Article POLITICS

ഇന്ത്യന്‍ രാഷ്ട്രീയം സാമൂഹിക ഇടതുപക്ഷ പാതയില്‍


imagesFR5DMB86

ദില്ലി തെരഞ്ഞെടുപ്പുഫലം ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചിയാകുന്നു. അമ്പതു ശതമാനത്തിലേറെ വോട്ടും 95 ശതമാനം സീറ്റും (67/70) നേടിയുള്ള ആം ആദ്മിയുടെ വിജയം കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിന്റെ ദല്ലാളന്മാര്‍ക്കും നടത്തിപ്പുകാര്‍ക്കുമുള്ള കനത്ത താക്കീതാണ്. ജനങ്ങളുടെ ഹൃദയസ്പന്ദമറിയേണ്ട ജനപ്രതിനിധികള്‍ കിരാതമായ അധികാരസ്ഥാപനത്തിന്റെ നായാട്ടുത്സവത്തില്‍ പങ്കെടുത്ത് ജനങ്ങളെ വേട്ടയാടുന്നവരായി മാറുന്ന കാലത്ത് ഈ അനുഭവത്തിന് പ്രസക്തിയേറുന്നു.

കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തുന്ന ജനവിരുദ്ധ വികസനത്തിന്റെ ദൂഷ്യഫലങ്ങള്‍പേറി നടുവൊടിഞ്ഞിരിക്കുന്നു ഇന്ത്യന്‍ ജനതക്ക്. സാമൂഹിക ക്ഷേമ നടപടികളെല്ലാം കൈയൊഴിഞ്ഞ് ധനാഢ്യരുടെ (കയ്യൂക്കുള്ളവരുടെ ) മത്സരവേദിയിലേക്ക് സാധാരണക്കാരെ വലിച്ചെറിഞ്ഞിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍. ദുര്‍ബ്ബലരുടെയും ദരിദ്രരുടെയും കീഴാളരുടെയും തൊഴിലാളികളുടെയും ജീവിതമാണ് പിച്ചിച്ചീന്തപ്പെടുന്നത്. കുടിവെള്ളവും ശ്വാസവായുവും മണ്ണും വരെ അവര്‍ കയ്യടക്കിക്കഴിഞ്ഞു. രാജ്യത്താകെ ഈ കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിന്റെ നിരവധിയായ ചൂഷണമുഖങ്ങള്‍ക്കെതിരായ പതിനായിരക്കണക്കിന് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു വരികയാണ്.

ദുര്‍ബ്ബലരും സാധാരണക്കാരുമായ മനുഷ്യരുടെ നിലവിളി കേള്‍ക്കാന്‍ ഗവണ്‍മെന്റുകളോ ജനപ്രതിനിധികളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തയ്യാറാവുന്നില്ല. സ്ഥാപനവത്ക്കരിക്കപ്പെടുകയും കോര്‍പറേറ്റ് വികസനപാത സ്വീകരിക്കുകയും ചെയ്ത പ്രസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലെന്നു വ്യക്തമായിരിക്കുന്നു. പുതിയ പരീക്ഷണത്തിനുള്ള ധീരതയാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെത്തന്നെ സമരരംഗത്തിറങ്ങിയ ജനകോടികള്‍,കോര്‍പറേറ്റ് ചൂഷണത്തിനും അതിനു തട്ടകമൊരുക്കുന്ന വലതു രാഷ്ട്രീയത്തിനും എതിരെയാണ് സംഘടിതരാകുന്നത്. പുതിയ മുതലാളിത്തത്തെ ചെറുക്കുന്ന ഏറ്റവും സജീവവും ശക്തവുമായ സമരമുഖം, തങ്ങളുടെ രാഷ്ട്രീയം ശരിയായി നിര്‍ണയിച്ചിട്ടുപോലുമില്ലാത്ത ചിതറിക്കിടക്കുന്ന സമരവേദികളിലെ കൂട്ടായ്മകളിലാണുള്ളത്. അതുകൊണ്ടുതന്നെ വലിയമുന്നേറ്റമായിത്തീരാനിടയുള്ള സാമൂഹിക ഇടതുപക്ഷമാണത്. തങ്ങളുടെ ബന്ധുക്കള്‍ ഈ സമരസഖാക്കളാണെന്നു തിരിച്ചറിയാനുള്ള വിവേകംപോലും വ്യവസ്ഥാപിത ഇടതുപക്ഷത്തിന് നഷ്ടമായി.

സമര യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതെ, വലതു രാഷ്ട്രീയ പാര്‍ട്ടികളില്‍ താല്‍ക്കാലിക ബന്ധുക്കളെ തേടുകയും തെരഞ്ഞെടുപ്പ് അവസരവാദ രാഷ്ട്രീയങ്ങള്‍ക്ക് സോഷ്യലിസ്റ്റ് സ്വപ്നങ്ങളും പ്രക്ഷോഭ വിമോചന പരിപാടികളും ബലി നല്‍കുകയും ചെയ്യുന്ന അധികാര ബദ്ധ ഇടതുപക്ഷം കൂടുതല്‍ ഒറ്റപ്പെടുകയേയയുള്ളൂ. തെരഞ്ഞെടുപ്പു മുന്നണിയില്‍ കവിഞ്ഞ ബന്ധുത്വമൊന്നും അവരാശിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജനകീയ സമരങ്ങളോട് ഐക്യപ്പെടുന്നവരുടെ നീക്കങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് നല്ല പിന്തുണ ലഭിക്കുന്നത് സ്വാഭാവികമാണ്. സാമൂഹിക ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടേ ഇനി വ്യവസ്ഥാപിത ഇടതുപക്ഷത്തിനും നിലനില്‍ക്കാനാവൂ.

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അങ്ങനെയൊരു ധാരണ സൃഷ്ടിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. സാമൂഹിക ഇടതുപക്ഷത്തിന്റെ പിന്തുണയാണ് അതിന്റെ കരുത്ത്. അഴിമതി വിരുദ്ധ പോരാട്ടവും ചുരുക്കം ചില ജനപ്രിയ ക്ഷേമ സംരംഭങ്ങളും മതിയാകില്ല ആ വിശ്വാസം പിടിച്ചു നിര്‍ത്താന്‍. ദുര്‍ബ്ബലരുടെയും പ്രാന്തവത്കൃതരുടെയും സഹനങ്ങളിലും അതിജീവന പിടച്ചിലുകളിലും കൂടെ നില്‍ക്കുമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവി നിര്‍ണയിക്കുന്ന ശക്തിയാകാന്‍ ആം ആദ്മി പ്രസ്ഥാനത്തിനു കഴിഞ്ഞേക്കും. സാമൂഹിക ഇടതുപക്ഷ ഉണര്‍വ്വുകളോട് അവരെടുക്കുന്ന നിലപാടാണ് അവരുടെ ഭാവി നിശ്ചയിക്കുക എന്നര്‍ത്ഥം.

ഒരു കാര്യം തീര്‍ച്ചതന്നെ. വലത് രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വ കോര്‍പറേറ്റ് ദാസ്യത്തെ ജനങ്ങള്‍ വെറുക്കുന്നു. വരേണ്യവാദ പുലമ്പലുകള്‍ ജനങ്ങള്‍ വകവെക്കുന്നില്ല. അനുഭവത്തില്‍നിന്നു രാഷ്ട്രീയ പാഠങ്ങളുള്‍ക്കൊള്ളാന്‍ ജനങ്ങള്‍ ശീലിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അരാജകവും അരാഷ്ട്രീയവുമായ ജീര്‍ണതകളിലേക്കു മൂക്കു കുത്തുമ്പോള്‍ പുതിയ ജനകീയ രാഷ്ട്രീയം ഉദയംകൊള്ളും. തങ്ങള്‍ ശീലിച്ച ചില ആചാരങ്ങളോ സംബോധനകളോ അവിടെ കണ്ടെന്നു വരില്ല. അതുകൊണ്ടുമാത്രം അവയൊന്നും രാഷ്ട്രീയമല്ലെന്നു വിളിച്ചുകൂവാനും ചില അല്‍പ്പബുദ്ധികള്‍ ധൈര്യപ്പെട്ടേക്കാം. ചൂഷണങ്ങള്‍ക്കെതിരായ സമരങ്ങള്‍തന്നെയാണ് എന്നും ജനാധിപത്യത്തെ സംരക്ഷിച്ചിട്ടുള്ളത്. പ്രസ്ഥാനങ്ങള്‍ അതു മറക്കുമ്പോള്‍ ജനങ്ങള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തു പുതിയ മുന്നേറ്റങ്ങളുണ്ടാക്കും. വെനിസ്വല മുതല്‍ ഗ്രീസുവരെ അനുഭവ പാഠങ്ങള്‍ ഏറെയുണ്ട് പുതിയ സാമൂഹിക ഇടതുപക്ഷത്തിന്.

ഇത്രയൊക്കെ കുറിക്കാന്‍ പ്രേരിപ്പിച്ച ദില്ലിയിലെ ആം ആദ്മി വിജയത്തിനും അരവിന്ദ് കെജ്രിവാളിനും അഭിവാദ്യങ്ങള്‍.

10 ഫെബ്രുവരി 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )