നിയമങ്ങള്‍ ലംഘിച്ചും ചവിട്ടിമെതിച്ചുമുള്ള കയ്യേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതു ശ്രദ്ധിക്കുകയും നടപടി കൈക്കൊള്ളുകയും ചെയ്യാന്‍ ബാധ്യതപ്പെട്ടവര്‍ കുറ്റകരമായ അന്ധത നടിക്കുന്നു. മുമ്പൊക്കെ ഇത്തരം അതിക്രമങ്ങള്‍ ഒളിച്ചും തെറ്റിദ്ധരിപ്പിച്ചും നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുമാണ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജനനിബിഡമായ തെരുവുകളിലും നഗരങ്ങളിലുമുള്‍പ്പെടെ എല്ലാവരുടെയും കണ്മുമ്പില് പകല്‍ വെളിച്ചത്തിലാണ് നടക്കുന്നത്. കയ്യൂക്കും മെയ്ക്കരുത്തും അധികാരശക്തിയും നീതിബോധത്തെ അരിഞ്ഞു വീഴ്ത്തി ക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍,ഇന്നലെ(2014 ഡിസംബര്‍ 8) കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് ചരിത്രപ്രാധാന്യം കൈവരിക്കുന്നു.
പാരിസ്ഥിതിക അനുമതിയില്ലാതെ കായലുകള്‍ കയ്യേറി എറണാകുളത്ത് ചിലവന്നൂരില്‍ കെട്ടിപ്പൊക്കിയ ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ഉത്തരവിട്ടിരിക്കുന്നത്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡി.എല്‍.എഫ് ഫ്ലാറ്റുകള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. ഇതിന് കൊച്ചി നഗരസഭ അനുവാദവും നല്കിയിരിക്കുന്നു. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം എന്ന ധാര്‍ഷ്ട്യമാണ് വിചാരണചെയ്യപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് നിര്‍മാണ മാഫിയകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥ വൃന്ദവും ഐക്യപ്പെടുന്ന അഴിമതി സഖ്യമാണ് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടപ്പെടുന്നത്.
നാലുമാസം മുമ്പ് ഇതുപോലെ മറ്റൊരു വിധിയും ഹൈക്കോടതിയില്‍നിന്ന് വന്നിരുന്നു. നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ശോഭാ ഡവലപ്പേഴ്സ് മണ്ണിട്ടു നികത്തി സൗധങ്ങളുയര്ത്തിയ തൃശൂരിലെ വയലുകള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കണമെന്നായിരുന്നു ഉത്തരവ്. ജില്ലാഭരണ സംവിധാനമുള്‍പ്പെടെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന കാഴ്ച്ചയായിരുന്നു അവിടെകണ്ടത്. മൂലധന മൂര്‍ത്തികള്‍ നിയമം നടപ്പാക്കാനല്ല, പഴുതുകളിലൂടെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ ഭരണ സംവിധാനങ്ങളും അതിനു കൂട്ടുനില്‍ക്കുന്നു. കണ്മുന്നില്,വയലുകള്‍ തൂര്‍ന്നു കെട്ടിടങ്ങളാകുന്നത് കൈകെട്ടി നോക്കി നിന്നവരാണ് കൃഷിയോടും കര്‍ഷകത്തൊഴിലാളികളോടും നിയമ വ്യവസ്ഥയോടും കൂറുണ്ടെന്നു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ വര്‍ഗ ബഹുജന സംഘടനകളും. ഹൈക്കോടതി വിധി വന്നപ്പോള്‍ പോലും വിധി വളരെ വേഗം നടപ്പാക്കണമെന്നാവശ്യപ്പെടാന് ആരെയും കണ്ടില്ല. ജില്ലാ ഭരണകൂടവും കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേ വഴിയിലൂടെത്തന്നെയാവും ചിലവന്നൂരിലെ കയ്യേറ്റക്കാരും നീങ്ങുക. 358 മീറ്റര്‍ വീതിയുണ്ടായിരുന്ന കായല്‍ അവിടെ 223 മീറ്ററായി ചുരുങ്ങിയെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി നിയോഗിച്ച സമിതിയും തീര നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2006നു ശേഷം വലിയതോതിലുള്ള കായല്‍ കയ്യേറ്റങ്ങള്‍ നടന്നിരിക്കുന്നു. വയല്‍ നികത്തലുകളും ഭൂമി ഇടപാടുകളും എല്ലാ സീമയും പിന്നിട്ടതും ഇക്കാലത്താണ്. നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അതതു പ്രദേശത്തെ ജനങ്ങളുടെ അറിവോ അനുമതിയോ വേണമെന്ന വ്യവസ്ഥയും ആരും പരിഗണിക്കാതായി. തങ്ങളുടെ ആവാസ മേഖലയിലേക്ക് ഏതുതരം അപായകരമായ സംരംഭമാണ് കടന്നെത്തുന്നതെന്ന് സമീപവാസികള്‍ അറിയാതിരിക്കുന്നതിലാണ് അധികാരികളും കോര്‍പറേറ്റുകളും ജാഗ്രത പുലര്‍ത്തുന്നത്.
വിദ്യാഭ്യാസരംഗത്തെ കയ്യേറ്റങ്ങള്‍ക്കെതിരെ ഒന്നരമാസത്തിലേറെയായി കലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്താണ്. ജീവിതത്തിനു മേലുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍വ്വകലാശാലക്കു ചുറ്റുമുള്ള ജനങ്ങളും സമരരംഗത്തുണ്ട്. വിജ്ഞാനം,വികസനം എന്നൊക്കെയുള്ള ആകര്‍ഷക ശബ്ദങ്ങളില്‍ ജനജീവിതത്തിനു വിലപേശുന്ന രക്തദാഹികള്‍ ഒളിച്ചിരിക്കുന്നുവെന്ന് അറിഞ്ഞ നടുക്കത്തിലാണ് അവരെല്ലാം. ജനസാന്ദ്രത ഏറെയുള്ള കലിക്കറ്റ് സര്‍വ്വകലാശാലയുടെ നാലു കിലോമീറ്റര്‍ ചുറ്റളവിനകത്ത് സാധാരണ ജീവിതത്തെ അപകടപ്പെടുത്തുന്ന ഭീഷണി സംരംഭങ്ങളുടെ എണ്ണം കൂടിവരികയാണ്. കാക്കഞ്ചേരി കിന്‍ഫ്ര ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ പാര്‍ക്കില്‍ ദേശീയപാതയോടു ചേര്‍ന്നാണ് മാരക വിഷ രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ആഭരണ നിര്‍മ്മാണ ശുദ്ധീകരണ ശാല പണിതുയര്‍ത്തുന്നത്. ആ പ്രദേശമുള്‍പ്പെടുന്ന ചേലേമ്പ്ര പഞ്ചായത്തോ പരിസ്ഥിതി ആഘാത പഠന അതോറിറ്റിയോ അനുവാദം നല്‍കിയിട്ടില്ലെങ്കിലും സംരംഭകരായ മലബാര്‍ ഗോള്ഡിന് കുലുക്കമില്ല. ഇതിനൊക്കെ മുകളിലുള്ള തീരുമാനം തങ്ങളുടേതായിരിക്കുമെന്ന് അവര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.
സര്‍വ്വകലാശാലാ കാമ്പസിന്റെ വടക്കേയറ്റത്താണ് ഈ രാസാതിക്രമമെങ്കില് ഒന്നരക്കിലോമീറ്റര്‍ തെക്കായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഗ്യാസ് ഫില്ലിംഗ് യൂണിറ്റുമുണ്ട്. വിജനമായ പ്രദേശമേ ഇത്തരം കാര്യങ്ങള്‍ക്കു തെരഞ്ഞെടുക്കാവൂ എന്നു നിയമമുണ്ടെങ്കിലും അതു വകവെക്കാതെ സംഭരണ ശേഷി കൂട്ടാനുള്ള പരിശ്രമത്തിലാണ് കോര്പറേഷന്. ദേശീയപാതയോടു ചേര്‍ന്ന ് ഗ്യാസുനിറച്ച നൂറിലേറെ ലോറികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. കണ്ണൂരിലെ ഗ്യാസ് ടാങ്കര്‍ അപകടത്തിനു ശേഷം ഇവിടത്തെ ജനങ്ങള്‍ ആശങ്കാകുലരായിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ പാലിക്കുന്നതിന് ഒരു പ്രാധാന്യവും കല്പ്പിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കിലോമീറ്ററുകളോളം ദൂരം ജനങ്ങളെ നിശ്ശേഷം ഇല്ലാതാക്കാനാവുന്ന വന്‍ സ്ഫോടനങ്ങള്‍ സംഭവിക്കാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ അതു വിധിയെന്നോ ദുരന്തമെന്നോ കണ്ണീര് ചുരത്തിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ അധികാരികള്‍ക്ക്.
രാജ്യത്തെമ്പാടും ഇത്തരം വികസന സംരംഭങ്ങളാണ് പെരുകുന്നത്. തങ്ങളെത്തന്നെ നശിപ്പിക്കുന്ന അപകടങ്ങളെ തീറ്റിപ്പോറ്റാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി തീരുമാനമെടുക്കാന്‍ തയ്യാറായാല്‍തന്നെ വലിയ മാറ്റമുണ്ടാകുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ജനങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ചില പഴുതു നിയമങ്ങളാണ് പുതിയ കയ്യേറ്റങ്ങളുടെ സംരക്ഷകരാകുന്നത്. കാക്കഞ്ചേരിയില്‍ മലബാര്‍ഗോള്‍ഡിന് നിര്‍മ്മാണം നടത്താന്‍ പഞ്ചായത്തിന്റെ അനുവാദം വേണ്ടത്രെ. ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഈ കടമ്പ മറികടക്കാനാണ്. ഗ്രാമസഭകളെയും പഞ്ചായത്തിനെയും മറികടന്ന് പണത്തിനും അധികാരത്തിനും പ്രവര്‍ത്തിക്കാനുള്ള പഴുതു നിയമമാണത്. ഗ്രീന്‍ ചാനലിലൂടെ എന്തുമാവാം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ജനങ്ങളെ ബലികൊടുക്കുന്ന ചോരമണമുള്ള ഉടമ്പടിയാണത്.
ഈ ഉടമ്പടികളും ചിലപ്പോള്‍ അക്കുട്ടരുടെ അഴിമതികള്‍ക്കു മതിയാകാതെ വരുമെന്ന പ്രത്യാശാനിര്‍ഭരമായ സന്ദേശമാണ് മുമ്പു സൂചിപ്പിച്ച രണ്ടു കോടതിവിധികളും നമുക്കു നല്‍കുന്നത്. ശോഭാ ഡവലപ്പേഴ്സിനും ഡി.എല്‍.എഫിനും എതിരെയുണ്ടായ കോടതിവിധി നീതിപീഠത്തിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നൂറിലേറെ വരുന്ന ഫ്ലാറ്റുകളുടെ കാര്യത്തിലാണ് ഇപ്പോഴത്തെ വിധി. പരാതികളുയരാത്തതും ഉദ്യോഗസ്ഥരും നേതാക്കളും സഹകരിച്ചതുമായ എത്രയോ കയ്യേറ്റങ്ങളുണ്ട് വേറെ.കോടതിയുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടുന്ന കൗശലം കോര്‍പറേറ്റുകള്‍ കാണിച്ചു തരുമായിരിക്കാം. നമുക്കു കാത്തിരിക്കാം. അതിനിടയില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനം ജനപക്ഷത്തേക്കു തിരിച്ചുവന്ന് അഴിമതിക്കെതിരെ ജ്വലിച്ചുയരുമെന്ന് സ്വപ്നംകാണണമെങ്കില് അതുമാവാം.
9 ഡിസംബര്‍ 2014