ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വാതക സംഭരണത്തിനും നിറയ്ക്കലിനും വിതരണത്തിനുമുള്ള മലബാറിലെ ഏക കേന്ദ്രമായ ചേളാരിയില്‍ ടാങ്ക് നിര്‍മ്മാണത്തില്‍തന്നെ അപാകതയുണ്ടായിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു. സാധാരണനിലയില്‍ നമ്മെ ഞെട്ടിപ്പിക്കേണ്ട വാര്‍ത്തയാണിത്. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയോ ചര്‍ച്ചക്കെടുക്കുകയോ ചെയ്തില്ല. ജനുവരി 17ന്റെ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ ടോബി ആന്റണിയുടെ ബൈലൈനില്‍ പുറത്തുവന്ന വാര്‍ത്തക്ക് തുടരന്വേഷണങ്ങളുണ്ടായില്ല. ചേളാരി നിവാസികള്‍ വായിക്കുന്ന മലയാളം പത്രങ്ങളിലും ഈ വാര്‍ത്തയുണ്ടായിരുന്നില്ല.
പുതിയ ടാങ്ക് നിര്‍മ്മാണത്തില്‍ സുരക്ഷ ബലികഴിച്ച് 62 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് ചീഫ് പ്ലാന്റ് മാനേജര്‍ക്കും ഡപ്യൂട്ടി മാനേജര്‍ക്കും മുംബെയിലെ ഒരു നിര്‍മാണ കമ്പനിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. 600 മെട്രിക് ടണ്‍ വാതകം നിറയ്ക്കാവുന്ന മൂന്ന് ടാങ്കുകള്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിലാണ് അഴിമതി നടന്നിരിക്കുന്നത്. കമീഷനും കോഴയ്ക്കും വേണ്ടി നിലവാരം പരിഗണിച്ചില്ലെന്നു വേണം മനസ്സിലാക്കാന്‍. അതു ശരിയാണെങ്കില്‍ അവിടെ ജോലിചെയ്യുന്നവര്‍ക്കു മാത്രമല്ല പത്തോ ഇരുപതോ കിലോമീറ്റര്‍ ആകാശദൂരത്തിനകത്തുള്ള ജനജീവിതത്തിനും ഇതൊരു ഭീഷണിയാണ്.
ഇത്രയും അപകടകരമായ ഗ്യാസ് ബോട്ട്ലിംഗ് പ്ലാന്റ് ജനസാന്ദ്രതയേറിയ പ്രദേശത്തു സ്ഥാപിക്കരുതെന്നാണ് ചട്ടം. എണ്ണക്കമ്പനി വരുന്നുവെന്നും ഇത് ആ പ്രദേശത്തിന് അഭിവൃദ്ധിയുണ്ടാക്കുമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു 1992ല്‍ ഈ സ്ഥാപനത്തിന്റെ രംഗപ്രവേശം. പഴയ വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരു ഭാഗം ഈ സംരംഭത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു. നൂറു മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള നാലു ടാങ്കുകളാണ് അന്നവിടെ സ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് എട്ടു വര്‍ഷത്തിനു ശേഷം ഗ്രാമ പഞ്ചായത്തിന്റെ പോലും അനുവാദം വാങ്ങാതെ 150 മെട്രിക് ടണ്‍ വീതം സംഭരിക്കാവുന്ന ആറു ടാങ്കുകള്‍കൂടി കമ്പനി സ്ഥാപിച്ചു. അപ്പോഴേക്കും ചേളാരി കുറെകൂടി വലിയ അങ്ങാടിയായി മാറിയിരുന്നു. ചുറ്റും കുറെകൂടി ജനനിബിഡമാവുകയും ചെയ്തു. മൂന്നോ നാലോ കിലോമീറ്ററിനകത്തു വരും കലിക്കറ്റ് സര്‍വ്വകലാശാലയും കിന്‍ഫ്ര പാര്‍ക്കും കോഴിക്കോട് വിമാനത്താവളവും. ഇങ്ങനെ വളരെ പ്രാധാന്യമുള്ള ഒരിടം തന്നെ വേണം ഗ്യാസ് ബോട്ലിംഗിനെന്ന് കണ്ടെത്തിയ വാശി ആരുടേതാണാവോ?
1992ല്‍ സ്ഥാപിച്ച നാനൂറു മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള നാലു ടാങ്കുകള്‍ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ ഡീ കമീഷന് ചെയ്യണമായിരുന്നു. ഇതിനുള്ള പ്രവര്‍ത്തനമാണ് 2011 -12 കാലത്ത് തുടങ്ങിയത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൗണ്ടന്‍ ടൈപ്പ് സംഭരണ ടാങ്കിന്റെ നിര്‍മാണമാണ് ആരംഭിച്ചത്. ഈ സന്ദര്‍ഭത്തിലാണ് ചിലരെങ്കിലും അവിടെ എന്തു നടക്കുന്നുവെന്ന് ശ്രദ്ധിച്ചു തുടങ്ങിയത്. ചട്ടാനുസരണമല്ല ഒരു പ്രവര്‍ത്തനവുമെന്ന് വളരെ വേഗം ബോധ്യപ്പെട്ടു. നേരത്തേ നിലവിലുണ്ടായിരുന്ന കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടം അനുസരിച്ചായാലും 2011ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം അനുസരിച്ചായാലും ഗുരുതരമായ വ്യവസ്ഥാലംഘനമാണ് കമ്പനി നടത്തിയതെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 2000 മുതല്‍ 1300 മെട്രിക് ടണ്‍ സംഭരണശേഷിയിലാണ് പ്രവര്‍ത്തിച്ചുപോന്നത്. ഏറ്റവും അപായകരമായ നിലയിലേക്ക് സംഭരണ ശേഷി ഉയര്‍ത്താന്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മുന്നൊരുക്കങ്ങളോ നടത്തിയിരുന്നില്ല. ജനങ്ങളെ ബോധ്യപ്പെടുത്തലും അവരുടെ ഭീതിയകറ്റലും പരമ പ്രധാനമാണ് എന്നു വ്യവസ്ഥകളില്‍ കാണാമെങ്കിലും അത്തരമൊരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
കണ്ണൂരില്‍ ഒരു ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിക്കുകയും ആ പ്രദേശമാകെ കത്തിച്ചാമ്പലാകുകയും ചെയ്തത് ആയിടെയായിരുന്നു. ഇത് സമീപവാസികളില്‍ കൂടുതല്ഭീതിയും ജാഗ്രതയുമുണ്ടാക്കാനിടയായി. കണ്ണൂരില്‍ നഷ്ടപരിഹാരവും ആശ്വാസവും എത്തിക്കുന്നതില്‍ ഐഒസിക്കു ബാധ്യതയില്ലെന്ന നിലപാടും ജനങ്ങള്‍ കണ്ടു. ദേശീയപാതയോടു ചേര്‍ന്നാണ് ചേളാരിയിലെ പ്ലാന്റ് . പ്ലാന്റിനു മുന്നില്‍ ദേശീയപാതയരികില്‍ നൂറിലേറെ ലോറികളാണ് ഗ്യാസ് കുറ്റികള്‍ നിറച്ച് ക്യൂവായി കിടക്കാറുള്ളത്. ഏതെങ്കിലും ഒരു വാഹനം റോഡില്‍നിന്നു ഗതിതെറ്റിയെത്തിയാല് ലക്ഷക്കണക്കിനാളുകളായിരിക്കും എരിഞ്ഞമരുക എന്നു ന്യായമായും ജനങ്ങള്‍ ഭയന്നു തുടങ്ങി. ഇതേതുടര്‍ന്നാണ് ഐഒസിയുടെ അനധികൃത നിര്‍മാണത്തിനെതിരെ പഞ്ചായത്ത് നിയമനടപടികള്‍ ആരംഭിച്ചത്.
ഇതേ സമയത്ത് 600മെട്രിക് ടണ്ണിന്റെ മൂന്നു മൗണ്ടന്‍ ടൈപ്പ് സ്റ്റോറേജ് ടാങ്കുകളും 1240 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള റീ ഫില്ലിംഗ് ഷെഡ്ഡും നിര്‍മിക്കാന്‍ കമ്പനി പഞ്ചായത്തിന്റെ അനുമതി തേടി. ജനസുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത നിര്‍വ്വഹിക്കേണ്ട പഞ്ചായത്ത് ആ അപേക്ഷ ഉടന്‍ നിരസിക്കുകയും ഉള്ള സംഭരണ സംവിധാനങ്ങള്‍തന്നെ ജനസാന്ദ്രത കുറഞ്ഞ അനുയോജ്യമായ പ്രദേശത്തേക്ക് മാറ്റണമെന്നു നിര്‍ദേശിക്കുകയുമാണ് വേണ്ടിയിരുന്നത്. പകരം സാങ്കേതികത്വം മാത്രം ശ്രദ്ധിച്ച് ഇത്തരമൊരപേക്ഷയില് വെക്കേണ്ട ചില രേഖകള്‍കൂടി ഹാജരാക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. പുറത്തു ജനങ്ങള്‍ക്കുള്ള ആശങ്കയല്ല, കരാറുകാരന്റെ വിശദീകരണങ്ങളാണ് ഭരണ -പ്രതിപക്ഷ രാഷ്ട്രീയക്കാരെ സ്വാധീനിച്ചത്.
2013 ഫെബ്രുവരി 22നു ചേര്‍ന്ന പഞ്ചായത്തു ഭരണസമിതി യോഗത്തില്‍ സെക്രട്ടറി വെച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഐ ഒ സിയിലെ അടിക്കടിയുള്ള അനധികൃത നിര്‍മാണങ്ങളും സംഭരണശേഷി വര്ധിപ്പിക്കലുകളും ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. വിവിധ ഗ്രാമസഭകളില്‍ വിഷയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ത്ത വാര്‍ഡുകളുമുണ്ട്. ഐ ഒ സി സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം പഞ്ചായത്ത് ജനനിബിഡമാണ്. പതിനേഴ് സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിലെ ജനസംഖ്യ 32000ല്‍ അധികമാണ്.
ഒരു ലോറി മറിഞ്ഞപ്പോള്‍ കണ്ണൂരിലുണ്ടായ അപകടം നാം കണ്ടു. അതിന്റെ എത്രയോ ആയിരമിരട്ടി അപകടമാണ് നിയമവിരുദ്ധമായും ജനസുരക്ഷ ഉറപ്പാക്കാതെയും ചേളാരിയില്‍ നിലനില്ക്കുന്നതെന്നു വ്യക്തം. അപകടം വരുമ്പോള്‍ അതു തേഞ്ഞിപ്പലം പഞ്ചായത്ത് അതിര്‍ത്തിയില്‍ ഒതുങ്ങുകയില്ല. ചുരുങ്ങിയത് മലപ്പുറം കോഴിക്കോട് ജില്ലകളിലെങ്കിലും വലിയ നാശമുണ്ടാക്കും. മുല്ലപ്പെരിയാറിനെക്കാള്‍ ഭീതിദമാണ് ചേളാരിയുടേതെന്നു സാരം. രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇപ്പോള്‍ സിബിഐ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പക്ഷത്തു നിന്നപ്പോഴും ചേളാരിയില്‍ സമരസമിതി രൂപപ്പെട്ടു. ഡോ. എ അച്യുതന്റെ നേതൃത്വത്തിലുള്ള ഒരന്വേഷണ സംഘത്തെ നിയോഗിച്ചു. ഡോ. അച്യുതനു പുറമേ മുന്‍മന്ത്രി കുട്ടി അഹമ്മദുകുട്ടി, കലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ രസതന്ത്ര വിഭാഗം തലവന്‍ ഡോ.മുഹമ്മദ് ഷാഫി, രസതന്ത്ര വിഭാഗം അദ്ധ്യാപകന് ഡോ.വി.എം.അബ്ദുള്‍ മജീദ്, ഡോ.ആസാദ് എന്നിവരായിരുന്നു അംഗങ്ങള്‍. കമീഷന് വിശദമായ പരിശോധനക്കു ശേഷം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു.
ചേളാരിയില്‍നിന്നു രണ്ടു മൂന്നു വര്‍ഷക്കാലം കൊണ്ട് പ്ലാന്റ് മാറ്റണം. മലബാറിലെ ജില്ലകളിലേക്കുള്ള മുഴുവന്‍ ഗ്യാസ് സിലിണ്ടറുകളും ചേളാരിയില്‍നിന്ന് വിതരണം ചെയ്യുന്ന നില മാറണം. കണ്ണൂര്‍,കാസര്‍കോട്,പാലക്കാട്,മലപ്പുറം ജില്ലകളിലെ അനുയോജ്യമായ പ്രദേശങ്ങളിലേക്ക് വികേന്ദ്രീകരിച്ച് പുനസ്ഥാപിക്കണം, ഇപ്പോഴുള്ള പ്ലാന്റിന്റെ സംഭരണ ശേഷി സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന നാനൂറു മെട്രിക് ടണ്ണിലധികമാക്കാന് പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു അവയില്‍ പ്രധാനം. കരാറുകാരും ഉദ്യോഗസ്ഥരുമായി ഒത്തു കളിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിനു കഴിഞ്ഞില്ല എന്നതു സത്യമാണ്. നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് സി ബി ഐ കേസ് ചാര്‍ജ്ചെയ്ത സന്ദര്‍ഭത്തിലെങ്കിലും അവര്‍ വീണ്ടു വിചാരത്തിനു സന്നദ്ധമാവണം. നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചു സുരക്ഷ ബലികഴിച്ചുകൊണ്ട് പ്ലാന്റ് നിര്‍മിക്കുക വഴി രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തികനേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
ജനങ്ങളെ കൂട്ടക്കൂരുതിക്കു വിധേയമാക്കുന്ന നിലപാടെടുക്കാന്‍ ഒരാള്‍ക്കും ധാര്‍മിക തടസ്സങ്ങളൊന്നും ഇല്ലെന്നു വന്നിരിക്കുന്നു. പണമുണ്ടാക്കാന്‍ ആരെയും കൊല്ലാമെന്ന ധനനീതിയായിരിക്കണം അത്. സംസ്ഥാനത്തെ ഭരണകൂടമാകെ ആ നിലയിലാണ് നീങ്ങുന്നത്. ഒരു പ്രദേശത്തെ ജനത ശ്വാസംമുട്ടി നിലവിളിച്ചിട്ടും കേള്ക്കാനൊരുക്കമില്ലാത്ത ജനാധിപത്യഭരണമാണ് നമ്മുടേത്. നാലു കിലോമീറ്ററിനപ്പുറത്ത് മലബാര്‍ ഗോള്ഡിന് മറ്റൊരു മാരക വിഷ വിതരണ സംരംഭമൊരുക്കാനും ഗമണ്മെന്റിന് പ്രയാസമേതുമില്ല. മൂന്നു മാസത്തിലേറെയായി അവിടെ ജനങ്ങള്‍ സമരരംഗത്താണ്.
പാചക വാതക ബോട്ലിംഗ് പ്ലാന്റുകള്‍ കേരളത്തില്‍ മൂന്നെണ്ണമാണുള്ളത്. ചേളാരിയിലും ഉദയംപേരൂരിലും പാരിപ്പള്ളിയിലുമാണവ. അവിടേക്ക് വാതകം കൊണ്ടു വരുന്നതാകട്ടെ മംഗലാപുരം തുറമുഖം വഴിയും. കൊച്ചിയില്‍ തുറമുഖമില്ലേ പിന്നെ എന്തിന് മംഗലാപുരത്തെ ആശ്രയിക്കണം എന്നൊന്നും ചോദിച്ചു കളയരുത്. മംഗലാപുരത്തുനിന്ന് നൂറുകണക്കിന് ലോറികളിലാണല്ലോ വാതകം ആദ്യം പ്ലാന്റിലേക്കും പിന്നെ സിലിണ്ടറിലാക്കി ഏജന്‍സികളുടെ ഗോഡൗണുകളിലേക്കും എത്തിക്കുന്നത്. അതും തീവണ്ടിയിലെ റോ റോ സിസ്റ്റം വഴിയോ ജലഗതാഗതം വഴിയോ സാധ്യമാക്കിക്കൂടേ? അങ്ങനെയാണെങ്കില്‍ നമ്മുടെ പ്രധാന പാതകളിലെ തിരക്കും അപകടവും എത്രയോ കുറയ്ക്കാനാവില്ലേ? ഇങ്ങനെ അന്വേഷിക്കുമ്പോഴാണ് ജനങ്ങളുടെ സുരക്ഷയെക്കാള്‍ ഗവണ്മെന്റിനു പ്രധാനം സമ്പന്ന ലോബിയുടെ താല്‍പ്പര്യങ്ങളാണെന്നു വെളിപ്പെടുന്നത്.
നേരത്തേ ഗവണ്മെന്റിന് ഇത്തരത്തിലൊരു ആലോചനയുണ്ടായിരുന്നു. കൊച്ചിയില്‍ പാചക വാതക ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിക്കാനായിരുന്നു നീക്കം. ഇതിന് നോഡല്‍ ഏജന്‍സിയായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തുകയുമുണ്ടായി. അംഗലാപുരത്തു നിന്നുള്ള ദൈനംദിന ചരക്കു കടത്തല്‍ വലിയൊരളവ് കുറയ്ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ആ പദ്ധതി എവിടെയെത്തിയെന്നറിയില്ല. നാമയ്ക്കല്‍ കേന്ദ്രമായുള്ള ലോറി ലോബിയാണ് കരുക്കള്‍ നീക്കിയതെന്നു പറഞ്ഞുകേള്‍ക്കുന്നു. മൂന്നു വര്‍ഷം മുമ്പ് അവരുടെ 108 ലോറികളാണ് ഒരു ദിവസം മംഗലാപുരത്തുനിന്ന് പാചക വാതകം പ്ലാന്റുകളിലെത്തിക്കാന് വാടകക്കെടുത്തിരുന്നതത്രെ. ദിവസം 25000രുപയാണ് ഒരു ലോറിയുടെ വാടക. ഐഒസി പ്രതിദിനം 25 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്കിപ്പോന്നത്. അവരുടെ താല്പര്യം സംരക്ഷിക്കാനാണ് ദേശീയപാതകളെ ബലിക്കളങ്ങളാക്കിയാലും പൊതുഖജനാവില്‍ ചോര്‍ച്ചയുണ്ടായാലും പ്രശ്നമില്ല എന്ന നിലപാടില്‍ എത്തിച്ചേരുന്നത്. ബാര്‍കോഴയെക്കാള്‍ വലിയ സന്ദേഹങ്ങള്‍ പിന്നാമ്പുറങ്ങളില്‍ കാത്തിരിക്കുന്നു എന്നു കരുതേണ്ടിവരും. ആറു ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള ടാങ്കുകളാണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. 2011ല്‍ പൂര്‍ത്തീകരിക്കാനും ഉദ്ദേശിച്ചിരുന്നു. സ്വകാര്യ വാതക കച്ചവട ലോബികള്‍ക്കും ഇതു നടക്കാതിരിക്കണമെന്ന താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം. ഇച്ഛാശക്തിയുള്ള ജനാധിപത്യഭരണം വന്നാല്‍ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ.
പാചക വാതകമേല്പ്പിക്കുന്ന ഇരുട്ടടികളാണ് കുറെകാലമായി നമ്മുടെ മുഖ്യ ജീവല്‍പ്രശ്നം. ഇപ്പോഴത് ഏതു നിമിഷവും സര്വ്വസംഹാരിയായിത്തീരാമെന്ന അവസ്ഥയില്‍ ചില പ്രദേശങ്ങളെ കിടിലം കൊള്ളിക്കുകയും ചെയ്യുന്നു. ചേളാരി ഐഒസിയില്‍ ഇപ്പോള്‍ സിബിഐ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകളും അവിമതിയും സംബന്ധിച്ചുള്ള അന്വേഷണം ജനങ്ങളുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. ജനജീവിതത്തിന്റെ സുരക്ഷക്ക് ഉതകുംവിധം ക്രമീകരണമില്ല എന്നുണ്ടെങ്കില്‍ പ്ലാന്റ് പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെക്കണം. അതുറപ്പാക്കിയിട്ടേ നമുക്കു വിശ്രമിക്കാനാവൂ.
31 ജനവരി 2015