Article POLITICS

സാമൂഹിക സമരപക്ഷത്തിന് രാഷ്ട്രീയ ഏകോപനമുണ്ടാകും


കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സോഷ്യലിസ്റ്റ് ബദല്‍ നിര്‍മ്മാണ പ്രക്രിയ സംബന്ധിച്ച പരമ്പരാഗത വിചാരങ്ങള്‍ ഈ മാറിയ കാലത്തും അതേപടി തുടരുന്നുവെന്നല്ലാതെ മാറിയ സാഹചര്യങ്ങളെ ഗൗരവപൂര്‍വ്വം വിശകലനം ചെയ്യാനോ പുതിയ സമീപനങ്ങള്‍ കൈക്കൊള്ളാനോ ശ്രമമുണ്ടാകുന്നില്ല. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങള്‍ പതിവു ചര്‍ച്ചകളുടെയും പ്രമേയങ്ങളുടെയും അനുഷ്ഠാനമായിത്തീരുകയാണ്. അതേ സമയം, പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ എണ്ണം ഓരോ പതിറ്റാണ്ടിലും കുറഞ്ഞുകൊണ്ടിരിക്കുന്നു. എണ്‍പതുകളിലാണ് വലിയ തോതിലുള്ള വളര്‍ച്ച സി പി എം കൈവരിച്ചത്. തുടര്‍ന്നുള്ള പതിറ്റാണ്ടുകള്‍ പിന്‍മടക്കത്തിന്റേതാകുന്നു. ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും അധികരിച്ചേയുള്ളു. സഹിക്കുന്നവരും ചെറുത്തു നില്‍ക്കുന്നവരും ആശ്രയിക്കുന്നതു കമ്യൂണിസ്റ്റു പ്രസ്ഥാനത്തെയല്ലെന്നു വരുന്നത്, ആ പ്രസ്ഥാനത്തിനു വന്നുചേരുന്ന മാറ്റത്തെയാണ് വെളിപ്പെടുത്തുന്നത്.

പല രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരും പലപല മത സാമുദായിക ചേരികളില്‍ ചേര്‍ന്നുനിന്നവരും ജീവിക്കാനുള്ള സമരങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് മുമ്പ് ആകര്‍ഷിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കലില്‍നിന്ന് രക്ഷപ്പെടാന്‍, ഭൂമിയില്‍ അവകാശം ലഭിക്കാന്‍, മിച്ചഭൂമി കണ്ടെത്താന്‍, തൊഴിലവകാശങ്ങള്‍ നേടിയെടുക്കാന്‍, വേതനം വര്‍ദ്ധിപ്പിക്കാന്‍, പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നിങ്ങനെ എന്തിനും പൊരുതിനില്‍ക്കാന്‍ ഇടതുപക്ഷമാണ് തുണയായത്. ചെങ്കൊടിക്കു കീഴിലേക്ക് ആളുകള്‍ ഒവുകിയെത്താനിടയായ സാഹചര്യമതാണ്. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ജീവിക്കാനുള്ള പോരാട്ടത്തില്‍ അണിചേരാന്‍ സിപിഎമ്മില്‍നിന്നും മറ്റിടതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ പുറത്ത് സമരമുന്നേറ്റങ്ങള്‍ തേടിപ്പോവുകയാണ്.

ആഗോളവത്ക്കരണ ചൂഷണങ്ങളുടെ ഇരകളായിത്തീരുകയാണ് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ മനുഷ്യരും. അവരിലുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെടുന്നുമുണ്ട്. ഓരോ പ്രശ്‌നത്തെയും കേന്ദ്രമാക്കി സവിശേഷ സമരരൂപങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇവയ്ക്ക് നേതൃത്വം നല്‍കാനാവുമെന്ന് നാം പ്രതീക്ഷിച്ച സാമ്രാജ്യത്വ വിരുദ്ധവും കോര്‍പറേറ്റ് വിരുദ്ധവുമായ ഒരിടതുപക്ഷ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും രംഗത്തുവന്നില്ല. അതിനാല്‍ അന്യോന്യം വേര്‍പെട്ട ഒറ്റയൊറ്റ സമരപ്രസ്ഥാനങ്ങളായി കോര്‍പറേറ്റ് വിരുദ്ധ മുന്നേറ്റം ഇപ്പോള്‍ ചിതറിക്കിടക്കുകയാണ്.

ആഗോളവത്ക്കരണ വിരുദ്ധ സമരപ്രസ്ഥാനങ്ങളുടെ മേല്‍ക്കുപ്പായം ഇപ്പോഴും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഭൂ പരിഷ്‌ക്കരണം നടപ്പാക്കിയവര്‍ ആ നയം കൈയ്യൊഴിയുന്നു. ഭൂമി , കോര്‍പറേറ്റ് വികസനത്തിന് പിടിച്ചെടുക്കാനുള്ള ഇടനിലക്കാരായി അവര്‍ മാറിയിരിക്കുന്നു. മനുഷ്യര്‍ തിര്യക്കുകളെപ്പോലെ ഭൂമിയില്‍നിന്ന് എടുത്തെറിയപ്പെടുമ്പോള്‍ അവര്‍ നിസ്സംഗരായ കാഴ്ച്ചക്കാര്‍ മാത്രമായിരിക്കുന്നു. സ്വകാര്യവത്ക്കരണ –- ബി ഒ ടി മാഫിയകളുടെ കൂട്ടുകാരായി ജനവിരുദ്ധ വികസന മുദ്രാവാക്യത്തിലേക്ക് അവര്‍ ചുവടുമാറ്റം നടത്തിയിരിക്കുന്നു. ജനങ്ങളെ മാരകമായ വിഷംതീറ്റിക്കുന്ന പുത്തന്‍ വികസനത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരങ്ങളില്‍ പങ്കുചേരാന്‍ അവര്‍ അറച്ചുനില്‍ക്കുന്നു. പാര്‍ട്ടിയുടെ വര്‍ഗ ബഹുജന ഉപശാലകളിലെ സമരസദ്യകള്‍ മതി വിപ്ലവപ്പാതയില്‍ എന്നായിട്ടുണ്ട് അവരുടെ നിലപാട്.

ആദിവാസികളും ദളിതരും സ്ത്രീകളും സംഘടിത – അസംഘടിത തൊഴിലാളികളും ഭൂരഹിതരും ഭവനരഹിതരും പ്രാന്തവല്‍ക്കൃതരും ജനവിരുദ്ധ വികസനത്തിന്റെ ഇരകളായി കുടിയൊഴിപ്പിക്കപ്പെട്ടവരും തൊഴില്‍ നാശം സംഭവിച്ചവരും വിഷമലിനീകരണത്തിന് ഇരയായവരും ഘടനാപരമായ പരിഷ്‌ക്കരണത്തിന്റെ ഇരകളായി തൊഴിലവകാശങ്ങള്‍ നഷ്ടമായവരും ക്ഷേമ പദ്ധതികളില്‍നിന്ന് എടുത്തെറിയപ്പെട്ടവരും അമിതമായ നികുതി ഭാരം ചുമത്തപ്പെട്ടവരും എന്നിങ്ങനെ പുതിയ മുതലാളിത്തത്തിന്റെ അധിനിവേശത്തെ ചെറുത്തുനില്‍ക്കുന്നവരുടെ നിര വിശാലമാവുകയാണ്. പുതിയകാലത്തെ വര്‍ഗസമരമായി ഇവയെ കാണാന്‍ കമ്യൂണിസ്റ്റ് മേല്‍ക്കുപ്പായക്കാര്‍ തയ്യാറല്ല. ഉണര്‍ന്നുവരുന്ന സാമൂഹിക ഇടതുപക്ഷത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ അക്കൂട്ടര്‍ തയ്യാറല്ലെങ്കിലും അവഗണിക്കാനാവാത്ത ഒരു സാമൂഹികശക്തിയായി സാമൂഹിക ഇടതുപക്ഷം രൂപമാറ്റം കൈവരിക്കുകതന്നെയാണ്.

പല വിഷയങ്ങളായി പല രീതിയില്‍ പലയിടങ്ങളിലായി സമരരംഗത്തുള്ള ജനകോടികള്‍ പുതിയ മുതലാളിത്തമെന്ന ഒരേയൊരു ശത്രുവിനെതിരെയാണ് ഉണര്‍ന്നെണീക്കുന്നത്. ജനാധിപത്യ ഗവണ്‍മെന്റുകളെ പാവകളെപ്പോലെ ചലിപ്പിക്കുന്ന കോര്‍പറേറ്റ് ഭീകരതക്കും അതിന്റെ ഉപജാപക സൗഹൃദങ്ങള്‍ക്കുമെതിരെ ചിതറിക്കിടക്കുന്ന സാമൂഹിക ഇടതുപക്ഷത്തെ ഏകോപിപ്പിക്കേണ്ടതുണ്ട്. അതു നിര്‍വ്വഹിക്കാന്‍ ആരുണ്ട് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ജനകീയ സമരങ്ങള്‍ രൂപപ്പെട്ട അതേ സ്വാഭാവികതയോടെ അതിന്റെ ഏകീകരണവും സവിശേഷമായ ഒരു സന്ദര്‍ഭത്തില്‍ സാധ്യമായേക്കാം. എങ്കിലും സമയംകളയാതെ പുതിയ മുന്നേറ്റമുണ്ടാവണമെന്ന് ആശിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അവയുടെ മുന്നണികളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ന്നടിഞ്ഞിരിക്കുന്നു. ഗുണഫലങ്ങളനുഭവിക്കുന്ന ഒരു ന്യൂനപക്ഷംമാത്രമാണ് സംഘടിത പ്രസ്ഥാനങ്ങളുടെ വക്താക്കളും ആശ്രിതരുമായി രംഗത്തുള്ളത്.

രാജ്യത്താകെ ജനങ്ങളിലുണ്ടായ ഈ വിശ്വാസത്തകര്‍ച്ചയും നിലപാടുമാറ്റവുമാണ് ദില്ലി തെരഞ്ഞെടുപ്പില്‍ കണ്ടത്. ആം ആദ്മിയെ വിജയിപ്പിക്കുമ്പോള്‍, തങ്ങളുടെ സ്വപ്ന രാഷ്ട്രീയത്തെയാണ് ജനങ്ങള്‍ ആശ്ലേഷിച്ചത്. അതു സാക്ഷാത്ക്കരിക്കാന്‍ അഴിമതി വിരുദ്ധ നിലപാട് മാത്രം മതിയാവുകയില്ല. നിശിതമായ കോര്‍പറേറ്റ് വിരുദ്ധവും ജനപക്ഷാസ്പദവുമായ ഒരു നവീന ദര്‍ശനം മുന്നോട്ടു വെക്കാനാവണം. കേരളത്തില്‍ തീര്‍ച്ചയായും ദില്ലിയില്‍നിന്നും വ്യത്യസ്തമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പലവിധ സമരങ്ങളുടെ വേലിയേറ്റമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി രൂപപ്പെട്ടിട്ടുള്ളത്. കമ്യൂണിസ്റ്റുകള്‍ കരുതുംപോലെ എഴുപതുകളിലും എണ്‍പതുകളിലും രാജ്യത്തെ സമ്പദ്ഘടനയെയും ജനാധിപത്യസംവിധാനത്തെയും മുറിവേല്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സന്നദ്ധ സംഘടനകളുടെ ആസൂത്രിതമായ മറ്റൊരു പദ്ധതിയാണ് സമരമുഖങ്ങളെന്നു കരുതുന്നത് പമ്പര വിഢ്ഢിത്തമാണ്.

രാഷ്ട്രീയ ജനാധിപത്യ സംവിധാനങ്ങളെയാകെ നിര്‍വീര്യമാക്കാനോ അരാഷ്ട്രീയ വത്ക്കരിക്കാനോ ഉള്ള സാമ്രാജ്യത്വ അജണ്ട ഏറെക്കുറെ നടപ്പായിക്കഴിഞ്ഞു. സന്നദ്ധസംഘടനകള്‍ ചെയ്തുപോന്ന സഹായ- സാന്ത്വന-പഠന – ബോധന കര്‍മ്മങ്ങളിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒതുക്കിക്കെട്ടുന്നതിലും സാമ്രാജ്യത്വ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ വിജയിച്ചുകഴിഞ്ഞു. ആ ദൗത്യത്തിന് ഇനി സന്നദ്ധ സംഘടനകളെ നിയോഗിക്കേണ്ട കാര്യം അവര്‍ക്കില്ല. എന്നാല്‍,ജനങ്ങള്‍ക്കാവട്ടെ, അവരില്‍നിന്നുയര്‍ന്നു വരുന്ന പുതിയ സന്നദ്ധ സംഘടനകളാണ് ഇപ്പോള്‍ തുണയാകുന്നത്. അതു പഴയ അരാഷ്ട്രീയ സന്നദ്ധ സംഘടനകളല്ല. വിമോചനപരമായ സാമ്രാജ്യത്വ കോര്‍പറേറ്റ് വിരുദ്ധ സമരരാഷ്ട്രീയമാണ് അതിന്റെ ആന്തരികോര്‍ജ്ജം. മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പോലെ ഇക്കാര്യം നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടില്ല എന്നേയുള്ളു.

സിപിഎമ്മിലുണ്ടാകുന്ന പ്രതിസന്ധി വലിയ ചര്‍ച്ചയ്ക്കിടയാക്കുന്ന സാഹചര്യമിതാണ്. അവരുപേക്ഷിച്ച ഇടതിടം അവര്‍തന്നെ തിരിച്ചെടുക്കുമോ എന്നു പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നവരുണ്ട്. പാര്‍ട്ടി ഉപേക്ഷിച്ചിട്ടും അമരാവതിയിലും കൊട്ടിയൂരിലും മുടവന്‍മുകളിലുമൊക്കെ എ കെ ജി എന്നപോലെ സമരരംഗത്തേക്ക് ശരീരവും മനസ്സും പായിച്ചവര്‍ ഇനിയെങ്കിലും പുതിയ സമരശക്തികളുടെ ഊര്‍ജ്ജവാഹിനികളാകുമോ എന്നു ആഗ്രഹിക്കുന്നവരുണ്ട്. വി.എസ് അച്യുതാനന്ദന്‍ സി പി എം വിടുമോ എന്ന് ഉറ്റുനോക്കിയിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഉറ്റുനോക്കുന്നത് സാമൂഹിക ഇടതുപക്ഷത്തിന് കേരളത്തില്‍ സംഘടിതരൂപം കൈവന്നേക്കുമോ എന്നാണ്.

മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ മലബാര്‍ ഗോള്‍ഡിന്റെ ജനവിരുദ്ധ കടന്നാക്രമണത്തിനെതിരെ ഒരു പ്രദേശത്തെ മുഴുവന്‍ ജനതയും സമരരംഗത്താണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അതില്‍നിന്നൊഴിഞ്ഞു നില്‍ക്കാനാവുന്നില്ല.  സംസ്ഥാന നേതാക്കള്‍ക്ക് സംസ്ഥാനത്തെ ധനാഢ്യരെയൊന്നും പിണക്കാനാവില്ല. നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് വയല്‍ നികത്തി ശോഭാ സിറ്റി ഉയര്‍ന്നു വന്നപ്പോള്‍ കര്‍ഷക കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളൊന്നും നാവനക്കിയില്ല. നേതാക്കളൊന്നും കണ്ണു തുറന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണം ദേശീയപാതാ സ്വകാര്യ വത്ക്കരണമാണെന്നു പറയാനും ബിഒടിയെ ചെറുക്കാനും അവര്‍ക്കാവുന്നില്ല. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടി പൊഴിക്കാന്‍ ഒരു തുള്ളി കണ്ണീരവര്‍ക്കില്ല.(ഇങ്ങനെ ഓരോ സമരവും ഇവിടെ വിശദീകരിക്കുന്നില്ല) . ഈ കോര്‍പറേറ്റ് പക്ഷം ചേരല്‍ മറച്ചുവെക്കാന്‍ പഴയ കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കിയതുകൊണ്ടോ ചുവന്ന മേല്‍ക്കുപ്പായം ധരിച്ചതുകൊണ്ടോ ആവില്ല. ബംഗാളിലും കേരളത്തിലും സംസ്ഥാന ഭരണം കയ്യാളിയപ്പോള്‍ അവരവലംബിച്ച വികസന നയം ജനപക്ഷത്തേതായിരുന്നില്ല. ആ നയത്തിന്റെ തീവ്ര നടത്തിപ്പാണ് ബംഗാളിലെ ഇന്നത്തെ അവസ്ഥയിലേക്കു നയിച്ചത്. ഈ നയം തിരുത്തി സാമൂഹിക ഇടതുപക്ഷത്തോട് ഐക്യപ്പെടാന്‍ അവര്‍ തയ്യാറുണ്ടോ? ഇല്ലെങ്കില്‍, ഈ സമ്മേളനങ്ങളിലെ ലീലാവിലാസങ്ങളൊന്നും അവരെ രക്ഷിക്കാന്‍ പോകുന്നില്ല.

ആരെയും കാത്തിരിക്കാനില്ലെന്നു മനസ്സിലാക്കിയ ജനതയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഒരു പാര്‍ട്ടി വിലാസത്തിനോ ഒരു പതാകക്കോ ഒരു നേതാവിനോ കാത്തിരിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. പക്വമായ ഒരു സമരരാഷ്ട്രീയ ധാര അനിവാര്യമായ ഉണര്‍വ്വിലേക്കും മുന്നേറ്റത്തിലേക്കും കുതിക്കുകയാണ്. ഭാവിയുടെ രാഷ്ട്രീയം അതല്ലാതെ വരില്ല. വരും ദിവസങ്ങളില്‍ നാമതിന്റെ അടിത്തറയൊരുങ്ങുന്നതു കാണും..സാമൂഹിക ഇടതുപക്ഷത്തിന്റെ വിശാലമായ ജനാധിപത്യ പ്രസ്ഥാനം ദൂരെയല്ല.

26 ഫെബ്രുവരി 2015

2 അഭിപ്രായങ്ങള്‍

 1. സോഷ്യലിസ്റ്റ് ബദല്‍ നിര്‍മ്മാണ പ്രക്രിയ സംബന്ധിച്ച പരമ്പരാഗത വിചാരങ്ങള്‍ ഈ മാറിയ കാലത്തും അതേപടി തുടരുന്നുവെന്നല്ലാതെ മാറിയ സാഹചര്യങ്ങളെ ഗൗരവപൂര്‍വ്വം വിശകലനം ചെയ്യാനോ പുതിയ സമീപനങ്ങള്‍ കൈക്കൊള്ളാനോ ശ്രമമുണ്ടാകുന്നില്ല.
  അതിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ …പുത്തൻ സാമുഹിക ഇടതുപക്ഷ്ത്തിനു..അതിന്റെ രാഷ്ട്രിയത്തിന്, സമരം ചെയ്യുന്ന ജനങ്ങളുടെ മുഖമാണ് എന്ന് തിരിച്ചരിയുബോൾ വിശേഷിച്ചും

  Like

 2. എന്താണ് സത്യത്തിൽ ആഗോളവത്കരണം ?

  ആഗോളവത്കരണം എതിർക്കപ്പെടെണ്ടാതാണോ ?

  ആഗോളവത്ക്കരണമെന്നത് ഇന്നത്തെ സാങ്കേതീക വിദ്യകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള സാമ്പത്തീക രാഷ്ട്രീയ സാമൂഹ്യ ക്രമീകരണമാണ് . (socio-political economics )

  അസംസ്കൃത വിഭങ്ങളുടെ ഫലപ്രദവും കാര്യക്ഷമവുമായ ചൂഷണമാണ് ആഗോളവത്ക്കരണം ലക്ഷ്യ മിടുന്നത് .

  ആഗോളവത്കരണം ഒരു രാജ്യത്തിന്റെയോ, വർഗ്ഗത്തിന്റെയോ മാത്രം തത്വസംഹിതയല്ല .

  കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇതിനെ മുതലാളിത്വ ചൂഷണമായി പ്രചരിപ്പിക്കുന്നത് ശരിയല്ല .

  എല്ലാ മനുഷ്യരും (തൊഴിലാളിയും മുതലാളിയും ) ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആഗോളവത്കരണത്തിൻറെ ഇരകളും ഗുണഭോക്താക്കളുമാണ് എന്നതാണ് സത്യം .

  എല്ലാ രാജ്യങ്ങളിലും രാഷ്ട്രീയശക്തിയെ മറികടന്ന് കൊണ്ട് കോർപ്പറേറ്റ് ശക്തികൾ (വ്യവസായ സ്ഥാപനങ്ങൾ ) പുതിയ സാമ്രാജ്യത്വ ശക്തികളായി മാറുന്ന കാഴ്ചയാണ് ആധുനീക സാമ്പത്തീകവ്യവസ്ഥയുടെ പ്രത്യേകത .

  അതിനെ നയിക്കുന്നത് ഒരു രാജ്യമോ , വ്യക്തിയോ , പണമോ , ബുദ്ധിയോ , അറിവോ, ആശയമോ അല്ല എന്നതാണ് മറ്റൊരു പ്രത്യേകത .

  അത് കൊണ്ട് തന്നെ അതു സൃഷ്ടിക്കുന്ന അസ്വസ്ഥതകളും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നേരിടുന്നതിൽ ലോകവും മനുഷ്യന്റെ ബുദ്ധി ശക്തിയും നിസ്സഹായമാണ് .

  ഓരോ പ്രശ്‌നത്തെയും കേന്ദ്രമാക്കി പ്രാദേശീകമായി മാത്രം സാമൂഹ്യ ,രാഷ്ട്രീയ ,

  സാമ്പത്തീക വ്യവസ്ഥകൾ നിയന്ത്രിച്ചിരുന്ന “രാഷ്ട്രീയ സ്വകാര്യത” ( Political Nationalism )
  ഭൂമിയിൽ കാലക്രമേണ അപ്രസക്തമായി കൊണ്ടിരിക്കുന്നുവെന്നതാണ്‌ സത്യം .

  1951 ൽ Belgium, Germany, France, Italy, Luxembourg, Netherlands എന്നീ രാജ്യങ്ങള തുടക്കമിട്ട സാമ്പത്തീക സഹകരണ മേഘല

  28 രാജ്യങ്ങളുടെ ഒരു ഫെഡറെഷനായി വളർന്നു അമേരിക്കക്ക് ബദൽ ശക്തിയായി വളര്ന്നു വന്ന പരിണാമമാണ് സത്യത്തിൽ ആഗോളവത്ക്കരണം.

  പണ്ട് സാമ്രാജ്യത്വ വിരുദ്ധരായിരുന്ന കമ്മുനിസ്റ്റ്‌ കാർ ഇന്ന് കോർപറേറ്റ് വിരുദ്ധർ ആവേണ്ടതയിരുന്നു.

  എന്നാൽ കമ്മുനിസ്റ്റ്‌ ചൈന തന്നെ ആഗോളവത്ക്കരണം മുതലാക്കി കോർപറേറ്റ് വ്യവസ്ഥയെ സ്വയം പുൽകുകയണ് ഉണ്ടായത് .

  ഇന്ത്യയിലും കോര്‍പറേറ്റ് വിരുദ്ധമായ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടികളൊന്നും രംഗത്തുവന്നില്ല.

  അത് കൊണ്ടാണ് അന്യോന്യം വേര്‍പെട്ട ഒറ്റയൊറ്റ സമരപ്രസ്ഥാനങ്ങളായി കോര്‍പറേറ്റ് വിരുദ്ധ മുന്നേറ്റം ഇപ്പോള്‍ ചിതറിക്കിടക്കുന്നത് .

  എന്നാൽ അധികാരം നേടുവാൻ വേണ്ടി മാത്രം ആഗോളവത്ക്കരണ വിരുദ്ധത പ്രസംഗിച്ചു ജനങ്ങളെ ഇന്നും കളിപ്പിക്കുന്നു വെന്നത് സത്യമാണ് .

  ജനാധിപത്യ ഗവണ്‍മെന്റുകളെ പാവകളെപ്പോലെ ചലിപ്പിക്കുന്ന കോര്‍പറേറ്റ് ശക്തികളും അതിന്റെ ഉപജാപക സൗഹൃദങ്ങള്‍ കൊണ്ട് സുഖമായി ജീവിക്കുന്ന ജന പ്രതി നിധികളുമാണ് ഇന്നത്തെ രാഷ്ട്രീയ അപചയങ്ങളുടെ അടിസ്ഥാനം .

  പല വിഷയങ്ങളായി പല രീതിയില്‍ പലയിടങ്ങളിലായി സമരരംഗത്തുള്ള ജനകോടികള്‍ മുതലാളിത്തമെന്ന

  അദൃശ്യമായ സങ്കൽപ്പീക ശത്രുവിനെതിരെയാണ് പട നയിക്കുന്നത് .

  യൂറോപ്പിൻറെ ഹൃദയമിടുപ്പിനെ ( pulse ) രോഗ അവസ്ഥയിലാക്കിയ “കടക്കെണി” ( state bankruptcy ) ഗ്രീസിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക്

  തുറിച്ചു നോക്കുമ്പോൾ മുതലാളിക്കും തൊഴിലാളിക്കും ചോദ്യം ഒന്നുമാത്രം .

  നാളെയുടെ സംഭവവികാസങ്ങൾ നിയന്ത്രിക്കുന്നതാര് ?

  Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )