Article POLITICS

ഭരിക്കുന്നത് ജനശത്രുക്കളോ?

ഇത്രയേറെ ജീര്‍ണമായ രാഷ്ട്രീയാന്തരീക്ഷം മുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല. കോഴപ്പണത്തിന്റെയും അഴിമതിയുടെയും കണക്കു പറഞ്ഞുള്ള കലഹമാണ് കേള്‍ക്കുന്നത്. ധനമന്ത്രി ബാറുടമകളില്‍നിന്ന് മുപ്പതുകോടി രൂപ ആവശ്യപ്പെട്ടുവെന്ന് ബാറുടമകളുടെ സംഘടനാനേതാവ് ബിജുരമേശ് പറയുന്നു. ഒരു കോടി രൂപ കൈമാറിയതിന്റെയും ചില ബാറുടമകള്‍ അസോസിയേഷന്‍ തീരുമാനമില്ലാതെത്തന്നെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി നല്‍കിയ പണത്തെ സംബന്ധിച്ച ചര്‍ച്ചകളുടെയും തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടി.വി മുഖേന അദ്ദേഹം പുറത്തു വിട്ടിരിക്കുന്നത്. പ്രമുഖ ബാറുടമകളുടെയും മറ്റും ശബ്ദരേഖകള്‍ ഭീമമായ ഒരഴിമതിയിലേക്കാണ് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.

ബാറുടമകളില്‍നിന്നു മാത്രമല്ല, സ്വര്‍ണ വ്യാപാരികളില്‍നിന്നും ധനമന്ത്രി പത്തൊമ്പതു കോടി രൂപ വാങ്ങിയെന്നാണ് മുന്‍ മന്ത്രിയും ഐക്യ ജനാധിപത്യമുന്നണിയുടെയും കേരള കോണ്‍ഗ്രസ്സിന്റെയും സ്ഥാപക നേതാക്കളിലൊരാളുമായ ആര്‍. ബാലകൃഷ്ണപിള്ള പുറത്തു വിടുന്ന വിവരം. ജനസേവനവും ഭരണവും ജനങ്ങളെ അറവുശാലയിലേക്കു നയിക്കുന്നതിനുള്ള അധികാരമായാണ് നമ്മുടെ ജനാധിപത്യ ഗവണ്‍മെന്റ് കാണുന്നതെന്നു വരുമോ? ഈ കച്ചവടത്തിലുള്ള കമ്മീഷനും ലാഭവിഹിതവും പങ്കുവെക്കുന്നതിന്റെ സമാധാനപൂര്‍ണമായ ഒരുടമ്പടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു എന്നു കരുതേണ്ടിവരുമോ? അന്യോന്യം ക്ഷമിച്ചും കേസുകളൊതുക്കിയും പ്രതിഷേധങ്ങളില്‍നിന്നു പിന്‍വാങ്ങിയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അന്യോന്യം പുലര്‍ത്തുന്ന സഹകരണവും സഹിഷ്ണുതയും അപൂര്‍വ്വ കാഴ്ച്ചയായി മാറിയത് സമീപഭൂതകാലത്താണ്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്തായപ്പോഴും കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടപ്പോഴും ഓഫീസ് ജീവനക്കാര്‍വരെ മാത്രമേ കേസെത്തിയുള്ളു. മുമ്പൊക്കെ അംഗീകരിച്ചുപോന്ന കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു. ഭരണാധികാരി സന്ദേഹങ്ങള്‍ക്ക് അതീതനാവണമെന്ന സങ്കല്‍പ്പമാണ് ആരോപണമുയരുമ്പോള്‍ രാജിവെക്കണമെന്ന കീഴ് വഴക്കത്തിനു നിദാനം. സംശയത്തിന്റെ മുള്‍മുനയില്‍ തിമര്‍ത്താടാനുള്ള നാണംകെട്ട ധാര്‍ഷ്ട്യം ഇപ്പോള്‍ സാധാരണമായിരിക്കുന്നു. മറ്റൊരു മുന്‍മന്ത്രി ഇതേ മന്ത്രിസഭയിലെ പൊതുമരാമത്തു വകുപ്പു മന്ത്രിക്കുനേരെ നിയമസഭയില്‍തന്നെ അഴിമതി ആരോപണമുന്നയിച്ചിട്ട് അധികനാളായിട്ടില്ല. പൊതു മരാമത്തു സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനാവട്ടെ അഴിമതിയുടെയും അനധികൃത സ്വത്തു സമ്പാദനത്തിന്റെയും പേരില്‍ അന്വേഷണം നേരിടുകയുമാണ്.

വികസനപ്രവര്‍ത്തനങ്ങളോരോന്നും അവിഹിത ധനസമ്പാദനത്തിനുള്ള മാര്‍ഗമായി മാറുകയാണ് എന്നു വേണം കരുതാന്‍. മൂലധന നിക്ഷേപത്തിനു തയ്യാറാകുന്ന കോര്‍പറേറ്റുകളില്‍നിന്നും കമ്മീഷനെന്തു കിട്ടും എന്ന് ചോദിക്കാനാരംഭിക്കുമ്പോള്‍ കേരളീയരുടെ ജീവിതത്തിന് ഒരു കൈമാറ്റ വസ്തുവിന്റെ മൂല്യമേ ഉണ്ടാകുന്നുള്ളു. അവരുടെ ജീവിക്കാനുള്ള അവകാശം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു വിധേയമായിരിക്കും എന്നു പറയാന്‍ കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യസമരം നയിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. കിട്ടിയാല്‍ പഴയ നേതാക്കളെതന്നെ ജീവനോടെയോ അല്ലാതെയോ വിറ്റു പണം വാങ്ങാനുള്ള വെമ്പലിലാണവര്‍.

മണ്ണും ജലവും കൈമാറാന്‍, ജലസമൃദ്ധമായ വയലുകള്‍ നികത്താന്‍, പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഇതര ആരോഗ്യ പ്രശ്‌നങ്ങളും അവഗണിച്ച് നിയമവിരുദ്ധവും നീതിരഹിതവുമായ സംരംഭങ്ങള്‍ക്ക് അനുവാദം നല്‍കാന്‍, ആരെയും കുടിയൊഴിപ്പിക്കാന്‍, എത്രയേറെയും ചുങ്കം ചുമത്താന്‍, സ്വകാര്യ മാനേജ്‌മെന്റ് ലോബിക്ക് വിദ്യാഭ്യാസം തീറെഴുതാന്‍, ഔഷധങ്ങള്‍ക്ക് വിലകൂട്ടാന്‍, സേവനതുറകളെല്ലാം പണമീടാക്കുന്ന കച്ചവടമാക്കാന്‍,കൊലയാളികളെയും ഗൂഢാലോചനക്കാരെയും രക്ഷിക്കാന്‍, ക്രിമിനലുകളെ കേസുകളില്‍നിന്നു രക്ഷിക്കാന്‍..ഇങ്ങനെ എല്ലാ വിഷയങ്ങളിലും ജനവിരുദ്ധ നിലപാടെടുക്കാനാണ് ഗവണ്‍മെന്റിനു താല്‍പര്യം. രാജ്യത്തിന്റെ വികസനത്തിനുള്ള ത്യാഗം ജനങ്ങളില്‍നിന്നാണത്രെ ഉണ്ടാകേണ്ടത്! ഇത്തരം നടപ്പുരീതികള്‍ക്കു പിറകില്‍ വലിയ പണവിനിമയം നടക്കുന്നുവെന്ന് ഏറെക്കുറെ വ്യക്തമാകുന്നുണ്ട് ജനങ്ങള്‍ക്ക്.

ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ആരോപണങ്ങളും തെളിവുകളും എത്രയോകാലമായി ഇതു നടത്തിപ്പോരുന്ന വിഭാഗങ്ങള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ മൂലമാണ് പുറത്തു വന്നിരിക്കുന്നത്. ഇനി കണക്കു പറയലുകളിലേക്ക് നീണ്ടാല്‍ നാം വിശുദ്ധമെന്നു കരുതിപ്പോന്ന പലതും അങ്ങനെയല്ലെന്നു ധരിക്കേണ്ടി വന്നേക്കും. അടിയേല്‍ക്കാനിടയുണ്ടെന്നു കണ്ടാല്‍ ഒതുക്കിത്തീര്‍ക്കലുകളുടെ തിരക്കാരംഭിക്കും. സോളാര്‍ കേസില്‍ കണ്ടതുപോലെ നഷ്ടപ്പെട്ടവര്‍ക്കൊക്കെ ലക്ഷങ്ങള്‍ തിരിച്ചുകിട്ടും. കൂട്ടില്‍ കുടുങ്ങുമെന്നു കരുതിയവര്‍ പൂമ്പാറ്റകളെപ്പോലെ പറന്നുയരും. ജനങ്ങളെ വേട്ടയാടുന്നവര്‍ക്കിടയില്‍ അപൂര്‍വ്വ മോഹനമായ സാഹോദര്യമാണ് വിരിഞ്ഞുയരുക. പെട്ടെന്നു മറക്കാന്‍ ശപിക്കപ്പെട്ടജീവികളാണ് സാധാരണ മനുഷ്യര്‍. അവര്‍ തങ്ങളെ വിറ്റു പ്രമാണിമാരായവര്‍ക്ക് ജയ് വിളിച്ചും വോട്ടു ചെയ്തും തുലഞ്ഞുകൊള്ളും .

രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും വ്യവസായ പ്രമാണിമാരുടെയും നാട്ടു മുതലാളിമാരുടെയും സ്വത്തു വിവരം ഗവണ്‍മെന്റിനറിയാമോ? കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തിനിടയിലെങ്കിലും ഇവരുടെ വരുമാനത്തില്‍ അവിഹിതമോ സന്ദേഹാസ്പദമോ ആയ വളര്‍ച്ചയുണ്ടായിട്ടുണ്ടോ? വരുമാനത്തിനാസ്പദമായി അവരെടുത്ത തൊഴിലെന്തായിരുന്നു? ക്രമാനുഗതവും അനുവദനീയവുമായ വികാസമാണോ അവരുടെ സാമ്പത്തികാവസ്ഥയിലുണ്ടായിട്ടുള്ളത്? പെട്ടെന്ന് ജ്വലിച്ചുയര്‍ന്ന വ്യവസായ പ്രമുഖരും സ്വര്‍ണ – പട്ട് വ്യാപാര പ്രമുഖരും ക്വാറി മണല്‍ ഭൂമി ഇടപാട് പ്രമുഖരുമൊക്കെ ആ നിലയിലേക്ക് ഉയര്‍ന്നതെങ്ങനെയാണ്? ഇങ്ങനെയൊരു പരസ്യ കണക്കെടുപ്പിന് നിര്‍ബന്ധിക്കുന്നുണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം.

ധനമന്ത്രിക്കു മാത്രമല്ല കോഴ കൊടുത്തതെന്ന് ബിജുരമേശ് പരസ്യമായി സമ്മതിക്കുന്നു. അതു വെളിപ്പെടുത്തുന്നത് തന്റെ ജീവനു ഭീഷണിയാകുമോ എന്നാണയാളുടെ ഭയം. ധനമന്ത്രിക്കു പണം നല്‍കിയവര്‍ ബിവറേജസ് ചുമതലയുള്ള മന്ത്രിയെയും മുഖ്യമന്ത്രിയെയുമൊക്കെ കാണാതിരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേരിട്ടു മറുപടി പറയുന്നില്ലെങ്കിലും ആ സാധ്യത അയാള്‍ നിഷേധിക്കുന്നില്ല. എല്ലാ തെളിവുകളും താന്‍ വിജിലന്‍സിനു കൈമാറും എന്നാണയാള്‍ പറയുന്നത്. ബാറുടമകളുടെ താല്‍പ്പര്യത്തിനപ്പുറമുള്ള ഏതെങ്കിലും ജനകീയ പ്രതിബദ്ധതയൊന്നും അയാളെ നയിക്കുന്നുണ്ടെന്നു കരുതുക വയ്യ. അതുകൊണ്ടുതന്നെ എത്രത്തോളമുണ്ടാകും ബിജുവിന്റെ പോരാട്ടമെന്നു കണ്ടറിയണം. ഇത്രത്തോളം പിടിച്ചു നിന്നതിന് അദ്ദേഹത്തെ അല്‍പ്പം അഭിനന്ദിക്കുകയുമാവാം.

നമുക്കു പക്ഷെ വിഷയം വിജിലന്‍സ് കേസ് എവിടെയെത്തും എന്നതൊന്നുമല്ല. ഐക്യ ജനാധിപത്യ മുന്നണിക്കകത്തുനിന്നുതന്നെ ഗവണ്‍മെന്റിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നു. ബാറുടമകളുടെ ആരോപണത്തിന് തെളിവു നല്‍കും വിധം അവര്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഒപ്പം വേറെയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ഇതില്‍ ചിലതൊക്കെ ശരിയാണെന്നതിന് ജനങ്ങള്‍ക്ക് ചില അനുഭവ സാക്ഷ്യങ്ങളുമുണ്ട്. സ്വര്‍ണ വ്യാപാരികളില്‍നിന്ന് പത്തൊമ്പത് കോടി രൂപ വാങ്ങിയെന്ന ആരോപണം ഉദാഹരണമാണ്. മലബാര്‍ഗോള്‍ഡ് നല്‍കിയെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. മലബാര്‍ ഗോള്‍ഡ് മലപ്പുറംജില്ലയിലെ കാക്കഞ്ചേരിയില്‍ ആരംഭിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ആഭരണ നിര്‍മ്മാണ സംരംഭത്തിനെതിരെ ആ നാട്ടുകാര്‍ ഒന്നടങ്കം സമരത്തിലായിട്ട് മാസങ്ങളായി. പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിസ്ഥിതി വകുപ്പുമൊന്നും സമ്മതപത്രം നല്‍കിയില്ലെങ്കിലും ഭീമാകാരമായ കെട്ടിടം ഉയര്‍ന്നു കഴിഞ്ഞു. അടുത്ത ഏപ്രിലില്‍ ഉദ്ഘാടനമുണ്ടാകുമെന്ന പ്രഖ്യാപനവും വന്നു. ആരെതിര്‍ത്താലും ഏതു തരത്തില്‍ ജനങ്ങള്‍ക്കു ദോഷകരമായാലും മുന്നോട്ടുപോകുമെന്ന മുതലാളിയുടെ ധാര്‍ഷ്ട്യത്തിനു കാരണം കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടിട്ടുണ്ട് എന്നതാവണമല്ലോ. ജനാധിപത്യ സര്‍ക്കാറാകട്ടെ, ജനങ്ങളോടുള്ള പ്രതിബദ്ധത പൂര്‍ണമായും മറന്നിരിക്കുന്നു. മലബാര്‍ഗോള്‍ഡിനു മേല്‍ ആര്‍ക്കും പറക്കാനാവില്ല. ബാലകൃഷ്ണപിള്ള പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം നാട്ടുകാര്‍ക്കും മനസ്സിലാകുന്നത്. ഇനി മലപ്പുറം ജില്ലയിലെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ലഭിച്ചതിന്റെ കണക്കുകള്‍കൂടി പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു. ജനങ്ങളെ വിഷത്തില്‍ മുക്കിക്കൊല്ലാന്‍ പണം വാങ്ങുന്ന അധികാരോന്മാദത്തിന് ജനങ്ങള്‍ക്ക് വിധി എഴുതാതിരിക്കാനാവുമോ?

21 ഡിസംബര്‍ 2015

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )