Article POLITICS

ദേശീയപാതയിലെ ടോള്‍: അഴിമതിയിലേക്കു വിരല്‍ ചൂണ്ടി സി എ ജി റിപ്പോര്‍ട്ട്

BOT Road Tolls


സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ദേശീയപാതാ നവീകരണ – നിര്‍മാണ പദ്ധതികളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സി എ ജി കണ്ടെത്തി. 2014 ഡിസംബര്‍ 22ന് സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒമ്പത് ദേശീയപാതാ പ്രോജക്റ്റുകളിലായി ജനങ്ങളില്‍നിന്ന് 28096 കോടിരൂപ അധിക ടോള്‍ പിരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ദില്ലി – ആഗ്ര, വാരാണസി -ഔറംഗാബാദ്, പൂന – സറ്റാറ തുടങ്ങിയപാതകള്‍ ഇതിലുള്‍പ്പെടും. 2012 മാര്‍ച്ച് 31നു മുമ്പ് അംഗീകാരം നല്‍കിയ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 207 പദ്ധതികളില്‍ 94 എണ്ണമാണ് ഓഡിറ്റിംഗിന് വിധേയമാക്കിയത്. ടോള്‍ നിശ്ചയിക്കുന്നതില്‍ നാഷണല്‍ ഹൈവേ അതോറിറ്റി പിന്തുടരുന്ന തെറ്റായ നടപടിക്രമമാണ് ജനങ്ങളെ കൊള്ളയടിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് ലോബിക്ക് സൗകര്യം നല്‍കിയത്. വാരണാസി ഔറംഗാബാദ് പാതയില്‍ മാത്രം 11548 കോടിരൂപയുടെ അധിക(കൊള്ള) വരുമാനമാണ് സ്വകാര്യ കമ്പനിയ്ക്കുണ്ടാവുന്നത്. ദില്ലി – ആഗ്ര സ്‌ട്രെച്ചില്‍ 3421 കോടി രൂപയാണ് റിലയന്‍സിന് കൊള്ളമുതലായി ലഭിക്കുന്നത്.

ടോള്‍ മുഖേന ലഭിച്ചതും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുടക്കേണ്ടതുമായ 303.6 കോടിരൂപ റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിലേക്കു വക മാറ്റിയതും സി എ ജി കണ്ടെത്തി. ദില്ലി -ആഗ്ര, പൂന – സറ്റാറ പദ്ധതികള്‍ സംഘടിപ്പിച്ചെടുത്ത റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് ഇങ്ങനെ ജനങ്ങളെ കൊള്ളയടിച്ച് തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ നടപ്പാക്കിയത്. ടോള്‍ പിരിക്കാനുള്ള ഉത്സാഹം നിര്‍മാണ പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കാന്‍ സ്വകാര്യ കമ്പനികള്‍ ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഒരു ദിവസം 20 കിലോമീറ്റര്‍ എന്ന നിര്‍മാണ വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. നിര്‍മാണത്തിന് കാലതാമസം വരുന്നു. ലക്ഷ്യം പൂര്‍ത്തീകരിക്കാത്ത പക്ഷം ടോള്‍ പിരിവ് നിര്‍ത്തണമെന്ന വ്യവസ്ഥ കരാറില്‍നിന്ന് അപ്രത്യക്ഷമാകുന്ന അനുഭവവുമുണ്ടാകുന്നു.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് ക്രമപ്രകാരമല്ലാത്ത സൗകര്യങ്ങളാണ് അനുവദിച്ചുകിട്ടിയത്. ആറുവരിപ്പാതയുടെ നിര്‍മാണ കരാറിന്റെ പഴുതിലൂടെ ജനങ്ങളെ പിഴിഞ്ഞ് കോടികള്‍ സമ്പാദിച്ചതായാണ് പുറത്തുവന്ന വിവരം. ദില്ലി – ആഗ്ര പാതയുടെ നിര്‍മാണം 2010ല്‍ ഏറ്റെടുക്കുകയും 2012 ഒക്‌ടോബര്‍ 16ന് ടോള്‍പിരിവ് ആരംഭിക്കുകയും ചെയ്തു. പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പുതന്നെ ടോള്‍ പിരിക്കാന്‍ തുടങ്ങി. എന്നാല്‍ കരാര്‍ പ്രകാരമുള്ള വേഗത്തില്‍ പദ്ധതി മുന്നോട്ടു പോയില്ല. നിര്‍മാണ ലക്ഷ്യത്തിലുണ്ടാകുന്ന വീഴ്ച്ച ടോള്‍പിരിവ് നിര്‍ത്തിവെക്കണമെന്ന മര്‍മപ്രധാനമായ വ്യവസ്ഥ കരാറില്‍നിന്നു സമര്‍ത്ഥമായി നീക്കുകയും ചെയ്തു. 2013 ആഗസ്ത് ആയപ്പോഴേക്കും 120 കോടി രൂപ പിരിച്ചുകഴിഞ്ഞിരുന്നു. ചെലവഴിച്ചതാകട്ടെ, 78.32 കോടി രൂപ മാത്രമായിരുന്നു.

സി എ ജി വളരെ ഗൗരവതരമായ ഒരു വിഷയത്തിലേക്കാണ് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. പൊതു – സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള പദ്ധതികള്‍ വലിയതോതില്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കാലമാണിത്. സ്വകാര്യ മൂലധന ശക്തികളെ ഏതളവുവരെയും സഹായിക്കാന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ മത്സരിക്കുകയാണ്. നിസ്വരായ മനുഷ്യരുടെ ജീവിതത്തെക്കാള്‍ പ്രധാനം കോര്‍പറേറ്റുകളുടെ നായാട്ടുസന്തോഷങ്ങളാണെന്നു വന്നിരിക്കുന്നു. സാധാരണ പൗരന്മാരുടെ നികുതിപ്പണവും ചോര നീരാക്കി അദ്ധ്വാനിച്ചു ബാങ്കില്‍ നിക്ഷേപിക്കുന്ന പണവും അവരുടെ വീടു നിര്‍മാണത്തിനോ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനോപോലും ലഭിക്കുകയില്ല. പ്രയാസപ്പെട്ടു ലഭിച്ചാല്‍തന്നെ തിരിച്ചടവ് അല്‍പ്പം വൈകിയാല്‍ താമസിക്കുന്ന കൂര ജപ്തിചെയ്യുന്നതിലേ കലാശിക്കൂ. എന്നാല്‍ ഇതേ പണം, കോടികളുടെ ലോണായി എടുത്തു വികസനങ്ങള്‍ക്കെന്ന പേരില്‍ മുടക്കാനും ലാഭം വീതിച്ചെടുക്കാനും കടം തിരിച്ചടക്കാതെ സര്‍ക്കാറിനെക്കൊണ്ട് എഴുതിത്തള്ളിക്കാനും വന്‍കിട ലോബികള്‍ക്കു സാധിക്കും. നാം വോട്ടുചെയ്ത് സംരക്ഷിക്കുന്ന ജനാധിപത്യം ജനങ്ങളുടേതായിട്ടില്ല. കോര്‍പറേറ്റു ആധിപത്യത്തിനുള്ള പ്രതിനിധികളെയാണ് നാം വിജയിപ്പിച്ചുപോരുന്നത്.

ഇപ്പോള്‍ ലോകസഭ ചര്‍ച്ച ചെയ്യുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലും പൗരാവകാശത്തെ മുന്‍ നിര്‍ത്തിയുള്ളതല്ല. പൗരാവകാശങ്ങള്‍ എങ്ങനെ തിരിച്ചെടുക്കാമെന്ന് ഗവണ്‍മെന്റും മൂലധന ശക്തികളും അന്വേഷിക്കുകയാണ്. 1894ലെയും 2012ലെയും ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ അനുകൂല വ്യവസ്ഥകള്‍പോലും ജനങ്ങളില്‍നിന്നു എടുത്തുമാറ്റപ്പെടുകയാണ്. ഏതു ഭൂമിയും എപ്പോള്‍ വേണമെങ്കിലും ഏതു മൂലധനമൂര്‍ത്തിക്കും പ്രിയം തോന്നി പിടിച്ചെടുക്കാവുന്നതേയുള്ളു. ജനാധിപത്യ ഗവണ്‍മെന്റിന്റെ സംരക്ഷണം ജനങ്ങള്‍ക്കല്ല പിടിച്ചുപറിക്കാര്‍ക്കാണ് കിട്ടുക. ജനങ്ങളുടെ പണവും ഭൂമിയും ഉപയോഗിച്ച് അധികവരുമാനമുണ്ടാക്കാനും ആഴ്ച്ചകള്‍കൊണ്ട് കോര്‍പറേറ്റുകളായി തിടം വെക്കാനും കഴിയുന്ന പ്രത്യേക പരിസ്ഥിതി നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉന്നതോദ്യോഗസ്ഥരും കോര്‍പറേറ്റു- ധന മൂലധന ശക്തികളും അവരുടെ പിണിയാള – മാഫിയാ സംഘങ്ങളും ഒത്തു ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയാണ്.

ദേശീയപാതാ വികസനത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ ഭരണ നായകരും ഇതേക്കുറിച്ചു മിണ്ടുന്നില്ല. അണിയറക്കഥകള്‍ അല്‍പ്പാല്‍പ്പമെങ്കിലും പുറത്തു വരുന്നുണ്ട്. സി എ ജി റിപ്പോര്‍ട്ട് അത്തരമൊരു വിവരമാണ് പുറംലോകത്തെത്തിച്ചിരിക്കുന്നത്. നമ്മുടെ മാധ്യമങ്ങള്‍ക്കൊന്നും പക്ഷെ, ഇതു വാര്‍ത്തയാകുന്നില്ല. പാലിയേക്കരയില്‍ ടോള്‍ കൂട്ടിക്കൊണ്ടിരിക്കുന്നു. എത്രകോടി പിരിച്ചുവെന്ന് ആര്‍ക്കറിയാം. അങ്കമാലി മണ്ണുത്തി പാതയില്‍ ഇപ്പോഴും കരാര്‍ പ്രകാരമുള്ള നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സി എ ജി ചൂണ്ടിക്കാണിച്ച പ്രകാരമാണെങ്കില്‍ പാലിയേക്കര പിരിവും വലിയൊരു അഴിമതിയുടെ ഭാഗമാവാനേ തരമുള്ളു. നിര്‍മാണച്ചെലവിന്റെ എത്രയോ ഇരട്ടി പിരിച്ചെടുക്കുകയും ചെയ്തിരിക്കും.

നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ ഏതതിക്രമവും നടക്കും. വര്‍ഷങ്ങളായി ടോള്‍ പിരിക്കുന്ന പാലങ്ങള്‍ നിരവധിയുണ്ടിവിടെ. എത്ര രൂപ പിരിച്ചെടുത്തുവെന്ന് ജനം അറിയുന്നില്ല. കോഴിക്കോട് ബൈപ്പാസിലെ കടവ് ടോള്‍ബൂത്ത് അത്തരത്തില്‍പ്പെട്ട ഒന്നാണ്. കോടികളുടെ അനധികൃത പിരിവാണ് അവിടെ നടക്കുന്നത്. ചോദിക്കാനോ തടയാനോ ആരുമില്ല. വര്‍ഷാ വര്‍ഷം എത്രകോടി ടോള്‍ പിരിച്ചുവെന്നും ബാക്കി എത്ര പിരിക്കാനുണ്ടെന്നും പരസ്യപ്പെടുത്താന്‍ വ്യവസ്ഥയുണ്ടാകേണ്ടതുണ്ട്. ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്ന സ്വകാര്യ – സര്‍ക്കാര്‍ കൂട്ടുകെട്ടിനെ ജനം ഭയന്നു തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ വികസന സംരംഭങ്ങളെല്ലാം ജനങ്ങളെ കൊള്ളയടിക്കാനുള്ള ഏര്‍പ്പാടുകളായി ആശങ്കപ്പെടേണ്ടി വരുന്നു. ജനങ്ങളുടെ നികുതിപ്പണവും ഭൂമിയും സമ്പാദ്യവും ഉപയോഗിച്ച് കരാര്‍ ഒപ്പുവെച്ച് അത്രയും പണത്തിന്റെ പേരില്‍ അതിലുമെത്രയോ ഇരട്ടി ജനങ്ങളില്‍നിന്നുതന്നെ വസൂലാക്കുന്ന കണ്ണുകെട്ടിക്കളിക്കാണ് ഇവിടെ വികസനമെന്നു പേര്. നല്ല റോഡ്, ടൈല്‍സിട്ട നഗരത്തെരുവ്, ഉയരുന്ന രമ്യഹര്‍മ്യങ്ങള്‍ ഇതൊക്കെ മതി മലയാളിക്ക് വികസനമാവാന്‍. അവന്റെ രക്തത്തിലാണ് ഇതൊക്കെ പടുത്തുയര്‍ത്തുന്നതെന്നുമാത്രം അവനറിയുന്നില്ല.

2 മാര്‍ച്ച് 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )