Article POLITICS

ശക്തിപ്പെടുന്നത് സാമൂഹിക ഇടതുപക്ഷം

images8Q15OGI9

 ഇടതുപക്ഷ രാഷ്ട്രീയം കീഴ്‌മേല്‍ മറിയുകയാണ്. ചെറുതും വലുതുമായ കമ്യൂണിസ്റ്റു പാര്‍ട്ടികളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നു. പ്രത്യയശാസ്ത്രപരവും ഘടനാപരവുമായ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ആഗോളവത്ക്കരണകാലത്തെ നവലിബറല്‍ നയങ്ങളുടെ ഫലമായി നിലവിലുള്ള സമ്പദ്ഘടന പുതുക്കിപ്പണിയലുകള്‍ക്കു വിധേയമായി. പഴയ മുതലാളിത്ത പൊതുമണ്ഡലത്തിലെ സാമാന്യരീതികളും നാട്ടു വഴക്കങ്ങളുംവരെ ഉടച്ചുവാര്‍ക്കുംവിധം ശക്തമായ ആഘാതമാണ് അതുണ്ടാക്കിയത്. ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രതിധ്വനികളുണ്ടായി. പഴയ സാമൂഹ്യ ക്ഷേമപദ്ധതികളുടെയും അടിസ്ഥാന ആസൂത്രണങ്ങളുടെയും സംരംക്ഷണം സാമാന്യ ജനതക്കു നിഷേധിക്കപ്പെട്ടു. പുതിയ മുതലാളിത്തത്തിന്റ ഈ ഇരമ്പിയാര്‍ക്കല്‍ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ചയ്‌ക്കൊപ്പമായിരുന്നു എന്നോര്‍ക്കണം. ലോകമെങ്ങുമുള്ള ഇടതുപക്ഷ പാര്‍ട്ടികളെ സ്തംഭിപ്പിച്ച കാലഘട്ടമാണ് തൊണ്ണൂറുകളുടെ ആരംഭം.

തുടര്‍ന്നുള്ള രണ്ടരപ്പതിറ്റാണ്ടു കാലം പുതിയൊരു അന്വേഷണത്തിന്റേതാവണമായിരുന്നു ഇടതുപക്ഷത്തിന്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ പതനമേല്‍പ്പിച്ച ആഘാതത്തില്‍നിന്നു കരകയറുക മാത്രമല്ല, നയവൈകല്യങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും കണ്ടെത്തി പരിഹരിച്ചുള്ള പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കണമായിരുന്നു. ചെന്നൈയില്‍ ചേര്‍ന്ന സിപിഐഎമ്മിന്റെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് അങ്ങനെയൊരു ശ്രമം തുടങ്ങിവെക്കുകയുമുണ്ടായി. എന്നാല്‍ ആ ശ്രമം തുടരാനോ പുതിയ മുതലാളിത്തത്തിന്റെ കുറെകൂടി സമര്‍ത്ഥവും മറയിട്ടതുമായ ചൂഷണ വ്യഗ്രതകളെ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കാനോ വേണ്ടവിധം കഴിഞ്ഞില്ല. പഴയ സമര മാതൃകകള്‍ക്ക് കുറച്ചൊക്കെ പിന്തുടര്‍ച്ചയുണ്ടായി. പക്ഷെ, ചൂഷണ സ്വഭാവത്തിലും ഉയര്‍ന്നു വരുന്ന പുതിയ പ്രശ്‌നങ്ങളുടെ സ്വഭാവത്തിലും വന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നതില്‍ വിജയിക്കാനായില്ല

.imagesBLLKQZ4L

പെരുംചുഴലികള്‍ വീശിക്കടന്നുപോയതുപോലെ സമൂഹത്തെ അടിമുടി കുലുക്കിയുണര്‍ത്തിയാണ് പുതിയ സാങ്കേതിക വിദ്യയും അതിന്റെ പിറകില്‍ ജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയും രംഗപ്രവേശം ചെയ്തത്. പുതിയ സാഹചര്യത്തിന് യോജിച്ചവിധം ലോകത്തെ പുനര്‍ക്രമീകരിക്കാനുള്ള മണ്ണൊരുക്കത്തിന്റെ പതിറ്റാണ്ടായിരുന്നു എണ്‍പതുകള്‍. നമ്മുടെ അടിയന്തിരാവസ്ഥാനന്തര വര്‍ഷങ്ങള്‍ വീണ്ടു കിട്ടിയ രാഷ്ട്രീയ ജാഗ്രതയുടെതായി നാം ആഘോഷിക്കാറുണ്ടെങ്കിലും വിപരീത രാഷ്ട്രീയത്തിന്റെ വിതയും അക്കാലത്തായിരുന്നു. കോര്‍പറേറ്റ് ഭീമന്മാര്‍ക്കു കടന്നു വരാനാവുംവിധം ജനാധിപത്യ സംവിധാനങ്ങള്‍ക്കും രാഷ്ട്രീയ ജാഗ്രതക്കും അകത്തു വിള്ളല്‍ വീഴ്ത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അക്കാലത്താണ് ആരംഭിച്ചത്. സോഷ്യലിസ്റ്റ് ബ്ലോക്കില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതില്‍ സാമ്രാജ്യത്വം വിജയം കണ്ടതും എണ്‍പതുകളുടെ തുടക്കം മുതലാണ്. പോളണ്ടില്‍ ലെ വാലേസയുടെ നേതൃത്വത്തില്‍ സോളിഡാറിറ്റി രൂപംകൊണ്ടത് 1980ല്‍ ആണ്. 1989 നവംബറില്‍ ബര്‍ലിന്‍ മതില്‍ നിലംപൊത്തുന്നതുവരെ യൂറോപ്പില്‍ നടന്ന രാഷ്ട്രീയ സംഭവങ്ങള്‍ രണ്ടാംലോകയുദ്ധാനന്തരം രൂപംകൊണ്ട സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച പൂര്‍ത്തിയാക്കി. വലിയ പൊട്ടിത്തെറികള്‍ക്കു ശേഷവും റുമാനിയയിലും ബള്‍ഗേറിയയിലുമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പിടിച്ചുനിന്നത്. ഏഷ്യയിലാവട്ടെ, ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാജ്യമായ ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയറിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു.

നമ്മുടെ രാജ്യത്ത്, ഐഎംഎഫ് -ലോകബാങ്ക് ആസൂത്രണങ്ങളും സന്നദ്ധ സംഘടനാ- പൗരസമൂഹ ബോധ്യങ്ങളും അരാജകവാദ ആശയങ്ങളും ചരിത്രാന്ത്യ സംബന്ധമായ സിദ്ധാന്തങ്ങളും കെട്ടഴിച്ചുവിടപ്പെട്ട കാലഘട്ടമാണത്. അടിയന്തിരാവസ്ഥക്കു ശേഷമുള്ള പുത്തനുണര്‍വ്വിന്റെ കാലമായതിനാല്‍ യൂറോപ്പിലെന്നപോലെ കമ്യൂണിസ്റ്റുകാര്‍ക്ക് ക്ഷീണകാലമായിരുന്നില്ല ഇന്ത്യയില്‍. എണ്‍പതുകളുടെ തുടക്കത്തില്‍തന്നെ പ്രകാശ് കാരാട്ട് മാര്‍ക്‌സിസ്റ്റില്‍ ലോകക്രമത്തിലെ പുതുമാറ്റത്തെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സമരങ്ങളുടെയും ആശയ സമരങ്ങളുടെയും വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമ്മുടെ കമ്യൂണിസ്റ്റ് തൊഴിലാളി സംഘടനകള്‍ക്കു സാധിച്ചു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമൊക്കെ ശക്തിപ്പെട്ടതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുകൂടി ഇടതുപക്ഷ രാഷ്ട്രീയം പടര്‍ന്നു തുടങ്ങിയതും ഇക്കാലത്താണ്. ഈ ഊര്‍ജ്ജമാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയെ നേരിട്ടപ്പോഴും പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനു തുണയായത്.

കൊല്‍ക്കത്തയില്‍ ലോക കമ്യൂണിസ്റ്റ് – തൊഴിലാളി പാര്‍ട്ടികളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാനും ചെന്നൈ കോണ്‍ഗ്രസ്സില്‍ പുതിയ ആലോചനാക്രമങ്ങളാരംഭിക്കാനും സി.പി.എമ്മിനു കഴിഞ്ഞു. 1960ലെ മോസ്‌ക്കോ സമ്മേളനത്തില്‍ എണ്‍പത്തിയൊന്നു പാര്‍ട്ടികള്‍ ചേര്‍ന്ന് അംഗീകരിച്ച പ്രമേയം ലോകം സോഷ്യലിസ്റ്റ് ക്രമത്തിലേക്കു നീങ്ങുകയാണെന്നും മുതലാളിത്തം അതിന്റെ ആഭ്യന്തര പ്രതിസന്ധികളില്‍പെട്ടുഴലുകയാണെന്നും കണ്ടെത്തിയിരുന്നു. ആ കാഴ്ച്ചക്ക് മൂന്നു പതിറ്റാണ്ടിനു ശേഷമുണ്ടായ തിരിച്ചടി സോവിയറ്റ് യൂനിയനെത്തന്നെ ഇല്ലാതാക്കി. നാശങ്ങളുടെയും പതനങ്ങളുടെയും മൂകാന്തരീക്ഷത്തിലാണ് കൊല്‍ക്കൊത്ത കൂടിച്ചേരല്‍ നടന്നത്. പക്ഷെ, അവിടെനിന്നുള്ള സന്ദേശം ലോകത്തെമ്പാടുമുള്ള വിമോചന പോരാളികള്‍ക്ക് ആവേശം നല്‍കി. രാജിയാകാനാവാത്ത സാമൂഹിക ക്രമംതന്നെയാണ് മുതലാളിത്തം. ബദല്‍ സോഷ്യലിസമേയുള്ളു. പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തണം എന്നായിരുന്നു അവിടെനിന്നുള്ള ആഹ്വാനം. പേരും പതാകയും പരിപാടിയും മാറ്റി കീഴടങ്ങാന്‍ ധൃതി കാണിച്ച യൂറോപ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അമ്പരപ്പിച്ച നിലപാടായിരുന്നു അത്.

സോഷ്യലിസ്റ്റ് പാതയില്‍ നീങ്ങാന്‍ ലോകത്തെ പ്രേരിപ്പിച്ച സി.പി.എമ്മില്‍ തൊണ്ണൂറുകളില്‍ സംഭവിച്ചതെന്തെന്നു കാണുക കൗതുകകരമാണ്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ ഭരണമാണ് മറ്റു സംസ്ഥാനങ്ങളിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുംവിധം വലതു മോഹങ്ങളിലേക്ക് പാര്‍ട്ടിയെ നയിച്ചത്. ലോകബാങ്ക് ആസൂത്രണങ്ങള്‍ക്കു പ്രത്യയശാസ്ത്രായുധം വെച്ചു കീഴടങ്ങുന്ന സി പി എമ്മിനെയാണ് പിന്നെ നാം കാണുന്നത്. തൊണ്ണൂറുകളുടെ ആദ്യപാതിയില്‍ പാര്‍ലമെന്ററി അവസരവാദത്തിന്റെ കടന്നുവരവിനെതിരെ അതീവ ജാഗ്രത പുലര്‍ത്തി പ്രധാനമന്ത്രി സ്ഥാനംപോലും തട്ടിമാറ്റിയ പാര്‍ട്ടി ആ ദശകം പിന്നിടുമ്പോഴേക്കും പരിപാടിതന്നെ മാറ്റി വലതുപാത സ്വീകരിച്ചുതുടങ്ങി. കേരളത്തിലും ബംഗാളിലും സാമ്രാജ്യത്വാശ്രിത സാമ്പത്തിക നയങ്ങളുടെ മുഖ്യ നടത്തിപ്പുകാരായും കോര്‍പറേറ്റുകളുടെ പ്രിയ തോഴരായും ഇടതുപക്ഷം മാറിയ കാഴ്ച്ച ആരിലും ഞെട്ടലുളവാക്കുന്നതായിരുന്നു.

ഇതിനിടെ ലോക കമ്യൂണിസ്റ്റു പാര്‍ട്ടികളിലും തൊഴിലാളി പാര്‍ട്ടികളിലും വലിയ മാറ്റങ്ങളുണ്ടായി. ഹവാനയിലും ഏതന്‍സിലും ലിസ്ബണിലും ചേര്‍ന്ന സമ്മേളനങ്ങള്‍ സ്വയം വിമര്‍ശനം നടത്തി സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനെതിരായ ശക്തമായ സമരങ്ങളുടെ പാത സ്വീകരിക്കാന്‍ തീരുമാനിച്ചു. ലാറ്റിനമേരിക്കയിലെ ധീരമായ പരീക്ഷണങ്ങളും മുന്നേറ്റങ്ങളും ഈ തീരുമാനങ്ങള്‍ക്കു പിന്തുണയും പ്രേരണയുമായി. തൊഴിലാളികള്‍ ചരിത്രത്തിലെ ഉജ്വലമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ചെറുതും വലുതുമായ ജനകീയ ചെറുത്തു നില്‍പ്പുകളെ അത് ആവേശംകൊള്ളിച്ചു. വാള്‍സ്ട്രീറ്റ് സമരത്തിന് ലോകത്തെമ്പാടുമുള്ള തൊഴിലാളികളും കീഴാള പ്രാന്തീയ സമൂഹവും വലിയ പിന്തുണയാണ് നല്‍കിയത്.

നമ്മുടെ കമ്യൂണിസ്റ്റുകള്‍ പാര്‍ലമെന്ററി അവസരവാദത്തിന്റെ അരികു പറ്റി സുരക്ഷിതരാകാന്‍ ശ്രമിക്കുമ്പോള്‍ നവലിബറല്‍ കെടുതികള്‍ക്കെതിരായ ജനകീയ സമരങ്ങള്‍ രാജ്യത്തെങ്ങും വര്‍ദ്ധിച്ചു വരികയായിരുന്നു. ഇത്തരം സമരവേദികളില്‍ ഓടിയെത്താറുള്ള എകെജിമാരുടെ പ്രസ്ഥാനം സമരസപാതയിലെത്തിക്കഴിഞ്ഞു. സമരങ്ങള്‍ക്ക് അതിന്റെ സ്വാഭാവിക പാതയും നേതൃത്വവും കണ്ടെത്തേണ്ടിവന്നു. സോഷ്യലിസ്റ്റ് ലക്ഷ്യമെന്ന മുഖമെഴുത്തല്ലാതെ,ആ പാതയോടുള്ള തീവ്രാഭിമുഖ്യമോ സമരോന്മുഖ സൗഹൃദമോ മുഖ്യധാരാ ഇടതുപക്ഷത്തില്‍ ബാക്കിനിന്നില്ല.ചട്ടപ്പടി സമരങ്ങളല്ലാതെ ജൈവ സമരങ്ങളെന്തെന്നറിയാന്‍ കഴിയാത്ത അവസ്ഥ. അമരാവതിയിലും ചുരുളിമലയിലും കൊട്ടിയൂരും എകെജി ചെയ്തതെന്തെന്ന് അവര്‍ക്കു മനസ്സിലാവില്ല.

