കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനുമുള്ള ഏതൊരു ശ്രമവും ആരംഭിക്കേണ്ടത് കൃഷിഭൂമി കര്‍ഷകനു നല്‍കുമെന്ന പഴയ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ്. 1920കളുടെ അവസാനത്തില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രംഗത്തുവരുമ്പോള്‍ തന്നെ പ്രചോദിപ്പിച്ച മുഖ്യ മുദ്രാവാക്യം കൃഷിഭൂമി കര്ഷകന് എന്നതായിരുന്നുവെന്ന് എ.കെ.ജി എഴുതിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനുശേഷവും കൃഷിഭൂമിക്കുവേണ്ടിയുള്ള ദാഹം അഥവാ തങ്ങളുടെ ജീവിതത്തോടുള്ള തൃഷ്ണ ഒരു മരീചികയായി മാത്രം അവശേഷിക്കുന്നത് തിരിച്ചറിഞ്ഞ കര്‍ഷകത്തൊഴിലാളികളെയും ചെറുകിട കര്‍ഷകരെയും എകെജി പ്രക്ഷോഭങ്ങളിലേക്കു നയിച്ചു. നിയമനിര്‍മാണ സഭകള്‍ക്കകത്തും പുറത്തും നടത്തിയ ധീരോധാത്തമായ പോരാട്ടങ്ങള്‍ക്കൊടുവിലും ഭൂ/കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങളുടെ പരിമിതികള്‍ അദ്ദേഹത്തെ വേദനിപ്പിച്ചു. അദ്ദേഹമെഴുതി: കൃഷിഭൂമി അതില്‍ പണിയെടുക്കുന്നവന് ലഭിക്കണമെന്ന ആഗ്രഹം എന്റെ ജീവിതകാലത്തു സഫലമായിക്കാണാന്‍ എനിക്കു കഴിഞ്ഞെന്നു വരാം; ഇല്ലെങ്കില്‍ എന്റെ പിന്തലമുറക്കാര് അതു സഫലമാക്കും എന്നതിനു സംശയമില്ല………………..ഇന്നല്ലെങ്കില്‍ നാളെ ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈ ദരിദ്ര വിഭാഗങ്ങളുടേതായ ഒരു ലോകം ഉദയം ചെയ്യും. അവരുടെ പ്രശ്നങ്ങള്‍ അന്നു പരിഹൃതമാകും. കൃഷിഭൂമി അവരുടേതായിത്തീരുന്ന ദിവസം വന്നു ചേരും. ആ ദിവസത്തിന്റെ സൂര്യോദയം പ്രതീക്ഷിച്ചുകൊണ്ട് അവിരാമം ഞാന്‍ പ്രവര്‍ത്തിക്കുകയാണ്. ഈ യാത്രയില്‍ ഒരുപക്ഷെ, ആ സൂര്യോദയത്തിനു മുമ്പ് ഞാന്‍ കാലിടറി വീണേക്കാം. ധീരരായ എന്റെ മണ്ണിന്റെ മക്കളേ, നിങ്ങള്‍ക്ക് ആ സൂര്യോദയം കാണാന്‍ കഴിയും. അതു നിശ്ചയമാണ്.ഭാരതത്തിലെ വിശാലമായ കൃഷിഭൂമി നിങ്ങളുടേതാവുകതന്നെ ചെയ്യും.
മണ്ണിനുവേണ്ടി എന്ന പ്രസിദ്ധമായ കൃതിയുടെ അവസാന വാക്യങ്ങളാണ് നാം മുകളില്‍ വായിച്ചത്. കര്‍ഷകത്തൊഴിലാളികള്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കും അവര്‍ പണിയെടുക്കുന്ന കൃഷിഭൂമി ലഭിക്കുക എന്നത് എകെജിയുടെ ലക്ഷ്യമായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ലക്ഷ്യമായിരുന്നു. കൃഷി ചെയ്യുന്നവര്‍ കര്‍ഷകത്തൊഴിലാളികളായി നിലകൊള്ളേണ്ടവരല്ല അവരാണ് യഥാര്‍ത്ഥ കര്‍ഷകര്‍ എന്ന ബോധ്യമാണ് അന്നൊക്കെ നയിച്ചത്. പിന്നീട് എപ്പോഴാണ് നാം അതൊക്കെ കയ്യൊഴിഞ്ഞത്? കൃഷിഭൂമിയുടെ നേരവകാശികളെ കര്‍ഷകത്തൊഴിലാളികളായി നിലനിര്‍ത്തിയാല്‍ മതി എന്നു നിശ്ചയിച്ചത്? അങ്ങനെയൊരു മുദ്രാവാക്യംതന്നെ വിളിച്ചു കേള്‍ക്കുന്നില്ലല്ലോ. പ്രാഥമികമായ ഈ ദൗത്യം വിസ്മരിച്ചുകൊണ്ട് എങ്ങനെയാണ് കാര്‍ഷിക കേരളത്തില്‍ ഒരു ജനകീയ ഇടപെടല്‍ സാധ്യമാവുക?
സിപിഎം പുതിയ കാമ്പെയിന് ഏറ്റെടുത്തിരിക്കുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ജനകീയ ഇടപെടല്‍ സാധ്യമാക്കാനുദ്ദേശിക്കുന്ന ഒന്നാണത്. അതിന്റെ നയരേഖയില്‍ ഇങ്ങനെ കാണുന്നു: കേരളത്തിന്റെ സാമൂഹിക വികാസത്തിന്റെ ഭാഗമായി കര്‍ഷകത്തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികളെ ഈ മേഖലയില്‍ കൊണ്ടു വരണമെങ്കില്‍ കാര്‍ഷികോത്പാദനം വര്‍ധിക്കണം.അതിലൂടെ മാത്രമേ കര്‍ഷകത്തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ വേതനം നല്കാന് കര്‍ഷകര്‍ക്കു കഴിയുകയുള്ളു. സാമാന്യബോധത്തിനു ശരിയെന്നു തോന്നുംവിധം പ്രകടിപ്പിക്കപ്പെട്ട ഈ അഭിപ്രായം നമ്മുടെ ചരിത്രബോധത്തെ വിചാരണക്കെടുക്കാന്‍ പര്യാപ്തമാണ്. കര്‍ഷകത്തൊഴിലാളികളുടെ എണ്ണം കുറഞ്ഞത് കൃഷി ചെയ്യുന്ന ഭൂമിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട അവകാശം അവര്‍ക്കു ലഭിക്കാത്തതു മൂലമാണ് എന്നതല്ലേ സത്യം?. സാമൂഹിക വികാസത്തിന്റെ ഫലമായല്ല, അസമമായ വിതരണത്തിന്റെ ഇരകളായതു മൂലമാണ് അവര്‍ പുതു വഴി തേടാന്‍ നിര്‍ബന്ധിതരായത്. കാര്‍ഷികോത്പാദനം വര്‍ധിക്കുന്നതിന് ഭൂവുടമകളെ സഹായിക്കാന്‍ ഉദ്ബോധിപ്പിച്ചല്ല, കൃഷിഭൂമിയില്‍ അവകാശം നല്‍കിക്കൊണ്ടാണ് അവരെ കാര്‍ഷിക വൃത്തിയിലേക്കു തിരിച്ചെത്തിക്കേണ്ടത്.
ആഗോളവത്ക്കരണ ദുര്‍നയങ്ങള്‍ക്കെതിരെ പൊരുതലും കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കലും ജൈവകൃഷി വ്യാപകമാക്കലും പ്രധാന കര്‍മ്മ പദ്ധതികളായി അവതരിപ്പിക്കുന്നു. ഏതൊരു സന്നദ്ധ സംഘടനയ്ക്കും സഹകരിക്കാവുന്നതും ഭരണസംവിധാനങ്ങള്‍ക്കു നടപ്പാക്കാവുന്നതുമായ പദ്ധതിയാണിത്. എന്നാല്‍ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കാര്‍ഷിക മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനാവൂ. അക്കാര്യത്തെ സംബന്ധിച്ചുള്ള മുന്‍ നിലപാടുകളും കാഴ്ച്ചപ്പാടുകളും കയ്യൊഴിച്ചിരിക്കുന്നു പുതിയ രേഖ. എകെജി സ്വപ്നംകണ്ട സൂര്യോദയം മണ്ണിന്റെ മക്കള്‍ക്ക് ഇനി കാണാനാവുമോ? ആഗോളവത്ക്കരണ നയങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ മുന്നോട്ടുവെക്കുന്ന ജനകീയ ബദല്‍ നയത്തിന്റെ നട്ടെല്ല് എകെജിയും പാര്‍ട്ടിയും നേരത്തേ ഉയര്‍ത്തിപ്പിടിച്ച ഭൂനയംതന്നെയാണ് ആവേണ്ടിയിരുന്നത്. അതു നഷ്ടപ്പടുത്തി ഏതു താല്‍പ്പര്യത്തിന്റെ മുന്നണി പടയാളികളാവാനാണ് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്ക്കാവുക?
കൃഷിഭൂമിക്കുവേണ്ടി കര്‍ഷകത്തൊഴിലാളികളും ദളിതരും ആദിവാസികളും നടത്തുന്ന സമരങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കെന്നല്ല മനുഷ്യസ്നേഹികള്‍ക്കാര്‍ക്കും കഴിയില്ല. ആ സമരങ്ങളുടെ വിജയമാണ് കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ ആദ്യമുണ്ടാവേണ്ടത്. വയലുകള്‍ നികത്തി കോര്‍പറേറ്റ് ശോഭാ നഗരങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും വന്‍തോതില്‍ കുടിയൊഴിപ്പിക്കലുകള്‍ നടത്തി ജനങ്ങളെ അഭയാര്ത്ഥികളാക്കുമ്പോഴും നിശബ്ദസാക്ഷികളായി നിന്നവര്‍ക്ക് ആ നയം തിരുത്താതെ പുതിയ കാര്‍ഷിക കേരളം പണിയാനാവില്ല. പങ്കാളിത്ത സോഷ്യലിസത്തിന്റെ മൂലധനസേവ അടിസ്ഥാന പരിഹാരങ്ങള്‍ക്കല്ല,താല്‍ക്കാലിക അതിജീവനത്തിനാണ് ലക്ഷ്യംവെക്കുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമാകുന്നു.
ജീവല്സമരങ്ങളില്നിന്ന് കൗതുകക്കൃഷികളിലേക്ക് തിരിയുന്ന രാഷ്ട്രീയം എന്ന് ആക്ഷേപിക്കപ്പെടാതിരിക്കണമെങ്കില് കൃഷി ചെയ്യുന്നവരുടെ മൗലികാവകാശമായി ഭൂമിയിലുള്ള അവകാശം പ്രഖ്യാപിക്കണം. ഭൂ/കാര്‍ഷിക പരിഷ്ക്കരണങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാവണം. കീഴാള വിരുദ്ധ മാജിക് രാഷ്ട്രീയം വരേണ്യകയ്യടികള് നേടാന്‍ സഹായകമാവും. ഇന്ത്യയിലെ രാഷ്ട്രീയാധികാരം എത്തിനില്ക്കുന്നിടം ഇത്തരം കൂട്ടക്കയ്യടികളുടേതും നിശബ്ദവ്യസനങ്ങളുടേതുമാണല്ലോ. എല്ലാവരും മുറ്റമടിച്ചും സാന്ത്വനിപ്പിച്ചും സഹായമെത്തിച്ചും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്. ഇതില്‍ ഇടതേത് വലതേത് എന്നു സങ്കടപ്പെടുത്തല്ലേ നവലിബറല്‍ തമ്പുരാന്മാരേ…
3 ഡിസംബര്‍ 2014