പുതുവര്‍ഷം പുതുകവിതയുമായാണ് പിറന്നത്. ഏറെക്കാലത്തിനു ശേഷം കവിതയില്‍ ഒരു ദേശം അതിന്റെ സകല രാഷ്ട്രീയ സാംസ്ക്കാരിക വടിവുകളോടെയും അടയാളപ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍വ്വം കവിതയെ സമീപിക്കുന്ന പി.എന്‍.ഗോപീകൃഷ്ണന് എഴുതിയ ബിരിയാണി/ഒരു സസ്യേതര രാഷ്ട്രീയ കവിത എന്ന രചന(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2015 ജനവരി 4 – 10)യാണ് എന്റെ മുന്നിലുള്ളത്. കാലസ്ഥലികളുടെ അടരുകളില്‍ ദേശാനുഭവങ്ങള്‍ സ്വരസമാന്തരങ്ങളാകുന്ന വിസ്മയ ചിത്രമാണിത്.
ദേശം സ്നേഹമോ ഭാഷയോ ആയി മുഖപടം മാറ്റുന്നു. കടല്‍ ആദ്യമായി കണ്ടപോലെ നീയായ് തെളിഞ്ഞത് ഇവയായിരിക്കണം. ഓരോ കാലത്തും -പല കാലങ്ങളിലും -ഇവയെ ബന്ധിപ്പിച്ചു നീറ്റി നിര്‍ത്തിയ പിരിയാണിയാണ് ഭക്ഷണം. ഇവിടെയത് ബിരിയാണിയായിരിക്കുന്നു. വ്യത്യസ്തതകളുടെ ആനന്ദകരമായ സമന്വയം. അനേകം വൈരുദ്ധ്യങ്ങളെ ലളിതമായി കൂട്ടിയിണക്കുന്നുവെന്ന് കവിവാക്യം. ദേശത്തിന്റെയോ ഭാഷയുടെയോ പ്രണയത്തിന്റെയോ കടലോളങ്ങള്‍ ഭേദിച്ചു സൂക്ഷ്മപ്പെടുന്ന വ്യവഹാരങ്ങള്‍ക്ക് ഒറ്റ രൂപകമായി ബിരിയാണി മാറുന്നു.
വാക്കിനു വാക്ക്, കാലത്തിനു കാലം, ദേശത്തിനു ദേശം എന്നിങ്ങനെ ലംബതല സാധ്യതകളും ഘടകസാധ്യതകളും വട്ടമിട്ടുനില്‍ക്കുന്ന അനുഭവപ്രപഞ്ചം ആരചിക്കുക അത്ഭുതകരമായ കവികര്‍മ്മമാണ്. ഗോപീകൃഷ്ണന് ഇങ്ങനെയൊരു ശ്രമംകൊണ്ട് ഓരോ കവിതയിലും ഓരോ കിളിവാതിലും അതിലേക്കുള്ള ഒളിസാക്ഷകളും കാത്തുവെക്കാറുണ്ട്. ശമിക്കാത്ത കൗതുകംകൊണ്ട് അകത്തുകടക്കുമ്പോഴൊക്കെ അറിഞ്ഞിട്ടില്ലാത്ത ആത്മവിമര്‍ശത്തിന്റെ രാഷ്ട്രീയാനന്ദം എന്തെന്നു ഞാനറിഞ്ഞിട്ടുണ്ട്.
ഇവിടെ മട്ടൊന്നു മാറിയിരിക്കുന്നു. സൂക്ഷ്മങ്ങളിലേക്കു മുന കൂര്‍പ്പിച്ചും പ്രതലങ്ങളിലേക്ക് മാറു പടര്‍ത്തിയും ഒരു കവിത കടലായി പരക്കുന്നു. നഗരങ്ങളും മരുഭൂമികളും മലഞ്ചെരിവുകളും കൃഷിയിടങ്ങളും ഉത്സവങ്ങളും പുസ്തകങ്ങളും മനുഷ്യവംശങ്ങളും നിറ-രുചി ഭേദങ്ങളും അനുഭവ – വാര്‍ത്താ മിശ്രങ്ങളും ഇളകി മറിഞ്ഞെത്തുന്നു. പ്രണയത്തിന്റെ നൊടിസ്പര്ശത്തില്പോലും തൊടുന്നത് അവളെ/അവനെയോ അതോ ദേശത്തെയോ ഭാഷയെയോ എന്നറിയാതെ കടല്‍ത്തീരത്തു സ്വയംമറന്നുള്ള നില്‍പ്പ്. കവിതയുടെ ഒന്നാം ഭാഗത്ത് അഭിസംബോധന തന്റെ മറുപാതിയെയോ സഖാവിനെയോ ആവാം. അവര്‍ക്കിടയിലെ വ്യവഹാരം ബിരിയാണിയിലൂടെയാവുന്നു. ബിരിയാണി ഭാഷയും രാജ്യവുമാകുന്നു. ചരിത്രത്തിലെ വിപരീതങ്ങളെ കൂട്ടിയിണക്കി ആനന്ദമാക്കുന്ന രസപരിണാമത്തിന്റെ നാമരൂപം.
ബിരിയാണി ഒരു മനുഷ്യത്തീറ്റ മാത്രമായിരുന്നില്ല,
അതൊരു രാജ്യമായിരുന്നു.
ഭൂഖണ്ഡങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങളിലേക്ക്
വ്യാപിക്കുന്ന അസ്ഥിര രാജ്യം.
അതൊരു കടലായിരുന്നു.
എവിടെയോ ഉദ്ഭവിച്ച്
നമ്മിലേക്ക്
ആഞ്ഞടിക്കുന്ന കടല്‍.
അതൊരു യാത്രയായിരുന്നു.
കണ്ടിട്ടില്ലാത്ത ഒട്ടകക്കൂട്ടങ്ങളില്‍ ചേര്‍ന്ന്
നാം
ഒരുമിച്ചു നടത്തിയ യാത്ര.
അതൊരു ചരിത്രമായിരുന്നു
മഹത്തായ കുശിനിക്കാരുടെ വക്കു കവിഞ്ഞ്
അവരറിയാതെ ഒഴുകിയ ചരിത്രം.
അതൊരു കൃഷിയിടമായിരുന്നു
കാറ്റുകളെ ഹരംപിടിപ്പിക്കാന്‍
എണ്ണമറ്റ അത്തര്‍കുപ്പികള്‍
ഹൃദയത്തിലിട്ടു പൊട്ടിച്ച
അരിമണികളുടെ വയല്‍.
അത്
ഒരിക്കല്‍ അലഞ്ഞു തിരിഞ്ഞ ജൂതനും
ഇപ്പോള്‍ അലഞ്ഞു തിരിയുന്ന
പലസ്തീനിയുമായിരുന്നു
ദേശത്തെ സംബന്ധിച്ചും സംസ്ക്കാരത്തെ സംബന്ധിച്ചുമുള്ള വീണ്ടുവിചാരവും ഓര്‍മ്മപ്പെടുത്തലുമാണിത്. ഇപ്പോഴത് വേണ്ടി വന്നിരിക്കുന്നു. ബിരിയാണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയ സന്ദര്‍ഭമാണിത്. കവി എഴുതുന്നു:
അവര്‍ അതുചെയ്തേക്കും.മീററ്റില്‍/ അഹമ്മദാബാദില്‍/ വാരണാസിയില്‍/ കൊല്കൊത്തയില്/ ദില്ലിയില്‍/ ചെന്നെയില്‍/ ബിരിയാണി തിന്നുന്നവരെ/പാക്കിസ്ഥാനിലേക്കു നാടുകടത്തിയേക്കും.
തലശ്ശേരിയിലെ/ കോഴിക്കോട്ടെ/ ഫോര്‍ട്ടുകൊച്ചിയിലെ/ പഴക്കമുള്ള ബിരിയാണിച്ചെമ്പുകളെ/ ബോംബുവെച്ചു തകര്‍ത്തേക്കും.
കവിത പിരമിഡ് രൂപിയായി മാറി ഒരു കേന്ദ്രബിന്ദുവിലേക്കു തറഞ്ഞു നില്ക്കയായി. നാടുകടത്തപ്പെടുന്നത് ദേശീയരാണ്. തകര്‍ക്കപ്പെടുന്നത് ദേശംതന്നെയാണ്. ചരിത്രത്തെ വെറും ചപ്പാത്തി മാത്രമാക്കി തിരിച്ചും മറിച്ചുമിടുന്നവര് അറിയാന്‍ മടിക്കുന്ന ചരിത്രബോധ്യങ്ങളെയാണ് അവസാനത്തെ കൈത്തറിയായി കവിത നെയ്തു വിരിയിക്കുന്നത്.
വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കുന്ന, വ്യത്യസ്തതകളെ സൗന്ദര്യമാക്കുന്ന, ദേശീയബോധവും സംസ്ക്കാരവും പ്രണയവും ഭക്ഷണവുമാണ് ബിരിയാണി. മലഞ്ചെരിവുകളെ പച്ചത്തട്ടംകൊണ്ടു മൂടിയ പാവം അരിനീള്മണികളും സുഗന്ധംകൊണ്ട് ലോകത്തേക്ക് പൊട്ടിത്തെറിച്ച കറുവപ്പട്ടകളും എരിവിനെ നൂറു നൂറു പൂക്കളായ് വരച്ച കരയാമ്പൂ കാടുകളും മനുഷ്യരാശിയുടെ അംഗവൈകല്യം തീര്‍ക്കാന്‍ സ്വന്തം അവയവങ്ങള്‍ ദാനം ചെയ്ത് മസ്തിഷ്ക്കമരണം വരിച്ച ആട്, പോത്ത്, കോഴി ജന്മങ്ങളും ഒന്നിക്കുകയാണവിടെ. അത് ഭക്ഷണമാണെങ്കില്‍ ദേശത്തിന്റെയും സ്നേഹത്തിന്റെയും സംസ്ക്കാരത്തിന്റെയും കൂടി ഭക്ഷണമാണ്. അല്ലെങ്കില്‍ അവ തന്നെയാണ്.
പിന്നെയെങ്ങനെയാണ് സസ്യഭക്ഷണമാത്ര വാദത്തിന്റെ ഹിംസാചര്യകളിലും അതുവഴി വരേണ്യാധികാര നായാട്ടുകളിലും ബിരിയാണി വേട്ടയാടപ്പെടുന്നത്? അഥവാ ബിരിയാണി പോലെ ഓരോന്നും ഓരോ തീറ്റയും ഓരോ വാക്കും ഓരോ ജീവിതവും അവയോരോന്നല്ലെന്നും അവയ്ക്കു പിറകിലേക്കും മുന്നിലേക്കും പടര്‍ന്നുകിടക്കുന്ന സൂക്ഷ്മ തന്തുക്കളുണ്ടെന്നും അറിയേണ്ടതില്ലേ? കോര്‍പറേറ്റ് ഓവനുകള്‍ നല്കുന്ന രുചിയോട് നിരന്തരം കലഹിക്കുമ്പോള്‍ ബിരിയാണി പോരാട്ടത്തിന്റെ കരുത്താവേണ്ടതാണ്. അതു തടയുന്നവര്‍ കോര്‍പറേറ്റുകളുടെ ഇംഗിതങ്ങളുടെ നടത്തിപ്പുകാരാവുന്നു.
കവിതയുടെ ശീര്‍ഷകത്തിലുള്ള അവകാശവാദം പൂര്‍ണമായും ശരിയാണ്. ശക്തമായ രാഷ്ട്രീയ കവിതയാണിത്. ബ്രതോള്‍ത് ബ്രഹ്തിന്റെ വരികളുദ്ധരിക്കുന്നുണ്ട് ഗോപീകൃഷ്ണന്. വിശക്കുന്ന മനുഷ്യാ, ബിരിയാണി ഭക്ഷിക്കൂ,അതൊരായുധമാണ് എന്നു പുസ്തകത്തെ ബിരിയാണിയാക്കുമ്പോള്, യഥാര്‍ത്ഥത്തില്‍ ബ്രഹ്തിയന്‍ സമരലാവണ്യത്തിന് തുടര്ച്ചയാണുണ്ടാകുന്നത്. സംസ്ക്കാരങ്ങളുടെ സംഘര്‍ഷമെന്ന ഫുക്കുയാമ – കോര്‍പറേറ്റ് കൗശലങ്ങളോട് ഇഴുകിച്ചേരുന്ന സംഘപരിവാര ധാരകളെയും അവയുടെ യുക്തികളെയും കാവ്യാത്മക വിചാരണക്കു വിധേയമാക്കുകയാണ് കവി.
3 ജനവരി 2015