Article POLITICS

വരൂ, കാണൂ, ബ്ലോഗറുടെ രക്തം തെരുവുകളില്‍ [Come and see, the bloggers blood in the streets]

avijit

ബ്ലോഗെഴുത്ത് ഗൗരവതരമായ രാഷ്ട്രീയ പ്രവര്‍ത്തനമായിത്തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് കോര്‍പറേറ്റ് മാധ്യമങ്ങളെക്കാള്‍ ആശ്രയിക്കാവുന്നത് നവ സാമൂഹിക ജനകീയ മാധ്യമങ്ങളെയാണെന്നു വന്നിട്ടുണ്ട്. അതിനാലാവാം തിരിച്ചടികളും ശക്തമാണ്. എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ചിരിക്കുന്നു. നീതിയുടെയും സമത്വത്തിന്റെയും ശബ്ദമാണ് അവര്‍ക്കു കുഴിച്ചുമൂടേണ്ടത്. സ്വാതന്ത്ര്യത്തിന്റെ പാതയാണവര്‍ക്ക് കൊട്ടിയടക്കേണ്ടത്.

ഉച്ചഭാഷിണികളുടെ ബഹളമോ, മൂലധന ഭാരത്തിന്റെ ലാഭതാല്‍പ്പര്യങ്ങളോ അധികാരത്തിന്റെ അഹന്തയോ പ്രസ്ഥാനങ്ങളുടെ പിന്തുണയോ ഇല്ലാതെ ലോകത്തോടു സംസാരിക്കാനാവും എന്നത് ജനങ്ങള്‍ക്കു വീണുകിട്ടിയ സാധ്യതയാണ്. നിസ്വരുടെ നിലവിളിക്കൂര്‍പ്പില്‍ ലോകത്തെ വട്ടംകറക്കാനൊരു അവസരം. മാധ്യമങ്ങള്‍ക്കു കാണാനാവാത്തതും ജീവിതത്തിന്റെ പിടച്ചിലുകളാണെന്ന് വരച്ചുവെക്കാനൊരു സൈബറേട്. നവമാധ്യമങ്ങള്‍ ഉറക്കംകെടുത്തുന്നുണ്ട്: കോര്‍പറേറ്റുകളുടെ, നവഫാസിസ്റ്റുകളുടെ, മതഭീകരതയുടെ, അധികാരോന്മത്തതയുടെ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ, രാഷ്ട്രീയ ദല്ലാളന്മാരുടെ, മാഫിയാസംഘങ്ങളുടെ….

നീതിയുടെ വാക്ക് ഒരിക്കല്‍ക്കൂടി വെട്ടേറ്റ് വീണിരിക്കുന്നു. ഇപ്പോഴത് ധാക്കയുടെ തെരുവില്‍. അവിജിത് റോയ് എന്ന ബ്ലോഗറുടെ ജീവിതം ബലി നല്‍കപ്പെട്ടിരിക്കുന്നു. ആക്റ്റിവിസ്റ്റായ ഭാര്യ റഫിദാ അഹ്മദ് ബോന്യാ മാരകമായ പരിക്കുകളോടെ ധാക്കാ ആശുപത്രിയിലാണ്. മതതീവ്രവാദത്തിനെതിരെ സന്ധിയില്ലാതെ പൊരുതിയ മതേതര ജീവിതവും എഴുത്തുമാണ് അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. മുക്തോ മോന ( സ്വതന്ത്ര ചിന്ത ) എന്നായിരുന്നു അവരുടെ ബ്ലോഗിന്റെ പേര്. അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഈ ബ്ലോഗെഴുത്തുകാരനുനേരെ നിരന്തരം ഭീഷണിയുണ്ടായിരുന്നു. നാട്ടിലെത്തിയാല്‍ വധിക്കുമെന്ന മതതീവ്രവാദികളുടെ നിശ്ചയമാണ് ഫെബ്രുവരി 26ന് രാത്രി ധാക്കയില്‍ അവര്‍ പ്രായോഗികമാക്കിയത്.

 avijit-roy-4-resized
വൈറസ് ഓഫ് ഫെയ്ത്ത് എന്ന കൃതിയുടെ കര്‍ത്താവായ അവിജിത് പത്തു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതേതര മാനവികാശയങ്ങളുടെയും മതേതര ജീവിതത്തിന്റെയും മാതൃകയായാണ് അദ്ദേഹം അറിയപ്പെട്ടത്. തൊഴില്‍കൊണ്ട് എഞ്ചിനീയറും ആഭിമുഖ്യംകൊണ്ട് എഴുത്തുകാരനുമാണ് താനെന്ന് അദ്ദേഹം തന്നെത്തന്നെ പരിചയപ്പെടുത്തുന്നുണ്ട്. യുക്തിചിന്തയുടെയും ശാസ്ത്ര ചിന്തയുടെയും അടിസ്ഥാനത്തില്‍ സാമൂഹിക വിശകലനം നിര്‍വ്വഹിക്കുന്ന ഒരു രീതിശാസ്ത്രമാണ് റോയ് മുന്നോട്ടുവെച്ചത്. ശാസ്ത്രീയമായ കണ്ടെത്തലുകളെല്ലാം മത ഗ്രന്ഥങ്ങളിലുണ്ട് എന്ന അതിവാദത്തെ അദ്ദേഹം തള്ളി. ഖുര്‍ ആന്‍ ശാസ്ത്രകൃതിയാണെന്നു വാദിക്കുന്നവര്‍ ചുരുങ്ങിയത് ഒരു ശാസ്ത്ര സിദ്ധാന്തമെങ്കിലും വിശദീകരിക്കാന്‍ പ്രാപ്തരായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.

ധാക്ക സര്‍വ്വകലാശാലാ പ്രൊഫസറായിരുന്ന അജോയ് റോയിയാണ് അവിജിത്തിന്റെ പിതാവ്. അതേതര പുരോഗമന സ്വഭാവമാര്‍ന്ന കുടുംബ പശ്ചാത്തലമായിരുന്നു അദ്ദേഹത്തിന്റേത്. അവിശ്വാസത്തിന്റെ തത്വചിന്ത, സമകാമിത (സ്വവര്‍ഗ ലൈംഗികത), പ്രപഞ്ചോത്പ്പത്തി തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. പുസ്തകത്തിന്റെ പേരുകള്‍തന്നെ അവിജിത്തിന്റെ ചിന്തയുടെ പ്രത്യേകത വെളിപ്പെടുത്തുന്നുണ്ടല്ലോ. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വലിയ പ്രതികരണങ്ങളാണുണ്ടാക്കിയത്. ഇത് ജമാ അത്തെ ഇസ്ലാമിയെയും കൂട്ടാളികളെയും ചൊടിപ്പിച്ചു. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണികളെത്തുടര്‍ന്നു പല പ്രസാധകരും അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വില്‍പ്പന നിര്‍ത്തിവെക്കുകയുണ്ടായി.

_81285508_44bc5f70-4223-4d4d-8365-2130b01c2e21

അവിജിത് റോയിക്കുമുമ്പ് ഇതേ കാഴ്ച്ചപാടോടെ സാംസ്‌ക്കാരിക പോരാട്ടം നടത്തിയ എഴുത്തുകാരനും സര്‍വ്വകലാശാലാ അദ്ധ്യാപകനുമായിരുന്നു ഹുമയൂണ്‍ ആസാദ്. ബംഗ്ലാദേശില്‍ സ്ത്രീപക്ഷ കാഴ്ച്ചപ്പാടോടെ ആദ്യ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത് ഇദ്ദേഹമായിരുന്നു. നാരി എന്ന പുസ്തകം ഒരളവുവരെ സിമോണ്‍ദി ബുവ്വെയുടെ സെക്കന്റ് സെക്‌സിനെ ഉപജീവിച്ചിട്ടുണ്ട്. രബീന്ദ്രനാഥ ടോഗൂര്‍ ഉള്‍പ്പെടെയുള്ള ബംഗാളി എഴുത്തുകാരുടെ രചനകളിലെ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ അദ്ദേഹം തുറന്നു കാട്ടി. 1995ല്‍ നിരോധിക്കപ്പെട്ട ആ പുസ്തകത്തിന് ബംഗ്ലാദേശില്‍ വീണ്ടും പുറത്തിറങ്ങാനായത് 2000ലാണ്. അതിനുവേണ്ടി ആസാദിന് നീണ്ട നിയമയുദ്ധം നടത്തേണ്ടിവന്നു. 2004 സെപ്തംബര്‍ 27ന് ധാക്ക സര്‍വ്വകലാശാലാ കാമ്പസിന് സമീപം അദ്ദേഹം അക്രമിക്കപ്പെട്ടു. കൊലപാതക ശ്രമത്തില്‍നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടുവെങ്കിലും അധികനാള്‍ കഴിയും മുമ്പ് മ്യൂണിച്ചില്‍ താമസസ്ഥലത്ത് അദ്ദേഹം മരിച്ചു കിടക്കുന്നതായാണ് കാണപ്പെട്ടത്. 2006ല്‍ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഹുമയൂണ്‍ ആസാദിനോട് വലിയ സ്‌നേഹവും ആദരവുമായിരുന്നു അവിജിത്തിന്. മുക്തോ മോനയില്‍ അദ്ദേഹം എഴുതിയിട്ടുമുണ്ട്. ആസാദിനു സംഭവിച്ച അതിക്രമത്തെ തുടര്‍ന്നു റോയ് സംഭവത്തെ അപലപിച്ചിരുന്നു. അക്രമികളെ പിടികൂടാത്ത ഗവണ്‍മെന്റ് വീഴ്ച്ചയില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇങ്ങനെയൊരു ബംഗ്ലാദേശാണോ നമുക്കുവേണ്ചത്? എന്നാണ് അദ്ദേഹം അന്നു ചോദിച്ചത്.

avijit2

ഡിസംബറില്‍ ഷഫിയൂര്‍ റഹ്മാന്‍ ഫറാബി എന്നൊരാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് അവിജിത്തിനോടുള്ള ഭീഷണിയുടേതായിരുന്നുവെന്ന് ഒരു പത്രം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയാളെഴുതിയത് ഇങ്ങനെയാണ്: “അവിജിത് റോയ് ഇപ്പോള്‍ അമേരിക്കയിലായതിനാല്‍ വധിക്കാനാവില്ല. നാട്ടിലെത്തിയാല്‍ അയാള്‍ വധിക്കപ്പെടും”. ഈ വാക്കുകള്‍ അധികാരികളും അശ്രദ്ധമായി വിട്ടുകളയുകയായിരുന്നു.

രജീബ് ഹൈദര്‍ എന്ന മറ്റൊരു ബ്ലോഗെഴുത്തുകാരനും ബംഗ്ലാദേശില്‍ വധിക്കപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പായിരുന്നു സംഭവം. ജമാ അത്തെ ഇസ്ലാമിയുടെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. 1971ലെ യുദ്ധകാല കുറ്റകൃത്യങ്ങള്‍ക്ക് വിചാരണയും ശിക്ഷയും വേണമെന്നാവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. ബംഗ്ലാദേശിലെ സാംസ്‌ക്കാരിക രാഷ്ട്രീയ കാലാവസ്ഥ എത്രമാത്രം മലിനമാമെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നുവെന്ന് ബംഗ്ലാദേശ് ബ്ലോഗേഴ്‌സ് അസോസിയേഷന്‍ ദി ഗ്വാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

അവിജിത് റോയിയുടെ കൊലപാതകം ലോകത്തെങ്ങുമുള്ള നവമാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ഇത്തരം അക്രമങ്ങളാരംഭിച്ചിരിക്കുന്നു. മാലിയില്‍ തടവിലാക്കപെട്ടു മോചിതനായ ജയചന്ദ്രനും ഗള്‍ഫില്‍ തൊഴിലില്‍നിന്നു പുറത്താക്കപ്പെട്ട ബീജയും ബ്ലോഗെഴുത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. ഭരണാധികാരികളെ വിമര്‍ശിക്കുന്നു എന്നതായിരുന്നു ഇവരുടെ തെറ്റ്. സ്വതന്ത്രമായ ചിന്തയും എഴുത്തും കുറ്റകരമാകുന്ന കാലാവസ്ഥ, ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കുന്നത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയാണ്. എല്ലാ അധികാരങ്ങളും സങ്കുചിത തീവ്ര വാദങ്ങളും കൊലയാളിസംഘങ്ങളും അവിശുദ്ധ സഖ്യത്തിലേര്‍പ്പെടുന്ന കാലത്ത് നീതിയുടെ പക്ഷത്തു നില്‍ക്കാന്‍ ധീരരായ മനുഷ്യരെ ആവശ്യമുണ്ട്. തെരുവുകള്‍ക്കു രക്തം നല്‍കാന്‍ അവര്‍ ജീവിച്ചേ മതിയാകൂ.


28 ഫെബ്രുവരി 2014

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )