പരാതി ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ പിന്നെ എന്ത് കേസ്? എന്തന്വേഷണം? സമീപകാലത്തായി ശക്തിപ്പെട്ട ചില മൂല്യവിചാരങ്ങളുണ്ട്. സദാചാരങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണിത്. വഞ്ചിക്കപ്പെട്ടു എന്നോ കബളിപ്പിക്കപ്പെട്ടു എന്നോ തോന്നിയാല്‍ പരാതിപ്പെടുക എളുപ്പമല്ല. തെളിവുണ്ടാകണം. അതു പരാതിക്കാരന്‍തന്നെ ശേഖരിച്ചു നല്‍കുകയും വേണം. നിയമപരിരക്ഷയും ക്രമസമാധാനവും നീതിനിര്‍വ്വഹണവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അതൊക്കെ അന്വേഷിക്കാന്‍ സംവിധാനങ്ങളുണ്ടായിരുന്നു മുമ്പ്. ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഇരകളാക്കപ്പെടുന്നവരുടെ നിസ്സഹായതക്കു മുകളില്‍ വേട്ടക്കാരുടെയും അധികാരകേന്ദ്രങ്ങളുടെയും ഇംഗിതങ്ങളെന്തോ അതാണ് ശരിയെന്നു വന്നിരിക്കുന്നു. അവരുടെ ശരികളാണ് നിയമവും സദാചാരവും.
ബിജു രമേശ് എന്ന അബ്ക്കാരി കോണ്ട്രാക്ടര്, ധനമന്ത്രി കോടികളുടെ കോഴ ഇടപാടു നടത്തിയെന്ന് ആരോപണമുന്നയിക്കുന്നു. അതോടെ മന്ത്രിസഭയും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ബിജു രമേശിന്റെ പിറകിലായി. എന്തു തെളിവുണ്ട്? അബ്ക്കാരി മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തന പരിചയമുള്ള ബിജുരമേശ് കോടികള്‍ കോഴകൊടുക്കാന്‍ കഴിയുംവിധം ലാഭകരമാണ് ഈ വ്യവസായമെന്ന് പറഞ്ഞതില്‍ ആര്‍ക്കും എതിര്‍പ്പില്ല. മദ്യ വ്യവസായത്തില്‍ അബ്ക്കാരി മുതലാളിമാര്‍ക്ക് വന്‍ ലാഭമുണ്ട്. ഗവണ്മെന്റിന് വന്‍ ലാഭമുണ്ട്. (ലഹരിയില്‍ പിഴിഞ്ഞെടുക്കപ്പെടുന്ന ജീവിതങ്ങളുടെ ജീവന്റെ വിലയാണതെന്ന് ജനാധിപത്യ ഗവണ്മെന്റുകള് ഓര്‍ക്കുന്നതേയില്ല.) അപ്പോള്‍ തീര്‍ച്ചയായും അതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് കോഴയുടെ സ്പര്ശമുണ്ടാകാതെ തരമില്ല. ഒന്നേ അറിയേണ്ടൂ. ആ പണത്തിന്റെ മണമേല്ക്കാത്ത കൈകളേതുണ്ട് രാഷ്ട്രീയ നേതൃത്വങ്ങളില്‍?
അങ്ങനെ ചോദിച്ചുപോകുന്നുവെന്നേയുള്ളൂ. പുതിയ നിയമപ്രകാരം അങ്ങനെ ചോദിച്ചുകൂടാ. കാരണം, നിങ്ങളുടെ കയ്യില്‍ തെളിവുകള്‍ കാണില്ലല്ലോ. കോഴ വാങ്ങുന്നവരും കൊടുക്കുന്നവരും തെളിവുകള്‍ രേഖപ്പെടുത്തിയാണല്ലോ ആ മഹാ കൃത്യം ചെയ്യുന്നത്! അതങ്ങു നല്കിയാല് വിജിലന്‍സും ആഭ്യന്തര വകുപ്പും ഉടനടി കേസെടുക്കും. സാഹചര്യത്തെളിവുകളുണ്ടല്ലോ ബാക്കി ആഭ്യന്തര വകുപ്പിന് ഒരന്വേഷണം നടത്തി ഉറപ്പു വരുത്തിക്കൂടേ എന്നാണെങ്കില്‍ എന്തു സാഹചര്യമെന്ന് അവര്‍ക്കു മനസ്സിലാകുകയേയില്ല. തെളിവുകളേല്പ്പിക്കൂ തെളിവുകളേല്പ്പിക്കൂ എന്നതാണ് മുഴങ്ങിക്കേള്‍ക്കുന്ന നിലവിളി.
ധനമന്ത്രി, കോടികള്‍ കോഴ വാങ്ങിയെങ്കില്‍ അത് അദ്ദേഹത്തിന്റെയോ ബന്ധുക്കളുടെയോ വരുമാനത്തില്‍ എവിടെയെങ്കിലും അക്കാലയളവില്‍ വന്നു ചേര്‍ന്നിട്ടുണ്ടോ എന്നൊന്നു പരിശോധിക്കുന്നതില്‍ എന്താണ് അപാകത? വീട്ടിലോ ഓഫീസിലോ സൂക്ഷിച്ചു വെച്ചിട്ടുണ്ടോ എന്ന് റെയ്ഡ് നടത്താന്‍ ആഭ്യന്തരത്തിന് ത്രാണി പോരാ. ബാലകൃഷ്ണപിള്ള പറഞ്ഞ പ്രകാരമാണെങ്കില്‍ സ്വര്‍ണ വ്യാപാരികളില്‍നിന്നു ശേഖരിച്ച പത്തൊമ്പതുകോടി വേറെയും കാണണം. ഇതിന് പിള്ളയുടെ തെളിവും കാത്ത് ഓഫീസില്‍ ഉറക്കമില്ലാതിരിക്കുകയാണ് കേരള പൊലീസ്.
പരാതികള്‍ ഉന്നയിച്ചവരാരും മോശക്കാരല്ല. പ്രഗത്ഭമതികളാണ്. ആരോപണ വിധേയരും പ്രമുഖര്‍. ചില്ലറ ഇടപാടുകളുടെ കാര്യത്തില്‍ വിലപേശുകയാണവര്‍. വലിയൊരു സംഖ്യകൂടി മറിയുകയോ മറ്റേതെങ്കിലും കൂട്ടു സംരംഭങ്ങളില്‍ ലാഭം ഉറപ്പു വരികയോ ചെയ്താല്‍ തീരാവുന്നതേയുള്ളൂ ഈ ആരോപണവും തെളിവുതേടലും. സോളാര്‍കേസ് മികച്ച ഉദാഹരണമല്ലേ? മജിസ്ത്രേട്ടിനു കൊടുത്തമൊഴിപോലും രേഖയില്‍നിന്നു മാഞ്ഞുപോയ മായാജാലം. തട്ടിപ്പു കേസുകള്‍ ഒന്നൊന്നായി വിടുവിക്കാന്‍ കോടികളൊഴുകിയല്ലോ. എവിടെനിന്നായിരുന്നു ആ പ്രവാഹമെന്ന് അറിയാനോ അന്വേഷിക്കാനോ ഗവണ്മെന്റിനു തോന്നിയില്ല. ആ സൗകര്യം സര്‍ക്കാര്‍ ചെലവിലായിരുന്നു എന്നു കരുതാനേ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയൂ.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഓരോരുത്തരായി പ്രതിക്കൂട്ടിലേക്കും ജയിലിലേക്കും പോയ ആദ്യാനുഭവം ഈ ഗവണ്മെന്റിന്റെ കാലത്തുണ്ടായി. കേരളീയരാകെ ലജ്ജയില്‍ മുങ്ങിയിട്ടും മുഖ്യമന്ത്രിക്ക് ഒട്ടും കുളിരേശിയില്ല. മുഖ്യനെ താഴെ ഇറക്കിയേ വീട്ടിലേക്കു മടങ്ങൂ എന്നു പുറപ്പെട്ടു പോയവര്‍ പിറ്റേന്നു തന്നെ വീട്ടുമുറ്റത്തു കിതച്ചു നില്ക്കുന്നതു കണ്ടു. എന്തോ കാട്ടി വിരട്ടിയെന്നു അങ്ങാടിയില്‍ അടക്കംപറയുന്നതു കേട്ടു. പിന്നീട് മറ്റു മന്ത്രിമാര്‍ക്കുനേരെ നിയമസഭയില്‍ ഭരണപക്ഷത്തു തന്നെ അഴിമതി ആരോപണങ്ങളുണ്ടായി. പ്രതിപക്ഷം എന്നൊന്നുണ്ടോ എന്നു മഷിയിട്ടു നോക്കേണ്ടി വരുന്നു.
ജനങ്ങള്‍ക്കിപ്പോള്‍ ആരൊക്കെ എന്തൊക്കെ എന്നു മനസ്സിലായി വരുന്നുണ്ട്. ഡന്മാര്ക്കില്നിന്നൊന്നുമല്ല ചീഞ്ഞുനാറ്റമെന്നും അതു വളവും ഗ്യാസുമാക്കാന് ഐസക്കിനുപോലും കഴിയുന്നില്ലെന്നും ആളുകള്‍ കണ്ടുനില്ക്കുന്നു. അഴിമതി – കോഴ വിഷയങ്ങളില്‍ തെളിവു കിട്ടാന്‍ ഒരു പടിപ്പുരയിലും നിരങ്ങേണ്ടതില്ല എന്നും അറിഞ്ഞുതുടങ്ങുന്നു. ഓരോ തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജനപ്രതിനിധികള്‍ നല്കുന്ന സത്യവാങ്മൂലത്തിലെ സ്വത്തു വിവരമെങ്കിലും ഗവണ്മെന്റ് പരിശോധിക്കണം. രാഷ്ട്രീയംകൊണ്ടു മാത്രം അബ്ക്കാരികളെക്കാള് ലാഭം കൊയ്തവരുണ്ടോ എന്നു നോക്കണം. ധനമന്ത്രിയെപ്പോലെ പതിറ്റാണ്ടുകളായി രംഗത്തുള്ളവരുടെ കാര്യത്തില്‍ ഒരു ധവളപത്രംവരെയാകാം. സംഗതി എല്ലാവര്ക്കും ബോധ്യപ്പെടട്ടെ. അവരുടേതല്ലാത്ത ഒരു പൈസപോലും അവരുടെ കയ്യിലില്ലെങ്കില്‍ എന്തിന് ഖേദിക്കണം? കുറ്റമാരോപിച്ചവര്‍ തലകുനിക്കുമല്ലോ.
അത്രയെങ്കിലും ചെയ്യാതെ ജനങ്ങള്‍ക്കു നേതാക്കളുടെ വിശുദ്ധി ബോധ്യമാവുകയില്ല. ആരോപണം – അന്വേഷണം എന്ന നിങ്ങളുടെ രാഷ്ട്രീയ ലീലകളില്‍ എന്നുമെന്നും കഴുതവേഷം കെട്ടാന്‍ ജനങ്ങള്‍ക്കും താല്പ്പര്യമില്ലാതാവുകയാണ്. കോഴ വാങ്ങുന്നവരും കൊടുക്കുന്നവരും ആരോപണം ഉന്നയിച്ചവരും ആരോപണ വിധേയരായവരും ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പണമുണ്ടാക്കാന്‍ ജനങ്ങളെ ചവിട്ടിക്കൂട്ടുകയാണവര്. പങ്കുകാശിന്റെ വിഹിതവും കോഴയുടെ ധര്‍മ്മവുമാണ് അവരുടെ തര്‍ക്കവിഷയം. ജീവിതം ഇവരുടെ ചൂഷണങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്നവര്ക്ക് ഇവരുടെ മാധ്യമലീലകള്കൂടി സഹിക്കണമെന്നു വന്നാലോ? എന്നുമെപ്പോഴും ജനങ്ങള്‍ എല്ലാം സഹിക്കുന്നവരായി തുടരുമെന്ന് ഈ രണ്ടു കൂട്ടരും വ്യാമോഹിക്കേണ്ട.
കോഴ കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കും ഒരു ബാധ്യതയുണ്ട്. ചൂഷണത്തിന്റെയോ മോഷണത്തിന്റെയോ കറപുരളാത്ത കൈകളാണെങ്കില്‍ അതവരുയര്ത്തിപ്പിടിക്കട്ടെ. ജീവിതം തുറന്നു കാട്ടി തെളിവ് നല്കട്ടെ. അതിനു കഴിയില്ലെങ്കില്‍ ജനങ്ങള്‍ നല്കിയ പദവികളില്‍നിന്നു മാറിനിന്നേതീരൂ. മൂല്യബോധവും പ്രതിബദ്ധതയും കര്‍മ്മ വിശുദ്ധിയുമുണ്ടായിരുന്ന ഒട്ടേറെ മഹാന്മാര് ഇരുന്ന കസേരകളില്‍ ഇപ്പോഴിരിക്കുന്നത് അധോമുഖവാമനരും ഒറ്റുകാരുമാണെന്നു വരുന്നത് ഒട്ടും ആശാസ്യമല്ല.
24 ഡിസംബര്‍ 2015