Article POLITICS

പലസ്തീന്‍: മാറുന്ന സിനിമയും രാഷ്ട്രീയവും

ഇസ്രയോലിലെ പലസ്തീന്‍ ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് എറാന്‍ റില്‍ക്കിയുടെ ഡാന്‍സിംഗ് ആറബ്‌സ്. ജറുസലേം ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായിരുന്ന ഈ സിനിമയാണ് കേരളത്തിലെ പത്തൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ആദ്യ ചിത്രമായത്. ഒരു പലസ്തീന്‍ ബാലന് സ്‌കോളര്‍ഷിപ്പോടുകൂടി പ്രശസ്തമായ ഇസ്രായേലി സ്‌കൂളില്‍ പഠിക്കാന്‍ അവസരം കിട്ടുന്നതും എണ്‍പതുകള്‍ക്കൊടുവിലും തൊണ്ണൂറുകളിലുമായി അവിടത്തെ സവിശേഷമായ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നതുമാണ് സിനിമയുടെ പ്രമേയം.

ഇസ്രായേലിലെ ജൂത മുസ്ലീം സംഘര്‍ഷങ്ങളുടെ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്ന സിറിയന്‍ ബ്രൈഡ്(2004), ലെമന്‍ ട്രീ (2008) എന്നീ സിനിമകളില്‍ റില്‍ക്കി സ്വീകരിച്ച സമീപനത്തിന്റെയും രാഷ്ട്രീയ ജാഗ്രതയുടെയും വികാസമായാണ് നിരൂപകര്‍ ഈ സിനിമയെ വിലയിരുത്തുന്നത്. ഇസ്രായേലി ഫിലിം അക്കാദമിയുടെ നല്ല നടനുള്ള പുരസ്‌ക്കാരം ലഭിച്ച തൗഫീഖ് ബാറോം ആണ് ഇയാദ് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ജറുസലേമിലെ ജൂയിഷ് ബോര്‍ഡിംഗ് സ്‌കൂളിലെ പഠനവും അതിന്റെ ഭാഗമായ സാമൂഹിക സേവനവുമാണ് ഇയാനെ നിരവധി ആന്തരിക സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുന്നത്. അയാളുടെ അച്ഛന്‍ സാലാ ജറുസലേമിലെ സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ഒരു ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്നു ഭീകരവാദിയെന്നാരോപിച്ചു പുറത്താക്കപ്പെടുകയായിരുന്നു. കുറച്ചുകാലം ജയില്‍വാസവുമനുഷ്ഠിച്ചു. എണ്‍പതുകളില്‍ ഇസ്രായേലിലും അറബ് ജനതക്കിടയിലും വ്യാപകമായ കമ്യൂണിസ്റ്റ് രാഷ്ട്രീയ വികാസത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ രാഷ്ട്രീയവ്യവഹാരം തീവ്രതരമാകുന്നത്. തൊണ്ണൂറുകളില്‍ ഇയാദ് ജറുസലേമില്‍ പഠിക്കാനെത്തുമ്പോള്‍ യുവാക്കളില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം മറഞ്ഞുകഴിഞ്ഞിട്ടില്ല. എന്നാല്‍ ആ രാഷ്ട്രീയത്തിന്റെ പൂര്‍വ്വകാല പോരാട്ടവ്യവഹാരങ്ങളൊന്നും സജീവവുമല്ല. ലബനോണിലെയും ഇറാക്കിലെയും കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അറബ് ജൂത സ്വത്വ സംഘര്‍ഷങ്ങളും രാഷ്ട്രീയാതിക്രമങ്ങളും സൂക്ഷ്മതലാനുഭവങ്ങളായി തെളിയുന്നത്.

ഭീകരവാദം എന്നൊരു വാക്കില്ലെന്നും ഭീകരവാദി എന്നല്ല പോരാളി എന്നാണ് വിളിക്കേണ്ടതെന്നും ഇയാദിനെ അച്ഛന്‍ സാലാ പഠിപ്പിക്കുന്നുണ്ട്. അച്ഛമ്മയുടെ പഴയ പെട്ടിക്കകത്ത് സൂക്ഷിച്ചുവെച്ചിരുന്ന പത്രത്താളുകളില്‍നിന്നാണ് ഇയാദ,് അച്ഛനെ ഭീകരവാദി എന്നാരോപിച്ചു സര്‍വ്വകലാശാലയില്‍നിന്നു പുറത്താക്കുകയായിരുന്നു എന്ന വിവരം മനസ്സിലാക്കുന്നത്. അച്ഛനാരാണെന്ന ക്ലാസ്സധ്യാപകന്റെ ചോദ്യത്തിന് ഓരോരുത്തരും അച്ഛന്റെ തൊഴില്‍വിവരം പറയുമ്പോള്‍ ഇയാദ് ടെററിസ്റ്റ് എന്നാണ് പറയുന്നത്. അദ്ധ്യാപകന്‍ ബലപ്രയോഗത്തിലൂടെ തിരുത്താന്‍ ശ്രമിക്കുമ്പോഴും അത് തിരുത്താന്‍ ഇയാദ് തയ്യാറാവുന്നില്ല. അഭിമാനകരമായ ഒന്നായേ അവനത് തോന്നിയിട്ടുള്ളു. വിമോചനപ്പോരാളി ഭീകരവാദിയല്ലെന്ന് അച്ഛനവനെ തിരുത്തുകയാണ്. സ്‌കൂള്‍ പഠനകാലത്തു പ്രക്ഷോഭങ്ങളില്‍ പങ്കാളിയാവാനുള്ള വെമ്പല്‍ അവന്‍ മറച്ചുവെക്കുന്നില്ല. പഠിക്കാന്‍ സമര്‍ത്ഥനായ അവന്‍ പഠിക്കുകയാണ്,പഠിച്ചുകൊണ്ട് രാഷ്ട്രീയ ബോധം വളര്‍ത്തുകയാണ് വേണ്ടതെന്നു കരുതുന്നു. ലെനിന്റെ വലിയ ഫോട്ടോകളും കട്ടൗട്ടുകളും ചെമ്പതാകകളും ചുവരെഴുത്തുകളും തുറന്നുവെക്കുന്ന ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ആവേശകരമായ അനുഭവങ്ങളില്‍നിന്ന് ഇയാദ് സൂക്ഷ്മ രാഷ്ട്രീയ ബോധ്യത്തിന്റെയും ഇടപെടലിന്റെയും കാലത്തിലേക്കാണ് ചുവടുവെക്കുന്നത്. ലോകത്തെങ്ങും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കുണ്ടായ മാന്ദ്യം ഏഷ്യന്‍ രാജ്യങ്ങളില്‍ ആഗോളവത്ക്കരണ കാലത്ത് എങ്ങനെ പ്രകടമാകുന്നു എന്നതും ഈ ചലച്ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

പലസ്തീനിയന്‍ പ്രശ്‌നത്തിന്റെ കാതല്‍ സ്പര്‍ശിക്കുമ്പോഴും ഇസ്രായേലിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ പൊള്ളിക്കാതെയുള്ള ഒരകന്നുനില്‍പ്പ് റില്‍ക്കിക്കു സാധ്യമാകുന്നുണ്ട്. സാമൂഹികസേവന ആഭിമുഖ്യം ഇയാദിന്റെ ജീവിതത്തെ അച്ഛന്റെ ഇച്ഛകളില്‍നിന്ന് മത,വംശേതരവും രാഷ്ട്രീയാതീതവുമായ മറ്റൊരനുഭവലോകത്തേക്ക് തിരിച്ചുവിടുന്നുണ്ട്. ഇതാവാം റില്‍ക്കിയെ ഇസ്രായേലി ഫിലിം അക്കാദമിയുടെ പുരസ്‌ക്കാരത്തിന് പാത്രമാക്കുന്നത്. രണ്ടോ മൂന്നോ വര്‍ഷം മുമ്പാണ് മറ്റൊരു പലസ്തീന്‍ ചിത്രം തിരുവനന്തപുരം മേളക്കെത്തിയത്. ലൈലാസ് ബര്‍ത്ത് ഡേ യായിരുന്നു അത്. പലസ്തീന്‍ രാമല്ലാഹിനടുത്തുള്ള വെസ്റ്റ്ബാങ്കിലെ ജീവിതമാണ് റാഷിദ് മഷറാവി എന്ന സംവിധായകന്‍ ആവിഷ്‌ക്കരിച്ചത്. അബുലൈല എന്ന മുഖ്യ കഥാപാത്രത്തിന്റെ ടാക്‌സി ഡ്രൈവര്‍ എന്ന നിലയ്ക്കുള്ള ഒരു ദിവസത്തെ അനുഭവമാണ് ആ സിനിമയിലെ പ്രമേയം. ഭീകരാക്രമങ്ങളുടെയും ബോംബ് വര്‍ഷങ്ങളുടെയും ഇടയില്‍ ഏറെക്കാലത്തെ ആഘാതങ്ങളുടെ മുറിവുകളുമായി കഴിയുന്ന പലസ്തീന്റെ നേര്‍ച്ചിത്രം നാമവിടെ കണ്ടു. ഇസ്രായേലിന്റെ അതിക്രമങ്ങളെ മാത്രമല്ല പലസ്തീനില്‍ രൂപപ്പെടുന്ന ബ്യൂറോക്രസിയുടെയും രാഷ്ട്രീയ വിമര്‍ശമായിരുന്നു ആ സിനിമ. സിയോണിസ്റ്റുകളുടെ അധിനിവേശേച്ഛകള്‍ക്കു സഹായകമാവുന്ന നവവലതുപക്ഷ ധാര സജീവമാകുന്ന കാലത്ത് ഇത്തരം സിനിമകള്‍ക്കും വലിയ പ്രസക്തിയാണുള്ളത്.

ഡാന്‍സിംഗ് ആരബ്‌സ് ഇസ്രായേല്‍-ഫ്രാന്‍സ്-ജര്‍മ്മനി സംയുക്ത സംരംഭമാണ്. ആ പരിധിക്കകത്ത് അതിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടും നിറഞ്ഞുനില്‍ക്കുക സ്വാഭാവികമാണ്. അതേസമയം പലസ്തീന്‍ സിനിമയായ ഒമര്‍ ശനിയാഴ്ച്ച പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഗാസയിലെ വന്‍മതില്‍ ചാടിക്കടന്നു വളരുന്ന അറബ് രാഷ്ട്രീയ സ്വാതന്ത്ര്യ ദാഹത്തിന്റെയും പ്രണയത്തിന്റെയും ധാരകള്‍ അസ്വാഭാവികവും പ്രതിലോമകരവുമായ പ്രവണതകളിലേക്കാണ് മൂക്കുകുത്തുന്നത്. സൈനിക അച്ചടക്കത്തോടെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ മണ്ണില്‍നിന്ന് അന്യോന്യം ഒറ്റുകൊടുക്കുന്ന പോരാളികളുടെ ആത്മസംഘര്‍ഷങ്ങളിലേക്കും പ്രണയനഷ്ടത്തിലേക്കുമൊക്കെയുള്ള പ്രമേയമാറ്റം ലിബറല്‍ മുതലാളിത്തശീലങ്ങളുടെയും വിപണിയുടെയും കുതിച്ചുകയറ്റം ഓര്‍മ്മിപ്പിക്കുന്നു.

ദൃശ്യാഖ്യാനത്തിലാകട്ടെ, ഒമറില്‍ കുറെക്കൂടി രാഷ്ട്രീയമായ സാങ്കേതിക ചാതുര്യം പ്രകടമാകുന്നുണ്ട്. . സംവിധായകനായ ഹനി അബു അസാദ് 2006ലെ പാരഡൈസ് നൗവില്‍ സ്വീകരിച്ച പ്രക്ഷുബ്ധ നാടകാവിഷ്‌ക്കാരംതന്നെയാണ് ഒമറിലും ഊര്‍ജ്ജം പകരുന്നത്. രാഷ്ട്രീയ ആക്റ്റിവിസത്തിന്റെ ബൃഹദ്‌ചെറുത്തു നില്‍പ്പുകളെ ശിഥിലമാക്കുന്ന പ്രത്യയശാസ്ത്ര സന്ദേഹത്തിന്റെയും വലതുപക്ഷാധിനിവേശത്തിന്റെയും പരിക്കുകളുണ്ടെങ്കിലും ചെറുത്തുനില്‍പ്പല്ലാതെ മറ്റൊരു വഴിയുമില്ല എന്നാണ് പലസ്തീന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നു വ്യക്തം.

13 ഡിസംബര്‍ 2014


12 ഡിസംബര്‍ 2014

1 അഭിപ്രായം

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )