Article POLITICS

രാഷ്ട്രീയകൊലപാതകമോ? രക്തദാഹികള്‍ക്കെന്ത് രാഷ്ട്രീയം?

ഞങ്ങളുടെ ആളുകളെ അവര്‍ കൊന്നുകൊണ്ടേയിരിക്കുന്നു. താങ്കളെന്താണ് മിണ്ടാത്തത്? ടി .പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോഴും ബംഗ്ലാദേശില്‍ അവിജിത് റോയി വധിക്കപ്പെട്ടപ്പോഴുമെല്ലാം ബ്ലോഗില്‍ എഴുതിക്കണ്ടല്ലോ. എന്റെ ചില സുഹൃത്തുക്കള്‍ ആക്ഷേപമുന്നയിച്ചു. അവരെ സംബന്ധിച്ചിടത്തോളം ആത്മാര്‍ത്ഥമായ വ്യസനം തന്നെയാവണം അത്.

മാനസികമായോ ശാരീരികമായോ നടക്കുന്ന എല്ലാ അക്രമങ്ങളും ഇല്ലാതാവണം. അന്യന്റെ ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കല്‍ തീര്‍ച്ചയായും നമ്മുടെ ഉത്തരവാദിത്തമാണ്. കൊല്ലപ്പെടുന്നത് നമ്മളോ നമ്മുടെ ആളുകളോ ആവരുത് എന്നതുപോലെ പ്രധാനമാണ് കൊല്ലുന്നതോ അക്രമിക്കുന്നതോ നമ്മളാവരുത് എന്നതും. നമ്മള്‍, നമ്മുടെ ആളുകള്‍ എന്നൊക്കെ പറയുമ്പോള്‍ സൂചിതമാകുന്ന ഗണം മാനവികതയുടെയും ജനാധിപത്യത്തിന്റെയും വിശാലതകളെ ചുരുക്കിച്ചുരുക്കി തീവ്രമായ കേവലവാദമാകുന്നുണ്ട്. ജാതിയെന്നോ മതമെന്നോ രാഷ്ട്രീയമെന്നോ പ്രദേശമെന്നോ ഭാഷാന്യൂനപക്ഷമെന്നോ പ്രാന്തവല്‍ക്കൃതരെന്നോ ഒക്കെ ഈ ഗണം പരിഗണിക്കപ്പെടാം. പക്ഷെ അക്രമിക്കുന്നതും അക്രമിക്കപ്പെടുന്നതും സാധാരണ ജനതയാണ്. പൊതു ചൂഷണത്തിനു വിധേയമാകുന്ന ജനങ്ങള്‍ പരസ്പരം അക്രമിച്ച് അതിരിടുകയാണ്. അന്യാന്യം അകന്നു ചൂഷകര്‍ക്കു വഴിയൊരുക്കുകയാണ്. അതു മറന്ന്, പുറത്ത് വെറും മതമായി, ജാതിയായി, രാഷ്ട്രീയ പ്രസ്ഥാനമായി ഞങ്ങള്‍മാത്ര വാദമായി നവ പരിശുദ്ധവാദമായി നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ആരെയാണ് തുണയ്ക്കുന്നത്?

ജീവന്മരണ സമരങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ ആര്‍ക്ക് ആരെയാണ് കൊല്ലാനാവുക?

ജീവിതം ദുസ്സഹമാക്കുന്ന ഭരണകൂട സംവിധാനങ്ങളോ അവയെ നിയന്ത്രിക്കുന്ന ധനമൂലധന മൂര്‍ത്തികളോ വന്‍കിട കോര്‍പറേറ്റുകളോ അവരുടെ ചൂഷണോപകരണങ്ങളായ ഗൂഢസംഘങ്ങളോ നടത്തുന്ന പലമട്ടക്രമങ്ങള്‍ പെരുകുകയാണ്. ദാരിദ്ര്യവും കടവും സാധാരണക്കാരന്. സമ്പത്തുമുഴുവന്‍ പുത്തന്‍ സമ്പന്ന വര്‍ഗം കൊള്ളയടിച്ചിരിക്കുന്നു. ഭൂമിയില്‍നിന്നും തൊഴിലില്‍നിന്നും എടുത്തെറിയപ്പെടുന്നവര്‍ ജീവിതത്തില്‍നിന്നാണ് പുറന്തള്ളപ്പെടുന്നത്. തൊഴിലില്ല,തൊഴില്‍ സുരക്ഷയില്ല, കൃഷിഭൂമിയില്ല, സബ്‌സിഡിയില്ല, സൗജന്യ ചികിത്സയോ സൗജന്യ വിദ്യാഭ്യാസമോ സാമൂഹിക സമത്വമോ ഇല്ല. ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നവന്റെ സമരങ്ങള്‍ ഉയര്‍ന്നു വരുന്ന കാലത്ത് അവിടെ ഐക്യപ്പെടേണ്ടവരാണ് നാം. സമരങ്ങളില്‍ സഹകരിക്കുന്നവര്‍ പുതിയ മാനവികതയുടെ രാഷ്ട്രീയ സന്ദേശം ഉള്‍ക്കൊള്ളാതെ വയ്യ.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറെ അക്രമിക്കപ്പെട്ടിട്ടുണ്ട്. മഹത്തായ ജീവത്യാഗങ്ങള്‍ ഏറെയുണ്ട്. അധികാരക്രമങ്ങളെ ചെറുത്തപ്പോഴാണ് ഏറെ ത്യജിക്കേണ്ടി വന്നത്. ജന്മിത്തത്തിനെതിരെയും ആദ്യകാല മുതലാളിത്തത്തിനെതിരെയും പൊരുതി നില്‍ക്കുമ്പോള്‍ സാധാരണ മനുഷ്യരുടെ ആശ്രയമായിരുന്നു ഇടതുപക്ഷം. ജനാധിപത്യ മതേതര മൂല്യങ്ങള്‍ കാത്തു രക്ഷിക്കാനും തിരസ്‌കൃതരോ ചവിട്ടിമെതിക്കപ്പെട്ടവരോ ആയ ജനതക്ക് ഉണര്‍വ്വും ആത്മാഭിമാനവും നല്‍കാനുമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം യത്‌നിച്ചത്. അധികാര വരേണ്യതക്ക് കൊന്നൊടുക്കാവുന്ന ഊര്‍ജ്ജ-ഉറവകളായിരുന്നില്ല അന്നത്തേത്. ഓരോ തുള്ളി ചോരയില്‍നിന്നും അക്ഷരാര്‍ത്ഥത്തില്‍ ആയിരങ്ങളുണര്‍ന്നുവന്നു.

പുതിയകാല മുതലാളിത്തത്തെ ചെറുക്കാന്‍ പക്ഷെ, ആ വീറു കാണുന്നില്ല. കോര്‍പറേറ്റുകള്‍ക്കു മുമ്പില്‍ കാലിടറുന്നപോലെ. കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെയോ ഭൂരഹിത കര്‍ഷകരുടെയോ സമരങ്ങളില്‍, ശുദ്ധ വായുവിനും ശുദ്ധ ജലത്തിനും വേണ്ടിയുള്ള സമരങ്ങളില്‍, അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളില്‍, അസംഘടിതരുടെ തൊഴിലവകാശ സമരങ്ങളില്‍ കാണുന്നില്ലല്ലോ ആ പതാകകള്‍. അപ്പോള്‍ കോര്‍പറേറ്റ് ഭീഷണിയല്ല സി പി എം നേരിടുന്നത്. പുതിയ മുതലാളിത്തമല്ല സി പി എമ്മിനെ വേട്ടയാടുന്നത്. വലതുപക്ഷ അധികാര ലീലകളുടെ ചതുരംഗക്കളങ്ങളില്‍ അന്യോന്യം വെട്ടുകയാണ്. അതിന്റെ നേട്ടം കൊയ്യുന്നതാകട്ടെ, ധനാധികാര ശക്തികളുടെ നേതൃത്വത്തിലുള്ള അവിശുദ്ധസഖ്യവും.

എങ്കിലും മുറിവേറ്റു വീഴുന്നത് നമ്മളില്‍ ഒരുവനാണ്. മിടിപ്പു താഴുന്നത് നാടിന്റെ നെഞ്ചിലാണ്. കറുപ്പും വെളുപ്പും കളങ്ങളില്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ സി പി എമ്മെന്നോ ബി ജെ പിയെന്നോ ലീഗെന്നോ എസ് ഡി പി ഐയെന്നോ ഒക്കെയുള്ള ഏറ്റമുട്ടലുകള്‍ ഏതു താല്‍പ്പര്യം സംരക്ഷിക്കാനാണ്? ഏതെങ്കിലും ഒരു കൂട്ടരെ മാത്രം അല്ലെങ്കില്‍ ഏതെങ്കിലും ഒരു കൂട്ടരൊഴികെയുള്ളവരെയെല്ലാം അക്രമികളായി കാണാനാവുമോ? ആരെങ്കിലും അങ്ങനെ വിശദീകരിക്കുന്നതുകൊണ്ടു മാത്രം സത്യം അതാവുമോ?

ഉദാഹരണത്തിന് സിപിഎമ്മിന്റെ കാര്യമെടുക്കാം. ഇടതുപക്ഷ നിലപാടെടുക്കുന്നതുകൊണ്ട് വലതുപക്ഷമൊന്നാകെ വേട്ടയാടുന്നു എന്നാണവരുടെ പരാതി. വലതുപക്ഷ സംഘടനകള്‍ വേട്ടയാടുന്നതുകൊണ്ട് മാത്രം തങ്ങളുടെ നില ഇടതുപക്ഷത്താകും എന്നാവുമോ അവര്‍ കരുതുന്നത്? വലതുപക്ഷ പ്രസ്ഥാനങ്ങളിലെ തര്‍ക്കങ്ങളിലും കിടമത്സരങ്ങളിലും തങ്ങള്‍കൂടി പെട്ടുപോവുകയാണ് എന്ന യാഥാര്‍ത്ഥ്യമല്ലേ അവര്‍ തിരിച്ചറിയേണ്ടത്? സാമൂഹിക ഇടതുപക്ഷത്തിന്റെ മുന്‍കയ്യിലുള്ള ജനകീയ സമരങ്ങളില്‍നിന്നും അകലുകയും നവലിബറല്‍ നയങ്ങളുടെ വക്താക്കളും നടത്തിപ്പുകാരുമായി മാറുകയും ചെയ്തതാണ് സി പി എമ്മിനു പിണഞ്ഞ തെറ്റ്. അതവരെ ഇടതുപക്ഷമെന്ന ലേബലില്‍ നില്‍ക്കുന്ന വലതുപക്ഷ അനുബന്ധ സംഘടനയാക്കിമാറ്റി. അപ്പോള്‍ അവര്‍ വേട്ടയാടപ്പെടുന്നെങ്കില്‍ വലതുചേരിയിലെ ജീര്‍ണതകളുടെ ഭാഗമായിട്ടാവണം അത്.

വലതുപക്ഷത്തെ ഒന്നാകെ എതിര്‍ചേരിയില്‍ കാണണമെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഒരു വഴിയേയുള്ളു. സമൂഹത്തിലെ സൂക്ഷ്മ(വര്‍ഗ)സമരങ്ങള്‍ തിരിച്ചറിയുകയും പുതിയ മുതലാളിത്തത്തിനെതിരെ ആ സമരങ്ങളെ ഉത്തേജിപ്പിക്കുകയും വേണം. അതുവഴി കോര്‍പറേറ്റുകളോടല്ല ജനങ്ങളോടാണ് പ്രതിബദ്ധതയെന്നു തെളിയിക്കണം. വലതുപക്ഷ ലീലകളില്‍ കൊല്ലുന്നതും കൊലചെയ്യപ്പെടുന്നതും പോലെയല്ല, കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരായ സമരത്തില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഈ വ്യത്യാസം പ്രധാനമാണല്ലോ.

ഇതെല്ലാം വര്‍ത്തമാനകാലത്ത് കൊലപാതകങ്ങള്‍ ഉയര്‍ത്തിവിടുന്ന ചിന്തകളാണ്. ജീവിക്കാനനുവദിക്കാത്ത ഏത് കര്‍ക്കശ നിലപാടും കൊലപാതകം പോലെ നിന്ദ്യമാണ്. തങ്ങളുടെ പ്രസ്ഥാനത്തില്‍നിന്നോ ജാതി-മത വിഭാഗങ്ങളില്‍നിന്നോ, സാമുദായിക വിഭാഗങ്ങളില്‍നിന്നോ പുറത്താവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നവരെ ഭ്രഷ്ട് കല്‍പ്പിച്ചകറ്റുകയും തെമ്മാടിക്കുഴിയിലൊടുങ്ങട്ടെ എന്നു വിധിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ? തൊഴിലും സ്ഥാനമാനങ്ങളും ജീവിതസൗകര്യങ്ങളും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്കു മാത്രമായി വീതിക്കുന്നതിന് ജനങ്ങളുടെ പൊതുവായ സമ്പത്തെല്ലാം ദുരുപയോഗം ചെയ്യുന്നത് ശരിയാണോ? അങ്ങനെ അന്യോന്യശത്രുത വളര്‍ത്തിയവര്‍ കൊലപാതക രാഷ്ട്രീയത്തിന് വിത്തിടുകയായിരുന്നു.

മൂല്യങ്ങളെല്ലാം വഴിയിലുപേക്ഷിച്ച് നിരര്‍ത്ഥകമായ പൊള്ള സംഘടനാരൂപവും അതിന്റെ അധികാര ചട്ടവും ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നവര്‍ കേവല ബലതന്ത്രത്തിന്റെ ഉന്മാദമാണ് ആഘോഷിക്കുന്നത്. ശബ്ദത്തിലെ ധാര്‍ഷ്ട്യവും പെരുമാറ്റത്തിലെ ധിക്കാരവും ആരെയും നേരിടാമെന്ന ആഹ്വാനമായിത്തീരുന്നു. കയ്യൂക്കിന്റെ കാര്യ വിചാരം അതിന്റെ ഭാഷയാണ് കണ്ടെത്തുന്നത്. രാഷ്ട്രീയ ദര്‍ശനവും പ്രത്യയശാസ്ത്രാവബോധവും ഇച്ഛാശക്തിയുമുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഒറ്റ ശത്രുവേ കാണൂ. ജനങ്ങളെ വെല്ലുവിളിക്കുകയും കീഴ്‌പ്പെടുത്തുകയും അവരുടെ ജീവിതം കൊള്ളയടിച്ചു തടിച്ചു തിടം വെക്കുകയും ചെയ്യുന്ന ചൂഷണവ്യവസ്ഥയാണത്. അരാജകത്വം സൃഷ്ടിക്കുന്നത് അതാണ്. അന്യോന്യം മത്സരിക്കുന്ന ഓട്ടപ്പന്തയമായി ജീവിതത്തെ അതു വെട്ടിച്ചുരുക്കുന്നു. അന്യോന്യം പിച്ചിക്കീറുന്ന ഇരകളാണ് വ്യവസ്ഥക്കാവശ്യം.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ കേരളത്തെ സംബന്ധിച്ച പേടിപ്പെടുത്തുന്ന കണക്കുകളാണ് പുറത്തു വിടുന്നത്. 2012ല്‍ മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം 5,11,278 ആണ്. ഇതു രാജ്യത്തിന്റെ ശരാശരിയെക്കാള്‍ എത്രയോ ഉയരെയാണ്. കൊലപാതകങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേത് 323ഉം 2013ലേത് 372ഉം 2012ലേത് 374ഉം ആണ്. ക്രൂരമായി കൊലചെയ്യപ്പെട്ട നമ്മുടെ സഹോദരരുടെ എണ്ണമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ടായിരത്തോളം പേരാണ് പലവിധത്തില്‍ വധിക്കപ്പെട്ടത്. ഇതില്‍ ഓരോ പ്രസ്ഥാനത്തിനും എത്ര പേര്‍ വീതമെന്ന് കണക്കെടുക്കുന്നതിലെന്തു കാര്യം? 2010നു ശേഷമുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയുടെ രണ്ടിരട്ടിയാണ് കേരളത്തിന്റേതെന്നത് നമുക്ക് അഭിമാനകരമാവുമോ? അതില്‍ എല്ലാ വിഭാഗക്കാരുമുണ്ടല്ലോ എന്നത് ആശ്വാസകരമായ മതേതരത്വമാവുമോ?

പത്തു വയസ്സിനു തെഴെയുള്ള 29 കുട്ടികളാണ് 2012ല്‍ നമ്മുടെ സംസ്ഥാനത്തു വധിക്കപ്പെട്ടത്. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 17 കുട്ടികളും പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള 82 യുവാക്കളും മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 174 മധ്യവയസ്‌ക്കരും അമ്പതിനു മേല്‍ പ്രായമുള്ള 87 പേരും 2012ല്‍ മാത്രം കേരളത്തില്‍ കൊല ചെയ്യപ്പെട്ടു. ആ അനുപാതത്തില്‍ വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നു കാണാനിടയില്ല. ദിവസവും പത്രം വായിക്കുന്ന നമുക്ക് കാര്യങ്ങള്‍ ഏറെക്കുറെ ഊഹിക്കാവുന്നതേയുള്ളൂ.

പ്രസിദ്ധമായ കേരളമോഡല്‍ നമ്മെ എത്തിച്ചത് ഇവിടെയാണല്ലോ എന്നു ലജ്ജിക്കേണ്ടതാണ്. സാക്ഷരതയിലും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഏറെ മുന്നിലാണെന്നു കേള്‍വികേട്ട നാട് എല്ലാവിധ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇത്രയേറെ മുന്നിലെത്തിയത് എങ്ങനെയാണ്? സംരക്ഷിക്കാനും വഴികാട്ടാനും പുരോഗമന പ്രസ്ഥാനങ്ങളുണ്ട് എന്ന് കരുതിപ്പോന്നവരാണ് നാം. നവോത്ഥാന നേട്ടങ്ങളെല്ലാം പിറകോട്ടടി നേരിട്ടു. ശാസിക്കേണ്ടവരും തിരുത്തേണ്ടവരും സംരക്ഷിക്കേണ്ടവരും മറ്റേതോ ആഭിമുഖ്യങ്ങളിലേക്ക് വഴുതിപ്പോയി. പുതിയ മുതലാളിത്തത്തിന്റെ എല്ലാ ജീര്‍ണതകളും പേമാരിപോലെ പെയ്യുമ്പോള്‍ ഞങ്ങളുടെ രക്തം ഞങ്ങളുടെ രക്തം എന്നല്ല, ജനങ്ങളുടെ ജീവന്‍ ജനങ്ങളുടെ രക്തം എന്നാണ് നിലവിളിക്കേണ്ടത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നമുയര്‍ത്തി പുതിയ മുന്നേറ്റമൊരുക്കിയാണ് പ്രതിരോധിക്കേണ്ടത്.

ഉപേക്ഷിക്കേണ്ട ജീര്‍ണമായ പെരുമാറ്റരീതികള്‍ വഴിയില്‍ തള്ളണം. ജനാധിപത്യത്തിന്റെ പുതിയ തുറസ്സുകളില്‍ മാതൃക തീര്‍ക്കണം. കൊലവിളിക്കുന്ന പ്രകടനങ്ങളും അസഹിഷ്ണുതയും അതിന്റെ സ്വാഭാവികമായ പരിണതികളുണ്ടാക്കും. വെറുതെ ചിന്തുന്ന രക്തത്തില്‍ വെറുപ്പിന്റെ കീടങ്ങളേ കാണൂ. സങ്കുചിത സംഘടനാ ശാഠ്യങ്ങളല്ല, വിശാലമായ ജനാധിപത്യ വഴക്കങ്ങളാണ് നാം ശീലിക്കേണ്ടത്. കേവല സാമുദായിക വാദമോ, മതതീവ്രവാദമോ, രാഷ്ട്രീയസംഘടനാമാത്ര വാദമോ ആവട്ടെ, അതിന് അതേമട്ടില്‍ ഇനി തുടരാന്‍ കഴിയരുത്. ഫാസിസത്തിന്റെ വിത്തുകള്‍ എവിടെ മുളച്ചാലും പിഴുതെറിയാതെ ഒരു ജനതക്ക് സമാധാനം കൈവരില്ല.

5 മാര്‍ച്ച് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )