നെ വാദികളായെന്നും വരാം. കൂടി വരുന്ന സാമ്പത്തികാസമത്വവും ചൂഷണവും അതു സൃഷ്ടിക്കുന്ന സാമൂഹിക ജീര്‍ണതകളും അതിന്റെ മറ്റു പ്രാന്ത നിക്ഷേപങ്ങളും മാന്തി പുറത്തെടുക്കപ്പെടും. കോടതിയില്‍ എത്താത്ത മറ്റു ചില പ്രതികള്‍കൂടിയുണ്ട് ഓരോ കുറ്റകൃത്യത്തിനുമെന്ന അപ്രിയമായ അറിവ് നമുക്കുണ്ടാകും. അത്തരമൊരു വിചാരണയുടെ ദൃശ്യാവിഷ്ക്കാരമായേ ലെസ്ലിയുടെ ഡോക്യുമെന്ററിയെ കാണേണ്ടൂ.
ബലാല്‍സംഗത്തില്‍ പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്ന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് പറയുന്നതില്‍ നമുക്ക് അസ്വസ്ഥത തോന്നേണ്ട കാര്യമില്ല. അയാളുടെ ബോധ്യമതാണ്. ശിക്ഷകൊണ്ട് അയാളെയോ അയാളെപ്പോലെ പുറത്തുള്ളവരെയോ തിരുത്താനാവുന്നില്ലെന്നാണ് ഖേദപൂര്‍വ്വം നാം മനസ്സിലാക്കേണ്ടത്. ആ മനോഘടന ഊര്‍ജ്ജം സംഭരിക്കുന്നത് നമ്മുടെ പുണ്യസംസ്ക്കാരത്തിന്റെ സ്ത്രീവിരുദ്ധതയില്നിന്നാണ്. അതൂട്ടിയുറപ്പിക്കുന്ന സാമ്പത്തിക സാമൂഹികാസമത്വങ്ങളില്നിന്നുമാണ്. അരാജകത്വം സ്വയംഭൂവല്ല. അവിശുദ്ധ പ്രേരണകളാണ് പിന്‍ബലം. മണ്ണ് മോശമാണ് എന്നതാണ് മനസ്സിലാക്കേണ്ട പാഠം. മണ്ണിനെ വീണ്ടെടുക്കുക എന്നതാണ് നിര്‍വ്വഹിക്കേണ്ട ദൗത്യം.
മാര്‍ച്ച് 8ന് വനിതാദിനത്തില്‍ എന്‍ഡിടിവി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് വിവാദങ്ങളുയര്ന്നതും നിരോധനമുണ്ടായതും. ഡോക്യുമെന്ററി എടുത്തവര്‍ക്കെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. കുറ്റവാളിയുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ സ്ത്രീകളില്‍ വലിയതോതിലുള്ള ഭയവും സംഘര്ഷവുമുണ്ടാക്കും എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇരുപതു മിനിട്ടില്‍ ഒരു ബലാത്സംഗം നേരിടുന്ന ഇന്ത്യന്‍ സ്ത്രീക്ക് അതിലേറെ ഭീതിയും ആശങ്കയും എങ്ങനെയുണ്ടാവാന്‍. ഭരണകൂടത്തിന്റെ നിസ്സംഗതയും ഇരുട്ടില്തപ്പലുമാണ് മാറ്റേണ്ടത്. കണ്ണാടിയുടച്ച് മുഖത്തെ രക്ഷിക്കാനാവില്ല.
മാര്‍ച്ച് 4 ന് ബിബിസി ഈ ഡോക്യുമെന്ററി ഇന്ത്യക്കു പുറത്തു പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് യൂ ട്യൂബില്‍ ഇതു ലഭ്യമായിരുന്നു. അടുത്ത ദിവസംതന്നെ കേന്ദ്ര ഗവണ്മെന്റ് നിരോധനം വന്നു. യൂട്യൂബില്‍നിന്നും സിനിമ പിന്‍വലിക്കപ്പെട്ടു. അപ്പോഴേക്കുതന്നെ ലക്ഷക്കണക്കന് ആളുകള്‍ അതു കണ്ടു കഴിഞ്ഞിരുന്നു. ഫേസ് ബുക്കില്‍ പെണ്‍കുട്ടികള്‍ അതു ഷെയര്‍ ചെയ്യുകയുമുണ്ടായി. ഇപ്പോള്‍ അതെവിടെയും ലഭ്യമല്ലെന്നു വേണം കരുതാന്‍. എന്നാല്‍ 2012 ഡിസംബറില്‍ ഇന്ത്യയിലെ സ്ത്രീകള്‍ നടത്തിയ ചരിത്ര പ്രധാനമായ ദില്ലി പ്രക്ഷോഭത്തിന് അര്‍ത്ഥ പൂര്‍ണത വരണമെങ്കില്‍ ഈ ഡോക്യുമെന്ററിയുടെ പ്രദര്‍ശന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരവും ഏറ്റെടുക്കേണ്ടതുണ്ട്. 2015ലെ സ്ത്രീദിനത്തിന് മറ്റൊരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ കൊടികള്‍കൂടി ഉയര്‍ത്തേണ്ടി വന്നിരിക്കുന്നു.
8 മാര്‍ച്ച് 2015