സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലെന്ത് എന്നതായിരിക്കുന്നു കേരളത്തിന്റെ പ്രശ്നം. മാധ്യമങ്ങള്‍ അങ്ങനെയേ കാണുന്നുള്ളു. കാണിക്കുന്നുള്ളു. മദ്യനിരോധനത്തെ സംബന്ധിച്ച് രണ്ടുപേര്‍ക്കും വ്യത്യസ്തമായ നിലപാടുകളുണ്ടായിരുന്നു എന്നതു നേര്. എന്നാല്‍ സുധീരനെക്കാള്‍ തീവ്രമായ നിലപാടുകളോടെ സമ്പൂര്‍ണ മദ്യ നിരോധനം ഉടന്‍ എന്നു ചാടിപ്പുറപ്പെടുകയായിരുന്നല്ലോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുധീരനെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹം പലതും മറന്നുപോയി. അതല്ലെങ്കില്‍,തന്റെ പുതിയ അഭിപ്രായം മുന്നോട്ടു വെക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ ചാടിവീണ് അയ്യോ അത്രത്തോളം പോവല്ലേ എന്നു തടയുമെന്ന് ആശിച്ചുപോയിരിക്കണം. എന്നാല്‍,അന്ന് എല്ലാവരും യോജിച്ചു കേരളത്തിലെ ജനങ്ങളെ പരീക്ഷിച്ചു.
ഇപ്പോഴിതാ കേരളത്തിലെ മുഖ്യമന്ത്രിയും കൂട്ടരും കീഴ്മേല്‍ മറിയുന്നു. സമ്പൂര്‍ണ മദ്യ നിരോധനമെന്നത് ഏട്ടിലെ പശുവാകുന്നു. ഗാന്ധിജിയുടെ സ്വപ്നം നടപ്പാക്കുകയായി കേരളത്തിലെ സര്‍ക്കാരെന്ന് രാജ്യമെങ്ങും ഉടുക്കുകൊട്ടിപ്പാടി ജനപക്ഷയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയതേയുള്ളു കോണ്‍ഗ്രസ് പ്രസിഡണ്ട്. ഇതാരുടെ പ്രസിഡണ്ട് എന്നു ജനങ്ങള്‍ ആശ്ചര്യപ്പെടുംവിധം കോണ്‍ഗ്രസ് ഗവണ്മെന്റ് പ്രസിഡണ്ടറിയാതെ തീരുമാനം മാറ്റിയിരിക്കുന്നു! പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരുടെയും ശ്രദ്ധ സുധീരനിലേക്കായത് എത്രവേഗമാണ്. ഇതിനിടയില്‍ ഒരു മാന്ത്രികന്റെ മിടുക്കോടെ കയ്യൊതുക്കത്തോടെ മുഖ്യമന്ത്രി മറച്ചുവെച്ചത് മന്ത്രിസഭയെത്തന്നെ വിഴുങ്ങാന്‍ വാ പിളര്‍ത്തിയെത്തിയ അഴിമതി ആരോപണത്തെയാണ്. ആരോപണമുയര്ത്തിയവരും ഇനി ഉയര്ത്താനിടയുള്ളവരും മദ്യലഹരിയില്‍ ആറാടുകയാണ്. സുധീരനൊഴികെയുള്ള നേതാക്കളും ജീവന് വീണ്ടെടുത്തതിലുള്ള സന്തോഷം മറച്ചുവെക്കുന്നില്ല.
തീരുമാനമാറ്റത്തിന് ബിജുരമേശിന്റെ നിലവിലുള്ള ആരോപണങ്ങളോ തുടര്‍ന്ന് ഉയരാനിടയുണ്ടായിരുന്ന ആരോപണങ്ങളോ അല്ല പ്രേരണയെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും എത്ര ആണയിട്ടാലും ജനങ്ങള്‍ വിശ്വസിക്കുമെന്നു തോന്നുന്നില്ല. അതു വിശ്വസിക്കാനിടയുള്ള ഒരേയൊരു കൂട്ടര് പ്രതിപക്ഷമാണ്. അവര്‍ എപ്പോഴും മുഖ്യമന്ത്രിയുടെ മായാജാലത്തില്‍ അലിഞ്ഞുപോകുന്നവരാണ്. അതുകൊണ്ട് അവര്‍ മുഖ്യമന്ത്രിക്കുവേണ്ടി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു:വി.എം.സുധീരന് രാജിവെക്കണമെന്ന്.
രാജ്യത്തു നടന്ന വലിയ കൊള്ളയും അതില്‍ ആരോപണവിധേയരായ മന്ത്രിമാരും നമ്മുടെ വിഷയമല്ലാതാവുന്നു. കൊള്ളക്കാര്‍ക്കു മുന്നില്‍ നിസ്സങ്കോചം കീഴടങ്ങാന്‍ സര്‍ക്കാറിനു സന്തോഷമേയുള്ളൂ. ഭരണത്തില്‍ അതൃപ്തിയുള്ളവര്‍ക്കു പേരില്‍ മാത്രമേ ധീരതയുള്ളു. മദ്യമണമുള്ള പണം വാങ്ങാത്തവര്‍ ആരുണ്ട് എന്നു ചോദിക്കാന്‍ അയാള്‍ ഗാന്ധിയോ ക്രിസ്തുവോ അല്ലല്ലോ. ധാര്‍മികതയെപ്പറ്റി പറയാന്‍ ഏതു രാഷ്ട്രീയ കക്ഷിയുണ്ട് എന്ന ചോദ്യം സകല ബഹളങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നു.
ബാര്‍ തൊഴിലാളികള്‍ ഇനി എന്തു ചെയ്യുമെന്നാലോചിച്ച് മുഖ്യമന്ത്രിക്കു് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. താന്‍ തന്റെ ഭീക്ഷ്മ ശപഥത്തില്‍നിന്നു പിറകോട്ടു പോയിട്ടായാലും അവരെ രക്ഷിച്ചേ തീരൂ എന്നു നിശ്ചയിച്ചത് അദ്ദേഹത്തിന്റെ മഹാത്യാഗം. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങളെപ്പറ്റിയോ ആത്മഹത്യയിലേക്കു പ്രകടനമായി നീങ്ങിയ കര്‍ഷകരെ സംബന്ധിച്ചോ ശുദ്ധജലത്തിനും വായുവിനും മണ്ണിനും അലമുറയിടുന്ന ലക്ഷങ്ങളെക്കുറിച്ചോ ഇല്ലാത്ത വേവലാതിയാണിതെന്നു ദോഷൈകദൃക്കുകള്‍ക്കു തോന്നിയേക്കാം. എങ്കിലും മുഖ്യമന്ത്രിയുടെ തൊഴിലാളി സ്നേഹം സകലമാന തൊഴിലാളി പാര്‍ട്ടികളും അംഗീകരിക്കുമെന്ന് തീര്‍ച്ച.
മദ്യനയം തീരുമാനിക്കുമ്പോഴേ വിവേകമുള്ളവര്‍ പറഞ്ഞിരുന്നു അതല്പ്പം ആലോചിച്ചുവേണമെന്ന് . അപ്പോള്‍ സുധീരനും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമൊക്കെ ആരാണ് മികച്ച ഗാന്ധിയനെന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ആവേശമായിരുന്നു. നടക്കാത്ത കാര്യമെന്നു തീര്ച്ചയുള്ളതിനാല് പിന് വാതിലിലൂടെയുള്ള കോഴയൊഴുക്കിന് ശക്തികൂടി എന്നു വേണം അനുമാനിക്കാന്‍. വിലപേശലിന് അനുകൂലമായി പുതിയ സാഹചര്യവും. ജനങ്ങളുടെ പട്ടിണിക്കാശ് കൊള്ളയടിക്കാനുള്ള ഉത്സാഹം നന്നായിട്ടുണ്ട്. ബഹളത്തിനിടയില്‍ ഒതുക്കേണ്ടവരെയെല്ലാം ഒതുക്കാനായി എന്ന ആശ്വാസവും ചിലര്‍ക്കുണ്ട്.
പക്ഷെ, ഇങ്ങനെ അഴിമതിയിലൂടെ മാത്രം മുന്നോട്ടുപോകുന്ന ഒരു ഗവണ്മെന്റ് നമുക്കാദ്യമായാണ്. നാമത് നിര്‍വികാരമായി നോക്കിക്കാണുന്നു. അഴിമതി ഗവണ്മെന്റിന് ഒരു പോഷക പ്രതിപക്ഷവും എന്നത് പുതിയ ജനാധിപത്യ നീതിയായിരിക്കണം. ഇനി തെരഞ്ഞെടുപ്പ് ഏതഴിമതി,ആരുടെ അഴിമതി നമുക്കു വേണം എന്ന കാര്യത്തിലേ ഉണ്ടാവാനിടയുള്ളു. എതിര് ശബ്ദങ്ങളെ രാഷ്ട്രീയത്തില്‍ കൊള്ളില്ല എന്നതുകൊണ്ടാണല്ലോ സുധീരനാണ് രാജി വെക്കേണ്ടതെന്ന് പ്രതിപക്ഷംപോലും വിളിച്ചു പറയുന്നത്. നീതിയുടെ വെളിച്ചം എവിടെയുണ്ടെങ്കിലും ഊതിക്കെടുത്താന്‍ എന്തൊരു ജാഗ്രത!
മദ്യനയത്തില്‍ സുധീരനോട് യോജിപ്പുള്ളവരാകണമെന്നില്ല കേരളീയര്‍. ഇതെഴുതുന്നയാള്‍ക്ക് തീരെ യോജിപ്പില്ല. എന്നാല്‍ വലിയ അഴിമതിയുടെ ചുരുള്‍ നിവരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സില്‍ എ/ഐ മറന്നുള്ള ഒത്തുചേരലും സുധീരനെ തൂത്തുമാറ്റാനുള്ള വിപുലമായ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തലും മദ്യനയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നു വ്യക്തം. വലിയ കൊള്ളക്കാരുടെ ഐക്യമാണത്. ജനാധിപത്യം ലജ്ജിക്കട്ടെ!
21 ഡിസംബര്‍ 2014