മലപ്പുറം ജില്ലയില്‍ കലിക്കറ്റ് സര്‍വ്വകലാശാലക്കു സമീപമുള്ള കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു മുന്നില്‍ മാസങ്ങളായി പ്രദേശവാസികള്‍ സമരത്തിലാണ്. അത്യന്തം അപകടകരമായ രാസ – വിഷ പദാര്‍ത്ഥങ്ങളുപയോഗിച്ചു സ്വര്‍ണം ശുദ്ധീകരിക്കാനും ആഭരണം നിര്‍മ്മിക്കാനുമുള്ള ഒരു കൂറ്റന്‍ വ്യവസായ സംരംഭമാണ് അവിടെ ഉയര്‍ന്നു വരുന്നത്. ദേശീയപാതക്കും സര്‍വ്വകലാശാലക്കും സമീപം ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശംതന്നെയാണ് മാരക രാസ വിഷ മലിനീകരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സന്നദ്ധമായെങ്കിലും ആ അനുവാദം ആര്‍ക്കുവേണം എന്ന മട്ടിലാണ് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മലിനീകരണ നിയന്ത്രണം സംബന്ധിച്ചോ പാരിസ്ഥിതികാഘാതം സംബന്ധിച്ചോ പഠിച്ച് തീരുമാനമെടുക്കേണ്ട ഔദ്യോഗിക സംവിധാനങ്ങളുടെ അനുവാദവും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ, കൂറ്റന്‍ കെട്ടിടം ഉയര്‍ന്നിരിക്കുന്നു.
ഒരു പ്രദേശത്തെ ജനതയാകെ പരിഭ്രാന്തരായി അലമുറയിടുമ്പോഴും സംസ്ഥാന സര്‍ക്കാറും അതിന്റെ ഔദ്യോഗിക സംവിധാനങ്ങളും അല്‍പ്പംപോലും അറിഞ്ഞമട്ടില്ല. ജനങ്ങളുടെ കര്‍മ്മസമിതി പരിസ്ഥിതി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സ്ഥലത്തു കൊണ്ടുവന്ന് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ശ്രമിച്ചു. ഈ കാളകൂട കൂടാരത്തിന്റെ ദൂഷ്യഫലങ്ങള്‍ പഠിക്കാന്‍ സന്നദ്ധരായി. മാതൃകാപരമായ ഒരന്വേഷണത്തിനും പഠനത്തിനുമാണ് നാട്ടുകാര്‍ തുടക്കത്തില്‍തന്നെ തയ്യാറായത്. ഈ സന്ദര്ഭത്തിലൊന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബാധ്യതയുള്ള ഭരണകൂട സംവിധാനങ്ങള്‍ ആ ചുമതല നിറവേറ്റാനെത്തിയില്ല.
ഏറ്റവും കൗതുകകരമായ കാര്യം മാധ്യമങ്ങള്‍ ഈ സമരത്തെ എല്ലായ്പ്പോഴും അവഗണിച്ചുപോന്നു എന്നതാണ്. സമരത്തെ അഭിവാദ്യം ചെയ്യാന്‍ കൂടംകുളം സമരസമിതി നേതാവ് ഉദയകുമാറും ആദിവാസി സമരനേതാവ് സി.കെ.ജാനുവും ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് ഡോ, എ.അച്യുതനും പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠനും ശാസ്ത്രജ്ഞരായ ഡോ. വിജയന്, ഡോ.മുഹമ്മദ് ഷാഫി തുടങ്ങിയവരും ഉള്‍പ്പെടെ പ്രമുഖരുടെ വലിയ നിരതന്നെ എത്തിയെങ്കിലും പ്രാദേശിക പേജിനു പുറത്തേക്കു വാര്‍ത്തകള്‍ പരന്നില്ല. ഒന്നോ രണ്ടോ കോളത്തില്‍ വാര്‍ത്ത നല്കാന് ശ്രമിച്ച ആഢ്യപത്രങ്ങളില് ഏതു വ്യവസായ ശാലക്ക് എതിരെയാണോ സമരം ആ സംരംഭകരുടെ പേരുവിവരം എപ്പോഴും മറച്ചുവെക്കപ്പെട്ടു.
മലയാളികളുടെ പ്രിയനടന് ബ്രാന്റ് അംബാസിഡറായ / ആയിരുന്ന മലബാര്‍ ഗോള്‍ഡാണ് എല്ലാ മര്യാദകളും ലംഘിച്ച് ജനങ്ങളുടെ സൈ്വരജീവിതത്തിനു മേല്‍ കടന്നുകയറിയിരിക്കുന്നത്. ആ പേര് ഉച്ചരിക്കാന്‍ മാധ്യമങ്ങള്‍ക്കോ സംസ്ഥാന മന്ത്രിമാര്‍ക്കോ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ സാധ്യമല്ലാതെയായിട്ടുണ്ട് എന്നു വേണം മനസ്സിലാക്കാന്‍. കള്ളപ്പണത്തിന്റെയും അധോലോക വ്യവഹാരങ്ങളുടെയും കരിനിഴലിലുള്ള ആ ധനാഢ്യതയുടെ ഔദാര്യത്തിലാണ് നമ്മുടെ ജനാധിപത്യം പുലരുന്നത് എന്നത് ലജ്ജാകരമാണ്. അതല്ലെങ്കില്‍ ജനങ്ങള്‍ക്കുമേല്‍ വിഷം വീഴ്ത്തുന്ന കാളിയരുപത്തെ നിലയ്ക്കു നിര്‍ത്താന്‍ ഒരു ജനാധിപത്യ ഗവണ്മെന്റിന് തടസ്സമെന്താണ്? ഗവണ്മെന്റിന്റെ പിന്നാമ്പുറ ഗ്രീന്‍ ചാനലിലൂടെയല്ലെങ്കില് ഈ സ്ഥാപനം പത്തി നിവര്‍ത്തി ഇഴഞ്ഞെത്തിയത് ഏതു വഴിയിലൂടെയാണ്? ജനങ്ങളുടെ ജീവിതത്തെക്കാള്‍ വിലപ്പെട്ടതാണ് ഈ കറുത്ത സ്ഥാപനത്തിന്റെ നിലനില്‍പ്പ് എന്ന് ആര്‍ക്കൊക്കെയാണ് തോന്നിയത്? ആരുടെ പിന്‍ബലത്തിലാണ് ഈ കരിംപാതകം ജനങ്ങള്‍ക്കുമേല്‍ വര്‍ഷിക്കുന്നത്?
ഈ പ്രദേശത്തെ കുട്ടികള്‍ പ്രിയനടന് മോഹന്‍ലാലിനോട് കേണപേക്ഷിച്ചിരുന്നു. താങ്കളൊന്ന് ഇടപെട്ട് ഞങ്ങളുടെ ജീവിതത്തെ രക്ഷിക്കണമേയെന്ന്. അദ്ദേഹമത് കേട്ടുവോ എന്നറിയില്ല. കേള്‍ക്കാനിടയില്ല. ഒരു നിലവിളിയും ഒരു കിലോമീറ്ററിനപ്പുറം കേള്‍ക്കരുതെന്ന് മാധ്യമങ്ങള്‍ക്കെല്ലാം നിര്‍ബന്ധബുദ്ധിയാണല്ലോ. ദൃശ്യ ചാനലുകള്‍ അങ്ങോട്ട് എത്തിനോക്കിയതേയില്ല. ആരൊക്കെ അവഗണിച്ചിട്ടും പൊരുതി നില്ക്കുന്ന ഇച്ഛാശക്തി ആദരിക്കപ്പെടണം.
ഈ സമരത്തിനിടയിലാണ് പ്ലാച്ചിമട ബില്ല് കേന്ദ്രം മടക്കിയ വാര്‍ത്തയെത്തുന്നത്. വിഷമലിനീകരണത്തിനിരയായ മറ്റൊരു ജനതയുടെ സഹനത്തിന്റെയും സമരത്തിന്റെയും ദീര്‍ഘ നാളുകള്‍ക്കുശേഷമാണ് കേരള നിയമസഭ ഏകകണ്ഠമായി ഒരു ബില്ല് പാസാക്കിയത്. ദി പ്ലാച്ചിമട കൊക്കോകോള വിക്റ്റിംസ് റിലീഫ് ആന്റ് ആന്റ് കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ 2011 ആയിരുന്നു അത്. നിയമസഭ പാസാക്കിയിട്ടും ദില്ലിയിലേക്ക് പോകാതെ ദീര്‍ഘകാലം അതു തടഞ്ഞുനിര്‍ത്തപ്പെട്ടു. പ്ലാച്ചിമടയില്‍ ജനകീയ സമരം വീണ്ടും ശക്തിപ്പെട്ടു തുടങ്ങിയപ്പോഴാണ് ബില്ല് തിരുവനന്തപുരം വിട്ടത്. ഇപ്പോഴിതാ കൊക്കോകോള ദില്ലിയിലും കൊടി നാട്ടിയിരിക്കുന്നു. നമ്മുടെ ഫെഡറല്‍ സംവിധാനം കനിഞ്ഞനുവദിച്ചു നല്കിയ പരമാധികാരങ്ങളെയും കോര്‍പറേറ്റുകള്‍ പറിച്ചെറിഞ്ഞു തുടങ്ങിയിരിക്കുന്നു. കൊക്കോകോളയില്‍ വഴുക്കാത്ത ഭരണാധികാരങ്ങളില്ല എന്നത് നമ്മെ നാണിപ്പിക്കണം. കോര്‍പറേറ്റ് ജനാധിപത്യം ജനങ്ങളെ പരിഹസിക്കുകയാണ്. മലബാര്‍ ഗോള്‍ഡും ഈ വഴിയിലൂടെത്തന്നെയാണ് പോകുന്നതെന്നു വ്യക്തം. കാക്കഞ്ചേരിക്കു ചുറ്റുമുള്ള ചേലേമ്പ്ര, പള്ളിക്കല്‍, തേഞ്ഞിപ്പലം നിവാസികള്‍ പ്ലാച്ചിമടയുടെ അനുഭവസംഘര്ഷങ്ങളിലേക്കാണ് തലകുത്തി വീഴുന്നത്.
പ്ലാച്ചിമട, വിഷമലിനീകരണവും ജലമൂറ്റല്‍ വിപത്തും അനുഭവിച്ച് പ്രതിരോധത്തിന് നിര്‍ബന്ധിക്കപ്പെട്ട സമരനാമമാണ്. കാക്കഞ്ചേരിയിലാകട്ടെ, മലബാര്‍ഗോള്‍ഡ് വന്നു കയറുമ്പോഴേക്കും അപകടം തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ത്തിരിക്കുന്നു. അതിനവരെ പ്രാപ്തരാക്കുന്നത് പ്ലാച്ചിമടയുടെകൂടി അനുഭവ പാഠങ്ങളാണ്. ഗവണ്മെന്റും ഈ അനുഭവം മറന്നുകൂടാ. വഴിവിട്ട് സൗകര്യങ്ങളൊരുക്കി സ്വന്തം ജനതയെ ബലി നല്കുന്ന വികസനം രാജ്യത്തിന്റെ വികസനമാകുന്നില്ല. ഈ ധാര്‍ഷ്ട്യവും ക്രൂരതയും വികസനവാദത്തിന്റെ ചെലവില്‍ അംഗീകരിക്കപ്പെടുകയുമില്ല.
ആരുണ്ട് രക്ഷിക്കാന്‍ എന്നേ ഇപ്പോള്‍ ഇവിടത്തെ ജനത ചോദിക്കുന്നുള്ളു. ആ ചോദ്യം കേട്ടുണരാനുള്ള ജനാധിപത്യ സംവിധാനങ്ങള്‍ ഉറക്കമായാല് , ഞങ്ങളുടെ ജീവിതം ബലിനല്‍കിയവര്‍ ആരായാലും അവര്‍/ആ സ്ഥാപനങ്ങള്‍ നിത്യമായി ഉറങ്ങിക്കൊള്ളട്ടെ എന്നാവും അവരുടെ ആക്രോശം. അതിലേക്കു കാര്യങ്ങള്‍ നീങ്ങാതിരിക്കാനുള്ള ജാഗ്രത നീതിബോധവും ജനാധിപത്യ വിശ്വാസവും ശേഷിച്ച ഇടങ്ങളില്നിന്നുണ്ടാവട്ടെ.
6 ഡിസംബര്‍ 2014
അപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളും ഇത്രയും വലിയ വിഷമാണോ പുറത്തേക്കു ചീറ്റുന്നത്…?
ശരിക്കും ഞെട്ടിക്കുന്ന വാര്‍ത്തയാണ് സര്…
ഞങ്ങളുടെ വീടിനടുത്തും ബ്യുട്ടി മാര്‍ക്കിന്റെ ഒരു നിര്‍മാണ സ്ഥാപനമുണ്ട്.. എല്ലാത്തിനെയും നാടു കടത്താന്‍ നമുക്കൊരുമിക്കം..
ഞങ്ങളും വരികയായി… സമരവുമായി…
ലാല്‍ സലാം….
LikeLike
കാരണവര്‍ക്ക് അടുപ്പിലും …..അത്രന്നെ!!
LikeLike
മുംബൈ സിറ്റി യുടെ ഹൃദയ ഭാഗമായ അന്ധേരി യിൽ സ്ഥിതി ചെയ്യുന്ന SEEPZ . ഏറ്റവും ജനസാന്ദ്രത ഏറിയ സ്ഥലത്താണ് ഇതു നിലകൊള്ളുന്നത്. ഇന്നു നടന്നുകൊണ്ടിരിക്കുന്ന വന്‍ കിട ആഭരണ നിര്‍മാണ കേന്ദ്രങ്ങളുടെ ലിസ്റ്റ്… ഇവിടെ 20 വര്‍ഷത്തിലതികമായി ഈ സ്ഥാപനങ്ങളെല്ലാം നിലനില്ക്കുന്നു..ഇന്നു വരെ ഇതുപോലൊരു ആരോപണം കേട്ടിട്ടില്ല…
പിന്നെ എന്തുകൊണ്ട് മലബാര്‍ ഗോള്ഡ്ഡിനെതിരെ മാത്രം ഇങ്ങനെ ഒരു സമരം…
“മറുനാടന്‍ മലയാളി” എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു ഇതു എഴുതുന്നതിനു മുന്‍പ് ഇത്രയെങ്കിലും അന്വേഷിക്കാമായിരുന്നു… ഇതിനെ കുറിച്ച് അറിയാനും മനസിലാക്കനുമായി ഇതാ ഒരു ലിങ്ക്….ഒന്നു ക്ലിക്ക് ചെയ്താല്‍ വേണ്ട വിവരങ്ങളൊക്കെ കിട്ടും…
http://www.seepz.org/
http://www.seepz.org/about_us.html
http://www.seepz.org/rti.html
LikeLike