അതല്ലെങ്കില്‍, രാജ്യത്തെങ്ങുമുള്ള കുടിയൊഴിപ്പിക്കലുകള്‍ക്കെതിരായ സമരത്തില്‍, കൃഷിഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള സമരത്തില്‍, അസംഘടിത തൊഴിലാളികളുടെയും ആദിവാസികളുടെയും സമരത്തില്‍, ജീവിക്കാനാവശ്യമായ പരിസ്ഥിതി നിലനിര്‍ത്താനുള്ള സമരത്തില്‍, കയ്യേറ്റങ്ങള്‍ക്കും സ്വകാര്യവത്ക്കരണങ്ങള്‍ക്കുമെതിരായ സമരത്തില്‍ മുഖ്യധാരാ ഇടതുപക്ഷവുമുണ്ടാകുമായിരുന്നു. ഞങ്ങള്‍ നടത്തുന്ന സമരത്തില്‍ ജനങ്ങളാണ് പങ്കു ചേരേണ്ടത്,ജനകീയ സമരങ്ങളില്‍ ഞങ്ങള്‍ ചേരേണ്ടതില്ല എന്ന ധാര്‍ഷ്ട്യമാണ് അവരുടേത്. രാജ്യത്തെ മുതലാളിത്ത സമ്പദ്ഘടന അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ സൂക്ഷ്മതലങ്ങളിലെ വര്‍ഗസമരങ്ങള്‍തന്നെയാണെന്ന് കണ്ടെത്താനുള്ള കാഴ്ച്ച അവര്‍ക്കില്ലാതെപോയി.

ഭരണസംവിധാനങ്ങളിലേക്കുള്ള തരഞ്ഞെടുപ്പുകളില്‍ വലതുപക്ഷ പാതകളിലെ രാഷ്ട്രീയ കക്ഷികളുമായി കൂട്ടുകൂടാന്‍ വെമ്പല്‍ കാട്ടുന്ന കമൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്തെ സമരസംഘടനകളുമായി സമരത്തില്‍പോലും ഐക്യപ്പെടാന്‍ തയ്യാറല്ല. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിലും ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി ഏറ്റതിനെത്തുടര്‍ന്ന് ചെറുതും വലുതുമായ ഇടതുപക്ഷ കക്ഷികളുമായി മുന്നണിയാവാമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട് സി.പി.എം. ഇതുപക്ഷെ, അധികാരത്തിനു പുറത്തു പരിമിതമായെങ്കിലും നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരരംഗത്തുള്ള ചെറിയ ഇടതുപ്രസ്ഥാനങ്ങളെപ്പോലും പാര്‍ലമെന്റി അവസരവാദത്തിന്റെ ലീലകളിലേക്ക് പിടിച്ചടുപ്പിക്കാനാണോ സഹായകമാവുക എന്നു കണ്ടറിയണം.

രാജ്യത്ത് ഇപ്പോള്‍ പ്രധാനമായും മൂന്ന് ഇടതുപക്ഷ ധാരകളാണുള്ളത്. പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രീയത്തിനു വഴങ്ങാതെ സായുധ മുന്നേറ്റത്തിനു നേതൃത്വം കൊടുക്കുന്ന തീവ്ര ഇടതുപക്ഷം, പാര്‍ലമെന്റിനകത്തും പുറത്തും പൊരുതുമെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം, പ്രസ്ഥാനമായി രൂപപ്പെട്ടിട്ടില്ലെങ്കിലും നവലിബറല്‍ നയങ്ങള്‍ക്കെതിരെ പൊരുതി നില്‍ക്കുന്ന സാമൂഹിക ഇടതുപക്ഷം എന്നിവയാണവ. ഇവയില്‍ ആദ്യത്തെ രണ്ടുകൂട്ടരും രണ്ടു രീതിയില്‍ വലതുപക്ഷ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നടപടിക്രമങ്ങളെയാണ് പിന്തുടരുന്നത് എന്നതാണ് ഖേദകരം.ജനാധിപത്യ സംവിധാനങ്ങളെ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യ വിഭാഗത്തോട് യോജിക്കാനാവില്ല. രണ്ടാമത്തെ കൂട്ടരാവട്ടെ, ഭരണവും സമരവും എന്ന മുദ്രാവാക്യത്തോടെയായിരുന്നു തുടക്കമെങ്കിലും ഇപ്പോള്‍ ഭരണം മതി എന്ന നിലപാടിലെത്തിയിരിക്കുന്നു. മൂന്നാമത്തെ കൂട്ടരാവട്ടെ ഒരു രാഷ്ട്രീയ ശക്തിയായി തീര്‍ന്നിട്ടുമില്ല.   ഇപ്പോള്‍ രാഷ്ട്രീയശക്തിയായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും സാമൂഹിക ഇടതുപക്ഷത്തിന്റെ പ്രസക്തിയും സ്വാധീനവും തള്ളിക്കളയാനാവില്ല. പതിനായിരക്കണക്കിന് സമരമുഖങ്ങളില്‍ ആഗോളവത്ക്കരണ നയസമീപനങ്ങളുടെ കെടുതികള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്. വ്യതിരിക്തവും ഒറ്റപ്പെട്ടതുമായ സമരമുഖങ്ങളെന്ന് അവഗണിച്ചു തള്ളാവുന്നവയല്ല അവയൊന്നും. അവയുടെ രാഷ്ട്രീയദിശ തിരിച്ചറിയാനും അവയെ ഏകോപിപ്പിക്കാനാവുംവിധം സ്വന്തം നിലപാടുകളില്‍ തിരുത്തല്‍ വരുത്താനും സാധിച്ചാല്‍ മാത്രമേ സി പി എം ഉള്‍പ്പെടെയുള്ള മുഖ്യധാരാ ഇടതുപക്ഷത്തിന് ഇനി ഒരു തിരിച്ചുവരവു സാധ്യമാവുകയുള്ളു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കുമോ എന്നറിയില്ല.

സി പി എമ്മില്‍ ഇനി എസ്.ആര്‍.പിയോ യെച്ചൂരിയോ എന്നൊക്കെയുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കില്‍ കഷ്ടമാണ്. ഏതൊക്കെ നിലപാടുകള്‍ ഏറ്റുമുട്ടുന്നു എന്നതാണ് പ്രധാനം. ഇന്ത്യന്‍ ഭരണകൂടം സംഘപരിവാര അജണ്ടകള്‍ക്കു കീഴടങ്ങുന്ന കാലത്തു പുതിയ കോര്‍പറേറ്റ് ആഗോളവത്ക്കരണവും സംഘപരിവാരങ്ങളും ഐക്യപ്പെടുന്ന അത്യന്തം അപകടകരമായ ഫാസിസ്റ്റ് ക്രമങ്ങളെയാണ് നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ ഏറ്റവും വലി യമുന്നേറ്റമുണ്ടാക്കാനാവുക സാമൂഹിക ഇടതുപക്ഷത്തിനാണ്. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അതിജീവനം ഇക്കൂട്ടരുമായുള്ള സഹകരണത്തിലൂടെയേ സാധ്യമാവുകയുള്ളു. അങ്ങനെയൊരു ഐക്യത്തിന് മുന്‍കയ്യെടുക്കുമോ എന്നു കണ്ടറിയണം. . അതിനാവട്ടെ, തങ്ങള്‍ പിന്തുടര്‍ന്നുപോന്ന തെറ്റായ പാത അവര്‍ ഉപേക്ഷിക്കേണ്ടി വരും. കോര്‍പറേറ്റുകളോടും ജനങ്ങളോടും ഒരുപോലെ സഹകരിക്കുക എന്നത് അപ്രായോഗികമാണ്.

 

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )