Article POLITICS

സമരകേരളത്തിന്റെ നാവരിയരുത്

ആഗോളവത്ക്കരണ വിരുദ്ധ സമരത്തിന്റെ ഒന്നര വ്യാഴവട്ടത്തിന്റെ ചരിത്രമാണ് കേരളീയം എന്ന മാസികക്കുള്ളത്. പ്യൂപ്പിള്‍ എഗെന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ പ്രസിദ്ധീകരിക്കുന്ന പി.എ.ജി ബുള്ളറ്റിന്‍ മാത്രമേ ഇതിനു സമാനമായി കേരളത്തില്‍ എടുത്തു പറയാനുള്ളു. ഇവ തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. പി.എ.ജി ബുള്ളറ്റിന്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലകളിലെ പുത്തന്‍ മുതലാളിത്താധിനിവേശത്തെ സംബന്ധിച്ചും അതിനു ഗവണ്‍മെന്റുകള്‍ കീഴ്‌പ്പെടുമ്പോള്‍ രൂപപ്പെടുന്ന ജനജീവിതവുമായുള്ള കൂടിവരുന്ന വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ചും അറിവു നല്‍കുന്നു. കേരളീയമാകട്ടെ, ഒരു പടികൂടി കടന്നു സമരോന്മുഖമായിത്തീരുന്നു. ഒന്നര വ്യാഴവട്ടത്തിലേറെയായി കേരളത്തിലെ സൂക്ഷ്മജീവിതത്തിന്റെ സ്പന്ദനമാണ് കേരളീയം.

പാരിസ്ഥിതികമോ പ്രാന്തീയമോ ആയ അതിക്രമങ്ങളുടെയും കടന്നുകയറ്റങ്ങളുടെയും മുന്നില്‍ കേരളം എങ്ങനെ പകച്ചുനിന്നുവെന്നോ പിന്നീട് പരിഭ്രമം മാറ്റി ചെറുത്തുനിന്നുവെന്നോ അറിയണമെങ്കില്‍ അഥവാ നവകേരളത്തിന്റെ ചരിത്രമെഴുതണമെങ്കില്‍ കേരളീയത്തിന്റെ പഴയ ലക്കങ്ങളെ ആശ്രയിക്കാതെ നിര്‍വ്വാഹമില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്കു കാണാന്‍ സാധിക്കാത്ത മലയാളി ജീവിതം അവിടെ രേഖപ്പെട്ടിരിക്കുന്നു. പൊങ്ങച്ചമോ പൊലിമകളോ ഇല്ലാതെ നമുക്കിടയില്‍ അതു നമ്മെത്തന്നെ പകര്‍ത്തുകയായിരുന്നു. ഒരു വായനക്കാരന്‍ എന്ന നിലയില്‍ മാത്രമേ ഈ ലേഖകന് കേരളീയവുമായി ബന്ധമുള്ളു.

ഇപ്പോള്‍ കേരളീയത്തില്‍ പൊലീസ് നടത്തിയിരിക്കുന്ന റെയ്ഡിന്റെ വാര്‍ത്തയാണ് ഇങ്ങനെയൊരു കുറിപ്പിനു പ്രേരണ. അര്‍ദ്ധരാത്രിയില്‍ കടന്നുചെന്ന് റെയ്ഡും അറസ്റ്റും നടത്താനുള്ള സാഹചര്യമെന്തായിരുന്നു? കുറെകാലമായി ഒരു മാവോയിസ്റ്റ് ഭീതി വളര്‍ത്തി ആക്റ്റിവിസ്റ്റുകളെ ഞെട്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മാവോയിസ്റ്റുകളെ സഹിക്കാം, മാവോയിസ്റ്റ് ഭീതി വളര്‍ത്തി ജനങ്ങളെ വേട്ടയാടുന്ന പൊലീസിനെ സഹിക്കുക പ്രയാസം എന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമത്തിലാണോ ഗവണ്‍മെന്റ്?

പുതിയ വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്കു വേണ്ടി ജനങ്ങളെ കഠിനോപദ്രവം ചെയ്യുകയോ ഉന്മൂലനം ചെയ്യുകയോ ആണ് പലപ്പോഴും ഭരണക്കാര്‍. ഇതിന്റെതന്നെ മറു വശമാണ് മാവോയിസ്റ്റുകളുടെ പരാക്രമം. വ്യവസ്ഥയോടുള്ള കലാപമല്ല, ജനതയോടുള്ള യുദ്ധമാണ് മിക്കപ്പോഴും നടക്കുന്നത്. രണ്ടിന്റെയും ഫലം ഒന്നുതന്നെ. ഗവണ്‍മെന്റിന്റെ മര്‍ദ്ദനോപകരണങ്ങളെ ജനങ്ങള്‍ക്കെതിരെ തിരിച്ചുവിടാന്‍ കോര്‍പറേറ്റു മത്സരമെന്നപോലെ മാവോയിസ്റ്റ് കലാപങ്ങളും സാഹചര്യമൊരുക്കുന്നു. അതുവഴി യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്നു വരേണ്ട സ്വാഭാവിക സമരങ്ങളാണ് നിലച്ചുപോവുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്യുന്നത്. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും കൈകോര്‍ക്കുന്നത് വിശാലമായ ജനകീയ മുന്നേറ്റങ്ങള്‍ രൂപപ്പെടാതിരിക്കാനാണ്.

ഇവിടെ കേരളത്തിലാകട്ടെ, യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റ് ഭീതി വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. തീവ്രവാദി വേട്ടക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഗവണ്‍മെന്റിന് കഥ മെനയേണ്ടിവരുന്നുണ്ടോ എന്നു സംശയിക്കണം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വയനാട്ടില്‍ ശ്യാം ബാലകൃഷ്ണനെ അറസ്റ്റു ,ചെയ്ത സംഭവം ആരും മറന്നുകാണില്ല. അതു സംബന്ധിച്ചു ശ്യാം ഹൈക്കോടതിയില്‍ നല്‍കിയ കേസ് നടന്നുകൊണ്ടിരിക്കുന്നു. കേസിന്റെ വിചാരണ ഗവണ്‍മെന്റിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. നിരപരാധികളെ കരുക്കളാക്കി മാവോയിസ്റ്റുകളെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ് തുറന്നുകാട്ടപ്പെടുന്നത്. ഈ കേസില്‍ വിയര്‍ക്കുമ്പോഴാണ് നാട്ടില്‍ മാവോയിസ്റ്റ് അതിക്രമം കെട്ടുകഥയല്ലെന്നു സ്ഥാപിക്കാന്‍ ഗവണ്‍മെന്റിന് ബദ്ധപ്പെടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ വെള്ളമുണ്ടയിലും മറ്റും നടന്നുവെന്നു പറയുന്ന അക്രമ കഥകള്‍ വെള്ളംതൊടാതെ വിഴുങ്ങുവാന്‍ ബുദ്ധിമുട്ടുണ്ട്.

അതിന്റെ തുടര്‍ച്ചയിലാണ് ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സമര സഖാക്കള്‍ക്കും എതിരെ പൊലീസ് നടപടി വരുന്നത്. കഴിഞ്ഞ കുറെ ലക്കങ്ങളായി ആദിവാസി പ്രശ്‌നങ്ങളും നില്‍പ്പുസമരവും കേരളീയത്തിലെ മുഖ്യ പ്രമേയമായിരുന്നു. ആദിവാസി താല്‍പ്പര്യം ഗവണ്‍മെന്റുകള്‍ മാവോയിസ്റ്റുകള്‍ക്കു പതിച്ചു നല്‍കിയിരിക്കുകയാണ്. കേരളത്തിലെ പൊതു സമൂഹത്തില്‍ ആദിവാസി സമരം വലിയ പിന്തുണയാണ് ആര്‍ജ്ജിച്ചത്. സാമാന്യ നീതിബോധത്തിന്റെ മാത്രം പ്രേരണ മതിയായിരുന്നു അതിന്.

ജനവിരുദ്ധമായ കോര്‍പറേറ്റ് വികസനങ്ങള്‍ക്കു ജീവിതം പണയം വെക്കേണ്ടി വരുന്നിടത്തെല്ലാം ജനങ്ങള്‍ സമരരംഗത്താണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സമരങ്ങളെയെല്ലാം അടിച്ചൊതുക്കുന്നത് സമരക്കാരെ മാവോവാദികളെന്നു മുദ്രകുത്തിയാണ്. ഇതേ കൗശലം കേരളത്തിലേക്കും കടന്നു വന്നിരിക്കുന്നു. ദേശീയപാതാ വികസനത്തിന്റെ മറവിലെ കൊള്ളയ്ക്കും കോഴയ്ക്കും കുടിയൊഴിപ്പിക്കലിനും എതിരെ സമരരംഗത്തുള്ളവരെ തീവ്രവാദികളെന്നാണ് വിശേഷിപ്പിച്ചത്. പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തിലും ആദിവാസി സമരത്തിലും ഏറ്റവുമൊടുവില്‍ ചുംബനസമരത്തില്‍വരെ മാവോവാദികളുണ്ടെന്നായിരുന്നു പൊലീസ് പ്രചാരണം.

അപ്പോള്‍ ഇവിടത്തെ മാവോഭീതി ഗവണ്‍മെന്റിനെയാണ് തുണയ്ക്കുന്നത്. അതല്ലെങ്കില്‍ കോര്‍പറേറ്റുകളെ. ഇതൊരു സ്‌പോണ്‍സേര്‍ഡ് പരിപാടിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരും. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നല്ല ആയുധമാണിത്. മുഖ്യധാരാ പ്രതിപക്ഷങ്ങള്‍ പുതിയ സാമ്പത്തികാധിനിവേശങ്ങളുടെ സുഖോപലബ്ധികള്‍ ആസ്വദിക്കുന്നവരായിട്ടുണ്ട്. ജനങ്ങളെ തള്ളിക്കളഞ്ഞും അത്തരം വികസനങ്ങള്‍ വരട്ടെ എന്നായിരിക്കുന്നു അവരുടെ നിലപാട്. ഈ പിന്തുണയിലാണ് ഭരണകൂടം ജനങ്ങള്‍ക്കെതിരെ അക്രമങ്ങളാരംഭിച്ചിരിക്കുന്നത്. അരുതേ എന്നു നിലവിളിക്കാന്‍ ശേഷിച്ച നാവുകളെക്കൂടി അരിഞ്ഞു കളയാനാണ് അധികാരികള്‍ തുനിയുന്നത്.

സമരങ്ങളിലോ സമരമുന്നേറ്റങ്ങളിലോ കേരളീയത്തില്‍തന്നെയോ അക്രമകാരികളും തീവ്രവാദികളും നുഴഞ്ഞുകയറി എന്നു വരാം. മാവോവാദികളും ഇല്ലെന്നു പറയാനുള്ള അറിവൊന്നും എനിക്കില്ല. കേരളീയം പ്രചരിപ്പിക്കുന്നത് മാര്‍ക്‌സിസമോ മാവോയിസമോ അല്ലെന്നറിയാം. മാസികാ പ്രവര്‍ത്തനത്തിനെതിരെ സന്ദേഹം പരത്താനുള്ള ശ്രമം സദുദ്ദേശപരമല്ലെന്നു വ്യക്തം. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയായ രീതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ശ്യാം ബാലകൃഷ്ണനെ ചെയ്തതുപോലെ മാവോഭീതിക്കു ഇരകളെ തേടുന്ന പദ്ധതി പൊലീസ് ഉപേക്ഷിക്കണം. അടിയന്തിരാവസ്ഥാ കാലത്തെന്നപോലെയുള്ള വേട്ടയില്‍നിന്നു പിന്മാറണം. ഠകരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും ഇക്കാര്യം ഗൗരവത്തിലെടുക്കണം. സൂക്ഷ്മതലത്തില്‍ ജനങ്ങളുടെ അതീവ ജാഗ്രതയും ഐക്യവും ആവശ്യപ്പെടുന്നുണ്ട് വര്‍ത്തമാനകാലം.

23 ഡിസംബര്‍ 2014

ഇതേ വിഷയത്തില്‍ 2015 ജനവരി 4ന് മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനം താഴെ കൊടുക്കുന്നു. ആവര്‍ത്തനമുണ്ട്. ക്ഷമിച്ചാലും

സമരമുഖങ്ങളുടെ നാവും നഖവുമാണ് കേരളീയം മാസിക. ഒന്നരപ്പതിറ്റാണ്ടിലേറെയായി അതു നമ്മോടൊപ്പമുണ്ട്. തലമുറകളായി അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പുത്തന്‍ കോര്‍പറേറ്റ് കടന്നുകയറ്റങ്ങളില്‍ ഞെരിഞ്ഞമരുന്നവരുടെയും നിലവിളികള്‍ക്കു നാവു നല്‍കാനും പ്രതിരോധങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും ഒരു സൗമ്യസാന്നിദ്ധ്യം. ലളിതവും ഗൗരവപൂര്‍ണവുമായ സമീപനം. നിസ്വരുടെ ഹൃദയത്തുടിപ്പുകള്‍ക്ക് അക്ഷരഗോപുരം. അതില്ലായിരുന്നെങ്കില്‍ പിടഞ്ഞുതീരുന്ന ഒരു ജനതയ്ക്ക് ചരിത്രമുണ്ടാവുമായിരുന്നില്ല. ചിന്നിത്തെറിച്ച് അവസാനിക്കുമായിരുന്ന ചെറുതും ഒറ്റപ്പെട്ടതുമായ ചെറുത്തു നില്‍പ്പുകളെ മലയാളിയുടെ വര്‍ത്തമാനത്തില്‍ കോര്‍ത്തെടുക്കുന്ന ശ്രമകരമായ ബൃഹദാഖ്യാന നിര്‍മ്മിതി യത്‌നം കൂടിയായി കേരളീയത്തെ നാമിന്നു തിരിച്ചറിയുന്നു.

കേരളീയത്തിന്റെ ചെറിയ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ പൊലീസ് റെയ്ഡ്. ഭീകരാക്രമികളിലാരോ അവിടെ ഒളിച്ചിരിക്കുന്നപോലെയായിരുന്നു നായാട്ട്. ഏതെങ്കിലുമൊരു പത്ര-മാധ്യമ സ്ഥാപനത്തിനു നേരെ സമീപകാലത്തൊന്നും വിശേഷിച്ചും അടിയന്തിരാവസ്ഥക്കു ശേഷം ഇത്തരമൊരു നടപടിയുണ്ടായിട്ടില്ല. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന ജനാധിപത്യത്തിന്റെ നാലാം മേഖല കയ്യേറ്റത്തിനു വിധേയമായപ്പോള്‍ മാധ്യമഭീമന്മാരും രാഷ്ട്രീയ നേതൃത്വങ്ങളും മൗനം പുലര്‍ത്തുകയായിരുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കു ജനകീയ മാധ്യമങ്ങള്‍ക്കു നേരെയുള്ള കുപ്രസിദ്ധമായ അഹന്തനിറഞ്ഞ അവഗണനാ മനോഭാവം ഒരിക്കല്‍കൂടി വെളിവായി.

ജനങ്ങള്‍ക്കു വേണ്ടതെന്നു കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്നത് എത്തിക്കുകയാണ് വന്‍കിട മാധ്യമ ശൃംഖലകളുടെ രീതി. അതില്‍നിന്നു ഭിന്നമായി ജനങ്ങളുടെ അങ്കലാപ്പും പരിഭ്രമവും രോഷവും ചെറുത്തുനില്‍പ്പും അതേപടി പകര്‍ത്തുകയാണ് ജനകീയ മാധ്യമ പ്രവര്‍ത്തനം. കേരളീയം അതാണ് ചെയ്തുപോന്നത്. കമ്പോളങ്ങളെ കീഴ്‌പ്പെടുത്തുന്ന കോലാഹലങ്ങളില്ലാതെ തൃശൂരില്‍നിന്നും അതു ജനകീയ സമര പോരാളികളെ തേടിയെത്തുന്നു. നവലിബറല്‍ അതിക്രമങ്ങളുടെ കാലത്ത് ഉയര്‍ന്നുവന്ന ജനകീയ സമരങ്ങളെയെല്ലാം കേരളീയം പിന്തുണച്ചു. കൃഷിഭൂമിക്കും കുടിവെള്ളത്തിനും ശുദ്ധവായുവിനും പരിസ്ഥിതിക്കും വേണ്ടിനടന്ന സമരങ്ങള്‍, കോര്‍പറേറ്റുകളുടെ കയ്യേറ്റങ്ങളില്‍ ഭൂരഹിതരും ഭവനരഹിതരും തൊഴില്‍രഹിതരുമായിത്തീര്‍ന്ന ജനസഹസ്രങ്ങളുടെ പോരാട്ടങ്ങള്‍ എന്നിങ്ങനെ സമരകേരളം വിശാലമാവുകയായിരുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം,ഇരിണാവ് എന്റോണ്‍ വിരുദ്ധ സമരം, ഏഴിമലയില്‍ കുടിയിറക്കപ്പെട്ടവരുടെ സമരം, ചീമേനി താപനിലയത്തിനെതിരായ ചെറുത്തുനില്‍പ്പ്, വളപട്ടണത്തു കണ്ടല്‍കാടുകള്‍ സംരക്ഷിക്കാന്‍ നടന്ന സമരം, കിനാലൂരില്‍ സ്വകാര്യ ഭൂമാഫിയക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരം, മലപ്പുറത്തെ അനിശ്ചിതകാല മദ്യ നിരോധന സമരം, ശാന്തിപുരത്തെ മദ്യവിരുദ്ധ ജനകീയ ചെറുത്തു നില്‍പ്പ്, ചാലിയാര്‍ – ഏലൂര്‍ -എടയാര്‍ -കാതിക്കുടം മലിനീകരണ വിരുദ്ധ മുന്നേറ്റങ്ങള്‍, പ്ലാച്ചിമടസമരം, അട്ടപ്പാടിയിലെ സുസ്ലോണ്‍ വിരുദ്ധസമരവും ആദിവാസി സമരങ്ങളും, അതിരപള്ളി- ചാലിയാര്‍പ്പുഴ സംരക്ഷണ സമരം, മൂലമ്പള്ളിയില്‍ കുടിയിറക്കപ്പെട്ടവരുടെ സമരം, ചെങ്ങറയില്‍ കൃഷിഭൂമിക്കു വേണ്ടി നടന്ന കീഴാള ദളിത് സമരം, മുല്ലപ്പെരിയാറിലെ നിലയ്ക്കാത്ത സമരങ്ങള്‍, കടുങ്ങല്ലൂര്‍ചാല്‍ വയല്‍നികത്തല്‍ വിരുദ്ധസമരം, പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് സ്വകാര്യവത്ക്കരണ വിരുദ്ധ സമരം, കരിമുകളിലെ കാര്‍ബണ്‍ സമരം, പശ്ചിമഘട്ട സംരക്ഷണ സമരം, ജി.എം.വിളകള്‍ക്കെതിരായ മുന്നേറ്റങ്ങള്‍, വയനാട്ടിലെ കര്‍ഷകരുടെയും ആദിവാസികളുടെയും സമരങ്ങള്‍, കളിമണ്‍ ഖനനംകൊണ്ടും വന്‍തോതിലുള്ള വയല്‍ നികത്തല്‍ കൊണ്ടുമുള്ള പരിസ്ഥിതിനാശത്തിനും കൃഷിയില്ലാതാവലിനും എതിരെയുള്ള സമരങ്ങള്‍, വളന്തക്കാടും കളമശ്ശേരിയിലും ഭൂമാഫിയക്കെതിരെ നടന്ന കലാപങ്ങള്‍, മലയോരങ്ങളില്‍ ക്വാറി മാഫിയക്കും തീരദേശത്ത് മണല്‍ – കരിമണല്‍ ലോബിക്കുമെതിരെ നടന്ന സമരങ്ങള്‍, മൂരിയാട് – എരയാംകുടി കൃഷിഭൂമി സംരക്ഷണ സമരങ്ങള്‍, ചരിത്രം കുറിച്ച വിളപ്പില്‍ശാലാ സമരം, വിഴിഞ്ഞം സമരം, ദേശീയപാത സ്വകാര്യവത്ക്കരണ – കുടിയിറക്കല്‍ വിരുദ്ധ സമരം, പാലിയേക്കര ടോള്‍ വിരുദ്ധ സമരം, അതിവേഗ തീവണ്ടിപ്പാതയ്ക്ക് എതിരായ സമരം, മലബാര്‍ഗോള്‍ഡിന്റെ മലിനീകരണമുളവാക്കുന്ന ആഭരണ നിര്‍മ്മാണ ശുദ്ധീകരണ പ്ലാന്റിനെതിരെ കാക്കഞ്ചേരിയില്‍ നടക്കുന്ന സമരം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടന്ന എണ്ണമറ്റ പ്രതിഷേധങ്ങള്‍ എന്നിങ്ങനെ രേഖപ്പെട്ടതും രേഖപ്പെടാനിരിക്കുന്നതുമായ പ്രക്ഷോഭങ്ങളുടെ അനുഭവചിത്രമാണ് കേരളത്തിന്റെ സമരഭൂപടം. ഇതു വരച്ചുവെക്കാനും പുതിയ കേരളത്തിന്റെ ചരിത്രം രചിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയാണ് കേരളീയം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ രൂപപ്പെട്ട ഈ സമരഭൂപടം കാണാത്ത മാധ്യമ പ്രവര്‍ത്തനവും രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും ജനഹൃടയങ്ങളുടെ സ്പന്ദനമറിയാത്തവയാകും എന്നു തീര്‍ച്ച.
പേരുകേട്ട സമര – വിപ്ലവ പ്രസ്ഥാനങ്ങളുടെ പിന്തുണയോ അനുഗ്രഹമോ ഇല്ലാതെയായിരുന്നു ഈ സമരങ്ങളത്രയും. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ മുഴുകിപ്പോയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സമരങ്ങള്‍ അജണ്ടയില്‍ സ്വീകരിക്കാന്‍ തോന്നിയില്ല. ഇപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അവരെ പേടിപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ചിതറിക്കിടന്ന സൂക്ഷ്മതല സമരങ്ങളില്‍നിന്നും അധികാര കേന്ദ്രങ്ങളെ സ്തംഭിപ്പിക്കുന്ന പുതിയ രാഷ്ട്രീയമാണ് ഉദിച്ചുയരുന്നത്. അതാവട്ടെ, ശിഥിലമോ വികേന്ദ്രീകൃതമോ അന്യോന്യവിരുദ്ധമോ ആയി ചിതറിക്കിടക്കാനല്ല, ഒരു പൊതു ലക്ഷ്യത്തിലേക്ക് ഐക്യപ്പെടാനാണ് പരിശ്രമിച്ചു തുടങ്ങിയിരിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീര്‍ത്തും അരാഷ്ട്രീയ വത്ക്കരിക്കപ്പെടാനും സഹായ സേവന തുറകളിലേക്കു മാറിനില്‍ക്കാനുമുള്ള പ്രവണതകളാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴാണ് തികച്ചും അരാഷ്ട്രീയമെന്ന് ആരോപിക്കപ്പെട്ടിരുന്ന ജനകീയ കൂട്ടായ്മകളില്‍നിന്ന് ഉജ്വലമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രൂപംകൊണ്ടിരിക്കുന്നത്. ഈ പുതിയ രാഷ്ട്രീയ ബോധ്യത്തിന്റെ അടിവാരമൊരുക്കാന്‍ കേരളീയം മാസിക നല്‍കിയ സംഭാവന ചെറുതല്ല.

കേരളത്തില്‍ രൂപപ്പെട്ടു തുടങ്ങിയ ഈ പുതിയ സാമൂഹിക ഇടതുപക്ഷത്തിന്റെ കരുത്തു ചോര്‍ത്തിക്കളയാനാവുമോ എന്നാണ് ഭരണകൂടവും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിച്ചുനോക്കുന്നത്. മാവോയിസ്റ്റുകളാണ് ഇവയ്‌ക്കെല്ലാം പിറകില്‍ എന്നാണ് അവരുടെ കണ്ടെത്തല്‍. ഇല്ലാത്ത ശക്തി കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് പതിച്ചു നല്‍കി യുദ്ധ പ്രഖ്യാപനം നടത്തുന്നവര്‍ ഇല്ലാതാക്കുന്നത് മാവോയിസത്തെയോ തീവ്ര – ഭീകര വാദങ്ങളെയോ അല്ല. ജനകീയ മുന്നേറ്റങ്ങള്‍ക്കെതിരെയാണ് ഭരണകൂടത്തിന്റെ തോക്കിന്‍കുഴല്‍ നീളുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്ന് കോര്‍പറേറ്റ് ചൂഷണത്തിന് വഴിയൊരുക്കുന്ന സര്‍ക്കാറുകള്‍ ജനങ്ങളെ പ്രകോപനത്തിന്റെ പാതയിലേക്കാണ് തള്ളിവിടുന്നത്. എന്നിട്ടും ജനങ്ങള്‍ സംയമനം കാണിക്കുന്നത് കേരളത്തിന്റെ അപൂര്‍വ്വ കാഴ്ച്ചയാണ്.

സാമൂഹിക ഇടതുപക്ഷ സമരങ്ങള്‍ ഒരു പൊതുധാരയായി മുന്നേറാനിടയുള്ള സാഹചര്യമാണ് രാജ്യത്തുള്ളത്. പൊയ്ക്കാലുകളില്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രകടന കാര്‍ണിവലുകളില്‍ ആര്‍ക്കും വലിയ താല്‍പര്യമില്ലെന്നായിരിക്കുന്നു. എങ്കിലും അവയുടെ ഭൂതകാലം സൃഷ്ടിച്ച ചില കെട്ടുപാടുകളില്‍നിന്നു വിമുക്തി നേടുക അത്ര എളുപ്പമല്ല. ഓരോരുത്തരും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പുതിയ പ്രതിരോധ രാഷ്ട്രീയത്തിലേക്ക് ആനയിക്കപ്പെടുകയാണ്. രാജ്യവും ജനകീയ ബദലുകളും നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിന്റെ ഉത്തരമെന്താണ് എന്ന മേധാ പട്ക്കറുടെ ചോദ്യത്തിനുള്ള ഉത്തരമാണ് രൂപപ്പെടുന്നത്. രണ്ടു പതിറ്റാണ്ടായി കേരളത്തില്‍ മുളപൊട്ടി പടര്‍ന്നുകയറിയ ജനകീയ സമരങ്ങളുടെ ധാര ഇന്ന് അനിഷേധ്യമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യമായെങ്കില്‍ അവയുടെ ഐക്യധാരയും കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഈ സാഹചര്യത്തിലാണ് കേരളീയം ഓഫീസില്‍ പൊലീസ് കടന്നുകയറി റെയ്ഡ് നടത്തുന്നത്. ഭരണകൂടം ഭയക്കുന്നത് ജനങ്ങളെയാണെന്നു വ്യക്തം. മേവോയിസമെന്ന ഭീതിയാണ് വിതക്കപ്പെടുന്നത്. മാവോയിസമെന്ന ഭീതിയാണ് വിതക്കപ്പെടുന്നത്. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രമല്ല മാര്‍ക്‌സിസം. മാവോയിസവും അങ്ങനെയാവരുതാത്തതാണ്. ഭരണകൂടത്തെ മാറ്റാന്‍ പാര്‍ലമെന്ററി പാതയല്ല സായുധ സമരത്തിന്റെ പാതയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. നമ്മുടെ മുഖ്യധാരാ ഇടതുപക്ഷവും സായുധപാത തീര്‍ത്തും ഉപേക്ഷിച്ചവരല്ല. നിര്‍ണായകമായ സന്ദര്‍ഭം വന്നു ചേരുമെന്ന് അവര്‍ക്കൊരു പ്രതീക്ഷയുണ്ട്. അന്നു വിപ്ലവം നടത്താനുള്ള രക്ത സൈനികര്‍ ഇപ്പോഴേ തയ്യാറുമാണ്. എന്നാല്‍ പാര്‍ലമെന്ററി മായാജാലങ്ങളിലൂടെ അതിനുള്ള സമയം നീട്ടിക്കിട്ടുമോ എന്നാണവരുടെ നോട്ടം.

കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മാവോയിസ്റ്റുകള്‍ രാജ്യത്തെമ്പാടും വളര്‍ന്നു വരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. രൂക്ഷമായ ചൂഷണസാഹചര്യമാണ് സായുധ പാതയിലേക്ക് ജനങ്ങളെ നയിക്കുന്നത് എന്നു ഗവണ്‍മെന്റിനും അറിയാം. എന്നാല്‍,കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന പരിഗണനയുടെ ആയിരത്തില്‍ ഒരംശംപോലും കീഴാള സമൂഹത്തിനു ലഭിക്കുന്നില്ല. ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്കും ഇതര പ്രാന്തീയ സമൂഹങ്ങള്‍ക്കും നീക്കിവെക്കുന്ന പരിമിതമായ ഫണ്ടിന്റെയും മറ്റാനുകൂല്യങ്ങളുടെയും സിംഹഭാഗവും തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥ – രാഷ്ട്രീയ – മാഫിയാ സഖ്യങ്ങള്‍ എല്ലാ തലങ്ങളിലും സജീവമാണ്. ജനസമൂഹങ്ങളെ അരക്ഷിതത്വത്തിലേക്കും കലാപങ്ങളിലേക്കും തള്ളിവിടുന്നത് ഭരണകൂടമാണ്. മാവോയിസത്തിലോ അതിന്റെ വിപ്ലവ വാഗ്ദാനങ്ങളിലോ ആരെങ്കിലും ആശ്രയം കണ്ടെത്തുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയുന്നതെങ്ങനെ?

കേരളത്തില്‍ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് ഇവിടത്തെ ജനകീയ സമരങ്ങളാണ്. ചൂഷിത സമൂഹങ്ങള്‍ക്കു ജനകീയസമരങ്ങളുടെ പാത തുറന്നു കിടപ്പുണ്ടിവിടെ. കിഴക്കന്‍ മലനിരകള്‍ വഴി തുറന്നു വരുന്ന ചൈനീസ് നെടുമ്പാതകളെക്കാത്ത് സമരങ്ങളൊന്നും നിര്‍ത്തിവെച്ചിട്ടില്ല. അപ്പോള്‍പിന്നെ സമരങ്ങളെ തകര്‍ക്കാന്‍ മാവോയിസമാവാമെന്ന് ആര്‍ക്കാണു തോന്നിയത്? തീര്‍ച്ചയായും കോര്‍പറേറ്റുകളുടെയും അവരെത്തുണയ്ക്കുന്ന രാഷ്ട്രീയ ദല്ലാളന്മാരുടെയും ആഗ്രഹപ്രകടനമാണത്. ഇതിനര്‍ത്ഥം, മാവോയിസം കേരളത്തിലേക്ക് എത്തുന്നില്ല എന്നല്ല. നിരോധിത പ്രവര്‍ത്തനങ്ങളാണെങ്കില്‍ തീര്‍ച്ചയായും ഗവണ്‍മെന്റിനു തടയാം. സംശയമുള്ളവരെ നിരീക്ഷിക്കാം. അതു പക്ഷെ ജനകീയ ഉണര്‍വ്വുകളെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവരുത്. ആദിവാസി സമരം മുതല്‍ ചുംബനസമരംവരെ മാവോവാദികള്‍ക്കു നീക്കിവെക്കുന്ന പൊലീസ് പ്രചാരണത്തിന്റെ ലക്ഷ്യമെന്താണ്?.

അപ്പോള്‍ ഇവിടത്തെ മാവോഭീതി ഗവണ്‍മെന്റിനെയാണ് തുണയ്ക്കുന്നത്. അതല്ലെങ്കില്‍ കോര്‍പറേറ്റുകളെ. ഇതൊരു സ്‌പോണ്‍സേര്‍ഡ് പരിപാടിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരും. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നല്ല ആയുധമാണിത്. മുഖ്യധാരാ പ്രതിപക്ഷങ്ങള്‍ പുതിയ സാമ്പത്തികാധിനിവേശങ്ങളുടെ സുഖോപലബ്ധികള്‍ ആസ്വദിക്കുന്നവരായിട്ടുണ്ട്. ജനങ്ങളെ തള്ളിക്കളഞ്ഞും അത്തരം വികസനങ്ങള്‍ വരട്ടെ എന്നായിരിക്കുന്നു അവരുടെ നിലപാട്. ഈ പിന്തുണയിലാണ് ഭരണകൂടം ജനങ്ങള്‍ക്കെതിരെ അക്രമങ്ങളാരംഭിച്ചിരിക്കുന്നത്. അരുതേ എന്നു നിലവിളിക്കാന്‍ ശേഷിച്ച നാവുകളെക്കൂടി അരിഞ്ഞു കളയാനാണ് അധികാരികള്‍ തുനിയുന്നത്.

സമരങ്ങളിലോ സമരമുന്നേറ്റങ്ങളിലോ കേരളീയത്തില്‍തന്നെയോ അക്രമകാരികളും തീവ്രവാദികളും നുഴഞ്ഞുകയറി എന്നു വരാം. മാവോവാദികളും ഇല്ലെന്നു പറയാനുള്ള അറിവൊന്നും എനിക്കില്ല. കേരളീയം പ്രചരിപ്പിക്കുന്നത് മാര്‍ക്‌സിസമോ മാവോയിസമോ അല്ലെന്നറിയാം. മാസികാ പ്രവര്‍ത്തനത്തിനെതിരെ സന്ദേഹം പരത്താനുള്ള ശ്രമം സദുദ്ദേശപരമല്ലെന്നു വ്യക്തം. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയായ രീതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ശ്യാം ബാലകൃഷ്ണനെ ചെയ്തതുപോലെ മാവോഭീതിക്കു ഇരകളെ തേടുന്ന പദ്ധതി പൊലീസ് ഉപേക്ഷിക്കണം. അടിയന്തിരാവസ്ഥാ കാലത്തെന്നപോലെയുള്ള വേട്ടയില്‍നിന്നു പിന്മാറണം. കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും ഇക്കാര്യം ഗൗരവത്തിലെടുക്കണം. സൂക്ഷ്മതലത്തില്‍ ജനങ്ങളുടെ അതീവ ജാഗ്രതയും ഐക്യവും ആവശ്യപ്പെടുന്നുണ്ട് വര്‍ത്തമാനകാലം.

.

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )